വാരവൃത്തം
- Published on June 12, 1907
- By Staff Reporter
- 703 Views
(3-ാംപുറത്തു നിന്നും തുടര്‍ച്ച)
ദിവാന്‍ മിസ്റ്റര്‍ ആചാര്യരെ മന്ത്രിസ്ഥാനത്തില്‍ നിന്നു പിരിച്ചയയ്ക്കാന്‍ ഇടയുണ്ടെന്നുള്ള ഒരു കേള്‍വി പ്രബലമായി നടക്കുന്നുണ്ട്. മിസ്റ്റര്‍ ആചാര്യര്‍ക്കു ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിങ്കീഴിലുള്ള സര്‍വീസ് കാലാവധി പൂര്‍ത്തിവന്നിരിക്കുന്നു എന്നും, ബ്രിട്ടീഷ് സര്‍വ്വീസ്സില്‍നിന്ന് അദ്ദേഹത്തെ ഈ നാട്ടിലേക്കു കടം മേടിച്ചിരിക്കയാകയാല്‍, ഈ കാലാവധി തീരുമ്പോള്‍ തിരികെ അയയ്ക്കാനാണ് സംഗതിയെന്നും ഒരു ഞായം ചിലര്‍ പറയുന്നുണ്ട്. ആളുകളുടെ ഈ വിചാരത്തെ ത്വരിപ്പിക്കുന്നതിന് മറ്റൊരു സംഗതിയും ഉണ്ട്. ബ്രിട്ടീഷ് റെസിഡന്‍ റ്റ് മിസ്റ്റര്‍ കാര്‍, വടക്കു നിന്ന് മടങ്ങി എത്തിയതിന്‍റെ പിറ്റേന്ന്, മഹാരാജാവു തിരുമനസ്സിലെ കണ്ടിരുന്നു, അവര്‍ തമ്മില്‍ രാജ്യകാര്യങ്ങളെപ്പറ്റി സാധാരണയിലധികംനേരം സംസാരിച്ചു കൊണ്ടിരുന്നു എന്നും അന്നു വൈകുന്നേരം, തിരുമനസ്സുകൊണ്ട് റെസിഡണ്ടിനെ സന്ദര്‍ശിച്ചു എന്നും അറിയുന്നു. ഈ സന്ദര്‍ഭങ്ങളില്‍, ദിവാന്‍ജിയുടെ ഉദ്യോഗകാലാവധിയെ പ്പറ്റി സംഭാഷണം നടന്നിട്ടുണ്ടെന്നാണ് ജനങ്ങളുടെ വിചാരം. ഇതിന്‍റെ വാസ്തവം എത്രമാത്രമുണ്ടെന്ന് നിശ്ചയമില്ലാ; എന്നിരുന്നാലും,
ദിവാന്‍ ഒഴിഞ്ഞുപോകുന്ന
സംഗതിയെപ്പറ്റി ജനങ്ങള്‍ക്ക് എന്തൊക്കെയോ വിചാരമുണ്ട്. പക്ഷേ, അവരുടെ ആഗ്രഹം തന്നെയായിരിക്കാം അവരുടെ വിചാരത്തെ ജനിപ്പിച്ചിട്ടുള്ളത്. മിസ്റ്റര്‍ ആചാര്യരുടെ പലേ നടവടികളും പൊതു ജനങ്ങള്‍ക്ക് തൃപ്തികരമായിട്ടില്ലാ. മിസ്റ്റര്‍ ആചാര്യര്‍ ഒരു നല്ല രാജ്യതന്ത്രജ്ഞനാണെന്നു പേരിനെ അർഹിക്കുവാന്‍ തക്ക *****കൊട്ടാരം സേവകന്മാ**********നില്‍ക്കുന്ന ആളാണെന്ന് ജനങ്ങള്‍ വിശ്വസിക്കാന്‍ തക്കവണ്ണം ചില കുത്സിത നയങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ചില സംഭാഷണഗതികള്‍ കൊണ്ടു തന്നെ, തീരെ മനോഗൌരവം ഇല്ലാത്ത ആളാണെന്ന് ജനങ്ങള്‍ക്കു ശങ്ക ഉദിപ്പാന്‍ ധാരാളം അവകാശം ഉണ്ടായിട്ടുണ്ട്. തുച്ഛസംഗതികളെ പ്പറ്റി ലഘു ബുദ്ധികള്‍ സംസാരിക്കുന്ന നിലയില്‍, അദ്ദേഹം പൊതുജനങ്ങളോടു സംസാരിക്കുന്നതും, അദ്ദേഹത്തെപ്പറ്റി ജനങ്ങള്‍ക്ക് ഉന്നതാകാംക്ഷകളെ വരിക്കുന്നതിന് വഴിയില്ലാതാക്കുന്നുണ്ട്. ഇടയ്ക്കിടെ ചില ഗുണങ്ങളും നാട്ടുകാര്‍ക്കു ചെയ്തിട്ടില്ലെന്നു പറവാന്‍ പാടില്ലാ. കൃഷിസംബന്ധമായും വിദ്യാഭ്യാസ സംബന്ധമായും മറ്റും ഈയിട ചില പ്രൊസീഡിങ്സ് പ്രസിദ്ധീകരിച്ചിട്ടുള്ളത്, ജനങ്ങള്‍ക്ക് ഗുണം തന്നെയാണെന്നു സമ്മതിക്കണം. എന്നാല്‍,
മിസ്റ്റര്‍ ആചാര്യരുടെ ബലഹീനത
അദ്ദേഹം രാജസേവകന്മാരുടെ അഴിമതികളെ അമര്‍ത്തുന്നില്ലാ എന്നുള്ളതു മാത്രമല്ലാ; ആ അഴിമതികളെ അറിഞ്ഞിരുന്നിട്ടും മൌനഭജനം കൊണ്ട് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്നുള്ളതാണ്. ചിലപ്പോള്‍, സേവകന്മാരുടെ വിരോധത്തെ പേടിച്ച്, അവരെ സഹായിക്കുന്നില്ലയോ എന്നു കൂടെ സംശയമുണ്ട്, മിസ്റ്റര്‍ ആചാര്യര്‍ ഈ സേവകന്മാരുടെ കൈക്കൂലി അഴിമതിയെ അറിയാതിരിക്കുന്നില്ലാ എന്നുള്ള ഭാഗത്തെ താങ്ങുന്നതിന്, അഹോബലിമഠം സ്വാമിയാര്‍ക്ക് ഈ **************************സംഗതിയില്‍ ഉണ്ടായിട്ടുള്ള കൃത്രിമങ്ങള്‍ തന്നെ മതിയാകുന്നതാണ്. ഇങ്ങനെ ഒരാനയെ ലഭിക്കുന്നതിന് ഒരു പപ്പു അയ്യങ്കാര്‍ മുഖേന രാജസേവകന്മാര്‍ കൈക്കൂലി വാങ്ങിയിരുന്നു, എന്നും, ചില പിണക്കങ്ങളാല്‍ ആദ്യം ആനയെ ലഭിച്ചില്ലാ എന്നും; ഈ വിവരങ്ങളെല്ലാം മിസ്റ്റര്‍ ആചാര്യരോടു മേല്പടി സ്വാമിയാരുടെ ഒരാള്‍ പറഞ്ഞു എന്നും, സേവകന്മാര്‍ ഇങ്ങനെ അനീതിയായി പണം വാങ്ങിയും******************************************
മലയാള പത്രാധിപന്മാരില്‍
ഒരു യോഗ്യനല്ലേ, ഈ മഹാരാജാവുതിരുമനസ്സിലെ കാലത്ത് "കൈക്കൂലിക്കു കരം മലർത്തിന മഹാപാപി *************************** എന്നു വ്യാജമായ് സ്തുതിച്ചത്. ഈ കൃതിയെപ്പറ്റി അഭിപ്രായ**********സമീപസ്ഥനായ മറ്റൊരു പത്രാധിപര്‍, "ഇവയില്‍ (ശ്ലോകങ്ങളില്‍) ഏതാനും ഭാഗം വായിച്ചശേഷം, തിരുമനസ്സുകൊണ്ട് തൃക്കയ്യില്‍ ചാര്‍ത്തിയിരുന്ന തിരുവാഴിയെ ഊരി മിസ്റ്റര്‍ പിള്ളയ്ക്കു സമ്മാനിച്ചതില്‍ ഞങ്ങള്‍ക്കശേഷം അതിശയംതോന്നുന്നില്ലാ"- എന്ന് എഴുതിയതും വായിച്ചു. ഇത് കേവലം "കവിത" യോ, വാസ്തവമോ എന്ന് ഞാനറിയുന്നില്ലാ. മഹാരാജാവുതിരുമനസ്സുകൊണ്ട് തൃക്കയ്യില്‍ ചാര്‍ത്തുന്നത്, മേല്പടി ഗ്രന്ഥകര്‍ത്താവിന് സമ്മാനിച്ച പത്തിരുപതു രൂപ വിലയുള്ള കല്ലുമോതിരമാണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ലാ. അവിടുന്നു എത്രയോ വിലയേറിയ മോതിരമാണ് അണിയാറുള്ളതെന്നു മേല്പടി പത്രാധിപര്‍ അറിഞ്ഞിരുന്നുവെങ്കില്‍, ഇങ്ങനെ പുസ്തകാഭിപ്രായത്തില്‍ കബന്ധം എഴുതുകയില്ലായിരുന്നു. ചെല്ലം വകയില്‍നിന്ന് സമ്മാനത്തിനായി വരുത്തി വച്ചിരുന്ന ഒരു മോതിരമാണ് കൊടുത്തതെന്നു ഞാന്‍ കേട്ടിരുന്നു. സമ്മാനം കൊടുക്കാറുള്ളത് ഈ വിധത്തില്‍ പ്രത്യേകം ഏര്‍പ്പാടുചെയ്ത് വരുത്തീട്ടാണെന്നും ഞാന്‍ കേട്ടിട്ടുണ്ട്. ഇങ്ങനെയിരിക്കെ, തിരുമനസ്സുകൊണ്ടു ശ്ലോകങ്ങള്‍ വായിച്ചപ്പോള്‍ ഉണ്ടായ സന്തോഷാതിരേകത്താല്‍, തൃക്കയ്യില്‍ കിടന്ന തിരുവാഴി ഊരിക്കൊടുത്തു എന്ന് എഴുതിപ്പിടിപ്പിച്ച പത്രാധിപരുടെ ധാര്‍ഷ്ട്യം ദയനീയം തന്നെ. "നീ എന്‍റെ പൃഷ്ഠം ചൊറിക, ഞാന്‍ നിന്‍റെ പൃഷ്ഠം ചൊറിയാം" എന്നുള്ള വാനര നയത്തിന്‍റെ പ്രകടനമല്ലേ ഇതെന്ന് എങ്ങനെ ചിന്തിക്കാതിരിക്കും?