കേരളവാർത്ത - തിരുവനന്തപുരം
- Published on December 26, 1906
- By Staff Reporter
- 605 Views
(ഒരു ലേഖകന്‍)
9. 5. 82
മഹാരാജാവു തിരുമനസ്സുകൊണ്ടു പരിവാരങ്ങളോടുകൂടി കഴിഞ്ഞ വെള്ളിയാഴ്ചയും ദിവാന്‍ജി അവര്‍കള്‍ മിനിഞ്ഞാന്നും ഇവിടെ എത്തിയിരിക്കുന്നു.
ഈയിടെ സന്ധ്യസമയം ഒരു ഈഴസ്ത്രീയെ ബലാല്‍സംഗംചെയ്യാന്‍ ഉദ്യമിച്ച കൊച്ചപ്പി എന്ന "പാണനെ"കൊണ്ടു സ്ത്രീകൊടുത്ത അന്യായത്തില്‍ വാദിവിസ്താരം കഴിഞ്ഞിരിക്കുന്നു. ഇവന്‍ ഇതിനു മുന്‍പെയും ഒന്നുരണ്ടു കേസുകളില്‍ ശിക്ഷ ഏറ്റവനും അക്രമിയും ആയിരിക്കുന്നതിനാല്‍ ഠൌണ്‍മജിസ്ട്രേട്ടു മിസ്റ്റര്‍ കുര്യന്‍റെ ശ്രദ്ധ പതിയേണ്ടതാണ്.
എസ്സ്. എം. പി. സഭാസംബന്ധിച്ചുള്ള ഫുട്ടുബാള്‍കളി ഈ വരുന്ന 14 മുതല്‍ നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നു.
" "രക്ഷാസൈന്യം"
"രക്ഷാസൈന്യം" കമ്മീഷണര്‍ മിസ്റ്റര്‍ ബീ. റ്റകറും പത്നിയും ശീമയില്‍നിന്നും തിരിച്ചു മാവേലിക്കര മുതലായ വടക്കന്‍ പ്രദേശങ്ങളില്‍ സഞ്ചരിച്ചു കഴിഞ്ഞ ബുധനാഴ്ച പകല്‍ 12-മണിക്കു ഇവിടെ വന്നുചേര്‍ന്നു. ഇവരോടുകൂടി കര്‍ണ്ണള്‍ ഹാമല്‍ഡ്, കര്‍ണ്ണല്‍ നൂറാണി മുതലായ സായ്പന്മാരുണ്ടായിരുന്നു. ഇവരെ എതിരേല്‍ക്കുന്നതിനു പല സ്ഥലങ്ങളില്‍നിന്നും ഈ മതത്തില്‍ ചേര്‍ന്നു അനേകം സ്ത്രീജനങ്ങളും സായ്പന്മാരും, മെസ്സേഴ്സ് മാര്‍ത്താണ്ഡന്‍തമ്പി ബി. എ. സാമിഅയ്യങ്കാര്‍ മുതലായ മാന്യന്മാരും മറ്റും നേരത്തെകൂടി കടവില്‍ ഹാജര്‍ കൊടുത്തിട്ടുണ്ടായിരുന്നു. മിസ്റ്റര്‍ റ്റക്കർ ബോട്ടില്‍നിന്നും ഇറങ്ങിയ ഉടനെ ഓരോരുത്തരായി കൈകൊടുക്കയും ആചാരവെടികളും സംഗീതങ്ങളും അല്പസമയം കേള്‍പ്പിക്കയുമുണ്ടായി. പിന്നീടു എല്ലാവരുംകൂടി നേരെ മിസ്റ്റര്‍ അയ്യങ്കാരുടെ കെട്ടിടത്തിലേക്കുപോയി. സല്‍ക്കാരങ്ങളും മറ്റും കഴിഞ്ഞതിന്‍റെ ശേഷം വൈകിട്ടു 4- മണിക്കു വളരെ വിശേഷമായി അലങ്കരിക്കപ്പെട്ടിട്ടുണ്ടായിരുന്ന നന്തന്‍കോട്ട് “രക്ഷാസൈന്യം" ബോര്‍ഡിംഗ് സ്കൂളില്‍വന്നു. ആ സമയം പ്രസ്തുതമതത്തില്‍ ചേര്‍ന്ന ബാലികാ ബാലന്മാരുടെ ഡ്റില്‍, പാട്ടുകള്‍ വേറെ ചില വിനോദങ്ങളായ കാഴ്ചകള്‍ ഇവ ഉണ്ടായിരുന്നു. ടി മതത്തെക്കുറിച്ചും അതിന്‍റെ പ്രചാരത്തെക്കുറിച്ചും മിസ്റ്റര്‍ ബി. റ്റക്കര്‍ മുതല്‍പേര്‍ ചെയ്ത പ്രസംഗങ്ങള്‍ അവസാനിച്ചതോടുകൂടി മണി ഏഴായി, പിന്നീടു എല്ലാവരും വിരുന്നുകഴിഞ്ഞു. മണി എട്ടടിക്കാറായപ്പോള്‍ സോനൊമെറ്റൊഗ്രാഫ് യന്ത്രത്തില്‍ അത്യാശ്ചര്യകരങ്ങളായ ജീവിപടങ്ങള്‍ കാണിക്കപ്പെട്ടു. ഇതിന്‍റെശേഷം യോഗം പിരിഞ്ഞു............ മിസ്റ്റര്‍ അയ്യങ്കാര്‍ മുതല്‍പേര്‍ തങ്ങളുടെ ഭവനങ്ങളിലേക്കു പോകയും ചെയ്തു. പ്രസ്തുത ദിവസം പല സ്ഥലത്തുനിന്നും പല ജാതിക്കാരായി (40-ല്‍ ചില്വാനംപേര്‍) ഈ മതത്തില്‍ ചേര്‍ന്നിരിക്കുന്നതായി അറിയുന്നു. ഇതേപ്പറ്റി ഒരു വലിയ യോഗം പിറ്റേദിവസം ജൂബിലിഹാളില്‍വച്ചു മിസ്റ്റര്‍ സദാശിവയ്യരുടെ അദ്ധ്യക്ഷതയിന്‍കീഴ് കൂടിയിട്ടുണ്ടായിരുന്നു.