വിദേശവാർത്ത

  • Published on January 09, 1907
  • By Staff Reporter
  • 482 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 സാന്‍ഫ്രാന്‍സിസ്കോവില്‍ നിന്ന് ജപ്പാന്‍ വേലക്കാരെ കളയണമെന്നും മറ്റുമുള്ള വഴക്ക് മൂത്തുവരുന്നു.

 കോഴിക്കോട്ടേ ഒരു പ്രസിദ്ധ വക്കീലായിരുന്ന മഞ്ചേരി സുബ്രഹ്മണ്യയ്യര്‍ അവര്‍കള്‍ ഇതിനിടെ മരിച്ചുപോയിരിക്കുന്നു.

 ചൈനാരാജ്യത്തുനിന്ന് അമേരിക്കന്‍ ചരക്കുകളെ വിസര്‍ജ്ജിക്കുന്ന നടപടി വീണ്ടും ഊര്‍ജ്ജിതമായി തുടങ്ങിയിരിക്കുന്നു.

 പര്‍ഷ്യയിലെ ഷാഹുചക്രവര്‍ത്തിയുടെ രോഗം, ഇടയ്ക്ക് അല്പം ഭേദമായിരുന്നുവെങ്കിലും വീണ്ടും കലശലാണെന്ന് കാണുന്നു.

 ഭവര്‍പൂരിലെ നവാബ് അവര്‍കള്‍ ഹജ്ജ്  തീര്‍ത്ഥയാത്രയായി ജിദ്ദയില്‍ എത്തി ഡിസംബര്‍ 26നു - മെദീനത്തേക്കു പോയിരിക്കുന്നു.

 മിസ്റ്റര്‍ ദാദാഭായി നവരോജി ജനവരി 4 - നു കല്‍ക്കത്താ വിട്ടിരിക്കുന്നു. 12 നു- യിടയ്ക്ക് ബംബയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറുന്നതാണ്.

  സര്‍വിയായിലെ രാജാവിന്‍റെ പേരില്‍ പ്രജകള്‍ക്ക് രഞ്ജനയില്ലാതെ,  അവര്‍ രാജാവിനെയും ഗവര്‍ന്മേണ്ടിനെയും ദ്വേഷിച്ച് ചിലത് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.

 ഇക്കൊല്ലത്തെ പുതുവര്‍ഷബഹുമതികളുടെ കൂട്ടത്തില്‍ റായ് സാഹേബ് എന്ന സ്ഥാനം മലബാറില്‍ പൊന്നാനി തഹശീല്‍ദാര്‍ മിസ്റ്റര്‍ ഏ. ചന്തുനമ്പ്യാര്‍ക്ക് ലഭിച്ചിരിക്കുന്നു.

 നെറ്റാലില്‍ സുളുജനങ്ങളുടെ ലഹള വീണ്ടും ഉണ്ടാകുമെന്നു കാണുന്നു. അവരുടെ തലവനായ ഡിന്‍സുലുവിനെ രാജദ്രോഹകുറ്റത്തിന് ഉടന്‍ വിചാരണ ചെയ്യുന്നതാണത്രേ.

 റഷ്യയിലെ ചില വലിയ ഉദ്യോഗസ്ഥന്മാരെ കൊല ചെയ്യുന്നതിന് ചില ഉപജാപകന്മാര്‍ തമ്മില്‍ ആലോചിച്ചു നിശ്ചയിച്ചിരുന്ന ഏര്‍പ്പാടുകളെല്ലാം എങ്ങനെയോ പോലീസുകാര്‍ കണ്ടു പിടിച്ചിരിക്കുന്നു.

  ഇതേവരേയായി അമ്പതിനായിരം ഹജ്ജ് തീര്‍ത്ഥയാത്രക്കാര്‍ ഇക്കൊല്ലത്തില്‍, മക്കത്ത് എത്തീട്ടുണ്ടെന്ന് കാണുന്നു. അവിടത്തെ സബിദാതോട്ടില്‍ യാത്രക്കാര്‍ക്ക് ആവശ്യമുള്ളിടത്തോളം, വെള്ളം വിട്ടുകൊടുക്കുവാന്‍ ആജ്ഞ പുറപ്പെട്ടിട്ടുണ്ട്.

You May Also Like