അറിയിപ്പുകൾ

  • Published on January 24, 1906
  • By Staff Reporter
  • 197 Views


 മദ്രാസ് പ്രെസിഡന്‍സിയിലെ 1904-ാ മാണ്ടത്തേക്കുള്ള ക്രിമിനല്‍ നീതിപരിപാലനത്തെ സംബന്ധിച്ച റിപ്പോര്‍ട്ടു ഇപ്പോള്‍ പുറപ്പെട്ടിരിക്കുന്നു. ശിക്ഷാനിയമപ്രകാരം കുറ്റങ്ങളായിട്ടുള്ള 5000-ത്തില്പരം കേസ്സുകള്‍ കൂടുതലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. ഇതിന്‍റെ വിശേഷാല്‍ കാരണം എന്താണെന്ന് വെളിപ്പെടുന്നില്ലാ. മലബാര്‍ ജില്ലയില്‍ കൊലപാതകക്കേസ്സുകളും, ചെങ്കല്‍ പുട്ട്, മദ്രാസ് മുതലായവയില്‍ കൊള്ളയും മോഷണവും അധികരിച്ചിരിക്കുന്നു. ഇവയില്‍, തെളിവില്‍ വന്ന കേസ്സുകളുടെ എണ്ണം താരതമ്യപ്രകാരം വളരെ ചുരുങ്ങിയിരിക്കുന്നതിനെപ്പറ്റിയും ഹൈക്കോടതി ആക്ഷേപം പറഞ്ഞിരിക്കുന്നു. തെളിവ് കുറവാനുള്ള കാരണങ്ങള്‍, കള്ളക്കേസ്സുകളുടെ ആധിക്യവും, പോലീസന്വേഷണത്തിന്‍റെ *************വിശ്വാസക്കേടും ആയിരിക്കാമെന്നാണ് ഊഹിക്കപ്പെട്ടിരിക്കുന്നത്

 കുറേക്കാലം തിരുവിതാംകൂര്‍ കൊച്ചിബ്രിട്ടീഷ് റെസിഡണ്ടായിരുന്ന്, അനന്തരം ആ വേല രാജി വച്ച് ഒഴിഞ്ഞ് ലണ്ടന്‍ ടൈംസ് പത്രത്തിന്‍റെ അധിപരുടെ ആപ്പീസില്‍ ഒരു ഉപ പത്രാധിപരായി പോയ മിസ്റ്റര്‍ ജേസി.റീസ് സായിപ്പിനെ, ഇപ്പോഴത്തെ പുതിയ തെരഞ്ഞെടുപ്പില്‍, മാണ്ട് ഗോമറി ജില്ലയില്‍നിന്ന് പാര്‍ലിമെണ്ടിലേക്ക് സാമാജികനായി സ്വീകരിച്ചിരിക്കുന്നു എന്നു കമ്പി വാര്‍ത്തകളില്‍ കാണുന്നു. മിസ്റ്റർ റീസ് ഉല്‍പതിഷ്ണു കക്ഷിക്കാരനും, കച്ചവട കാര്യങ്ങളില്‍ പ്രൊട്ടെക്ഷണ്‍ (സംരക്ഷണ) വാദത്തിനു എതിരാളിയും ആകുന്നു. ആളുകള്‍ക്കു നല്ല ഭക്ഷണസാധനങ്ങള്‍ കിട്ടി നല്ല ശരീരപുഷ്ടി വരണമെങ്കില്‍ കച്ചവടത്തിന് സ്വാച്ഛന്ദ്യം ഉണ്ടായിരിക്കണമെന്നാണ് മിസ്റ്റര്‍ റീസിന്‍റെ അഭിപ്രായം. ഇദ്ദേഹം ഒരുനല്ല വാഗ്മി*******************ണെന്ന് ഈ നാട്ടുകാര്‍ക്ക് അറിവുള്ളതാണല്ലൊ.

 മെത്തകളിലും, കസേരകളിലും, മറ്റും കുടിയേറിപ്പാര്‍ക്കുന്ന മൂട്ടകള്‍ നിമിത്തം എന്തുമാത്രം ദോഷം നമുക്കുണ്ടാകുന്നു എന്ന് നാം ശരിയായി അറിയുന്നില്ലാ. പ്രൊഫസ്സര്‍ റാസ്സ് എന്ന ഒരു വൈദ്യശാലാധിപന്‍ ഈയിട മൂട്ട ഒന്നിനു അരപെനി വീതം വിലകൊടുക്കാമെന്നു പറഞ്ഞ്, പലമാതിരി മൂട്ടകളേയും വാങ്ങി, പരിശോധിച്ചതില്‍, അവ കൊതുകളെപ്പോലെ തന്നെ വിഷപ്പനി (മലമ്പനി) യെ സംക്രമിപ്പിക്കുന്ന കീടങ്ങളാണെന്നു കണ്ടിരിക്കുന്നു. ക്ഷയരോഗ ബീജങ്ങളെയും സംക്രമിപ്പിക്കുവാനും മൂട്ടകള്‍ക്ക് കഴിയുമെന്ന് ഊഹിക്കപ്പെടുന്നുണ്ട്.

 ഇന്ത്യയില്‍ പലെടത്തും ഇപ്പോള്‍ ക്ഷാമം അടുത്തു തുടങ്ങിയിരിക്കുന്നു, വടക്കേ ഇന്ത്യയില്‍ ധാന്യങ്ങള്‍ക്ക് വില കയറിയിരിക്കയാണ്. അനേകം ആളുകള്‍ ക്ഷാമനിവാരണാര്‍ത്ഥമുള്ള വേലകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ബംബാ സംസ്ഥാനത്തുള്ള പലരും വേലയ്ക്കായി നൈസാമിന്‍റെ രാജ്യത്തു പോയിട്ടു ഇച്ഛാഭംഗത്തോടെ തിരിയെപ്പോന്നിരിക്കുന്നു. ഐക്യസംസ്ഥാനങ്ങളില്‍ 51,000-പേരും, മധ്യഇന്ത്യയില്‍ 22,000-പേരും  ബംബാസംസ്ഥാനത്തു 9,000-പേരും ഇപ്പോള്‍ ക്ഷാമനിവൃത്തിവേലയെ ആശ്രയിച്ചുപാര്‍ക്കുന്നുണ്ട്.

 മദ്രാസ് ഗവര്‍ണര്‍ ആംടില്‍ പ്രഭു അവര്‍കള്‍ വേലവിട്ടുപോകുന്ന അവസരത്തില്‍ അദ്ദേഹത്തിനും പത്നിക്കും പൊതുജനങ്ങളുടെ വകയായി ഒരു യാത്ര അയപ്പുവിരുന്ന് നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ളതു ഫെബ്രുവരിമാസം 8-നു- ആയിരിക്കുമെന്ന് അറിയുന്നു, പ്രഭു അവര്‍കളുടെ ഭരണം പൊതുജനക്ഷേമത്തെ കുറിയാക്കിപ്പിടിച്ചുകൊണ്ടായിരുന്നു നടത്തിയതെന്ന് പൊതുജനങ്ങള്‍ക്ക് തന്നെ തൃപ്തി ഉണ്ടായിട്ടുള്ളതു ഏറ്റവും ചാരിതാര്‍ത്ഥ്യജനകമാണല്ലോ.

 ബാലാ എന്ന പത്രത്തിന്‍റെഅധിപരുടെ പേരിലുള്ള രാജദ്രോഹ കുറ്റക്കേസ്സില്‍ പ്രതിയെ സെഷ്യന്‍സിലേക്കു കമ്മിറ്റുചെയ്തിരിക്കുന്നു. പ്രതിയുടെ എതിര്‍ചോദ്യങ്ങള്‍ ഹൈക്കോടതിയില്‍ ആയിക്കൊള്ളാമെന്നാണ് പ്രതി പറഞ്ഞത്. പ്രതിയെ ജാമ്യത്തിന്മേല്‍ വിട്ടിരിക്കുന്നു.

 കഴ്സണ്‍ സ്മാരക ധനശേഖരത്തിനായി ബിക്കാനിര്‍ മഹാരാജാവു അവര്‍കള്‍ രണ്ടായിരം രൂപാ സംഭാവന ചെയ്തിരിക്കുന്നു.You May Also Like