കേരളവാർത്ത - മലബാർ - കണ്ണൂർ

  • Published on December 26, 1906
  • By Staff Reporter
  • 451 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പ്രദർശനം                                                                                                                                                                                          

                                                                                                                                                                                                                    7.5.82 

മേപ്പടി പ്രദർശനം ഫെബ്രുവരി 1 നു തുറപ്പാനും, ശ്രീനാരായണ ധർമ്മപരിപാലന യോഗം. ഫെബ്രുവരി 2, 3 നു കളിൽ കൂടുവാനുമാണ് നിശ്ചയിച്ചിരിക്കുന്നതെന്നറിയുന്നു. പ്രദർശനം ഏറ്റവും ഭംഗിയായി കലാശിപ്പിക്കേണ്ടതിന് അതിൻ്റെ ഭാരവാഹികൾ അത്യന്തം പരിശ്രമം ചെയ്യുന്നുണ്ടെന്നറിയുന്നു. ഇതിനെപ്പറ്റി ആലോചിപ്പാൻ ഇതിനിടെ, കണ്ണൂർ ഹൈസ്കൂളിൽ വച്ച് ചിറക്കൽ ഇളയതമ്പുരാനവർകളുടെ ആഗ്രാസനാധിപത്യത്തിൻ കീഴിൽ കൂടിയ ഒരു മീറ്റിംഗിൽ സെക്രട്ടരിക്കു വേണ്ടി നിട്ടൂർ ഹൈസ്കൂൾ ഹെഡ് ശങ്കുണ്ണി ഈ പ്രദർശനത്തെ ഭംഗിയായി നടത്തേണ്ടതിന്നു, ചെയ്യേണ്ടുന്നെയും, തൽഭാരവാഹികൾ ഇതുവരെ ചെയ്തിട്ടുള്ളതുമായ പ്രവർത്തികളെപ്പറ്റിയും മറ്റും ഭംഗിയായി ഒരു പ്രസംഗം ചെയ്യുകയും, തൽക്ഷണം ചില യോഗ്യന്മാരെ തിരഞ്ഞെടുത്തു ഒരു സബ്-കമ്മിറ്റി ഏർപ്പെടുത്തുകയും, മേലാൽ ചെയ്യേണ്ടുന്ന കാര്യങ്ങൾ, അവരിൽ ഭാരമേൽപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒരു വരിപ്പട്ടിക തയ്യാറാക്കിയതിൽ, തൽക്ഷണം 350-കയോളം വരിയിടുകയും ചെയ്തിട്ടുണ്ട്. ചിറക്കൽ വലിയതമ്പുരാനവർകളും ഇതിൻ്റെ ഒരു രക്ഷാധികാരിയായിരിപ്പാൻ സദയം അനുവദിച്ചതായി, കാര്യസ്ഥൻ മുഖേന പ്രവർത്തിച്ചതും വലിയ സന്തോഷകരമായിരിക്കുന്നു. ഈ പ്രദർശനത്തിന് വേണ്ടപ്പെട്ട എല്ലാ ഒത്താശകളും ചെയ്തുകൊടുപ്പാന്‍ കലക്ടര്‍ സായ്പവര്‍കള്‍, എല്ലാ തഹസീൽദാർമാർക്കും, സാൾട്ട് ഡിപ്പാർട്ടുമെൻ്റു മേലാധികാരികൾ അവരുടെ എല്ലാ കീഴുദ്യോഗസ്ഥന്മാർക്കും കല്പന കൊടുത്തതായറിയുന്നതു കൊണ്ടു, ഈ പ്രദർശനം ഏറ്റവും ഫലപ്രദമായി തീരുമെന്നു ആശിപ്പാൻ വളരെ അവകാശമുണ്ടു. മയ്യഴിയിലെ ഫ്രഞ്ച് ഗവര്‍ന്മെണ്ടും ഈ കാര്യത്തിൽ വെണ്ടപ്പെട്ട സഹായങ്ങൾ ചെയ്വാന്‍, ഒരുക്കമുള്ളതായറിയുന്നതിൽ, അതിലധികം സന്തോഷത്തിനിടയായിരിക്കുന്നു. പ്രദർശന പ്രവർത്തകന്മാർ ഇതിനെപ്പറ്റി ദിഗന്തരം നോട്ടീസുകൾ പ്രചരിപ്പിച്ചതു കൂടാതെ, സഹായത്തിനായി ഇന്ത്യ, ബർമ്മ, സിലോൺ മുതലായ സ്ഥലങ്ങളിൽ 939 കത്തുകൾ അയച്ചതായും സിക്രെട്ടറി അവർകളാൽ മേൽപ്പടി മീറ്റിങ്ങിൽ പ്രസ്താപിക്കപ്പെട്ടു. ഇങ്ങനെ കേരളത്തിലെ സർവിജാതിമതസ്ഥന്മാരും ഒത്തൊരുമിച്ചു ചെയ്യാൻ പുറപ്പെട്ടിരിക്കുന്ന മേൽപ്പടി കാര്യം ഭംഗിയായി കലാശിപ്പാൻ ജഗദീശ്വരനും കടാക്ഷിക്കട്ടെ.          

You May Also Like