ചാല ലഹളക്കേസ്

  • Published on September 23, 1908
  • By Staff Reporter
  • 205 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                  തിരുവനന്തപുരം ഡിസ്ട്രിക്ട് സെഷന്‍സ് 

                              ജഡ്‍ജ് കേ. നാരായണമേനോന്‍

                  ബി, എ., ബി എല്‍. അവര്‍കള്‍ മുമ്പാകെ

 1084 - കന്നി 6-നു- വിസ്താരംതുടങ്ങി. അന്യായഭാഗത്തെക്ക് ഹെഡ് സര്‍ക്കാര്‍ വക്കീല്‍ മിസ്റ്റര്‍ അനന്തരായര്‍ ഹാജരായി. പ്രതി ഭാഗത്തെക്ക് മെസ്സേഴ് സ് എം. കേ. ഗോവിന്ദപ്പിള്ള,  എം. വി. ഇട്ടിച്ചെറിയാ, കേ. അച്യുതന്‍പിള്ള, ആര്‍. ഗോപാലപിള്ള, പി. കെ. കേശവപിള്ള, എന്‍. സുന്ദരരാജഅയ്യങ്കാര്‍, വി. ശ്രീനിവാസാചാരി, ഏ. കുമാരപിള്ള എന്നീ ഹൈക്കോടതി വക്കീലന്മാര്‍ ഹാജരുണ്ടായിരുന്നു.

 ആദ്യമായി, സര്‍ക്കാര്‍വക്കീല്‍, അന്യായഭാഗത്തെപ്പറ്റി സംക്ഷേപിച്ചു പ്രസംഗിച്ചു. ഇതില്‍, ലഹളസംഗതിയെപ്പറ്റി മുമ്പു മജിസ്ട്രേററ് കോടതിയില്‍ പ്രസ്താവിച്ച വിവരങ്ങളെല്ലാം അടക്കിയിരുന്നു. ഇതിന്‍റെ ശേഷം, പ്രതികളുടെ മേല്‍ തയാറാക്കപ്പെട്ടിട്ടുള്ള കുറ്റപത്രങ്ങള്‍ അവരെ വായിച്ചുകേള്‍പ്പിക്കയും, അതിലേക്ക് അവരുടെ മൊഴി മേടിക്കയുംചെയ്തു. കുറ്റംചെയ്തിട്ടില്ലാ എന്നാണ് പ്രതികളെല്ലാം മൊഴികൊടുത്തത്.

 അനന്തരം, അന്യായഭാഗം 1ാംസാക്ഷി സ്റ്റേഷനാഫീസര്‍ പാച്ചുപിള്ളയുടെ മൊഴി മേടിച്ചു. ഈ മൊഴി. മജിസ്ട്രേട്ടുകോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുള്ളതിന്മണ്ണം തന്നെയായിരുന്നു.

അനന്തരം കാഫികഴിഞ്ഞ്, വീണ്ടും കോടതികൂടിയപ്പോള്‍, പ്രതികളെ ജാമ്യത്തില്‍ വിടുന്ന കാര്യത്തെക്കുറിച്ചുള്ള വാദപ്രതിവാദം നടന്നു. കുറ്റം ഗൌരവപ്പെട്ടതാണെന്നും, ജാമ്യം അനുവദിക്കാന്‍ പാടില്ലെന്നും, ജാമ്യം അനുവദിക്കുന്നത് കോടതിയുടെ യുക്തംപോലെ ആണെന്നും സര്‍ക്കാര്‍വക്കീല്‍ വാദിച്ചു. പ്രതികള്‍ ഒളിച്ചോടിപൊയ്ക്കളയുമെന്നോ, തെളിവിന് ന്യൂനതവരുമെന്നോ, ഏതുകാരണത്താലാണ് ജാമ്യം അനുവദിച്ചുകൂടാ എന്നു സര്‍ക്കാര്‍വക്കീല്‍ വാദിച്ചതെന്ന സംഗതിയെപ്പറ്റി ജഡ്ജിചോദ്യം ചെയ്കയും, അതിനെപ്പറ്റി സര്‍ക്കാര്‍വക്കീല്‍ നിര്‍ബന്ധമായിവാദിക്കാതിരിക്കയും ചെയ്കയാല്‍, ഹൈക്കോടതിയില്‍ നിന്നോ, ഡിസ്ട്രിക്റ്റ് കോടതിയില്‍നിന്നോ, മജിസ്ട്രേറ്റ് കോടതിയില്‍ നിന്നോ, ജാമ്യത്തില്‍ വിട്ടിരുന്നവര്‍ക്കെല്ലാം ജാമ്യം അനുവദിക്കാമെന്നും, മറ്റു പ്രതികളുടെ സംഗതി തെളിവുകള്‍നോക്കി ഏതാനും ദിവത്തിനുള്ളില്‍ നിശ്ചയിക്കാമെന്നും ജഡ്ജി കല്പിക്കയും ചെയ്തു.

                                          കന്നി 7 - നു- ചൊവ്വാഴ്ച.

 ഇന്നലെ അന്യായഭാഗം 1-ാംസാക്ഷിയായി മൊഴികൊടുത്ത സ്റ്റേഷനാപ്സര്‍ പാച്ചുപിള്ളയെ ഇന്നു 4,5,14, 20,22,26,27,45,47,49,51,52,53. എന്നീ പ്രതികളുടെ ഭാഗം വക്കീല്‍ മിസ്റ്റര്‍ ഇട്ടിച്ചെറിയാ ക്രാസ് പരിശോധിച്ചു. സ്വദേശിപ്രസംഗം നടത്താന്‍ പാടില്ലെന്നു സാക്ഷി തടുത്തിട്ടുണ്ടെന്നും, ചിലരുമായി അതുസംബന്ധിച്ചു വാഗ്വാദം ഉണ്ടായിട്ടുണ്ടെന്നും മറ്റും ക്രാസില്‍ മൊഴികൊടുത്തു.

You May Also Like