തിരുവിതാംകൂർ ദിവാൻ

  • Published on July 31, 1907
  • By Staff Reporter
  • 664 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

തിരുവിതാംകൂർ ദിവാൻ  മിസ്റ്റർ ഗോപാലാചാര്യർ, ഏറെത്താമസിയാതെ ദിവാൻ ഉദ്യോഗം ഒഴിയുമെന്നുള്ള പ്രസ്താവം, ഈ നാട്ടിലെ ജനങ്ങളെ അത്യന്തം കൃതാർത്ഥരാക്കുമെന്നുള്ളതിൽ സംശയമില്ല. കുറേനാളായി മിസ്റ്റർ ആചാര്യരുടെ വിയോഗത്തെക്കുറിച്ച്, പരസപരം യോജിക്കാത്ത പല കേൾവികളും തിരുവിതാംകൂറിൽ പ്രചരിച്ചിരുന്നു. എങ്കിലും ഇപ്പോഴത്തെപ്പോലെ അവിശ്വസിക്കാൻ പാടില്ലാത്ത വർത്തമാനം, ഇതിനിടയിൽ ഉണ്ടായിട്ടില്ലെന്ന് പറയുകതന്നെ വേണ്ടിയിരിക്കുന്നു. മിസ്റ്റർ ആചാര്യർ ഈ നാട്ടുകാർക്കും, നാടിനും ഇക്കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ ചെയ്തിരിക്കുന്ന ദോഷങ്ങളെ ഗണിക്കുമ്പോൾ, അദ്ദേഹം ഒരു നിമിഷം മുമ്പേ  ഈ നാട്ടിലെ മന്ത്രി പദവിയിൽ നിന്ന് ഒഴിയുന്നത്, അദ്ദേഹത്തിൻെറയും, നാട്ടുകാരുടെയും അധന്യതയെ ക്ഷയിപ്പിക്കുന്നതായിരിക്കുമെന്ന് ഞങ്ങൾ മുൻലക്കങ്ങളിൽ പ്രസ്താവിച്ചിട്ടുണ്ട്. മിസ്റ്റർ ആചാര്യർ തിരുവിതാംകൂർ ദിവാൻ പണി ഒഴിയുന്ന കാര്യം നിശ്ചയമാണെന്നും, അദ്ദേഹത്തിൻെറ പിൻവാഴ്ചക്കാരൻ ആരെന്ന് നിശ്ചയിച്ചശേഷമേ അദ്ദേഹത്തിൻെറ വേർപ്പാടിനെപ്പറ്റി "ഒഫീഷ്യ"ലായ പ്രസ്താവം ഉണ്ടാവുകയുള്ളു എന്നും ജൂലൈ 23 -ലെ "ഇന്ത്യൻ പേട്രിയട്ട്" പത്രം പ്രസ്താവിച്ചിരിക്കുന്നതിനാൽ, തിരുവിതാംകൂറിലെ കേൾവികളിൽ ഏതാണ് വാസ്തവവമായി പരിഗണിച്ചതെന്ന് വായനക്കാർക്ക് നിർണ്ണയിക്കാവുന്നതാണല്ലോ. ഒരു കൊല്ലത്തിനിടയിൽ, മദിരാശി ഗവണ്മെന്‍റ്  അയച്ച ഒരു മന്ത്രി, ഈ നാട്ടിലേക്ക് "വകയ്ക്കുകൊള്ളരുതാത്ത" ഒരാളാണെന്ന് കണ്ടു, മറ്റൊരാളെ നിശ്ചയിക്കേണ്ടതായി വന്നതിൽ, വ്യസനിക്കേണ്ടതാണെങ്കിലും, ഗത്യന്തരമില്ലാത്ത ഈ കാര്യത്തിൽ, മദിരാശി ഗവണ്മെന്‍റ്, തൻ്റെ വീഴ്ചയെ യഥാകാലം അറിഞ്ഞതിനെക്കുറിച്ച് സന്തോഷിക്കേണ്ടത് തന്നെയാകുന്നു. മിസ്റ്റർ ആചാര്യരെ, ഇദംപ്രഥമമായി, എസ്ക്യൂട്ടീവ് പണിയിൽ പിടിച്ചു വച്ച സമയം, മദിരാശി ഗവണ്മെന്‍റ് , അദ്ദേഹം തിരുവിതാംകൂറിൽ ഇത്രനാൾ "പേക്കൂത്തുകൾ" കാട്ടുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നിരിക്കയില്ല. അപ്രതീക്ഷമായുള്ള സംഗതികളാണ്, സാധാരണമായി അധികം സംഭവിച്ച് കാണുന്നതെന്നുള്ളതിന്മണ്ണം മദിരാശി ഗവണ്മെന്‍റ് , മുൻനിനച്ചിരിക്കാത്ത പ്രകാരത്തിൽ മിസ്റ്റർ ആചാര്യരുടെ ഭരണത്തെ ഒരു അപചയ രംഗം ആയിത്തന്നെ കണ്ടിരിക്കണം. മിസ്റ്റർ ആചാര്യരെപ്പോലെ മോശപ്പെട്ട ഒരു ദിവാൻജി തിരുവിതാംകൂറിന് ഇക്കാലത്ത് ലഭിച്ചിട്ടില്ലെന്ന് സമ്മതിച്ചേതീരൂ. മദിരാശി ഗവണ്മെന്‍റ്  തിരുവിതാംകൂറിലേക്ക് ദിവാൻജിമാരെ തെരഞ്ഞെടുത്ത് അയക്കുന്നത് തുടങ്ങിയിട്ട് അധിക കാലം ആയിട്ടില്ല. ഒരു നാട്ടുരാജ്യത്തിൻെറ ഭരണത്തിന് അതിലെ രാജാവിൻെറ ഹിതംപോലെ ഒരാളെ സ്വന്തം നാട്ടിൽ നിന്ന് തന്നെയോ പുറമെനിന്നോ മന്ത്രിയായി നിയമിച്ച് കൊള്ളുന്നതിന് അനുവദിക്കുകയാണ് മദിരാശി ഗവണ്മെന്‍റ് ചെയ്യേണ്ടതെന്ന് പലർക്കും അഭിപ്രായം ഉണ്ടെങ്കിലും, ഈ സിദ്ധാന്തം എക്കാലത്തും എല്ലാ അവസ്ഥകളിലും പറ്റുമെന്ന് ഞങ്ങൾ സമ്മതിക്കുന്നില്ല. രാജ്യത്തിലെ പ്രഭുക്കളുടെ ക്ഷേമൈശ്വര്യ അഭിവൃദ്ധിക്കുവേണ്ട ഭരണ നയങ്ങളെ തന്നെത്താൻ അന്വേഷിക്കുന്ന ഒരു രാജ്യാധിപതിയുടെ കീഴിലാണെങ്കിൽ, ആ അധിപതിയും ഇഷ്ടംപോലെ ഒരാളെ മന്ത്രിയായി വക്കുന്നത് കൊണ്ട് പറയത്തക്ക തരക്കേട്‌ വരാനില്ല. രാജ്യത്തിൽ, സത്യം, നീതി മുതലായ ധർമ്മങ്ങൾ മുദ്രാവാചകങ്ങളിലൊഴികെ പ്രവൃത്തികളിൽ കൂടെയും പ്രദർശിപ്പിച്ച് വരുന്നുണ്ടെങ്കിൽ ആ രാജ്യത്തിലെ, മന്ത്രിപദം ആലോചനാശക്തിയുള്ള ഒരു മനുഷ്യനെ ഏല്പിച്ചാലും, സ്വയംചലത്തായ ഒരു പാവയെ ഏല്പിച്ചാലും, നേരെചൊവ്വേ നടന്നുപോയ്‌ക്കൊള്ളുമെന്നുതന്നെ പറയാവുന്നതാണ്. തിരുവിതാംകൂറിലെ സ്ഥിതി ഈ വിധത്തിൽ സമാധേയമാണെന്ന് പറയുവാൻ ഞങ്ങൾ വഴികാണുന്നില്ല. തിരുവിതാംകൂർ രാജ്യം കൊട്ടാരം തുടങ്ങി കുടിലുവരെ, പലഅഴിമതികളാൽ കളങ്കപ്പെട്ടുകിടക്കുന്നുവെന്നതിന് എത്രയോ ലക്ഷ്യങ്ങൾ നാം കണ്ടിരിക്കുന്നു. ഇങ്ങനെയുള്ള ഒരു നാട്ടിലേക്ക് മന്ത്രിയെ നിയമിക്കാൻ മേൽക്കോയ്മ അധികാരം വച്ച് കൊള്ളേണ്ടിവന്നതിൽ, തൽക്കാലം വ്യസനിക്കയല്ല, സന്തോഷിക്കുകയാണ് വേണ്ടത്. തിരുവിതാംകൂർ നാട്ടുകാരിൽ ആരും ദിവാൻജി ഉദ്യോഗത്തിന് കൊള്ളാത്തവരെന്നോ, ഈ നാട്ടിലേക്ക് ഒരു മന്ത്രിയെ നിയമിക്കേണ്ട ഭാരം മഹാരാജാവ് തിരുമനസ്സിലേക്ക് മാത്രം വിട്ടുകൊടുക്കാൻ പാടില്ലെന്നോ അല്ല ഞങ്ങൾ അഭിപ്രായപ്പെടുന്നത്. തിരുവിതാംകൂറിനെ അഴിമതി നാടാക്കി സ്വന്തഅക്രമങ്ങളെ നിർബാധമായി പ്രയോഗിച്ചുകൊണ്ടിരിക്കുന്ന രാജസേവകന്മാരുടെ പൈശാചിക പിടുത്തത്തിൽ നിന്നകലുവാൻ ഉൾക്കരുത്തുള്ള ആളുകളെവേണം ഇപ്പോൾ മന്ത്രികളായി തെരഞ്ഞെടുക്കേണ്ടത് എന്നിരിക്കെ,  മന്ത്രിമാരെ നിശ്ചയിക്കേണ്ട ചുമതലയിൽ ഒരു പങ്ക് മേൽക്കോയ്‌മ വഹിക്കുന്നത് തീരെ അയുക്തമായി വരുകയില്ല. എന്നാൽ, ഇങ്ങനെ നിശ്ചയിക്കപ്പെടുന്നവർ, സ്വശക്തിയുള്ളവരായിരിക്കണമെന്നും പൊതുജനങ്ങളുടെ സങ്കടങ്ങളെ അറിഞ്ഞ് പരിഹരിക്കാൻ മനസ്സുള്ളവരും, അഴിമതിക്കാരുടെ വലയിൽ പെട്ടുപോകാത്തവരും ആയിരിക്കണമെന്നും മേൽക്കോയ്‌മ  ഓർത്തിരുന്നാൽ ഉപകാരമായിരിക്കും. അടുത്ത കുറേക്കാലത്തേക്ക് തിരുവിതാംകൂറിന് ആവശ്യപ്പെടുന്ന മന്ത്രി വലിയ രാജ്യതന്ത്രങ്ങൾ പ്രയോഗിച്ചില്ലെന്നിരുന്നാലും ഒരേ ഒരു  കാര്യം ചെയ്യാൻ മനസ്സും ശേഷിയും ഒരുക്കവുമുള്ള ആളായിരുന്നാൽ മതിയാകുന്നതാണ്. അത് മറ്റൊന്നുമല്ല തിരുവിതാംകൂർ രാജ്യകാര്യങ്ങളിൽ ഇപ്പോൾ പൊതിഞ്ഞുപിടിച്ചിരിക്കുന്ന അഴുക്കുകളെയെല്ലാം പ്രമാർജ്ജനം ചെയ്ത്, തിരുവിതാംകൂറിൻെറ കീർത്തി ശുദ്ധിയെ വീണ്ടെടുക്കണമെന്നുള്ള ഏക കാര്യമാകുന്നു പുതിയ മന്ത്രി ചെയ്യേണ്ടതായുള്ളത്. മിസ്റ്റർ ഗോപാലാചാര്യർക്ക് ഇങ്ങനെയൊരു "ശുദ്ധികലശം" കഴിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നുമാത്രമല്ല, തിരുവിതാംകൂറിലെ അഴുക്കിനെ അധികം ഉറപ്പിച്ചു എന്നുള്ളതിനെ സ്മരിക്കുമ്പോൾ ഇദ്ദേഹത്തിൻെറ വിയോഗത്തെ ജനങ്ങൾ സന്തോഷപൂർവ്വം പ്രതീക്ഷിക്കുന്നതിനുള്ള ഹേതു സ്പഷ്ടമായിരിക്കുന്നതാണ്.  

 

You May Also Like