തിരുവിതാംകൂർ ശ്രീമൂലം പ്രജാസഭ മൂന്നാം വാർഷികയോഗം
- Published on January 09, 1907
- By Staff Reporter
- 837 Views
(സ്വന്തം റിപ്പോര്‍ട്ടര്‍)
പ്രതിനിധികളുടെ യോഗം
പ്രജാസഭാ സാമാജികന്മാര്‍, സഭയില്‍ പ്രസ്താവിക്കണതിന് നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളെ ക്രമീകരിക്കുന്നതിനും മറ്റുമായി ഇന്നലെ (ധനു 18നു-) ജൂബിലി ടൌണ്‍ഹാളില്‍ ഒരു യോഗം കൂടുകയുണ്ടായി. മിക്ക സാമാജികന്മാരും ഹാജരായിരുന്നു. അഗ്രാസനാധിപത്യം വഹിച്ചത് അരുമന ശ്രീനാരായണന്‍തമ്പി അവര്‍കളായിരുന്നു. അദ്ദേഹം അഗ്രാസനസ്ഥനായതിന്‍റെശേഷം, സഭയില്‍ സാമാജികന്മാരല്ലാത്തവര്‍ പാടില്ലെന്നും, അങ്ങനെയുള്ളവര്‍, പത്ര പ്രതിനിധികള്‍ കൂടെയും, പുറമേ പോകണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാര്യങ്ങളെ സംബന്ധിച്ച് മാത്രം ആലോചിക്കുന്ന ഒരു സഭയാണിതെന്നും, അതിനാല്‍, സാമാജികന്മാരല്ലാത്തവര്‍ വെളിയില്‍ പോകണമെന്നും പറയുന്നത് ഉചിതമല്ലെന്നും, പെന്‍ഷന്‍ഡ് മുന്‍സിഫ് മിസ്റ്റര്‍ നാരായണന്‍തമ്പി പ്രസ്താവിച്ചു. എങ്കിലും, ഈ വാദം സാധിച്ചില്ലാ. അതിനാല്‍, മറ്റുള്ളവര്‍ പുറമേ പോകേണ്ടിവന്നു. അനന്തരം ഓരോ പ്രതിനിധിയും പ്രതിപാദിക്കുന്നതിനുള്ള വിഷയത്തെ സഭയില്‍ പ്രസ്താവിക്കയും, അവയെ ക്രമീകരിക്കയുംചെയ്തു. സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ കൈക്കൂലിക്കാര്യത്തെപ്പറ്റിയും ഈ തവണപ്രസംഗിക്കേണ്ട ആവശ്യകത ഇല്ലെന്ന് ഒരഭിപ്രായം ചിലര്‍ മുമ്പാകെ സമര്‍പ്പിച്ചു. ഈ വിഷയം അവശ്യം പ്രസ്താവിക്കേണ്ടതാണെന്ന്, മിസ്തര്‍ മള്ളൂര്‍ ഗോവിന്ദപ്പിള്ള വാദിച്ചു. ഇക്കാര്യത്തില്‍, തല്‍ക്കാലം മൌനം ഭജിക്കണമെന്നാണ് ഒടുവില്‍ തീരുമാനിച്ചത്. കൈക്കൂലിക്കാര്യം പ്രസ്താവിക്കണമെന്ന പക്ഷത്തില്‍ മെസ്സേഴ്സ് രാമന്‍തമ്പി, എം. എല്‍., കായങ്കുളം കേശവപിള്ള ബി. എല്‍, ചങ്ങനാശ്ശേരിപരമേശ്വരന്‍പിള്ള ബി. എല്‍, മള്ളൂര്‍ ഗോവിന്ദപ്പിള്ള ബി. എല്‍ എന്നിങ്ങനെ പലരും ഉണ്ടായിരുന്നു. എതിര്‍പക്ഷത്തില്‍, അഗ്രാസവാധിപതിയും, മെസ്സേഴ്സ് മാര്‍ത്താണ്ടന്‍തമ്പിയും മാതു തമ്പിയും വേറേ ചിലരും ഉണ്ടായിരുന്നു. ഈ വിധത്തില്‍, പ്രതിനിധികളുടെ യോഗം അവസാനിച്ചു.
ഒന്നാം ദിവസം.
പ്രജാസഭാപ്രാരംഭം
ധനു 20.
ഇന്ന് പകല്‍ ഉച്ചയ്ക്ക് മുമ്പായി ജൂബിലി ടൌണ്‍ഹാളില്‍, പ്രതിനിധികളായും ഉദ്യോഗസ്ഥന്മാരായും, പത്ര റിപ്പോര്‍ട്ടര്‍മാരായും, കാണികളായും മറ്റും അനേകം പേര്‍ നിറഞ്ഞു കഴിഞ്ഞു. ബ്രിട്ടീഷ് റെസിഡണ്ടും, ചീഫ് ജസ്റ്റീസ്, കണ്ടെഴുത്തു പേഷ്കാര്‍ മുതലായ ഉദ്യോഗസ്ഥന്മാരും, നാഗര്‍കോവില്‍ ശ്രീനാരായണന്‍ തമ്പി തുടങ്ങിയ പല ഗൃഹസ്ഥന്മാരും പ്ലാറ്റ് ഫോറത്തില്‍ ഇരിപ്പായി. 12 മണി കഴിഞ്ഞാറെ ദിവാന്‍ജി എത്തി. അനന്തരം യോഗം ആരംഭിച്ചു. മാതൃഭരണ റിപ്പോര്‍ട്ടിന്‍റെ ഒരു ചുരുക്കം, ദിവാന്‍ജി ഉപക്രമപ്രസംഗമായി, വായിച്ചു. ഇത് ഇംഗ്ലീഷില്‍ ആയിരുന്നു. ഇതിന്‍റെ മലയാള തര്‍ജ്ജമ, മിസ്റ്റര്‍ സി. വി. രാമന്‍പിള്ള വായിച്ചു. ഇതു രണ്ടും കൂടി ഒരു മണിക്കൂറുനേരം ഉണ്ടായിരുന്നു. (ഈ പ്രസംഗത്തിന്‍റെ പകര്‍പ്പുകള്‍ ജനപ്രതിനിധികള്‍ക്കോ, പത്രപ്രതിനിധികള്‍ക്കോ തന്നിട്ടില്ലായ്കയാല്‍ അയയ്ക്കുവാന്‍ നിവൃത്തിയില്ലാ.) തദനന്തരം മിസ്റ്റര്‍ മാര്‍ത്താണ്ഡന്‍ തമ്പി, പ്രജകളുടെ നന്മയ്ക്കുവേണ്ടി പ്രജാസഭ ഏര്‍പ്പെടുത്തുവാന്‍ കല്പന നല്‍കിയ മഹാരാജാവു തിരുമനസ്സിലേക്കും, അതിനായി പ്രയത്നം ചെയ്ത മിസ്റ്റര്‍ വി. പി. മാധവരായര്‍ക്കും വന്ദനം പറവാന്‍ എണീറ്റു. പ്രസംഗിക്കാന്‍ ഭാവിച്ചാറെ, "പ്രോഗ്രാമില്‍ ഇല്ലാത്തതിനാല്‍ ഈ വിഷയം മിണ്ടാന്‍ പാടില്ലാ. ഇരിക്കണം" എന്ന് ദിവാന്‍ ആജ്ഞാപിച്ചു. 'പ്രജകളുടെ രാജഭക്തിയെകാണിക്കുന്ന ഈസംഗതി, പ്രോഗ്രാമില്‍ ഇല്ലെങ്കിലും അനുവദിക്കേണ്ടതാണെന്നും, കഴിഞ്ഞതവണ ഇങ്ങനെ നടന്നിട്ടുണ്ടെന്നും, മറ്റും മിസ്തര്‍ തമ്പി വീണ്ടും പറഞ്ഞു. ഉടനെ ചീഫ് സിക്രട്ടരിയും ദിവാന്‍ജിയും, സമയമില്ലെന്നും മറ്റും ബഹളം കൂട്ടി, മിസ്തര്‍ തമ്പിയെ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു. ഈ പ്രവൃത്തിയെ സദസ്യന്മാരും സഭാപ്രതിനിധികളും മറ്റും വളരെ നിന്ദയോടു കൂടെയാണ് കൈക്കൊണ്ടത്.
ഇത് കഴിഞ്ഞാറെ, ഓരോരോ താലൂക്കു പ്രതിനിധികളുടെ വിജ്ഞാപനങ്ങളെപ്പറ്റി കേട്ടു മറുവടി പറഞ്ഞുതുടങ്ങി.
കടമക്കരം
കൊച്ചിയിലും തിരുവിതാംകൂറിലും പിരിക്കുന്നുണ്ടെന്നും, നിറുത്തലിലാക്കണമെന്നും ചേര്‍ത്തലെ മാധവക്കര്‍ത്താവവര്‍കള്‍ പ്രസ്താവിച്ചു. ദിവാന്‍ "അത് നിറുത്തലാക്കുവാന്‍ നിവൃത്തിയില്ലാ" - എന്ന് മറുവടി പറഞ്ഞു
ചത്തകൂലിയും മേട്ടുകരവും
നിറുത്തലാക്കണമെന്ന് മേല്പടി പ്രതിനിധി ആവശ്യപ്പെട്ടു. ദിവാന്‍ "അവസരം വരുമ്പോള്‍, ഈ സംഗതിയെപ്പറ്റി ആലോചിക്കാം"
കുടിപ്പുള്ളി
*****മൂന്നിലൊന്ന് ആക്കണമെന്ന് മിസ്തര്‍ നാരായണ കര്‍ത്താവവര്‍കള്‍ പ്രതിപാദിച്ചു. ഇതിനെയും, തനതു വസ്തുക്കളെയും സംബന്ധിച്ചുള്ള ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്ന് മിസ്തര്‍ നരസിംഹക്കമ്മത്തി (ചേര്‍ത്തലെ) ആവശ്യപ്പെട്ടു, ദിവാന്‍ - "ആലോചിക്കപ്പെടും"
**********
എന്ന വ്യവസ്ഥ, കുടിപ്പുള്ളി വസ്തുക്കള്‍ക്ക് പാടില്ലെന്നും നിറുത്തല്‍ ചെയ്യണമെന്നും, നരസിംഹക്കമ്മത്തി മാധവക്കര്‍ത്താവ് എന്നിവര്‍ പ്രസ്താവിച്ചു. ദിവാന്‍,- "ആലോചിക്കും."
നനനിലങ്ങള്‍ക്ക്
കരംചുമത്തുന്നതിനെ സംബന്ധിച്ചുള്ള ചട്ടങ്ങളെ പ്പറ്റിയുംമറ്റും ചില മാറ്റം ചെയ്യണമെന്ന് ഏറ്റുമാനൂര്‍ മിസ്തര്‍വര്‍ക്കി ഉതുപ്പു അപേക്ഷിച്ചു. ദിവാന്‍,- "മാറ്റം ആവശ്യമെന്നു തോന്നുന്നില്ലാ"
കാരാണ്മ ഇറക്കാരാണ്മ
വസ്തുക്കള്‍ക്ക് 8-ലൊന്നിലധികം കരം ചുമത്തുന്നത് സങ്കടമാണെന്ന് മിസ്തര്‍വര്‍ക്കി ഉതുപ്പ് പ്രസ്താവിച്ചു. ദിവാന്‍,- "മാറ്റം ആവശ്യമില്ലാ"
ചേരിക്കല്‍ നിലങ്ങള്‍ക്ക്
കരംചുമത്തുന്നത്അവയെകൃഷിചെയ്യുന്നതിലുള്ള ക്ലേശങ്ങളെക്കൂടി ഗണിച്ചിട്ടുവേണമെന്നും മറ്റും ചങ്ങനാശേരി പ്രതിനിധി മിസ്തര്‍ ചിദംബരഅയ്യര്‍ ആവശ്യപ്പെട്ടു. ദിവാന്‍, "കണ്ടെഴുത്തു ദിവാന്‍പേഷ്കാരുമായി ആലോചിച്ചു ഉചിതമായ തീര്‍ച്ച ഉണ്ടാക്കും"
പുതിയ കണ്ടെഴുത്തില്‍
ഭൂമിക്കും വൃക്ഷങ്ങള്‍ക്കും ക്രമത്തിലധികമായ കരം ചുമത്തിയിരിക്കുന്നു എന്നും അതു കുറച്ചു കിട്ടണമെന്നും മിസ്തര്‍ നരസിംഹ ക്കമ്മത്തി (ചേര്‍ത്തലെ) പ്രസ്താവിച്ചു. ദിവാന്‍,- "ആ താലൂക്കിലെ കണ്ടെഴുത്തുതീര്‍ന്നിരിക്കുന്നു. ഈ മാതിരി പരാതികള്‍ കഴിഞ്ഞ ആണ്ടിലും ബോധിപ്പിച്ചതായികാണുന്നു. ക്രമമായനിരക്കേ നിശ്ചയിച്ചിട്ടുള്ളു എന്നും ഗവര്‍ന്മേണ്ട് വിചാരിക്കുന്നു. നിരക്കു കുറയ്ക്കുവാന്‍ നിര്‍വാഹമില്ലാ"
കെട്ടുതെങ്ങു
വകയില്‍ കൂടുതലായും കരം ചുമത്തിയിരിക്കുന്നു എന്നുംമറ്റും (വൈക്കം) മിസ്തര്‍ അയ്യപ്പന്‍പിള്ള പ്രസ്താവിച്ചു. കെട്ടുതെങ്ങുഏര്‍പ്പാട് നിറുത്തലാക്കയോ, നൂറ്റിനു മൂന്നുവീതം നിരക്കുവയ്ക്കയോ ചെയ്യണമെന്ന് ചേര്‍ത്തല മിസ്തര്‍ മാധവക്കര്‍ത്താവും, കെട്ടുതെങ്ങിന് കരം ചുമത്തുന്നതില്‍ കണ്ടെഴുത്തുകാര്‍ കാട്ടുന്ന അക്രമങ്ങള്‍ അസഹ്യമെന്ന് മിസ്തര്‍നരസിംഹ കമ്മത്തിയും പ്രതിപാദിച്ചു. ദിവാന്‍ - "പ്രത്യേകം പ്രത്യേകം ഓരോരുത്തരും സങ്കടങ്ങള്‍ ബോധിപ്പിച്ചാല്‍, ആലോചിച്ച് വേണ്ടതുചെയ്യാം"
ഏലത്തോട്ടങ്ങള്‍ക്ക്
കരം ചുമത്തീട്ടുള്ളനിരക്ക് കീഴാണ്ടുകളിലേക്കും സ്വീകരിക്കണമെന്നു ഏലംത്തോട്ടക്കാരുടെ പ്രതിനിധിയായ മിസ്തര്‍ എച്ച് എം. നൈറ്റ് ആവശ്യപ്പെട്ടു. ദിവാന്‍,- "ഈ സംഗതി തീര്‍ച്ചപ്പെട്ടുപോയി. കീഴാണ്ടുകളിലേക്കുകൂടെനടപ്പിലാക്കിയതായി വിചാരിക്കുവാന്‍പാടില്ലാ
തെങ്ങു കവുങ്ങ് മുതലായവൃക്ഷങ്ങള്‍ക്ക്
അഴുകിച്ചേതം
വരുന്നുണ്ടെന്നും, അങ്ങനെയുള്ളവകയ്ക്ക് കരം നിശ്ചയിക്കുമ്പോള്‍ ഈ അവസ്ഥയെ ഗൌനിക്കണമെന്നും മുന്‍കണ്ടെഴുത്തില്‍ ചെയ്തപ്രകാരം ഇപ്പൊഴും നടവുകൂറും വെച്ചുപാതിയും അനുവദിക്കണമെന്നും മീനച്ചല്‍ പ്രതിനിധി കേ. അയ്യപ്പന്‍പിള്ള അവര്‍കള്‍ പ്രസ്താവിച്ചു. ദിവാന്‍,- " ഈ സങ്കടത്തിന് ഹേതു ഉണ്ടെന്നു ഗവര്‍ന്മേണ്ട് വിചാരിക്കുന്നു. ഇതിനെപ്പറ്റിആലോചിക്കും, കണ്ടെഴുത്തുചട്ടങ്ങളിലെ വകുപ്പുകള്‍പ്രകാരം ഇതില്‍ ആദ്യത്തെഭാഗം തീരുമാനിക്കപ്പെട്ടിട്ടുണ്ട്"
( 1ാം ദിവസത്തെ ബാക്കി പ്രസംഗങ്ങളുടെ ചുരുക്കം സ്ഥലച്ചുരുക്കത്താല്‍ അടുത്ത ലക്കത്തിലേക്ക് മാറ്റി പത്രാധിപര്‍) സഭ 5 മണിക്കു പിരിഞ്ഞു.
രണ്ടാം ദിവസം.
ധനു 21.
ഇന്ന് സര്‍ക്കാര്‍ കൃഷിത്തോട്ടങ്ങളും, കൃഷി ബാങ്കുകളും നാലു ഡിവിഷനിലും ആവശ്യമാണ് എന്നും; തിരുവനന്തപുരത്ത് ഒരു കൃഷിത്തോട്ടമുണ്ടെങ്കിലും അത് നിഷ്പ്രയോജനാവസ്ഥയിലിരിക്കയാണെന്നും മറ്റുമുള്ള വിഷയങ്ങളായിരുന്നു. സവിസ്തരമായ റിപ്പോര്‍ട്ട് വഴിയേ അയയ്ക്കുവാനേ നിര്‍വാഹമുള്ളു. എന്നാല്‍ ഇത് പ്രാക്കുളം മിസ്തര്‍ സി. പത്മനാഭപിള്ളയുടെ ഒരു നിസര്‍ഹമായപ്രസംഗത്തെപ്പറ്റി, മുമ്പേകൂട്ടി ചിലത് വായനക്കാരെ ധരിപ്പിച്ചുകൊള്ളട്ടെ. നാലര മണി സമയത്ത് ജുഡീഷ്യല്‍ഡിപ്പാര്‍ട്ടുമെന്‍റിലെ ചില കുഴപ്പങ്ങള്‍ സി. പത്മനാഭപ്പിള്ള എന്നു വിളിച്ചു. മിസ്റ്റര്‍ പിള്ള എണീറ്റു ദിവാന്‍റെ മുന്നില്‍ വന്നുനിന്നു. ഉടനെ ദിവാന്‍ ഓ നീരം? സമയം കൊണ്ടു താന്‍ ഇരിക്കു. സാങ്കേതികമായി ചുരുക്കിപേശവേണ്ടിയത് എന്നു പറഞ്ഞു. ********************************************************************************************ഇന്നലെദിവസം, തെങ്ങിനു ചെല്ലിമുതലായ ഉപദ്രവങ്ങളാല്‍ ഉണ്ടാകുന്ന നഷ്ടത്തെ പരിഹിക്കുന്നതിന്, ഒരു ശാസ്ത്രജ്ഞനെ നിയമിക്കണമെന്ന് പലരും അഭിപ്രായപ്പെട്ട കൂട്ടത്തില്‍ മിസ്റ്റര്‍ പിള്ളയും ദീര്‍ഘമായി ചിലത് പ്രസംഗിച്ചു. ദിവാന്‍, പ്രസംഗം ചുരുക്കുവാന്‍ ആജ്ഞാപിച്ചു. കേട്ടില്ലാ. ദിവാന്‍ ക്ഷോഭിച്ചു. ചുരുക്കണമെന്നു വീണ്ടുപറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടിയാണ് താന്‍ പറയുന്നതെന്നും മറ്റും മിസ്റ്റര്‍ പിള്ള പറഞ്ഞുതുടങ്ങി. വാടിയ മുഖത്തോടുകൂടി ദിവാന്‍ അങ്ങനെ ഇരുന്നു. അതു ഓര്‍മ്മിച്ചിട്ടാണ്
" ഓ നീരം", എന്നു പറഞ്ഞത് എന്നുതോന്നുന്നു.
ജൂഡീഷ്യല്‍ഡിപ്പാര്‍ട്ടുമെന്‍റിലെ കുഴപ്പങ്ങള്‍ എന്നു പറഞ്ഞ്, ഇപ്പഴത്തെ ഹൈക്കോടതിയിലെ സി. പത്മനാഭപിള്ള അസംബദ്ധമായി ആക്ഷേപിച്ചു തുടങ്ങി. "കൊലക്കുറ്റംചെയ്യുന്നവരെ ശിക്ഷിക്കുന്നില്ലാ; സാധുക്കളായ പോലീസുകാര്‍ പ്രത്യക്ഷമായ തെളിവുകള്‍ കൊണ്ട് കേസുകള്‍ പൂര്‍ണ്ണമാക്കിയിരുന്നാലും വിട്ടുകളയുന്നു; അനേകം കൊലക്കേസുകളുടെ സംഗതി ഞാന്‍ ഇപ്പോള്‍ ദൃഷ്ടാന്തീകരിക്കാം" എന്നുംമറ്റും ഇപ്പോഴത്തെ ഹൈക്കോടതിജഡ്ജിമാരെ ഉദ്ദേശിച്ച് ആക്ഷേപം ചെയ്തു തുടങ്ങി. ഇപ്പോള്‍ തിരുവിതാംകൂറിലുള്ള പോലീസുദ്യോഗസ്ഥന്മാര്‍ വളരെ ന്യായസ്ഥന്മാരെന്നും, അവര്‍ യാതൊരു അന്യായ കര്‍മ്മവും പ്രവര്‍ത്തിക്കുന്നില്ലെന്നും, നിരപരാധികളായ പോലീസുകാരുടെ തലയില്‍ വീഴ്ച കെട്ടിവച്ചാണ് കൊലക്കേസുകള്‍ മിക്കവാറും ഹൈക്കോടതി ജഡ്ജിമാര്‍ വിട്ടുകളയുന്നതെന്നും മിസ്റ്റര്‍ പിള്ള പ്രസ്താവിച്ചു. ഈ സമയം ഹാളിനകത്തുള്ള ജനങ്ങള്‍ "ശൂ ശൂ" എന്നൊരു ശബ്ദംകൊണ്ട് പ്രസംഗകര്‍ത്താവിനെ പുഛിക്കുന്നുണ്ടായിരുന്നു. ദിവാന്‍ മിണ്ടിയതേ ഇല്ലാ. സദസ്യന്മാരുടെ മുഖം കരിഞ്ഞുപോയിരിക്കുന്നു. ഇതിന്‍റെ കൂട്ടത്തില്‍ ജുഡിഷ്യല്‍ ഡിപ്പാര്‍ട്ടുമെന്‍റിലുള്ള പരിഹരിക്കേണ്ട ചില യഥാര്‍ത്ഥങ്ങളായ ഉപദ്രവങ്ങളെയും മിസ്തര്‍ പിള്ള പ്രസ്താവിച്ചു. മിസ്തര്‍ പത്മനാഭപിള്ളയുടെ പ്രസംഗാനന്തരം, അമ്പലപ്പുഴതാലൂക്ക് പ്രതിനിധിയായിവന്ന "കേരളതാരകം" പത്രാധിപര്‍ മിസ്തര്‍ സി. എം. നാരായണപ്പണിക്കര്‍ എണീറ്റ്, തിരുവിതാംകൂര്‍ ഹൈക്കോടതിയെ ഉദ്ദേശിച്ച് മിസ്തര്‍ സി. പത്മനാഭപിള്ളചെയ്ത ആക്ഷേപങ്ങള്‍ ഒന്നും ബഹുജനങ്ങളുടെ അഭിപ്രായമല്ലെന്നും, നീതി ന്യായത്തെ വേണ്ടതുപോലെ പരിപാലിക്കുന്ന ഹൈക്കോടതി ജഡ്ജിമാരെ ഉദ്ദേശിച്ചു ചെയ്ത ആക്ഷേപങ്ങള്‍ അശേഷം അടിസ്ഥാനമില്ലാത്തതാണെന്നും, ഇത് മിസ്റ്റര്‍ പത്മനാഭപിള്ളയ്ക്കുള്ള അഭിപ്രായം മാത്രമാണെന്നും, ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിമാര്‍ ഓരോരുത്തരെ വേര്‍തിരിച്ചും, ഒന്നിച്ചും നോക്കിയിരുന്നാല്‍ അന്യായവും അധര്‍മ്മവും പ്രവര്‍ത്തിക്കുന്നവര്‍ ഒരുത്തരും ഇല്ലെന്നും, ഇത് സഭാവാസികള്‍ ഐകകണ്ഠ്യേന സമ്മതിക്കുന്നതാണെന്നും നല്ല വ്യക്തമായും ഉച്ചത്തിലും പറഞ്ഞു. പ്രൊഗ്രാമില്‍ ഇല്ലാതെ ഈവിധം സംസാരിച്ചതിന് മിസ്റ്റര്‍ പണിക്കരെ ദിവാന്‍ ശാസിച്ചു. "എന്‍റെ അഭിപ്രായം മാത്രമല്ലാഇത്. ബഹുജനങ്ങള്‍ ഏകകണ്ഠമായി ഈസംഗതി ഉടനെ സഭയില്‍ അറിയിക്കണമെന്ന് എന്നെ പ്രേരിപ്പിച്ചതിനാല്‍ ഞാന്‍ പറഞ്ഞതാണ്" എന്ന് മിസ്റ്റര്‍ പണിക്കര്‍ വീണ്ടും പറഞ്ഞു. പണിക്കരുടെ പ്രസംഗാന്തത്തില്‍, ജനങ്ങളുടെ ഹസ്തതാഡനവും 'ഹിയര്‍ ഹിയര്‍' എന്നുള്ള വിളിയും കേള്‍ക്കേണ്ടതുതന്നെആയിരുന്നു. ഇന്നു 5 മണിക്ക് സഭ പിരിഞ്ഞു.
മൂന്നാം ദിവസം
ധനു 23
ഇന്നത്തെ സഭയില്‍വച്ച് ദിവാന്‍ജി, മിനിഞ്ഞാന്ന് പ്രാക്കുളം പത്മനാഭപിള്ള അവര്‍കള്‍ ഹൈക്കോടതി ജഡ്ജിമാരെപ്പറ്റി ആക്ഷേപം ചെയ്തതിനെക്കുറിച്ചു ദീര്‍ഘമായ ഒരു മറുവടി പറഞ്ഞു. മേലാല്‍ ഇതിന്മണ്ണം പ്രസ്താവിക്കാതിരിക്കാന്‍ തക്കവണ്ണം വേണ്ടതുപ്രവര്‍ത്തിക്കാം എന്ന് സാരഗര്‍ഭമായ ഒരു മറുവടിപറഞ്ഞു. ദിവാന്‍ജി ഇന്ന് ക്ഷമകേടുവിട്ടനിലയിലാണു. മിസ്തര്‍ പത്മനാഭപിള്ളയുടെ അധികപ്രസംഗത്തെപ്പറ്റിപ്രജാസഭാപ്രതിനിധികളെല്ലാരും ബഹുജനങ്ങളും ക്ഷോഭിച്ചിരിക്കുന്നു. ഇന്ന് കുന്നത്തൂര്‍ പ്രതിനിധി എന്‍.ഗോവിന്ദപ്പിള്ള അവര്‍കള്‍ പൊതുജനപ്രാതിനിധ്യംവഹിക്കുന്ന പത്രങ്ങള്ളുടെ പ്രസ്താവനകളെ ചൂണ്ടിക്കാണിച്ചുങ്കൊണ്ടു തിരുവിതാംകൂര്‍ പോലീസിനെപ്പറ്റി ഒരു വാചാപ്രസംഗംചെയ്തു. അതിന്‍റെ പകര്‍പ്പു ഇതൊന്നിച്ചയയ്ക്കുന്നു. (സ്ഥലച്ചുരുക്കത്താല്‍ അടുത്തലക്കത്തിലേക്കു നീക്കി - പത്രം.) പ്രസംഗത്തിന്‍റെ ഓരോ ഘട്ടത്തിലും ജനങ്ങള്‍ സന്തോഷസൂചകമായി ഹസ്തതാഡനാദികളെ പ്രകടിപ്പിച്ചു. ശേഷം വിഷയങ്ങളെപ്പറ്റി സവിസ്തരം വഴിയേ.
നാലാംദിവസം
ധനു 24
ഇന്നു ഫീവ്യവസ്ഥയെപ്പറ്റിയായിരുന്നു പ്രധാനവാദം. ദിവാന്‍റെ മറുവടി ജനങ്ങള്‍ക്ക് അനുകൂലമല്ലായിരുന്നു. പ്രധാനവിഷയങ്ങളെ വേണ്ടപോലെ ഗൌനിക്കാമെന്ന് അധ്യക്ഷന്‍ പറയുന്നില്ലാ.
വെള്ളിയാഴ്ചവരെ സഭ ഉണ്ടെന്നാണ് അറിയുന്നത്.