കേരളവാർത്ത - കൊച്ചി
- Published on May 06, 1908
- By Staff Reporter
- 786 Views
തൃശ്ശിവപേരൂരില്‍ വസൂരികൊണ്ട് അനവധി മരണങ്ങള്‍ ദിവസന്തോറും ഉണ്ടായിവരുന്നുണ്ടെന്നും കുട്ടികളുടെ ഇടയിലാണ് മരണം അധികമായുണ്ടാകുന്നതു എന്നും അറിയുന്നു.
തിരുവിതാംകൂറില്‍ തെങ്ങുകള്‍ക്കു ഒരുതരം രോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടെന്നു കാണുകയാല്‍ അവിടെനിന്ന് ഈരാജ്യത്തേക്ക് തെങ്ങിന്‍തൈകള്‍ കൊണ്ടു വന്നുകൂടെന്ന് വിരോധിച്ചിരിക്കുന്നു.
ഫാറസ്റ്റ് ശിരസ്തദാര്‍ മിസ്റ്റര്‍ ഗോപാലപ്പണിയ്ക്കര്‍ ഇടപ്പള്ളി കാര്യക്കാരായി പോകുന്നതിനുപകരം, ദിവാന്‍പേഷ്കാര്‍ ഹെഡ് ക്ലാര്‍ക്ക് മിസ്റ്റര്‍ സി. വി. കൃഷ്ണമേനോനെ നിയമിക്കുമെന്നു കേള്‍ക്കുന്നു.
ഇരിങ്ങാലക്കുടയിലെ ഒരു വക്കീല്‍ ഒരു ജഡുക്കാവണ്ടിക്കാരന് അരയണ കുറച്ചുകൊടുത്തതിനാല്‍ മേല്പടി വണ്ടിക്കാരന്‍ തന്‍റെ കുട പിടിച്ചുപററി എന്നൊരു കേസ്സ് മുകുന്നപുരം മജിസ്ട്രേട്ടു കോര്‍ട്ടില്‍ നടന്നുവരുന്നു.
"ഭാരതവിലാസം സഭ,,യുടെ തൃതീയ വാര്‍ഷികോത്സവം തൃശ്ശിവപേരൂര്‍ പൂരത്തിന്‍റെ പിറ്റേദിവസമായ ഇമ്മാസം 29-ാം നു- തിങ്കളാഴ്ച പകല്‍ മൂന്നരമണിക്ക് ടി- അച്ചുകൂടത്തില്‍വെച്ച് ആഘോഷിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു. ഏ. ആര്‍. രാജരാജവര്‍മ്മ എം. ഏ, എം ആര്‍. ഏ. എസ് കോയിത്തമ്പുരാന്‍ അവര്‍കള്‍ അഗ്രാസനസ്ഥാനം വഹിക്കുന്നതാണ്.