വാർത്ത

  • Published on June 21, 1909
  • By Staff Reporter
  • 107 Views

 ചാല ലഹളക്കേസ്സിനെ സംബന്ധിച്ച് ഡിപ്പാര്‍ട്ടുമെന്‍റല്‍ ആയി അന്വേഷണം നടത്തി തീരുമാനം ഉണ്ടാകുന്നതുവരെ, തിരുവനന്തപുരം സീനിയര്‍ ഡിസ്ട്രിക്ട് സെഷന്‍സ് ജഡ്ജി മിസ്തര്‍ കെ. നാരായണമേനവനെ ഉദ്യോഗത്തില്‍നിന്നു സസ്പെണ്ടു ചെയ്തിരിക്കുന്നതും, ഈ ദുര്‍ഭാഗ്യവിലസിതമായ ലഹളക്കേസിലെ പ്രതികളെ കൊണ്ടു ഒരുകൊല്ലത്തോളം അനുഭവിപ്പിച്ച കഷ്ടപ്പാടുകള്‍ക്ക് ദൈവികമായുണ്ടായിട്ടുള്ള പ്രതീകാരശൃംഗലയിലെ മറ്റൊരു കണ്ണിയാകുന്നു. സാധാരണ സംഗതി അനുസരിച്ചു നോക്കുന്നതായാല്‍, ഒരു സെഷന്‍സ് ജഡ്ജിയുടെ വിധിന്യായത്തിനു വിപരീതമായി ഹൈക്കോടതി വിധി കല്പിക്കാറുണ്ടെങ്കിലും സെഷന്‍സ് ജഡ്ജി തന്‍റെ ബുദ്ധിയെത്തും വിധം  അഭിപ്രായം പറഞ്ഞതിന് ഇങ്ങനെയൊരു ഭാഗ്യദോഷം അനുഭവിക്കാന്‍ സംഗതിയില്ലാത്തതാണ്. എന്നാല്‍, മിസ്റ്റര്‍ മേനവന് ഇക്കാര്യത്തില്‍ അപ്രതീക്ഷിതമായ ഒരു അനുഭവം ഉണ്ടായത് ഒരു വിശേഷസംഗതി തന്നെയാകുന്നു. ചാല ലഹളക്കേസ്സിൽ സെഷന്‍സ് കോര്‍ട്ടിലെ വിധിപ്രസ്താവിച്ചതിന്‍റെ ശേഷം, മിസ്തര്‍ മേനവന് ലഭിച്ചതു സീനിയര്‍ ജഡ്‍ജിസ്ഥാനവും, നൂറുരൂപാ ശമ്പളക്കൂടുതലും ആയിരുന്നു. ഇപ്പൊള്‍, ഹൈക്കോടതിയുടെ ജഡ്‍ജിമെണ്ടില്‍ മിസ്തര്‍ മേനോന്‍റെ നടവടിയെപ്പററി പറഞ്ഞ റിമാര്‍ക്കുകളുടെ ഫലമായി ജോലിയില്‍ നിന്ന് സസ്പെന്‍ഷനാണ് ലഭിച്ചത്. ആശ്ചര്യജനകമായ ദൈവദുര്‍ന്നിയോഗം എന്നേ പറയേണ്ടതായുള്ളു. ഈ ദൈവദോഷമനുഭവിപ്പാന്‍ ഗവര്‍ന്മെണ്ട് മിസ്തര്‍ മേനവനെ മാത്രം പാത്രമാക്കുന്നതായാല്‍, അതു വളരെ അനീതി തന്നെയായിരിക്കും. കള്ളത്തെളിവുണ്ടാക്കുകയും തെളിവു മറയ്ക്കുകയും ചെയ്തു എന്ന കുററം ആരോപിച്ച് ക്രിമിനല്‍ പ്രാസിക്യൂഷന്‍ ഹൈക്കോടതിയാൽ കല്പിക്കപ്പെട്ട പൊലീസ് അസിസ്റ്റന്‍റ്  സൂപ്രെണ്ടു മിസ്റ്റര്‍ സ്വാമിനാഥശാസ്ത്രിയെ 'തല്‍ക്കാലത്തേക്ക് ജോലിയില്‍നിന്നു വിടുര്‍ത്തപ്പെട്ടിരിക്കുന്നു  എന്ന മംഗളഭാഷിതംകൊണ്ട് തടവി വിടുവാന്‍ തോന്നിയ ഗവര്‍ന്മെണ്ടിന്‍റെ നീതിദൃഷ്ടിയുടെ വിഷമത്വം ഈ അവസരത്തില്‍ സവിശേഷം ആക്ഷേപാര്‍ഹമായിതന്നെയിരിക്കുന്നു.

 കല്പാലക്കടവില്‍നിന്നു തിരുവല്ലത്തേക്ക് വെട്ടിയിരിക്കുന്ന തോട്ടില്‍, കല്പാലക്കടവിനടുത്തു തന്നെയുള്ള പാലത്തിന്നു സമീപം വസിക്കുന്ന ജനങ്ങള്‍ക്ക് സാനിട്ടേഷന്‍ സംബന്ധിച്ച് ഒരു വലിയ പരാതിയുണ്ട്. ഈ മഹാസങ്കടത്തെപ്പററി അവര്‍ നഗരശുചീകരണകമ്മിററിമുമ്പാകെ ഹര്‍ജികളും ബോധിപ്പിച്ചിട്ടുണ്ട്.  നഗരത്തില്‍ പലേഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന മലമൊക്കെ സാനിട്ടറിക്കാര്‍ മേല്പടിപാലത്തിനടുത്തുകൊണ്ട് തള്ളുന്നതുനിമിത്തം, സമീപവാസിജനങ്ങള്‍ക്കു ദുസ്സഹമായ വ്യഥയുണ്ടാകുന്നുണ്ട്. കമ്മിററി പ്രെസിഡണ്ട് ഡിവിഷന്‍പേഷ്കാര്‍ ഡാക് ടര്‍ സുബ്രഹ്മണ്യയ്യര്‍ ഇങ്ങനെയുള്ള പൊതുജനസങ്കടങ്ങളെപ്പററി അന്വേഷണം നടത്തുന്നതിനുപകരം, തന്‍റെ ജാമാതാവായ പൊലീസ് അസിസ്റ്റന്‍റ് സൂപ്രെണ്ട് മിസ്തര്‍ സ്വാമിനാഥശാസ്ത്രിക്ക് പ്രതികൂലമായി ചാലലഹളക്കേസ്സില്‍ മൊഴികൊടുത്ത ഹെല്‍ത്താഫീസര്‍ മിസ്തര്‍ കേശവറാവുവിനെയും മററും നിസ്സാരകാര്യങ്ങളെ പിടിച്ചുങ്കൊണ്ട് പീഡിപ്പിക്കുന്നതിനാണ് ഉത്സാഹിക്കപ്പെട്ടിരിക്കുന്നത്. ജനസമൂഹത്തിന്‍റെ പ്രയത്നഫലത്തില്‍ പോഷിപ്പിക്കപ്പെടുന്ന സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ കാമചാരികളായിരുന്നാല്‍, ജനക്ഷേമം എങ്ങനെ പാലിക്കപ്പെടുമെന്നു ഞങ്ങളറിയുന്നില്ലാ. മേല്പറഞ്ഞ പ്രജകളുടെ സങ്കടത്തെ ഗവര്‍ന്മെണ്ട് ഗൌനിച്ച് ഉടന്‍പരിഹരിക്കേണ്ടതു രാജനീതിക്ക് ആവശ്യമാകുന്നു.

 റംഗൂണിലെ സിവില്‍ ജെനറല്‍ ആശുപത്രിയില്‍ *************************************************************

  • Published on June 21, 1909
  • By Staff Reporter
  • 107 Views
You May Also Like