വാരവൃത്തം
- Published on November 13, 1907
- By Staff Reporter
- 333 Views
തിരുവനന്തപുരം
1083 തുലാം 27
പുതിയ ദിവാന്‍ജി
ചാര്‍ജേറ്റതിന്‍റെശേഷം പലകേള്‍വികളും പരന്നിട്ടുണ്ട്. അവയില്‍ പ്രധാനമായിട്ടുള്ളതു, ഇപ്പോള്‍ ഡിവിഷന്‍ നാലുള്ളതിനെ രണ്ടാക്കുക എന്നുള്ളതാണ്. ബ്രിട്ടീഷില്‍ ഇത്രയും വിസ്താരമുള്ള ഒരു ജില്ലയുടെ കളക്ടരും ഡിസ്ട്രിക്ട് മജിസ്ട്രേട്ടുമായി ഒരാള്‍ മാത്രമെയുള്ളു. ബ്രിട്ടീഷില്‍ കളക്ടര്‍ എന്നഉദ്യോഗസ്ഥന്‍ നമ്മുടെരാജ്യത്തു
ദിവാന്‍പേഷ്കാര്‍ക്കു
തുല്യനാണ്. അങ്ങനെയിരിക്കെ ഒരു കളക്ടര്‍ ഒരു പേഷ്കാരെക്കാള്‍ എത്രയോ അധികം ശമ്പളവും ചുമതലയും ഉള്ള ഉദ്യാഗസ്ഥനാണ്. ഹജൂര്‍കച്ചേരിയില്‍ ഇപ്പോള്‍ ഉള്ള സിക്രിട്ടെരിമാര്‍ക്കൊക്കെ പിടിപ്പതു ജോലിയില്ലെന്നും അതുകൊണ്ട് അവരുടെ എണ്ണം കുറക്കേണ്ടതാണെന്നും മറ്റൊരു അഭിപ്രായമുള്ളതായി കേള്‍വിയുണ്ട്. പേഷ്കാര്‍ കാര്യം വിചാരിച്ചുംവച്ച് ഒരു വര്‍ഷത്തെ ഫര്ലോവാങ്ങിയിരിക്കുന്നമിസ്റ്റര് രാമകൃഷ്ണയ്യര്‍ബി.എ. അവധി അവസാനിക്കുന്നതോടുകൂടി അടുത്തൂണ്‍ വാങ്ങുമെന്നു കേള്‍ക്കുന്നു. മിസ്റ്റര്‍ നാഗമയ്യാവിനെ ഒന്നു രണ്ടു മാസങ്ങള്‍ക്കകം അടുത്തൂണ്‍കൊടുത്തു പിരിക്കുമെന്ന്
ബലമായശ്രുതി
യുണ്ട്. അതിലും എന്തൊ വാസ്തവമില്ലെന്നില്ല. അദ്ദേഹം ദിവാന്‍ കാര്യം വിചാരിച്ചപ്പൊള്‍ ചെയ്തിട്ടുള്ള ചില തീരുമാനങ്ങളെ സംബന്ധിച്ച് പുതിയദിവാന്‍ കടലാസുകളെ ആവശ്യപ്പെട്ടിട്ടുണ്ടത്രെ. അദ്ദേഹത്തിന്‍റെ പ്രത്ര്യേകാശ്രിതനായ ഒരു ഗുമസ്തന്‍ പിള്ളയെ മിസ്റ്റര്‍ രാമകൃഷ്ണയ്യന്‍ പലതകരാറുകള്‍ക്കായി ജോലിയില്‍നിന്ന് നീക്കുകയും മിസ്റ്റര്‍ നാഗമയ്യാ അയാളെ തിരിയെ ആക്കുകയും ചെയ്തിട്ടുണ്ടു. അതിനെ സംബന്ധിച്ചുള്ള കടലാസുകളെ ഹജൂരിലേയ്ക്ക് വിളിച്ചിരിക്കുന്നു. ദിവാന്‍ജി അവര്‍കള്‍ കഴിഞ്ഞശനിയാഴ്ച പതിനൊന്നുമണിക്ക് പെട്ടെന്ന് ഹജൂര്‍കച്ചേരിയില്‍ചെന്ന് ആഫീസുകളെ പരിശോധിച്ചു. അണ്ടര്‍ സിക്രിട്ടെരിമാരായിട്ടും അസിസ്റ്റന്‍റ് സിക്രിട്ടരിമാരായിട്ടും അവരുടെ കീഴ് ശമ്പളക്കാരായിട്ടും പലരും, ഹാജരുണ്ടായിരുന്നില്ല. ചീഫ് സിക്രിട്ടെരിയോട് മുമ്പേ പറഞ്ഞിരുന്നതുകൊണ്ട് അദ്ദേഹംമാത്രം ഹാജരുണ്ടായിരുന്നു. എങ്കിലും വീഴ്ചക്കാരായ ആളുകള്‍ക്ക്
മാപ്പുകൊടുക്കുക
യും മേലാല്‍ ഹാജരില്‍ താമസം ഉണ്ടാകുന്ന പക്ഷം ആദ്യത്തെത്തവണ കാല്‍ രൂപായും രണ്ടാംതവണ അര രൂപായും മൂന്നാംതവണ മുക്കാല്‍ രൂപായും, പിഴ നിശ്ചയിക്കുന്നതാണെന്നും, വീണ്ടും താമസിക്കുന്നപക്ഷം അവരെപ്പറ്റി തന്നോട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ദിവാന്‍ജി ഉത്തരവു കൊടുത്തിരിക്കുന്നു. സാധാരണ ഹജൂര്‍കച്ചേരിയില്‍ ഇപ്പോള്‍ ഉള്ളവര്‍ക്ക് പിടിപ്പതായി ജോലിയില്ല എന്നുള്ളത് നിശ്ചയംതന്നെ. ആ കച്ചേരിയില്‍ കാണപ്പെടുന്നവരില്‍ അധികംപേരും കൊട്ടാരം സേവന്‍ ശങ്കരന്‍ തമ്പിയുടെശിപാര്‍ശവിലയ്ക്കൊ മറ്റുവിധത്തിലൊ, സമ്പാദിച്ചിട്ടുള്ള ആളുകള്‍ ആണ്. ഹജൂര്‍കച്ചേരി ഈ രാജ്യത്തുള്ള കച്ചേരികളില്‍വച്ച് പ്രധാനമായിട്ടുള്ളതാകകൊണ്ട് അതില്‍ ജോലിയ്ക്കായി നിയമിക്കേണ്ടത്, ഉന്നതപരീക്ഷാവിജയികളില്‍ സമര്‍ത്ഥന്മാരായിട്ടുള്ളവരെആണല്ലൊ. ഇവരാണ് കാലക്രമങ്കൊണ്ട് തഹശീല്‍ദാരന്മാരായും പേഷ്ക്കാരന്മാരായുംതീരുന്നത്. അവര്‍സേവകവര്‍ഗ്ഗക്കാരെ, താങ്ങി നില്‍ക്കുന്നവരാകുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗം ക്ഷുദ്രിച്ചു പോയിരിക്കുന്നതില്‍ അത്ഭുതപ്പെടുവാനെന്തുള്ളു. മിസ്റ്റര്‍ നാഗമയ്യാ ദിവാന്‍കാര്യം വിചാരിച്ചപ്പോള്‍, അദ്ദേഹത്തെ പ്രത്യേകം സന്തോഷിപ്പിച്ച നാണുപിള്ള, പരമേശ്വരന്‍ പിള്ള ആദിയായവര്‍ക്ക് ശമ്പളക്കൂടുതല്‍ കൊടുക്കുന്നതിന് ശിപാര്‍ശചെയ്തിരുന്നു എങ്കിലും അത് അനുവദിക്കപ്പെട്ടില്ലെന്ന് അറിയുന്നു. ദിവാന്‍ജി അവര്‍കള്‍ ഹജൂര്‍കച്ചേരിയില്‍ പതിവായി വരുന്നില്ലാ. വന്നാലും അധികം നേരം താമസിക്കുന്നില്ലാ.
ശ്രീമൂലം പ്രജാസഭ
സംബന്ധിച്ച ജോലികളില്‍ പ്രവേശിച്ചിരിക്കുന്നതുകൊണ്ട് ദിവാന്‍ജിക്ക് കച്ചേരിയില്‍ ഇരിക്കാന്‍ തരമാകുന്നില്ലെന്നാണ് അറിയുന്നത്. അതുകൊണ്ട് സങ്കടക്കാര്‍ ഒട്ടൊക്കെ കച്ചേരി കാത്തുകിടന്ന് ബുദ്ധിമുട്ടുന്നുണ്ടെന്ന് പറയാതെ നിര്‍വാഹമില്ലാ. ചിലര്‍ ഭക്തിവിലാസത്തെ നടകാത്തുനില്‍ക്കയും ദിവാന്‍ജി പുറത്തുവരുമ്പോള്‍ സങ്കടം കൊടുക്കയും ചെയ്യുന്നു. എന്നാല്‍ ദിവാന്‍ജിയോട് അടുക്കുന്ന സങ്കടക്കാരോട് അദ്ദേഹം വളരെ ദയവോടും നയത്തോടും സംസാരിക്കുന്നുണ്ടെന്നുള്ളത് ആശ്വാസകരം തന്നെ. ഇതിനിടയില്‍ പ്രജാസഭയെ സംബന്ധിച്ച കടലാസുകളെ ദിവാന്‍ജി പ്രൈവെറ്റ് സിക്രിട്ടെരിയെ അയച്ച് ചീഫ് സിക്രട്ടെരിയോട ് ആവശ്യപ്പെടുകയും അവ തയാറായിട്ടില്ലെന്ന്, ചീഫ് സിക്രിട്ടരി പറകയും ചെയ്കയാല്‍ ദിവാന്‍ജി ചീഫ് സിക്രിട്ടരിയോട് സമാധാനം ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സിക്രിട്ടെരി ഇപ്പോള്‍ രാത്രിയില്‍ ഏഴുമണിവരെ വേലചെയ്യുന്നുണ്ട്. ഹജൂര്‍കച്ചേരിയില്‍ എല്ലാഉദ്യോഗസ്ഥന്മാരും സമയത്തിന് ഹാജരാകയും ഹാജരുള്ള സമയത്ത് ശരിയായി വേലചെയ്യുകയും ചെയ്യുന്നതായാല്‍ ഒരു വീഴ്ചയ്ക്കും ഇടവരുന്നതല്ലല്ലൊ. ഈ കൂട്ടരില്‍ അധികംപേരുടെ വിശ്വാസം ഹജൂര്‍കച്ചേരിയില്‍ ജോലികിട്ടുന്നത് കാറ്റുകൊള്ളുവാനും വരാന്തകളില്‍ ഞെളിഞ്ഞു നടക്കാനും ആകുന്നു എന്നാണ്. അതോടുകൂടി ശങ്കരന്തമ്പിയുടെയോ ചീഫ് സിക്രിട്ടെരിയുടെയോ പ്രീതി സമ്പാദിച്ചു കഴിഞ്ഞാല്‍, അവര്‍ ഞെളിയുന്നതു കുറ്റമൊ? എന്തായാലും ഈകൂട്ടം ഉണര്‍ന്നിരുന്നു വേല ചെയ്യുവാന്‍ പഠിക്കുകയാണ് ഉത്തമം
ദിവാന്‍
മിസ്റ്റര്‍ രാജഗോപാലാചാര്യരെ ക്കുറിച്ചുള്ള ഓരോ വര്‍ത്തമാനങ്ങളാണ്, ഈ പട്ടണങ്ങളില് ഇപ്പോള്‍ മുഴങ്ങുന്നത്. രാജസേവകന്മാരുടെ "കളിപ്പാവയായിരുന്ന" മിസ്റ്റര്‍ ഗോപാലാചാര്യരുടെ ഭരണ വൈകല്യത്താല്‍ അസന്തുഷ്ടന്മാരായിരുന്നജനങ്ങള്‍, മിസ്റ്റര്‍രാജഗോപാലാചാര്യരുടെഭരണംപൊതുജനോപകാരപ്രദമായിരിക്കുമെന്ന് ഉദ്ദേശിച്ചായിരിക്കാം, ഇപ്പോള്‍ സന്തുഷ്ടന്മാരായികാണപ്പെടുന്നത്. പുതിയദിവാന്‍റെ ഭരണനയങ്ങള്‍ ഏതുപ്രകാരമാണെന്ന് അറിവാന്‍ ജനങ്ങള്‍ ബദ്ധശ്രദ്ധരായിരിക്കുന്നു. പല ഉത്സവ ദിവസങ്ങങളിലും****ദിവാന്‍ജി **************************************************************************ദേവസ്വംസംബന്ധക്കാരുടെ കൊള്ളയ്ക്കും ചെലവഴിക്കുന്നത് ന്യായരഹിതമാണെന്ന് സകലപത്രങ്ങളും സര്‍വരുംഅനേകവര്‍ഷകാലമായി മുറവിളികൂട്ടീട്ട് അതൊക്കെ വെറും കാറ്റായിപ്പോകുന്നതു ഓര്‍ക്കുമ്പോള്‍ഏതു കുടിയാനവന്‍റെയും ഹൃദയം പൊട്ടിപ്പോകുന്നു. ദിവാന്‍ജി, ചാര്‍ജെടുത്തതില്‍ പിന്നെ മൂന്നുദിവസങ്ങളില്‍ മാത്രമെ ഹജൂര്‍കച്ചേരിയില്‍ഹാജര്‍കൊടുത്തുള്ളു. അതും കൃത്യ സമയങ്ങളിലല്ലായിരുന്നു. ദിവാന്‍ജിയുടെ അടുക്കല്‍ സിക്രട്ടരിമാര്‍ റിപ്പോര്‍ട്ടിനു ചെല്ലേണ്ട ദിവസങ്ങള്‍ ക്ലിപ്തപ്പെടുത്തീട്ടുള്ളതു കഴിഞ്ഞ ഒരു ലക്കത്തില്‍ നിങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലൊ. തങ്ങളുടെ റിപ്പോര്‍ട്ടു ദിവസങ്ങളില്‍ യാതൊരുവീഴ്ചയ്ക്കും ഇടവരരുതെന്നു വിചാരിച്ച്. ചില സിക്രട്ടറിമാര്‍, തങ്ങളോടു ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു ശരിയായ മറുപടിപറയുവാന്‍ വേണ്ടി, "സ്ക്കൂള്‍ കുട്ടികള്‍" ഉരുവിടുന്ന മാതിരിയില്‍, വീടുകളില്‍വച്ചുംകച്ചേരികളില്‍ വച്ചും വേണ്ടതിനെഉരുവിട്ടു "മന:പാഠമാക്കി"യശേഷമാണ് ദിവാന്‍ജിയുടെ മുമ്പില്‍ പോകുന്നതെന്ന് കേള്‍ക്കുന്നു. ശമ്പളംവാങ്ങുവാന്‍മാത്രം ഉദ്യോഗം ഭരിക്കുന്ന പലര്‍ക്കും ഇതൊരു ഉപദ്രവമായി തോന്നുന്നതായും, തന്നിമിത്തം ഇവരില്‍ പലരും വല്ല ഉദ്യോഗവും സമ്പാദിച്ച് വെളിയില്‍ ചാടുവാന്‍ ശ്രമിക്കുന്നതായും ഒരു കേള്‍വിയുണ്ട്. ഏതായാലും മിസ്റ്റര്‍ രാജഗോപാലാചാര്യരുടെ ഈ മാതിരിയുള്ള പുതിയ ഏര്‍പ്പാടുകള്‍ നിമിത്തം തിരുവിതാംകൂറിലെ ഉദ്യോഗനഭോമണ്ഡലത്തിന് ഒരു പുതിയ ജീവന്‍ വീണിട്ടുള്ളത് ആശ്വാസകരംതന്നെ.
പെന്‍ഷന്‍
വാങ്ങുവാനുള്ള കാലം കഴിഞ്ഞിട്ടും പെന്‍ഷന്‍ വാങ്ങാതെ തങ്ങളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന എല്ലാവരേയും ഉദ്യോഗത്തില്‍ നിന്ന് പിരിക്കുവാനും പകരം ചെറുപ്പക്കാരും കാര്യശ്ശേഷിയുള്ളവരും ആയ പലരേയുംനിയമിക്കാനും ഇടയുണ്ടെന്നു അറിയുന്നു.