നെറിയറ്റ നായന്മാർ
- Published on March 28, 1910
- By Staff Reporter
- 850 Views
"ഉണ്ണാത്തെടത്ത് ഉണ്ണണമെങ്കിൽ ചെല്ലാത്തെടത്തൂടെ ചെല്ലട്ടെ" ഇപ്രകാരമായിരുന്നു പോൽ പണ്ട് ഒരു കാലത്ത് തിരുവിതാംകൂറിലെ മഹാരാജാവ് നിർബന്ധിച്ച് കല്പിച്ചപ്പോൾ അന്നത്തെ നായന്മാർ ഒരു അമ്മവീട്ടിലെ അടിയന്തര സദ്യയ്ക്കു പന്തിഭോജനം കഴിക്കയില്ലെന്നു ശഠിച്ച് ധിക്കരിച്ചത്. മഹാരാജാക്കന്മാർ തന്നെ കല്പിച്ചാലും സമുദായാചാരങ്ങളെ മാറ്റുന്നതിനു സമുദായത്തിലെ അംഗങ്ങൾക്കെല്ലാം ഇല്ലെങ്കിലും ഭൂരിപക്ഷത്തിനു ബോധ്യമാവുന്ന പക്ഷത്തിലേക്കു സാധിക്കയുള്ളു എന്നും, സമുദായ കാര്യങ്ങൾ പ്രത്യേകമൊരാളുടെ വരുതിയിൽ ഉൾപ്പെട്ടിട്ടുള്ളതല്ലെന്നുമാണ് ഇതിൽ നിന്നും ധരിപ്പാനുള്ള ഒരു പാഠം. ചക്രവർത്തി പറയുന്ന ഭാഷയെ വ്യാകരണം സാധൂകരിച്ചു കൊള്ളണമെന്നു ഒരു റോമൻ ചക്രവർത്തി കല്പിച്ചപ്പൊൾ, ചക്രവർത്തികൾക്കു വ്യാകരണത്തെ ഭരിക്കുന്നതിനു അധികാരമില്ലെന്നു അന്നത്തെ പണ്ഡിതന്മാർ മറുപടി പറഞ്ഞതായി കേട്ടിട്ടുണ്ട്. ലോകഗതിയെ തടഞ്ഞു നിറുത്തി മറ്റൊരു വഴിയിലെക്കു തിരിച്ചു വിടുവാൻ പ്രത്യേകമൊരുവനും അധികാരമില്ലെന്നു ഈ കഥകൾ ഉപദേശിക്കുന്നുണ്ട്. "ചെല്ലാത്തേടത്തൂടെ ചെല്ലട്ടെ " എന്നു ധിക്കരിച്ച നായന്മാരുടെ കാലം ഇങ്ങിനി വരാതവണ്ണം കഴിഞ്ഞുപോയി എന്നു്, ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ, പെരുന്താന്നിയിലെ വടശ്ശേരി അമ്മവീട്ടിൽ വച്ച്, ഇപ്പൊഴത്തെ ചില നായർ പ്രമാണികളും ഉപനായകന്മാരും അവരുടെ കൊടിക്കൂറയ്ക്കു കീഴിൽ അടങ്ങിയവരും ലോകരെ ബോധപ്പെടുത്തിയിരിക്കുന്നതായി ഞങ്ങളറിയുന്നു. അമ്മവീടുകളിലെ തമ്പിമാർ കൂടെ ഒരുമിച്ചിരുന്നാലേ ഞങ്ങളും പന്തിഭോജനത്തിന്നു തയ്യാറുള്ളൂ, എന്നു കുറെ മാസങ്ങൾക്കു മുമ്പു, നാഗർകോവിൽ അമ്മ വീട്ടിൽ വച്ച്, ആയില്യം തിരുനാൾ മഹാരാജാവ് തിരുമനസ്സിലെ അമ്മച്ചി മരിച്ചതു പ്രമാണിച്ചുള്ള പതിനാറടിയന്തര സദ്യയ്ക്കു ഈ നഗരത്തിലെ മികച്ച നായന്മാർ പലരും ശഠിക്കയും, ആ സാധ്വിയുടെ സ്മരണയ്ക്ക് നിർമ്മര്യാദമായി മാലിന്യം തട്ടിക്കയും ചെയ്തപ്പൊൾ നിർദ്ദേശിച്ചതായ പ്രമാണത്തെ ഇവർ എത്രമാത്രം സ്ഥിരതയോടു കൂടി അനുവർത്തിക്കുമെന്നു അറിവാൻ വടശ്ശേരി അമ്മ വീട്ടിലെ കല്യാണ അടിയന്തരം ഉചിതമായ സന്ദർഭമാണെന്നു ഞങ്ങൾ മുമ്പു പ്രസ്താവിച്ചിരുന്നുവല്ലൊ.
ഞങ്ങൾ ശങ്കിച്ചിരുന്നതുപോലെ തന്നെ, നായന്മാർക്കു തമ്പിമാർ കൂടി ഒന്നിച്ചിരിക്കണമെന്ന ശാഠ്യം പുറപ്പെടുവിക്കാൻ "നാവെഴുമ്പാതെ" അവർ സദ്യയ്ക്കു ചെല്ലുകയും, " മൃഷ്ടാന്നം " ഭുജിക്കയും”, തങ്ങളുടെ സ്വഭാവയോഗ്യതയെ തെളിയിക്കയും ചെയ്തിരിക്കുന്നു. നായന്മാർക്കു അവമതി വരുത്തുന്നതിനു ഈ ചില നായർ പ്രതിനിധികൾക്കു ഇതിലധികം എന്തു ചെയ്യുവാനുണ്ടാകും എന്നു ഞങ്ങളറിയുന്നില്ലാ. " ഉണ്ണാത്തെടത്തുണ്ണണം " എന്ന് പരിഭവിച്ച പണ്ടത്തെ നായന്മാർ തങ്ങൾ ആ അമ്മവീട്ടുകാരെക്കാൾ ശ്രേഷ്ഠന്മാരാണെന്നായിരുന്നുപോൽ വാദിച്ചിരുന്നത്. അമ്മവീട്ടുകാർ കൂടെ ഒന്നിച്ചിരിക്കേണമെന്നു ആവശ്യപ്പെട്ട ഇപ്പൊഴത്തെ നായന്മാരുടെ ഭാവം അവരും അമ്മ വീട്ടുകാരും സാമുദായിക സോപാനത്തിൽ തുല്യ നിലയിൽ നിൽക്കുന്നവരാണെന്നും; അവരുടെ അപേക്ഷയുടെ വ്യംഗ്യാർത്ഥം നായന്മാർ അമ്മവീട്ടുകാരെക്കാൾ താണ പടിയിൽ നിൽക്കുന്നു എന്നും ആണ്. സാമുദായികമായ ഉയർച്ചയെയോ താഴ്ചയെയോ ഒരുവൻ്റെ ജാതിയിലോ ജന്മത്തിലോ കാണേണ്ടതാണെന്ന തത്വം ഞങ്ങളുടെ പ്രമാണത്തിൽ ഉൾപ്പെട്ടതല്ലായ്കയാൽ അതിനെപ്പറ്റി ഞങ്ങൾ യാതൊന്നും പരിചിന്തനം ചെയ്യുന്നില്ല. അമ്മവീട്ടുകാർ നായന്മാരോടൊരുമിച്ചിരുന്നാലും, ഇരുകൂട്ടരും നായന്മാരായിരിക്കുന്ന സ്ഥിതിക്ക്, അതിൽ യാതൊരു ന്യൂനതയോ മഹിമയോ ഞങ്ങൾ കാണുന്നില്ലാ.
വിദ്യാഭ്യാസ പ്രചാരംകൊണ്ട് ബുദ്ധിക്കു പരിഷ്‌ക്കാരം വന്നിരിക്കുന്ന ഇക്കാലത്ത് ഇത്തരം ആഭിജാത്യത്തിരക്ക് ശോഭിക്കയില്ലാ. അതിഥിയെ യഥാവിധി പൂജിക്കേണ്ട കടമ സൽക്കാരകർത്താവിനായിരിക്കെ സർക്കാരകർത്താവ് താൻ അഭിജാതനാണെന്നു ദുരഭിമാനം വെച്ചുങ്കൊണ്ട് അതിഥിയ്ക്ക് മനസ്സിൽ വേദനയുണ്ടാക്കുന്നവിധം പെരുമാറുന്നതായാൽ, അതിനാലുള്ള ദൂഷ്യം സൽക്കാര കർത്താവിങ്കലിരിക്കുന്നതാണെന്നു ഞങ്ങൾ മുമ്പു പറഞ്ഞിട്ടുണ്ടല്ലൊ. അങ്ങനെ വിധിക്കുചേരാത്ത ഉപചാരത്തെയാണ് ചെയ്യുന്നതെങ്കിൽ, അതിഥിക്ക് അതിനെ സ്വീകരിക്കാതെ പോരുവാൻ ധാരാളം അവകാശമുണ്ട്. അതുകൊണ്ട് ആർക്കും പരിഭവപ്പെടാനൊന്നുമില്ലതാനും. നാഗർകോവിൽ അമ്മവീട്ടിൽവച്ച് സൽക്കാരകർത്താവിനെ തങ്ങളുടെ സൽക്കാരനിരാസത്താൽ പീഡിപ്പിച്ച നായന്മാർ വടശ്ശേരി അമ്മവീട്ടിൽവെച്ച് തങ്ങളുടെ മുൻചെയ്ത ദൃഢവ്രതത്തെ ഉപേക്ഷിച്ചിരിക്കുന്നുവെന്നു ആചരണത്താൽ സമ്മതിച്ചതെന്തുകൊണ്ടാണ്? നിശ്ചയമായും, ഇതിനെ ഒരു വ്യത്യസ്ത പ്രമാണമായി വിചാരിക്കുവാൻ പാടില്ലാ. മഹാരാജാവു തിരുമനസ്സുകൊണ്ടു കല്പിച്ചു നടത്തിക്കുന്ന ഒരു അടിയന്തരമാകയാൽ, ഇവിടെ അമ്മവീട്ടുകാരൊടു മല്ലിടേണ്ട ആവശ്യമില്ലെന്ന് ചിലർ സമാധാനം പറയുന്നുണ്ടായിരിക്കും. ഈ സമാധാനം കപടതന്ത്രന്മാരായ മന്ത്രിമാരുടെ ഭീഷണികളിൽപെട്ട് നട്ടംതിരി " യുമ്പൊൾ തോന്നുന്നതു മാത്രമാണ്. ഇവിടെ സൽക്കാര കർത്താവ് ആരാണ്? മഹാരാജാവു തിരുമനസ്സുകൊണ്ടല്ലാ. അടിയന്തരം നടത്തുന്നതെവിടെവച്ചാണ്? രാജഗൃഹത്തിൽ വെച്ചല്ലാ. ശങ്കരൻതമ്പി, വേലായുധൻ തമ്പി മുതലായവരുടെ സ്ഥാനങ്ങളുടെ ആഗമനത്തെക്കുറിച്ച് ഞങ്ങൾ വിസ്തരിക്കേണ്ട ആവശ്യവുമില്ലാ. ആകയാൽ, ഇത് ഒരു വ്യത്യസ്ത സംഗതിയാണെന്നുള്ള സമാധാനത്തെ ഞങ്ങൾ നിന്ദിക്കുന്നതേയുള്ളു.
നായന്മാർ - നാഗർകോവിൽ അമ്മവീട്ടിൽവച്ചു പ്രതിജ്ഞകൾചെയ്ത് അമ്മവീട്ടുകാരെ പീഡിപ്പിച്ചവർ- എല്ലാവരുമോ ചിലരോ- ഇപ്പോൾ കാണിച്ച സമ്പ്രദായം പ്രമാണ ഭ്രഷ്ടമല്ലാതെ മറ്റെന്താണ്?
" ചെല്ലാത്തെടുത്തൂടെ ചെല്ലട്ടെ " എന്ന് ശഠിച്ച പണ്ടത്തെ നായന്മാരുടെയും, പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവർത്തിച്ച ഇപ്പൊഴത്തെ നായന്മാരുടെയും അവസ്ഥകളെ തമ്മിൽ തുലനം ചെയ്തു നോക്കുമ്പൊൾ, പണ്ടത്തെ ശൂരന്മാരുടെ ഇപ്പൊഴത്തെ സന്തതികൾക്ക് അവരുടെ മനോവൃത്തിയിൽ എന്തോ ദൂഷ്യം പറ്റീട്ടുള്ളതായി ശങ്കിക്കേണ്ടി വരുന്നു. ഞങ്ങളുടെ നിർബന്ധം, നായന്മാർ അമ്മവീട്ടുകാരും കൂടെ ഇരുന്നാലേ പന്തിഭോജനം കഴിക്കാവൂ എന്നോ മറ്റോ അല്ലാ. മനുഷ്യരുടെ ജീവിതത്തിന്ന് ശ്രൈഷ്ഠ്യകരമായുള്ള ദൃഢവ്രതത്വത്തെ, പ്രമാണസ്ഥിരതയെ, അനുവർത്തിക്കണം എന്നാണ്. അതിനു കഴിയാത്ത ആളുകൾ ഒരു സമുദായമായി ജീവിക്കുവാൻ യോഗ്യതയുള്ളവരല്ലാ. നായന്മാരുടെ ഇപ്പൊഴത്തെ " കുറുപ്പില്ലാക്കളരിത്ത " ത്തിനു ഹേതു എന്താണ്? ഇതരവർഗ്ഗത്തിൽ നിന്നുള്ള രക്തത്തിൻെറ സമ്മിശ്രണത്താലുളവായ ദൂഷ്യമായിരിക്കുമോ?
The unprincipled Nairs
- Published on March 28, 1910
- 850 Views
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.