കേരളവാർത്തകൾ

  • Published on May 15, 1907
  • By Staff Reporter
  • 594 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.


ഡര്‍ബാര്‍ ഫിസിഷന്‍ പൊന്‍മുടിക്ക് പോയിരിക്കുന്നു.

എക്സൈസ് കമിഷണര്‍ തെക്കന്‍ഡിവിഷനില്‍ സര്‍ക്കീട്ടു പുറപ്പെട്ടിരിക്കുന്നു.

 തിരുവനന്തപുരം നഗരശുചീകരണ വകുപ്പിനെ പരിഷ്കരിക്കാന്‍ ആലോചനയുണ്ട്.

 തെക്കന്‍ ഡിവിഷന്‍ സാനിട്ടെരി ആഫീസര്‍ മിസ്റ്റര്‍ കൃഷ്ണറാവു ഒരു മാസത്തെക്കു കൂടെ ഒഴിവ് അപേക്ഷിച്ചിരിക്കുന്നു. 

ഡാക്ടര്‍ പീറ്റര്‍ ലക്ഷ്മണന്‍ ജൂണ്‍ മാസത്തില്‍ ഒരുമാസത്തെ ഒഴിവുവാങ്ങി പോകുന്നതിന് നിശ്ചയിച്ചിരിക്കുന്നുപോല്‍.

 മാവേലിക്കര  ഉദയവര്‍മ്മരാജാ ബി. ഏ അവര്‍കളെ നിയമ നിര്‍മ്മാണ സഭയില്‍ ഒരു സാമാജികനായി നിയമിച്ചിരിക്കുന്നു.

 തിരുവനന്തപുരം ബ്രിട്ടീഷ് റെസിഡന്‍സി മാനേജര്‍ മിസ്റ്റര്‍ വര്‍ഗീസ് രണ്ടുമാസത്തെ ഒഴിവിന് അപേക്ഷിച്ചിട്ടുണ്ട്.

തിരുവനന്തപുരം സര്‍ക്കാര്‍ഹൈസ്കൂള്‍ മുന്‍ഷിയായിരുന്ന മിസ്റ്റര്‍ പുരുഷോത്തമന്‍ പിള്ള ഇതിനിടെ മരിച്ചുപോയിരിക്കുന്നു.

കല്‍ക്കുളം തഹശീല്‍ മിസ്റ്റര്‍ പത്മനാഭയ്യര്‍ മെഡിക്കല്‍ ബോര്‍ഡില്‍ മുമ്പാകെ ഹാജരാകുന്നതിനായി തലസ്ഥാനത്തെത്തിയിരിക്കുന്നു

ഏലമലയില്‍  സര്‍ക്കീട്ടായി പോയിരുന്ന ആക്ടിങ് ഡര്‍ബാര്‍          ഫിസിഷന്‍  ഡാക്ടര്‍ പെര്‍ക്കിന്‍സ് തലസ്ഥാനത്തു മടങ്ങി എത്തിയിരിക്കുന്നു.

കോട്ടയം അസിസ്റ്റന്‍റ് പോലീസു സൂപ്രേണ്ടായി 1-ാം ക്ളാസ്  ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍‌ സാമുവെലിനെ തല്‍ക്കാലം നിശ്ചയിച്ചിരിക്കുന്നു.

 എക്സൈസ് കമിഷണരാപ്പീസ് മാനേജരായി നിയമിക്കപ്പെട്ട മിസ്തര്‍ രാമകൃഷ്ണയ്യര്‍ ബി.ഏയെ  ആ ജോലിയില്‍‌ സ്ഥിരപ്പെടുത്തിയിരിക്കുന്നു.

സ്റ്റേറ്റ് മാന്വെല്‍ പുസ്തകം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യുന്നതിന് ഗവര്‍ന്മേണ്ട് പരിഭാഷകന്‍ ചിദംബരവാധ്യാര്‍ അവര്‍കളെ ഭാരമേല്പിച്ചിരിക്കുന്നു. 

തിരുവനന്തപുരം ഉത്സവമഠം വകുപ്പിനെ പ്രത്യേകം തിരിച്ച്, ഒന്നാം തഹശീല്‍ദാരുടെ ചുമതലയില്‍നിന്ന് വേറാക്കി, നടത്തുവാന്‍ ആലോചനയുണ്ട്.

വെസ്റ്റേണ്‍ സ്റ്റാര്‍ പത്രത്തിന്റെ       അധിപരായി ബംഗളൂരില്‍നിന്ന് ഒരു യുറേഷ്യനെ വരുത്തുവാന്‍ അതിന്‍റെ ഉടമസ്ഥര്‍ നിശ്ചയിച്ചിരിക്കുന്നുവെന്നറിയുന്നു.

വനം വക ഡിപ്ടി കണ്‍സര്‍വേറ്റര്‍ വേലയ്ക്ക് ബ്രിട്ടീഷ് ഇന്ത്യയില്‍നിന്ന് 400-ക മാസപ്പടിയില്‍ ഒരു യൂറോപ്യനെ വരുത്തുവാന്‍ ഗവര്‍ന്മേണ്ട്  ആലോചിക്കുന്നു.

 തിരുവനന്തപുരം കാണിമാറാ മാര്‍ക്കെറ്റിനെ പ. പ. സഭാധ്യക്ഷന്‍റെ ചുമതലയില്‍ നിന്ന് വിടുര്ത്തി‍ ക്യാപ്റ്റന്‍ ഡാസന്‍റെ ചുമതലയില്‍ ആക്കുവാന്‍ പോകുന്നുപോല്‍.

 പുറമ്പോക്കാഫീസ്സരുടെ  ജോലിക്ക് ഓവര്‍സീയര്‍ മിസ്റ്റര്‍ അരുണാചലം പിള്ളയെ വിട്ടുകൊടുക്കുവാന്‍ സൌകര്യമില്ലെന്ന് ചീഫ് ഇഞ്ചിനീയര്‍ ദിവാന്‍ജിയെ ധരിപ്പിച്ചിരിക്കുന്നു.

പോലീസ് സൂപ്രണ്ട് മിസ്റ്റര്‍ ബെന്‍സ്ലി അവധിയില്‍ പോകയാല്‍, പകരം കോട്ടയം അസി.പോലീസ് സൂപ്രേണ്ട് മിസ്തര്‍ ഫാര്‍ഗുസണ്‍ ഇന്ന് സൂപ്രേണ്ടുവേലയില്‍പ്രവേശിക്കുന്നതാണ്.

 ലാഹൂരില്‍നിന്ന് മിസ്തര്‍ താക്കൂര്‍ കഹാന്‍ ചന്ദ്രവര്‍മ്മ എന്നൊരാള്‍ തിരുവനന്തപുരത്തെത്തി, സ്വദേശിമതം, വേദോക്തമതം മുതലായ ചില വിഷയങ്ങളെപ്പറ്റി പ്രസംഗം നടത്തിയിരിക്കുന്നു.

 പൂജപ്പുര ജേല്‍ സൂപ്രേണ്ട് മിസ്തര്‍ സീ ല സായിപ്പ് അവധിവാങ്ങി പോയിരിക്കുന്നതിനുപകരം, കൊല്ലം അസി. പോലീസ് സൂപ്രേണ്ട് മിസ്റ്റര്‍ സ്വിഗ്നിയെ തല്‍കാലം നിശ്ചയിച്ചിരിക്കുന്നു.

 കോതയാര്‍ കാല്‍കൊണ്ടു കൃഷിക്കു ജലം ഉപയോഗിക്കുന്ന നിലങ്ങള്‍ക്ക് പ്രത്യേകം നികുതി ചുമത്തുന്നതിന് വിശേഷാല്‍ ഒരു റെവന്യു ആഫീസ്സരെ നിശ്ചയിപ്പാന്‍ ആലോചനയുണ്ട്.

 ദിവാന്‍ മിസ്തര്‍ ഗോപാലാചാര്യര്‍ തെക്കന്‍ ഡിവിഷനിലെ സര്‍ക്കീട്ടുകഴിഞ്ഞു തിരികെവന്നാല്‍, ഏറെത്താമസിയാതെ വീണ്ടും വടക്കന്‍ താലൂക്കുകളിലേക്ക് സര്‍ക്കീട്ടുപോകുന്നതാണ് എന്നറിയുന്നു.

 ദിവാന്‍ജിയുമൊന്നായി നെയ്യാറ്റിങ്കരയ്ക്കു സര്‍ക്കീട്ടുപോയിരുന്നഡിവിഷന്‍പേഷ്കാര്‍ മിസ്റ്റര്‍ നാഗമയ്യര്‍, തലസ്ഥാനത്തുനിന്ന് കമ്പിവഴി ആജ്ഞ കിട്ടുകയാല്‍ മിനഞ്ഞാന്ന് തിരുവനന്തപുരത്തെത്തിയിരിക്കുന്നു.

 തൈക്കാട്ടാശുപത്രിയില്‍ ആഫീസരായ മിസ്തര്‍ ഇട്ടിയര ഒരുമാസത്തെ ലീവു വാങ്ങുകയാല്‍ തല്‍സ്ഥാനത്തേക്ക് കൊല്ലം ആശുപത്രിയില്‍നിന്ന് സബ് അസി. സര്‍ജന്‍ മിസ്തര്‍ മാത്തുവിനെ മാറ്റിയിരിക്കുന്നു.

 തൂക്കിക്കൊല്ലുവാന്‍ വിധിക്കപ്പെട്ടിരുന്ന കൊച്ചന്‍ പൊടിയപ്പി എന്നൊരു കുറ്റക്കാരനെ ജീവപര്യന്തം തടവിലിട്ടാല്‍ മതിയെന്ന് മഹാരാജാവു തിരുമനസ്സുകൊണ്ട് കരുണാപൂര്‍വം കല്പിച്ചിരിക്കുന്നു.

തെക്കന്‍ റേഞ്ജ് സ്ക്കൂള്‍ ഇന്‍സ്പെക്ടര്‍  മിസ്റ്റര്‍ സി. കൃഷ്ണപിള്ള ഏതാനും മാസത്തെ അവധികല്പനയ്ക്ക് അപേക്ഷിച്ചിരിക്കുന്നു. ഈ അവധികഴിഞ്ഞാല്‍ അദ്ദേഹം ഉദ്യോഗത്തില്‍നിന്ന് അടുത്തൂണ്‍വാങ്ങി പിരിയുന്നതാണ്.

 തിരുവട്ടാറ്റഞ്ചലാഫീസില്‍ ഈയിട നടന്നതായി പറയപ്പെടുന്ന കളവുകേസ്സ് അഞ്ചല്‍മാസ്റ്റരുടെ കൃത്രിമത്താല്‍ ഉണ്ടായതാണെന്നും, പണം മാസ്റ്റര്‍തന്നെ എടുത്തുകൊണ്ടു് കള്ളറിപ്പോര്‍ട്ടു ചെയ്തതാണെന്നും തെളിഞ്ഞിരിക്കുന്നുപോല്‍.

 കൊല്ലം അസിസ്റ്റന്‍റ്  പോലീസ് സൂപ്രേണ്ടായി തല്‍കാലത്തേക്ക് തിരുവനന്തപുരം ജില്ലാ സര്‍ക്കാര്‍വക്കീല്‍ മിസ്തര്‍ സ്വാമിനാഥശാസ്ത്രിയെ നിശ്ചയിച്ചിരിക്കുന്നു എന്നും, പകരം ഒരു സര്‍ക്കാര്‍വക്കീലായി ഒരു മിസ്തര്‍ പരമേശ്വരയ്യര്‍ ബി. ഏ. ബി. എല്‍. നെ നിശ്ചയിക്കുന്നതാണെന്നും അറിയുന്നു.

 ദിവാന്‍ മിസ്റ്റര്‍ ഗോപാലാചാര്യര്‍ ഇപ്പോള്‍ തെക്കന്‍ ഡിവിഷനില്‍സര്‍ക്കീട്ടുപോയിരിക്കയാണ്. ഇദ്ദേഹം നെയ്യാറ്റിങ്കരെ ചെന്നിരുന്ന അവസരത്തില്‍, അവിടത്തെ മുന്‍സിഫ് കോടതി കെട്ടിടം സന്ദര്‍ശിച്ചതായും, സാക്ഷിക്കൂട്ടിന്‍റെ വിസ്താരമില്ലായ്ക, കക്ഷികള്‍ക്കും സാക്ഷികള്‍ക്കും വിശ്രമിപ്പാന്‍ പ്രത്യേകംസ്ഥലമില്ലായ്ക, വക്കീലാപ്പീസില്ലായ്ക, നിയമപുസ്തകശാല ഇല്ലായ്ക എന്നിവയെപ്പറ്റി റിമാര്‍ക്കു ചെയ്തതായും അറിയുന്നു.

 മെഡിക്കല്‍ബോര്‍ഡ് സഭയുടെ ഒരുയോഗം ഈ വരുന്ന വെള്ളിയാഴ്ച കൂടുന്നതാണ്. അപ്പോള്‍, പത്മനാഭപുരം 1-ാംക്ലാസ് മജിസ്ട്രേറ്റ് മിസ്തര്‍ കേ രാമസ്വാമിഅയ്യരെയും, കല്‍ക്കുളം തഹശീല്‍ മിസ്തര്‍ പത്മനാഭയ്യരെയും, തിരുവനന്തപുരം സര്‍ക്കാര്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍  മുന്‍ഷി മിസ്തര്‍ കരമന നാരായണപിള്ളയെയും, ഭൂതപ്പാണ്ടി ഇംഗ്ലീഷ് സ്കൂള്‍ വാധ്യാര്‍ മിസ്തര്‍ ഭൂതലിംഗമയ്യരെയും ആരോഗ്യപരിശോധന ചെയ്യുന്നതാണ്.

 ഈയിട കൊല്ലം പരവൂരില്‍ നടന്ന ഒരു കൊലപാതകക്കേസ്സില്‍ സംശയിക്കപ്പെട്ട പ്രതികളായി മൂന്നുപേരെ പിടിച്ചതുകൊണ്ടും കൂടാതെ, ഇന്‍സ്പെക്ടര്‍ നാരായണനുണ്ണിത്താന്‍ പരവൂര്‍ മങ്ങാട്ടുമ്മിണിപ്പിള്ള എന്ന ഗൃഹസ്ഥനെ അനാവശ്യമായി പിടിച്ചുപദ്രവിക്കാന്‍ തുനിഞ്ഞിരിക്കുന്നതായും മറ്റും മേല്പടി ഉമ്മിണിപ്പിള്ള ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും, പോലീസുസൂപ്രേണ്ടിനും മറ്റും ഹര്‍ജി അയച്ചിരിക്കുന്നുവെന്നു ഒരു ലേഖകന്‍ അറിയിക്കുന്നു.

 വട്ടക്കാട്ടു നായന്മാരുടെ സാമൂഹ്യപരിഷ്കരണത്തെ ഉദ്ദേശിച്ചു നടത്തപ്പെടുന്ന സനാതന ധര്‍മ്മപരിപാലനയോഗത്തിന്‍റെ ഒരു സമ്മേളനം ഈ ഇടവം 13-നു ആറ്റിങ്ങല്‍വച്ച് തെക്കന്‍ റേഞ്ച് സ്കൂള്‍ ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ സി. കൃഷ്ണപിള്ള ബി. ഏ. യുടെ അദ്ധ്യക്ഷതയില്‍ നടത്തുന്നതാണെന്നും, ആ അവസരത്തില്‍ സമാജത്തിന്‍റെ ആവശ്യകതയെപ്പറ്റി സ്വദേശാഭിമാനി പത്രാധിപര്‍ മിസ്റ്റര്‍ കേ. രാമകൃഷ്ണപിള്ള ബി. ഏ. പ്രസംഗിക്കുന്നതാണെന്നുംഅറിയുന്നു.

 എഡ്യുക്കേഷനല്‍ അണ്ടര്‍ സിക്രട്ടരിസ്ഥാനം ഒരിക്കല്‍ വഹിച്ചിരുന്ന തന്‍റെ അവകാശത്തെ വിസ്മരിച്ചിട്ട് മറ്റൊരാളെ ആ ഒഴിവിന് നിയമിച്ചതിനെ സംബന്ധിച്ചു തനിക്കു സങ്കടമുണ്ടെന്നും, തനിക്ക് മറ്റേതെങ്കിലുമൊരുവകുപ്പില്‍ ജോലികിട്ടണമെന്നും സ്ക്കൂള്‍ റേഞ്ജ് ഇന്‍സ്പെക്ടര്‍ മിസ്റ്റര്‍ രാജരാജവര്‍മ്മ രാജാ എം. ഏ. ബി. എല്‍ . ഗവര്‍ന്മേണ്ടിനെ അറിയിച്ചതായും, അതിലേക്ക് യോഗ്യതയുള്ള ആളെ തിരഞ്ഞാണ് നിയമിച്ചിരിക്കുന്നതെന്നും, മറ്റു വകുപ്പില്‍ജോലിക്കു നിയമിക്കുന്നകാര്യം ആലോചിക്കാമെന്നും മറുവടി കൊടുത്തതായും ഒരു ലേഖകന്‍ കേള്‍ക്കുന്നു.

 കോട്ടയത്തുനിന്ന് ഒരാള്‍ ഇപ്രകാരം എഴുതുന്നത് "അടിസ്ഥാനമില്ലാതെ ചില മലയാളപത്രങ്ങളില്‍ ചില ഭേഷജമായ  ലേഖനങ്ങള്‍ പ്രസിദ്ധംചെയ്തു കാണുന്നതിനെ അടിസ്ഥാനമാക്കി, തിരുവിതാംകൂറിലെ ഗവര്‍ന്മേണ്ടിലേക്ക് എഴുത്തുകുത്തുനടത്തുന്നതു ശരിയല്ലാ, എന്നും, അതില്‍, ജീവഹാനിയെപ്പറ്റി എഴുതിയലേഖനം അടിസ്ഥാനമുള്ളതല്ലാത്തതിനാല്‍, കേസ്സ് തിരിച്ചയച്ചിരിക്കുന്നു എന്നും മറ്റും കാണിച്ചു ഒരു ഉത്തരവാദമുള്ള ഉദ്യോഗസ്ഥന്‍ ചില ഫയിലുകളെ തിരിച്ചയച്ചതായറിയുന്നു. ജീവഹാനിയെ ശങ്കിച്ചിട്ടുള്ള ആള്‍ വീണ്ടും എഴുത്തുകുത്തുകള്‍ നടത്തുന്നതായും കേള്‍ക്കുന്നു


 

You May Also Like