കൃഷിസഹായം

കൃഷിത്തൊഴിലിന് മുഖ്യമായ ഈ നാട്ടിൽ കർഷകന്മാർക്ക് നേരിട്ടിട്ടുള്ള സങ്കടങ്ങളിൽ പ്രധാനമായ ഒന്ന്, കൃഷിക്കുപയോഗിക്കുന്ന കന്നുകാലികളെ വേണ്ടുംവിധം സംരക്ഷിക്കുന്നതിനുള്ള സൗകര്യക്കുറവാണെന്ന് ഈ പത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കൃഷി എന്നുപറയുമ്പോൾ, കേവലം നിലം ഉഴുത് ധാന്യം വിതയ്ക്കുകയോ, സസ്യാദികൾ നടുകയോ മാത്രം അല്ലെന്നും, കന്നുകാലി സംരക്ഷണം അതിൻ്റെ ഒരു പ്രധാനഭാഗമാണെന്നും പലരും ധരിച്ചിരിക്കുകയില്ല. കൃഷിക്കാർക്ക്, നിലം ഉഴുതുന്നതിനും, വളം ശേഖരിക്കുന്നതിനും, കൃഷിസാധനങ്ങൾ ചുമക്കുന്നതിനും മറ്റുപല കാര്യങ്ങൾക്കും കന്നുകാലികൾ അവശ്യം വേണ്ടിയിരിക്കുന്നു. അവയുടെ രക്ഷയെ ആശ്രയിച്ചാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ ഗുണാഗുണങ്ങളോടുകൂടി പരിണമിക്കുന്നത്. കന്നുകാലികളെ വേണ്ടും വിധം പരിപാലിക്കുന്നതിന് അവയുടെ ശരീരപ്രകൃതിയെ പറ്റിയുള്ള ശാസ്ത്രത്തിൽ ജ്ഞാനം ഉണ്ടായിരിക്കണമെന്നും, അറിവില്ലാത്ത കൃഷിക്കാർക്ക് തങ്ങളുടെ കാലികളെ ബുദ്ധിപൂർവ്വം പരിപാലിക്കാൻ സാധ്യമല്ലെന്നും നാം ഓർക്കേണ്ടതാകുന്നു. കൃഷിത്തൊഴിൽ ഒരു ശാസ്ത്രത്തെ അനുസരിച്ച് നടക്കുന്ന തൊഴിലാണെന്ന് ബോധമുള്ള നാട്ടുകാർ ഏറെപ്പേർ ഇല്ലെന്നുള്ളത് പ്രസിദ്ധമായ വാസ്തവവുമാകുന്നു. നമ്മുടെ കൃഷിക്കാർ, പൂർവ്വികന്മാരുടെ സമ്പ്രദായങ്ങളെ പരിചയിച്ച് മാത്രം കൃഷിയിൽ ജ്ഞാനം സമ്പാദിച്ചവരാണെന്നല്ലാതെ, കൃഷി വിഷയത്തിൻെറ ശാസ്ത്രീയ തത്വങ്ങളെ അറിഞ്ഞ്, ആ പ്രമാണങ്ങളെ പ്രവൃത്തി മുഖേന പരിചയിച്ചിട്ടുള്ളവരല്ല. ഈ ന്യൂനത കൃഷിദോഷങ്ങളായി നമുക്ക് പ്രത്യക്ഷമാകുമാറുണ്ട്. തിരുവിതാംകൂറിലെ ജനങ്ങൾക്ക് കൃഷിവിഷയത്തിൽ, പരിഷ്‌കൃത സമ്പ്രദായങ്ങളും ശാസ്ത്രീയപ്രമാണങ്ങളും മനസ്സിലാക്കി കൃഷി പരിഷ്‌കാരം ചെയ്യണമെന്നു കരുതി ഗവണ്മെന്‍റ് കരമന ഒരു കൃഷിപാഠശാലയും, മാതൃകാ കൃഷിത്തോട്ടവും ഏർപ്പെടുത്തിയതും, അവിടെ രണ്ടുമൂന്ന് ആണ്ടുകാലം ചിലരെ അഭ്യസിപ്പിച്ച് പള്ളിക്കൂടങ്ങളിൽ വാദ്ധ്യാന്മാരാക്കി മറ്റ് വിഷയങ്ങൾ പഠിപ്പിക്കാൻ മാത്രം നിയമിച്ചതും, ഗവണ്മെന്‍റിന്‍റെ ഉദ്ദേശ്യം ഫലിക്കാതെയായിത്തീർന്നിട്ടുള്ളതും വായനക്കാർ അറിഞ്ഞിട്ടുണ്ടല്ലോ. ഗവണ്മെന്‍റ്  ഭരണ റിപ്പോർട്ടിൽ എഴുതി വർണ്ണിക്കുന്നതിനും, മറുനാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും കുറെയേറെ പണം നിഷ്‌ഫലമായി ചെലവാക്കുന്നതിനും മാത്രം ഇടയുണ്ടാക്കിക്കൊടുക്കുന്ന ഇത്തരം പാഠശാലകൊണ്ടും കൃഷി പ്രയോഗസ്ഥലം കൊണ്ടും, രാജ്യനിവാസികൾക്ക് പറയത്തക്ക ഉപകാരം ഒന്നും ഉണ്ടാകില്ലെന്നും, കൃഷി വിഷയത്തിൽ ഗവണ്മെന്‍റ്  ഇനിയും ശ്രദ്ധ പതിപ്പിക്കണമെന്നും ജനങ്ങൾ പലതവണ പറഞ്ഞിട്ടുണ്ട്. ഗവണ്മെന്‍റിന് മുതലെടുപ്പ് ഉണ്ടാക്കുന്ന മാർഗ്ഗങ്ങളിൽ പ്രധാനമായത് ഭൂമിയാണ്; ആ ഭൂമിയെ ശരിയായി കൃഷിചെയ്ത് കിട്ടാവുന്നിടത്തോളം ഫലം ഉണ്ടാക്കി, നാട്ടിലെ ഐശ്വര്യത്തെ വർധിപ്പിക്കേണ്ടതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കയും, അവർക്ക് വേണ്ട സൗകര്യം കൊടുക്കയും ചെയ്യേണ്ട കടമ ഗവണ്മെന്‍റിനുണ്ട്. നാട്ടിൽ പലയിടത്തും തെങ്ങ്, കമുക് മുതലായ വൃക്ഷങ്ങൾ അഴുകിചേതപ്പെടുന്നുണ്ടെന്നും കന്നുകാലികളുടെ തീറ്റിക്ക് മേച്ചിൽസ്ഥലങ്ങൾ ഇല്ലെന്നും, അവയ്ക്ക് പിടിപെടുന്ന രോഗങ്ങൾക്ക് ചികിത്സ ചെയ്യാൻ സൗകര്യമില്ലെന്നും മറ്റും ജനങ്ങൾ ഗവണ്മെന്‍റിനെ അറിയിച്ചിട്ടും; പലതിനും ശരിയായ പരിഹാരം ഉണ്ടാക്കിക്കൊടുത്തിട്ടില്ല. ഈ വിഷയങ്ങളെപ്പറ്റി, ശ്രീമൂലം പ്രജാസഭയിലും ജനപ്രതിനിധികൾ വാദിച്ചിരുന്നു. പ്രതിനിധികളുടെ വാദങ്ങളിൽ ഒന്ന്, ഡിവിഷൻ തോറും കന്നുകാലികളെ ചികില്സിക്കുന്നതിനു വേണ്ട ഏർപ്പാടുകൾ ചെയ്തു കിട്ടണമെന്നായിരുന്നു. തിരുവനന്തപുരത്ത് ഒരു മൃഗചികിത്സാശാല ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, അതുകൊണ്ടുള്ള ഉപയോഗം കൃഷിപ്രധാനങ്ങളായ സ്ഥലങ്ങളിലെ കൃഷിക്കാർക്ക് അല്പവും ലഭിക്കുന്നില്ലാ. അതിനാലാണ്, അതാതു ഡിവിഷനിൽ ഓരോ മൃഗശാല സ്ഥാപിച്ച് കന്നുകാലി ശുശ്രൂഷത്തിന് വേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുക്കണമെന്ന് ജനങ്ങൾ ഗവണ്മെന്‍റിനെ ധരിപ്പിച്ചിട്ടുള്ളത്. ദിവാൻ മിസ്റ്റർ വി. പി. മാധവരായർ ജനങ്ങളുടെ ഈ അപേക്ഷയെ കഴിയുന്നവേഗം സാധിക്കാമെന്ന് രണ്ടാം പ്രജാസഭാ യോഗത്തിൽവച്ച് പ്രതിജ്ഞ ചെയ്തിരുന്നതായി ഞങ്ങൾക്ക് ഓർമയുണ്ട്. എന്നാൽ, അദ്ദേഹം പെട്ടെന്ന് മൈസൂർ മന്ത്രിയായി മാറിപ്പോകയാൽ ഈ കാര്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുമായിരുന്നു. കഴിഞ്ഞ പ്രജാസഭായോഗത്തിൽ ഈ വിഷയത്തെ വീണ്ടും ഗവണ്മെന്‍റിൻ്റെ ശ്രദ്ധയിൽ പതിപ്പിക്കയും, അനുകൂലമായ മറുപടി ലഭിക്കയും ചെയ്തിട്ടുള്ള ജനങ്ങൾക്ക്, ദിവാൻ മിസ്റ്റർ ഗോപാലാചാര്യർ ഈയിടെ പുറപ്പെടുവിച്ചിരിക്കുന്ന ഗവണ്മെന്‍റ് പ്രൊസീഡിംഗ് ആശ്വാസകരമായിരിക്കുമെന്ന തന്നെ ഞങ്ങൾ വിചാരിക്കുന്നു. 

മിസ്റ്റർ ഗോപാലാചാര്യർ തിരുവിതാംകൂറിലെ പ്രജകളുടെ പൊതുവായ ഹിതങ്ങളെ ഗണ്യമാക്കുന്ന ഒരു ദിവാൻജി അല്ലെന്ന്, അദ്ദേഹത്തിൻെറ ചില നടപടികൾ ജനങ്ങൾക്ക് എങ്ങനെയോ ഒരു ശങ്കയെ ജനിപ്പിച്ചിട്ടുണ്ട്. ആ വക അപവാദം പത്രങ്ങളിൽ പ്രത്യധ്വനിച്ചിട്ടുമുണ്ട്. ഇതിൻെറ ഫലമായിട്ടോ എന്തോ, ജനങ്ങളുടെ ക്ഷേമകാര്യത്തിൽ വല്ലപ്പോഴുമെങ്കിലും പ്രവേശിക്കാമെന്ന് അദ്ദേഹം കരുതിയിട്ടുള്ളതായി ഈ മാതിരി പ്രൊസീഡിംഗ് കൊണ്ട് വെളിപ്പെടുത്തുന്നത് നല്ലത് തന്നെയാണ്. തിരുവനന്തപുരത്ത് ഒരു മൃഗചികിത്സാശാല സ്ഥാപിക്കയോ, അതിലേക്കുള്ള ചെലവ് ഗവണ്മെന്‍റിന് ഇപ്പോൾ സഹിക്കാവുന്നതിലധികമെന്ന് വരുന്ന പക്ഷം, മേൽപ്പടി ശാലാധ്യക്ഷൻ മിസ്റ്റർ. പോപ്പനോട് ആലോചിച്ചതിൽ മിസ്റ്റർ പോപ്പൻ രണ്ട് വ്യവസ്ഥകൾ ഗവണ്മെന്‍റിനെ അറിയിച്ചിരുന്നു. ഓരോഡിവിഷനിലും, തിരുവനന്തപുരത്തുള്ളതു പോലെ, ഓരോ മൃഗചികിത്സാശാല സ്ഥാപിക്കയോ അതിലേക്കുള്ള ചിലവ് ഗവണ്മെന്‍റിന് ഇപ്പോൾ സഹിക്കാവുന്നതിലധികമെന്ന് വരുന്ന പക്ഷം, മേൽപ്പടി ശാലാധ്യക്ഷൻ തന്നെ അപ്പോഴപ്പോൾ ഓരോരോ താലൂക്കുകളിൽ സഞ്ചരിച്ച് കൃഷിക്കാർക്ക് വേണ്ട ഒത്താശകൾ ചെയ്യുകയോ ചെയ്ക എന്നുള്ളതാണ് ഒന്നാമത്തെ വ്യവസ്ഥ. ഇതിൽ പ്രകാരം, ചികിത്സാശാലകൾ സ്ഥാപിക്കണമെങ്കിൽ, ആണ്ടുതോറും കൂടിയ പക്ഷം ആറായിരം രൂപയും, കുറഞ്ഞ പക്ഷം 4500 രൂപയും ചെലവാകുമെന്നും; രണ്ടാമത് പറഞ്ഞപ്രകാരം സഞ്ചാരപ്രവൃത്തിയാണെങ്കിൽ ആണ്ടേക്ക് 1900 രൂപയിൽ കുറയാതെയും 2800 രൂപയിൽ കൂടുതലാകാതെയും ചെലവ് വേണ്ടി വരുമെന്നും, സർക്കാർ ആനകളുടെ സംരക്ഷണത്തെപ്പറ്റി അന്വേഷിക്കാൻ തരം വരുമെന്നും പറഞ്ഞിട്ടുമുണ്ട്. ഇതിൽ, രണ്ടാമത്തെ ഏർപ്പാടാണ് സർക്കാർ അംഗീകരിച്ചിരിക്കുന്നത്. മറ്റൊരു വ്യവസ്ഥയുള്ളത്, കന്നുകാലികളുടെ നന്മയെ വർധിപ്പിക്കുന്നതിനായിട്ടാണ്. കന്നുകാലി വളർത്തലുള്ള താലൂക്കുകളിൽ ഓരോന്നിലും, നൂറ് രൂപ വീതം വിലയ്ക്കുള്ള ഓരോ നല്ല വിത്തുകാളകൾ സർക്കാർ ചെലവിൽ വാങ്ങി സൂക്ഷിക്കണമെന്നും അതിന് ആണ്ടേക്ക് കാലി ഒന്നിന് 120  രൂപ തീറ്റികൂടി ചെലവ് ചെയ്യണമെന്നും ഈ വിത്തുകാളയെ ഉപയോഗിക്കുന്ന കൃഷിക്കാരന്മാർ പശു ഒന്നിന് കാൽ രൂപ വീതം ഫീസ് കൊടുക്കുവാൻ ഏർപ്പാടുചെയ്യണമെന്നും, ഈ ഫീസ് വക വരവ് കൊണ്ട് തന്നെ കാളയെ വളർത്തി കാളയെ സൂക്ഷിക്കണമെന്നുള്ള ചെലവ് ഈടാകുമെന്നും ആണ് രണ്ടാമത്തെ വ്യവസ്ഥയിൽ പറയുന്നത്. ഇതും സർക്കാർ അംഗീകരിച്ചിരിക്കുന്നു. ഇതിലേക്ക് ഉടൻ തന്നെ അതാത് ഡിവിഷൻ പേഷ്‌ക്കാരന്മാർ, മൃഗചികിത്സാശാലാദ്ധ്യക്ഷനോട് ആലോചിച്ച് വേണ്ട വിത്തുകാളകൾ വരുത്തണമെന്നും, അവയെ ഉചിതമായ സ്ഥലങ്ങളിൽ നിറുത്തി വേണ്ടപോലെ പരിപാലിക്കണമെന്നും, പ്രത്യേകം കീഴ്ജീവനക്കാരെ നിയമിച്ച് വരവ് ചെലവ് കണക്ക് വെയ്ക്കുക മുതലായ ജോലി നടത്തിക്കണമെന്നും മറ്റും ഗവണ്മെന്‍റ് ഉത്തരവിടുകയും ചെയ്തിരിക്കുന്നു. ഈ പുതിയ വ്യവസ്ഥകൾ 1083 - ാമാണ്ട്  ആദ്യം മുതൽ നടപ്പിൽ വരുത്തുന്നതാണ്. കൃഷിക്കാർക്ക് ഈ ഏർപ്പാടുകൾ ഗുണകരമായിരിക്കുമെന്നുതന്നെ ഞങ്ങൾ വിശ്വസിക്കുന്നു. ദിവാൻ മിസ്റ്റർ ഗോപാലാചാര്യരുടെ ഈ ദൃശമായ കൃത്യം ശ്ലാഘനീയമെന്നതിനും സംശയമില്ല.  


You May Also Like