കേരളവാർത്തകൾ - മീനച്ചൽ
- Published on August 29, 1906
- By Staff Reporter
- 584 Views
ചിങ്ങം 10
ഭൂനികുതി
കഴിഞ്ഞ കൊല്ലം ഈ താലൂക്കിൽ ഭൂനികുതി, ഒരെനത്തിൽ തന്നെ 42302 രൂപ, 11 ചക്രം, 13 കാശു പിരിവുള്ളതായി അറിയുന്നു.
ആശുപത്രി
സ്ഥലം ആശുപത്രിയിൽ പോയ കൊല്ലത്തിൽ നാല്പത്തിനായിരത്തി ഒരുന്നൂറോളം ആളുകൾക്ക് ചികിത്സ നടത്തിയിട്ടുള്ളതായും ആയത് മൂന്നാണ്ടുകളെക്കാൾ വളരെ കൂടുതലാണെന്നും അറിയുന്നു.
റോട്ടുകൾ
ഇവിടെ നിന്നും പൂഞ്ഞാറ്റിലേക്കുള്ള റോഡിൽ വെള്ളപ്പൊക്കം നിമിത്തം ചില പാലങ്ങൾ ഇളകിപ്പോയിരിക്കയാലും, മറ്റു ചിലത് പുത്തനാക്കുന്നതിനായി പൊളിച്ചിട്ടിരിക്കയാലും ഗതാഗതത്തിന് വലുതായ തടസ്സം നേരിട്ടിരിക്കുന്നു. ഈ സങ്കടസ്ഥിതിയിൽ വഴിയാത്രക്കാർക്കു വളരെ ബുദ്ധിമുട്ട് നേരിട്ടു വരുന്നു.
മാറ്റം
ഞങ്ങളുടെ പോലീസ് ഇൻസ്പെക്ടറുടെ പേരിൽ എന്തോ ചില പരാതികൾ പുറപ്പെട്ടിരിക്കുന്നതായും, മജിസ്ട്രേറ്റ് മിസ്റ്റർ കൃഷ്ണപിള്ളയെ പൂഞ്ഞാർ തർക്ക കാര്യത്തിനും അപ്പോത്തിക്കരി മിസ്റ്റർ ഉമ്മനെ തിരുവല്ലായ്ക്കും മാറ്റുന്നതായും കേൾക്കുന്നു.