വാർത്ത

  • Published on August 01, 1910
  • By Staff Reporter
  • 1074 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

      മതിലകം, ശ്രീകണ്ഠേശ്വരം മുതലായി ഈ നഗരത്തിലുള്ള സകല ദേവാലയങ്ങളിലെക്കും, കൊട്ടാരങ്ങളിലെക്കും വേണ്ട പശുവിൻ നെയ് താലൂക്കു തഹശീൽദാരുടെ മേൽനോട്ടത്തിൽ വിരുത്തിക്കാരായ നായന്മാർ മുഖാന്തരം വരുത്തി ശേഖരിച്ചു ചെലവു ചെയ്യുക പണ്ടത്തെ നടപ്പായിരുന്നു. വിരുത്തി പാട്ടം കെട്ടിയതോടു കൂടി ഈ വക നെയ്യ് കണ്ട്റാൿടറന്മാർ മുഖേന കൈവിലയ്ക്കു വരുത്തിയാണ് ആവശ്യം സാധിച്ചു വരുന്നത്. അദ്യാപി അതിലെക്കു വേണ്ട പശുവിൻനെയ്യ് തഹശീൽദാരുടെ മേലന്വേഷണത്തിൽ തന്നെ കുത്തകക്കാർ മുഖാന്തരം ശേഖരിച്ചു ചെലവു ചെയ്തുവരുകയാണെന്നറിയുന്നു. യഥാകാലം നെയ് ഏൽപ്പിക്കുന്നതിനു കൊല്ലാവസാനത്തിൽ ഹജൂർ കച്ചേരിയിൽ വച്ചു ദിവാൻജി ലേലം നടത്തിക്കയും, ലേലത്തിൽ ഏറെ കുറയ്ക്കുന്നവർക്കു സ്ഥിരപ്പെടുത്തിക്കൊടുക്കയും ചെയ്തു വരുന്നു. ഒരിടങ്ങഴി പശുവിൻനെയ്ക്കു 20- പണവും, അത്രയും റെട്ടിനെയ്ക്കു 14- പണവും, കുടി വിലയും കമ്പോള നിരക്കുമായി കുറച്ചു കാലത്തിനിപ്പുറം വ്യാപാരം നടന്നു വരുന്നു. എന്നാൽ, കണ്ട് റാക് ടറന്മാർ മതിലകം, കൊട്ടാരം മുതലായ സ്ഥലങ്ങളിലെക്കു വേണ്ട നെയ്യ്  ഒരിടങ്ങഴിക്കു 5 -പണം വിലയ്ക്കും, അഞ്ചടിയന്തരങ്ങൾ സംബന്ധിച്ച് അഗ്രശാല ചെലവിനും മറ്റും ഇതിൽ ഒന്നോ അരയോ പണം കൂട്ടിയും ലേലത്തിൽ വിളികേട്ട് ഏതു പ്രകാരമോ കാര്യം നിർവഹിച്ചു വരുന്നുണ്ട്. പശുവിൻനെയ് ഒരിടങ്ങഴിക്കു 20- പണം വിലയുള്ളപ്പൊൾ, വളരെ കുറച്ചു വെളിച്ചെണ്ണ വിലയ്ക്കു  5- ം കൂടിയാൽ ;  7- ം പണം നിരക്കിനു കുത്തകക്കാർ ലേലം വിളികേൾക്കുന്നതുകൊണ്ട് ഇതിൽ എന്തോ രഹസ്യം അടങ്ങി കിടക്കുന്നുണ്ടെന്നു ആർക്കും ഊഹിക്കാൻ പാടില്ലാതില്ലാ. ആദായേച്ഛ കൂടാതെ ഗവർന്മെണ്ടിനെ സഹായിക്കുന്നതിനു കണ്ട് റാക് ടറന്മാർ  തയ്യാറാകുന്നതല്ലെന്നു സിദ്ധമാണല്ലൊ.  പിന്നെ ഈ നെയ് ചെലവു ചെയ്യിക്കുന്നവരെയും, വാങ്ങി ഉപയോഗിക്കുന്നവരെയും സ്വാധീനപ്പെടുത്തി നെയ് ചെലവു ചുരുക്കിയും, അവശ്യം കൊടുത്തു തീരേണ്ട നെയ്യിൽ  നിലക്കടല എണ്ണയോ മറ്റോ കലക്കിയും കാര്യം നിറവേറ്റി വരുകയാണെന്നും അനുമിക്കേണ്ടിയിരിക്കുന്നു.  ഈ അനുമാനം അടിസ്ഥാനമില്ലാത്തതല്ലെന്നു മതിലകം ശ്രീപത്മനാഭസ്വാമിക്കു പൂജയ്ക്കായി ഉണ്ടാക്കുന്ന ഒരോ സാമാനങ്ങൾ പരിശോധിച്ചാൽ നിഷ്പ്രയാസം വെളിപ്പെടുന്നതാകുന്നു. മതിലകം ചെലവിനു  മാത്രം ദിവസമൊന്നുക്ക് മൂന്നു പറ പശുവിൻനെയ്ക്കുമേൽ പതിവുണ്ടെന്നറിയുന്നു. ഇതിൽ പൌസ്സദാരി   കമീഷണരുടെയോ, മാനേജരുടെയോ, ഒക്കെ പ്രസാദത്തിനായി പകുതി തട്ടിക്കഴിക്കലും, ബാക്കി ദേവപൂജയ്ക്കുള്ള ഓരോ നൈവേദ്യ പദാർത്ഥങ്ങളിൽ ചേർത്തുവരുകയാണെന്നു വിശ്വസിക്കാമല്ലൊ. ഇതുകൾ വിറ്റു മുതൽകൂട്ടി വരുന്നതിനാൽ, ഗുണദോഷജ്ഞാനമില്ലാത്ത പാവപ്പെട്ട ജനങ്ങൾ വാങ്ങി കുക്ഷിപൂരണം ചെയ്തുവരുകയാകുന്നു. ഈ വകയിൽ ഈടാകുന്ന ദ്രവ്യം പ്രായേണ പൌസ്സദാരി കമീഷണരുടെ ഭണ്ഡാരത്തെ വീർപ്പിച്ചു വരുകയാണെന്നുള്ളതും ഈ അവസരത്തിൽ സ്മരണീയമത്രെ. റെട്ടിനെയ്യിൽ തന്നെ ആട്ടിൻകൊഴുപ്പോ, മാട്ടിൻകൊഴുപ്പോ ചേരുന്നുണ്ടെന്നുള്ള ആശങ്കയാൽ ഇപ്പൊൾ അതിനെ പലരും വർജ്ജിച്ചു തുടങ്ങീട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യരക്ഷാർത്ഥം സർവ്വഥാ കരുതലുകൾ ചെയ്തുകൊണ്ടിരിക്കേണ്ട ഗവർന്മെണ്ടു തന്നെ, ബാഹ്യമായിട്ടല്ലെങ്കിൽ ആഭ്യന്തരമായിട്ടെങ്കിലും കണ്ട് റാക് ടറന്മാർക്കു അനുമതി നൽകി ആവിധം അവരെക്കൊണ്ടു റെട്ടിനെയ്യിൽ നിലക്കടല എണ്ണയോ മറ്റോ കലർത്തി ദേവാലയങ്ങളിലെക്കും മറ്റും ചെലവു ചെയ്യിച്ച് അതുവഴി ജനങ്ങൾക്കു അപരിഹാര്യമായ ദോഷമുണ്ടാക്കുന്നതു എത്രമാത്രം കഷ്ടതരമായിട്ടുള്ളതാകുന്നു? നെയ്ക്കു വില കൂടിപ്പോയി എന്നു വിചാരിക്കുന്നുണ്ടെങ്കിൽ, അതിനു പകരം വെളിച്ചണ്ണയാക്കുന്നതായാൽ, ഇപ്രകാരം ഗുരുതരങ്ങളായ  ദോഷങ്ങൾ സംഭവിക്കാൻ ഇടയില്ലെന്നു തോന്നുന്നു. അല്ലാത്തപക്ഷം ഈ നെയ് ഒരു   രാസശോധകൻ്റെ പരിശോധനയിൽ ചെലവു ചെയ്യിക്കേണ്ടത് അവശ്യകർത്തവ്യമാകുന്നു. എങ്ങനെ ആയാലും ദോഷബീജങ്ങൾ കലർന്നിരിക്കുന്ന ഇത്തരം നെയ് ദേവാലയങ്ങളിൽ ഉപയോഗിച്ച് ജനങ്ങളുടെ ആരോഗ്യരക്ഷയെ നശിപ്പിക്കയും, അവരെ സാംക്രമിക രോഗങ്ങൾക്കു ഇരയാക്കിത്തീർക്കുകയും ചെയ്യാതിരിക്കുന്നതിനു ഗവർന്മെണ്ടു വേണ്ടതു പ്രവർത്തിക്കണമെന്നു മാത്രമേ ഞങ്ങൾക്കു അഭിപ്രായമുള്ളൂ.

News from the Capital

  • Published on August 01, 1910
  • 1074 Views

The Nairs, who had tax-free lands at their disposal for the upkeep of temples, were entrusted with the responsibility of importing and stocking ghee made from cow’s milk (clarified butter) for distribution under the supervision of the Taluk Tehsildar. This ghee is then distributed to different palaces as well as to all temples in the city such as Mathilakam, Sreekanteswaram, etc. This was the standard practice being followed in the olden days. Now, with the tax-free lands being taken over for being rented out, the ghee is procured through contractors by paying the prevailing price at the time of purchase. But, at the same time, it is learnt that the ghee for meeting this demand is being bought and stocked for distribution through those who have monopoly over it with the knowledge of the Tehsildar. At the end of each year, an auction is held at the Secretariat by the Dewan to choose the lowest bidder for supplying the required amount of ghee for the subsequent year. It is also seen that trading in ghee at the rate of 20 panams [four chackrams constitute one panam] for a pan [i.e., an edangazhi; four nazhi measures make one pan of ghee] of ghee made from cow’s milk and 14 panams for the same amount of cooking ghee is also being carried out for some time now, indicating a difference in the price of ghee while being procured from the site of production, i.e., houses and the price for which it is sold in the markets. However, it is questionable how contractors settle for 5 panams for an edangazhi of ghee required for Mathilakam, the palace, etc. during the auction. At the same time, they fix the auction for supplying ghee for the dining hall of Brahmins working in connection with the annual festival at Sree Padmanabha Swami temple at a slightly higher rate i.e., one or half-a-panam higher than 5 panams. When an edangazhi of ghee made from cow’s milk is sold for 20 panams, it is enigmatic how traders who have monopoly over ghee trading bid for it at the price of coconut oil i.e., as low as 5 panams or 7 panams at the most. It is well-known that the contractors will never come forward to help the government by sacrificing whatever is due to them as profit. Further, it is to be inferred that the contractors either exert influence on those who spend for ghee as also on those who use it to keep consumption to a minimum or they adulterate the ghee required for immediate supply by mixing groundnut oil in it. That this inference is not groundless will become clear to anyone who cares to examine the puja items prepared for the worship of Mathilakam Sree Padmanabha Swami. It is well-known that for the use at Mathilakam alone, more than three paras [one para is equal to 10 edangazhis] of ghee made from cow’s milk is required daily. Even though half of this is set aside to please the police commissioner or the manager and the like, there is no harm in believing that the remaining amount of ghee is used in preparing various items including eatables sanctified for worshipping the deity. These are later exchanged as prasadams [temple favours] for cash. Since the poor and the ignorant buy the prasadams to fill their stomachs, their money certainly accumulates in the pockets of the managers. In due course, the money thus earned swells the coffers of the police commissioner as well. Many people have already stopped using cooking ghee on the suspicion that it is adulterated with animal fat taken from goats or oxen. How pathetic and deplorable it is that a government, which is expected to take all precautionary measures to ensure the health of its people is covertly, if not overtly, giving a green signal to contractors? These contractors press ahead with their sinister design of adulterating cooking ghee with groundnut oil or something else and sell it to temples causing irreparable damage to the people?! If ghee is expensive or dear, the government could have avoided serious lapses by substituting it with coconut oil, which is cheaper. If not, ghee must be sold only on being certified by a qualified chemist. Whatever it is, we cannot but emphasize that the government must do whatever is required of it to stop the use of this bacteria-infested ghee at temples and help prevent the spread of diseases. 

Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like