മറ്റുവാർത്തകൾ
- Published on June 03, 1908
- By Staff Reporter
- 635 Views
"സ്വദേശാഭിമാനി,, പത്രപ്രവര്‍ത്തകന്മാരെ പ്രതികളാക്കി, കോട്ടയം 1ാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍, പ്രാക്കുളം സി. പത്മനാഭപിള്ള അവര്‍കള്‍ ഫയില്‍ ചെയ്തിരുന്ന 1083-ല്‍ 14-ാം നമ്പര്‍ കേസ്സ്, ഈ ഇടവം 15നു-, അന്യായം നീക്കി വിധിച്ചിരിക്കുന്നതായി അറിയുന്നു. 1082 ഇടവം 13നു-ലെ "സ്വദേശാഭിമാനി,,യില്‍ ചെങ്ങന്നൂര്‍ വര്‍ത്തമാനങ്ങളുടെ കൂട്ടത്തില്‍ മിസ്റ്റര്‍ പിള്ളയുടെ കുത്തകയെ സംബന്ധിച്ച് അല്പം പ്രസ്താവിച്ചിരുന്നതായിരുന്നുവല്ലൊ അന്യായത്തിനു ഹേതുവായ വിഷയം. തള്ളി തീരുമാനിച്ചതായ ഉത്തരവിന്‍റെ മുഴുവന്‍ വിവരം ഞങ്ങളറിഞ്ഞിട്ടില്ലാ. അത് മേലാല്‍ പ്രസിദ്ധീകരിക്കാമെന്ന് കരുതുന്നു.
സര്‍ക്കാര്‍ജീവനക്കാര്‍....................... മാറിപ്പോകുന്ന അവസരത്തിലോ പ്രമോഷനായി പോകുന്ന സന്ദര്‍ഭങ്ങളിലോ ജനങ്ങളുടെ യാതൊരുവിധമായ അഭിനന്ദനങ്ങളും സ്വഭാവസാക്ഷ്യപത്രങ്ങളും വാങ്ങിപ്പോകരുതെന്നും, രാജ്യതന്ത്രവിഷയകമോ, രാജ്യതന്ത്രവിഷയത്തില്‍ ചേരാവുന്നതോ ആയ, സഭകളില്‍ ചേരുകയോ അതിന് ഉത്സാഹിപ്പിക്കയോ അവരുടെ ഇടയില്‍ സ്വകീയമായ പ്രബലതയെ പരത്തുകയോ ചെയ്തുകൂടെന്നും, മുന്‍പ് ദിവാന്‍ ടി. രാമാരായരുടെ കാലത്തുള്ള സര്‍ക്ക്യുലരിനെ ഇപ്പൊള്‍ പുതുക്കി നിഷ്കര്‍ഷ ചെയ്തിരിക്കുന്നു.
"കേരളതാരകാ,, പത്രപ്രവര്‍ത്തകന്മാരുടെ മേല്‍ 'സ്വദേശാഭിമാനി, പത്രാധിപര്‍ തിരുവനന്തപുരം 1ാം ക്ലാസുമജിസ്ട്രേറ്റുകോടതിയില്‍ ഫയിലാക്കിയിട്ടുള്ള അപകീര്‍ത്തിക്കേസ്സില്‍, പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. വാദിയും വക്കീല്‍ മിസ്റ്റര്‍ ശങ്കരന്‍പണ്ടാലയും സുഖക്കേടായി കിടപ്പിലാകയാല്‍ ഹാജരായില്ലാ. രാജിയാകുന്നതിനെ സംബന്ധിച്ച് വാദിയോട് ആലോചിച്ച് കോടതിയെ ബോധിപ്പിക്കുന്നതിന് പ്രതികള്‍ക്ക് സൌകര്യത്തിനായി കേസ്സ് നാളത്തെക്കു നീട്ടി.
1084 ാ മാണ്ടെക്ക്, തിരുവിതാംകൂര്‍ രാജകീയ ഇംഗ്ലീഷ് കാളേജിലെ ലൈബ്രറിയില്‍ പുസ്തകങ്ങള്‍ മേടിപ്പാന്‍ 5000 കയും; പെണ്‍കാളേജിലെ ലൈബ്രറിക്ക് 4,00 രൂപായും; ലാകാളേജ് ലൈബ്രറിക്ക് 500 രൂപായും; കാസ്റ്റ് ഹിന്തുഹൊസ്റ്റല്‍ വകയ്ക്കായി 4300 ല്‍ ചില്വാനം രൂപായും അനുവദിച്ചിരിക്കുന്നു.
ദേവസ്വംകമിഷണര്‍ക്കു 500-കയും, മൂന്നു അസിസ്റ്റണ്ടുകമിഷണറന്മാര്‍ക്ക് 100 ക മുതല്‍ 200- ക വരെയും, അവര്‍ക്കു കീഴായ വിചാരിപ്പുകാരന്മാര്‍ക്കു 20-കവരെ ശമ്പളങ്ങളും ഉണ്ടായിരിക്കണമെന്ന്, മിസ്റ്റര്‍ രാമചന്ദ്രറാവു റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടത്രെ.
അടുത്തകൊല്ലം മുതല്‍ സര്‍ക്കാര്‍ ദുര്‍ഗുണപരിഹാരപാഠശാലയുടെ മേല്‍ വിചാരത്തില്‍ ചില ഭേദഗതികള്‍ ചെയ്യാനും, പ്രത്യേകം ചുമതലക്കാരനായി ഒരു സൂപ്രണ്ടിനെ നിയമിപ്പാനും തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.