ദേശവാർത്ത - കൊച്ചി
- Published on December 12, 1908
- Svadesabhimani
- By Staff Reporter
- 50 Views
സെറ്റില്‍മെന്‍റു പേഷ്കാര്‍ മിസ്റ്റര്‍ രാമന്‍മേനോനു ധനുമാസം മുതല്‍ക്കു 4 മാസത്തെ പ്രിവിലേജ് അവധി അനുവദിച്ചിരിക്കുന്നു.
കൃസ്തുമസ്സ് പ്രമാണിച്ചു സംസ്ഥാനത്തിലെ സകല പബ്ളിക്കു ആഫീസ്സുകളും ഡിസംബര്‍ 24 നു- മുതല്‍ക്കു 1909 ജനുവരി 2-ാംനു-വരെ പൂട്ടപ്പെടുന്നതാണെന്ന് അറിയുന്നു.
താണജാതിക്കാരുടെ വിദ്യാഭ്യാസത്തിന് ഈ സംസ്ഥാനത്തില്‍ നാലു സര്‍ക്കാര്‍ പ്രൈമറി സ്ക്കൂളുകള്‍ തുറക്കപ്പെട്ടിരിക്കുന്നു. ഒന്ന് തൃച്ചൂര്‍ താലൂക്കിലും ഒന്നു ചിറ്റൂര്‍ താലൂക്കിലും ഒന്ന് കണയന്നൂർ താലൂക്കിലും ഒന്ന് കൊടുങ്ങല്ലൂര്‍ താലൂക്കിലുമാണ്.
കണയന്നൂര്‍ താലൂക്കു താസില്‍ദാരായ മിസ്തര്‍ യം. ശങ്കരമേനോനു വൃശ്ചികം 23 തീയതിമുതല്‍ക്കു മെഡിക്കല്‍ സര്‍ട്ടിഫിക്കെറ്റുപ്രകാരം ആറുമാസത്തെ അവധികൂടി കൂട്ടിക്കൊടുത്തിരിക്കുന്നു.
വിദ്യാഭ്യാസ പരിഷ്കാരം- ഇപ്പൊഴത്തെ ദിവാന്‍ വിദ്യാഭ്യാസപരിഷ്കാരം എല്ലാം ഒരുവിധം തീര്‍ത്തു വച്ചിരിക്കുന്നു. കൊച്ചിയില്‍ ഉള്ള വാധ്യാന്മാരെക്കൊണ്ടു കൊള്ളാഞ്ഞിട്ടോ എന്തോ ഒട്ടധികം വിദേശിയന്മാരെ ഡിപ്പാര്‍ട്ടുമെണ്ടില്‍ നിയമിച്ചിരിക്കുന്നു. 15-ം 20-ം സംവത്സരംവീതം ഡിപ്പാര്‍ട്ടുമെണ്ടില്‍ വേലചെയ്യുന്നവര്‍ക്കു യാതൊരു പ്രമോഷനും ഇല്ലാ. പുതുതായ് പാസ്സായിവരുന്നവര്‍ക്കു ഇവരെക്കാള്‍ ഇരട്ടി ശമ്പളവും അധികാരവും കൊടുത്തുവച്ചിരിക്കുന്നു. ഇതു ഒരു വലിയ അക്രമംതന്നെ. പക്ഷെ കേള്‍ക്കാന്‍ ആരും ഇല്ലല്ലൊ. ഇതാ ഇപ്പോള്‍ ഒരാളെക്കൂടി അസിസ്റ്റന്‍റു ഇന്‍സ്പെകരായി വരുത്താന്‍ എഴുതി അയച്ചിരിക്കുന്നു. കഷ്ടം തന്നെ സ്വ: ലേ