വാരവൃത്തം
- Published on July 31, 1907
- By Staff Reporter
- 560 Views
തിരുവനന്തപുരം
1082 കര്‍ക്കടകം
ഇക്കുറി ആടി കളയുന്ന
അടിയന്തിരത്തില്‍, തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ട്, ദിവാന്‍ മിസ്റ്റര്‍ ഗോപാലാചാര്യരെയും, ഈ നാട്ടില്‍നിന്ന് അയക്കുന്നതാണെന്നുള്ള കേള്‍വി വീണ്ടും പ്രബലപ്പെട്ടിരിക്കുന്നു. ഇവിടെനിന്ന് ഒഴിച്ചു വിടുന്നകാര്യം തീര്‍ച്ചപ്പെട്ടിരിക്കുന്നു എന്നും അറിയുന്നു. ഈ വര്‍ത്തമാനം, മദ്രാസിലെ ചില ഇംഗ്ലീഷ് പത്രങ്ങളിലും പറഞ്ഞുകാണുന്നുണ്ട്. ഒരാണ്ടുകാലം, തിരുവിതാംകൂര്‍ രാജ്യഭരണ രംഗത്ത്, രാജസേവകപ്പാവയായ് നിന്ന് കൂത്താടിയ മിസ്റ്റര്‍ ആചാര്യരുടെ തിരികെപ്പോക്ക്, തിരുവിതാംകൂര്‍ ജനങ്ങള്‍ക്ക് എത്രയോ ആശ്വാസപ്രദമാണെന്നു പറവാനില്ലല്ലൊ. പ്രസ്താവങ്ങള്‍ മേല്പറഞ്ഞ പ്രകാരമെല്ലാം ആണെങ്കിലും,
മിസ്റ്റര്‍ ആചാര്യരുടെഭാവം
കണ്ടതില്‍, അദ്ദേഹം അടുത്തകാലത്തെങ്ങും ഈ നാട്ടിലെ മന്ത്രിസ്ഥാനം ഒഴിയുന്നതല്ലെന്ന് പലര്‍ക്കും ശങ്കയുണ്ട്, സങ്കടങ്ങള്‍ പറവാന്‍ചെല്ലുന്ന പലരോടും, താന്‍ ഇവിടെതന്നെ ഇനിയും ഉണ്ടായിരിക്കുമല്ലൊ എന്ന് മിസ്റ്റര്‍ ആചാര്യര്‍ സമാധാനം പറഞ്ഞതായി കേള്‍ക്കുന്നുണ്ട്, രാജ്യകാര്യങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍, ഉടനടി നടക്കേണ്ട സംഗതികളെ വിടുകയും, വരുംകാലത്തേക്കുള്ളവയെ ആലോചിക്കയും ചെയ്യുന്നുണ്ടെന്നും കേള്‍ക്കുന്നു. ഇതൊക്കെ, താന്‍ അടുത്തകാലത്ത് ഇവിടെ വിടുന്നില്ലെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനായിരിക്കാമെന്നേ ഊഹിക്കേണ്ടതുള്ളു. മിസ്റ്റര്‍ ആചാര്യര്‍ക്ക്, ഉദ്യോഗം ഒഴിഞ്ഞു പോകുന്നസമയം, വല്ല പണക്കിഴിയും ഇനാം കിട്ടിയാല്‍കൊള്ളാമെന്നു ആഗ്രഹമുള്ളതായും, അതിലേക്കായി യത്നിക്കുന്നതായും ഒരുകേള്‍വി പുറപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂര്‍ ജനങ്ങള്‍ക്ക് പലേവിധം ദോഷങ്ങള്‍ചെയ്ച ഈ ദിവാന്‍ജിക്ക്, ഇനിയും, തിരുവിതാംകൂര്‍ ജനങ്ങളുടെ പ്രയത്നഫലത്തിന്‍റെ അംശം അന്യായമായി കൊടുക്കണമെന്നു ജനങ്ങള്‍ ആശിക്കുന്നില്ലാ. മിസ്റ്റർ ആചാര്യര്‍ ഒഴിഞ്ഞുപോകുമ്പോള്‍,
പകരം വരുന്ന ആള്‍
ആരാണെന്ന് നിശ്ചയമായിട്ടില്ലാ. മിസ്റ്റര്‍ പി. രാജഗോപാലാചാരി വരുവാന്‍ ഇടയുണ്ടെന്നാണ് ബലമായ കേള്‍വി. മിസ്റ്റര്‍ രാജഗോപാലാചാരി ഇതിനിടെ കുറ്റാലത്ത് വച്ച് ബ്രിട്ടീഷ്റെസിഡണ്ടുമായികണ്ടു ചില കാര്യങ്ങള്‍ സംസാരിച്ചിട്ട് മടങ്ങിപ്പോയി എന്നും അറിയുന്നു. മഹാരാജാവു തിരുമനസ്സ് കൊണ്ട് ഇന്നലെ കുറ്റാലത്തേക്ക് എഴുന്നള്ളി