സ്ത്രീജനദ്രോഹം
- Published on June 17, 1908
- By Staff Reporter
- 729 Views
ചാലക്കമ്പോളത്തിലെ മഹാലഹള നടന്ന് ഇന്ന് പത്തുദിവസം കഴിഞ്ഞിട്ടും, പോലീസുകാരുടെ അതിക്രമങ്ങൾ നിമിത്തം, ജനസമൂഹത്തിനുള്ളിൽ പിടിപെട്ടിട്ടുള്ള ഭയം ഇതേവരെ നിശ്ശേഷം ശമിച്ചതായി പറയുവാൻ നിർവാഹമില്ല. നാൾകഴിയുന്തോറും, പോലീസ് ആക്രമങ്ങളെക്കുറിച്ചുള്ള കഥകൾ ഓരോന്നായി വെളിപ്പെട്ടു വരുന്നതേയുള്ളു. പോലീസുകാർ ധിക്കാരമായി ദുരുപയോഗപ്പെടുത്തിയ പൊതുവാറണ്ടധികാരത്തിൽ, തോന്നിയപോലെ ഹിംസിച്ചു വിട്ട നിരുപദ്രവകാരികളായ പൗരജനങ്ങളിൽ ചിലർ, ദേഹോപദ്രവത്തിന് പോലീസുകാരുടെ മേൽ അന്യായം ബോധിപ്പിച്ചിരിക്കുന്നതായി ഇപ്പോൾ ഞങ്ങൾ അറിയുന്നു. ധനശക്തിയും ആൾ സ്വാധീനതയും ഉള്ളവർക്കു പോലീസുകാരുടെ മേൽ ക്രിമിനൽ കേസ്സു നടത്തുന്നതിൽ തീരെ ശങ്ക ഉണ്ടാവുകയില്ലാത്തതിനാൽ, അത്തരക്കാർ പലരും, മേല്പറഞ്ഞവിധം അന്യായം ബോധിപ്പിക്കുമെന്നുള്ളതു സംഗതം തന്നെയാണ്. എന്നാൽ, ഇപ്പൊൾ, പോലീസക്രമത്തെപ്പറ്റി കേസ്സുനടത്തുവാൻ മുന്നിട്ടിറങ്ങിയവർക്കൊപ്പം പ്രാബല്യം ഇല്ലാത്തവരായും, അവരെക്കാൾ എത്രയോ അധികം ക്രൂരമായി ഹിംസിക്കപ്പെട്ടവരായും, പലേ സാധുജനങ്ങൾ, പണമില്ലായ്കയാലും, പോലീസുകാരുടെ പ്രതികാരത്തെക്കുറിച്ചുള്ള ഭയത്താലും, ചില സംഗതികളിൽ അഭിമാനഭംഗശങ്കയാലും, അന്യായം ബോധിപ്പിക്കുന്നതിന് മടിച്ചിരിക്കുന്നവരായുണ്ട്. ഇങ്ങനെയുള്ളവരിൽ ഒട്ടേറെ സ്ത്രീജനങ്ങൾ, പലജാതിക്കാർ, ഉള്ളതായി ഞങ്ങൾ അറിയുന്നു. ലഹള നടന്ന ദിവസവും പിറ്റെന്നും, തിരുവനന്തപുരം നഗരത്തെ അരാജകമായ സ്ഥിതിയിൽ, അക്രമികളായ പോലീസുകാരുടെ കേളീരംഗമായിട്ടാണ് അധികൃതന്മാർ ഉപേക്ഷിച്ചിരുന്നത് എന്ന് കഴിഞ്ഞ ലക്കങ്ങളിൽ പ്രസ്താവിച്ച സംഗതികൾ തന്നെ വെളിപ്പെടുത്തീട്ടുണ്ടല്ലൊ. ഈ അരാജകാവസ്ഥയിൽ, പോലീസുകാരിൽ ചിലർ, അവരുടെ നിയമ വിരുദ്ധങ്ങളായ ദുർവൃത്തികൾക്ക് കൂട്ടുകാരായ ചില അക്രമികളോടുകൂടി, ബ്രാഹ്മണാഗാരങ്ങളിലും, പാണ്ടിക്കാരുടെ ഗൃഹങ്ങളിലും, വള്ളക്കടവു, മണക്കാടു മുതലായ സ്ഥലങ്ങളിലെ മുഹമ്മദീയരുടെ വീടുകളിലും കയറി, അവിടുത്തെ കുലീനകളും പർദ്ദാ സമ്പ്രദായത്തെ ആചരിക്കുന്നവരും ആയ എത്രയോ സ്ത്രീകളെ തല്ലുകയും അവമാനിക്കയും ചെയ്തിരിക്കുന്നു എന്നതു പ്രസിദ്ധമായ വാസ്തവമാകുന്നു. വള്ളക്കടവിലെ അനേകം മുഹമ്മദീയ സ്ത്രീകൾ, ഈ അക്രമങ്ങളെ സഹിക്കാൻ കഴിയാതെ കൂട്ടമായി പുറപ്പെട്ട്, അടുത്തുള്ള പാടങ്ങൾ കടന്ന് ചിലതോട്ടങ്ങളിൽ അഭയം പ്രാപിച്ചുകിടന്നു എന്നും; ഇതേവിധത്തിൽ, മണക്കാട്ടുള്ള മുഹമ്മദീയ സ്ത്രീകൾ പലരും ഭയപ്പെട്ടോടി ഒളിച്ചു എന്നും ഞങ്ങൾക്ക് വർത്തമാനം കിട്ടീട്ടുണ്ട്. ബ്രാഹ്മണാഗാരങ്ങളിൽ ഒന്നുരണ്ടു ദിവസം മുഴുവൻ, പുറത്തെ വാതിൽ തുറക്കാതെയും, അകത്തു ഭക്ഷണം ചമയ്ക്കാതെയും, പ്രാണഹാനിയെയും മാനഹാനിയെയും ശങ്കിച്ച് വസിച്ച സ്ത്രീജനങ്ങളും ഒന്നുരണ്ടല്ലാ. സാധാരണമായി, സ്വജനങ്ങളുടെ മുമ്പിൽ തന്നെയും ശങ്കവിട്ടു ചെല്ലുവാൻ മനസ്സുറപ്പില്ലാത്ത കുലസ്ത്രീകൾ, ഈ അക്രമങ്ങളെപ്പറ്റി സങ്കടം പറവാൻ, ഒരു കോടതിയിലേക്കു പോവുന്നതേയല്ലല്ലൊ. ഭർത്താക്കന്മാരെയോ സഹോദരന്മാരെയോ, പുത്രന്മാരെയോ, ബന്ധുക്കളെയോ പോലീസുകാർ പിടിച്ചു ഹിംസിക്കുമ്പോൾ, നിലവിളിക്കാതെയോ, തടുക്കാതെയോ ഇരിപ്പാൻ, മനുഷ്യസ്വഭാവത്തിന്, ഒരു സ്ത്രീക്കും മനസ്സുവരികയില്ലാ. പുരുഷന്മാരെ ഹിംസിക്കുന്നതിനെ കണ്ട് സഹതപിക്കുന്നതിനു ഇട വരുത്തുന്നതുപോലും സ്ത്രീജനങ്ങളോട് ചെയ്യാവുന്ന ദ്രോഹങ്ങളിൽ എത്രയോ കഠിനമായുള്ളതാകുന്നു. ഇതിനും പുറമെ, ആ സ്ത്രീജനങ്ങളെ തന്നെ മർദ്ദിക്കുകയും അവമാനിക്കുകയും ചെയ്യുന്നതിനു സൗകര്യമുണ്ടാക്കുന്ന ഗവര്‍ന്മേണ്ടിന്‍റെ ഭരണനീതി, മറ്റേതുവിഷയത്തിൽ പ്രശംസാർഹമായിരുന്നാലും, കംസനീതി എന്ന പേരിനാൽ കളങ്കപ്പെടുമെന്നുള്ളതാകുന്നു. ഗവര്‍ന്മേണ്ടിലെ ഉദ്യോഗസ്ഥന്മാർ എന്നല്ലാ, രാജ്യാധിപതി തന്നെയും, മാതാക്കന്മാരായ സ്ത്രീജനങ്ങളുടെ സന്താനങ്ങളല്ലയോ? അങ്ങനെയുള്ള സ്ത്രീജനവർഗ്ഗത്തിൽ ഉൾപ്പെട്ട സാധ്വികളെ ഹിംസിക്കുന്നതിനു, ഇവരുടെ ഭരണചാപലം മാർഗ്ഗമുണ്ടാക്കിയതു, സ്ത്രീജനദ്രോഹത്തിൻ്റെ പരമാവധിയല്ലയൊ? ഈ ഹിംസകളെ നടത്തിയ പോലീസുകാർക്ക് സ്ത്രീജനങ്ങളുടെ സന്താനങ്ങളായ ഭരണകർത്താക്കന്മാരുൾപ്പെട്ട ഗവര്‍ന്മേണ്ട് എന്തെങ്കിലും ശിക്ഷ നൽകിയൊ? തങ്ങളുടെ മാതാക്കന്മാരും സഹോദരികളും ഭാര്യമാരും മക്കളും അനുഭവിച്ച ഈ മർദ്ദനങ്ങളും അവമാനങ്ങളും, ഇവയുടെ കർത്താക്കന്മാരായ പോലീസുകാരുടെ അതിക്രമങ്ങളെ പറ്റി ഉചിതമായ വിധം അന്വേഷണം നടത്തി അക്രമികൾക്കു ശിക്ഷ നൽകേണ്ട ഗവര്‍ന്മേണ്ടിന്‍റെ അനാസ്ഥയും, ജനങ്ങളുടെ ഉള്ളിൽ മഹാവ്യസനത്തെയും ദ്വേഷസദൃശമായ വ്യാകുലതയെയും ഉദിപ്പിക്കയില്ലയൊ? ഗവര്‍ന്മേണ്ടിന്‍റെ ദൃഷ്ടി ഈ വിഷയത്തിൽ ഉടൻ പതിയാത്തപക്ഷം, ഗവര്‍ന്മേണ്ടിന്‍റെ പേരിൽ പ്രജകൾക്കുള്ള വിശ്വാസം വികമ്പനം ചെയ്യപ്പെട്ടു പോകുമെന്ന് ഞങ്ങൾ അത്യന്തം വ്യസനിക്കുന്നു.