വാരവൃത്തം
- Published on May 15, 1907
- By Staff Reporter
- 879 Views
തിരുവനന്തപുരം
1082 ഇടവം 1
ദേവസ്വം കമ്മീഷണർ
എന്ന പുതിയ ഉദ്യോഗത്തിന് ഹൈക്കോടതി ജഡ്ജിയായിരിക്കുന്ന മിസ്റ്റർ രാമചന്ദ്രരായരെ നിയമിച്ചതായി വായനക്കാർ കേട്ടിരിക്കുമല്ലോ. ധർമ്മനിഷ്ഠനും ഈശ്വരഭക്തനും ആയ ഇദ്ദേഹത്തെ ജഡ്ജി സ്ഥാനത്ത് നിന്നു നീക്കുന്നതിൽ ജനങ്ങൾ തീരെ അനുമോദിക്കുന്നില്ലെന്ന് പറഞ്ഞേ തീരൂ. തിരുവിതാംകൂറിലെ ഇപ്പോഴത്തെ രാജസേവക രാജ്യഭരണ സമ്പ്രദായത്തെ ചിന്തിക്കുമ്പോൾ, ഹൈക്കോടതിയിൽ മിസ്റ്റർ സദാശിവയ്യരെയും മിസ്റ്റർ രാമചന്ദ്രരായരെയും പോലെയുള്ള ജഡ്ജിമാരുടെ സാന്നിധ്യം ഒരിക്കലും ഒഴിച്ച് കൂടാൻ പടില്ലാത്തതാകുന്നു എന്നതിന് സംശയമില്ലാ. മിസ്റ്റർ രാമചന്ദ്രരായർ, തിരുവിതാംകൂറിലെ ഗവൺമെൻ്റ് സർവീസിൽ തന്നെ ഉദ്യോഗം വഹിച്ചു, ഹൈക്കോടതി ജഡ്ജി സ്ഥാനത്തെ, സ്വന്ത പ്രയത്നത്തിൻ്റെ ഫലമായി ലഭിച്ചിട്ടുള്ള ആളാണ്. ഈ നാട്ടിലെ രാജസേവക പ്രഭാവത്തിൽ അടിപെടാതെ നിഷ്കളങ്കനായി ഉയർന്നിട്ടുള്ള ഇദ്ദേഹത്തിന്, രാജസേവക ഭീതി ഇല്ലെന്നും നീതിയിൽ തന്നെ താല്പര്യമെന്നും ഉള്ള വസ്തുത, വടശ്ശേരി കോവിൽ കേസ്സിലെ വിധി ന്യായത്താൽ വെളിപ്പെടുത്തീട്ടുണ്ട്.
രാജസേവകന്മാരുടെ അഴിമതി
യെ വെളിപ്പെടുത്തീട്ടുള്ള ആ കേസ്സിനെപ്പോലെയുള്ള ചില കേസ്സുകൾ അടുത്ത കാലത്ത് തന്നെ ഹൈക്കോടതിയിൽ വന്നുചേരുന്നതിനിടയുണ്ട്. ആലപ്പുഴെ നടക്കുന്ന പൂഞ്ഞാറ്റിടവകക്കേസ്സും മറ്റു ചില കേസ്സുകളും, വടശ്ശേരി കോവിൽക്കേസ്സിനൊപ്പം പ്രഖ്യാതമാവാൻ കാരണങ്ങളുണ്ട്. ആ വക കേസ്സുകൾ ഹൈക്കോടതിയിൽ എത്തുമ്പോഴേ മിസ്റ്റർ രാമചന്ദ്രരായരെ മാറ്റിക്കഴിഞ്ഞിരുന്നാല്‍, അദ്ദേഹം രാജസവേകപ്രഭാവത്തെക്കുറിച്ചു വല്ലതും വിധിന്യായത്തില്‍ പ്രസ്താവിക്കുന്നതിന് സംഗതി വരുന്നതല്ലല്ലൊ എന്നു****കക്ഷിക്കാര്‍ക്കു വിചാരമുള്ളതായി അറിയുന്നു. അവരുടെ അഭിലാഷമനുസരിച്ചാണോ ഈ മാറ്റം നിശ്ചയിച്ചതെന്നുകൂടി ജനങ്ങള്‍ക്ക് ശങ്ക ജനിച്ചിട്ടുണ്ട്. എന്നാല്‍ മിസ്റ്റര്‍ രാമചന്ദ്രരായര്‍ക്ക് ദേവസ്വം കമീഷണരായി പോവാന്‍ മനസ്സില്ലെന്ന് പറഞ്ഞു ഒഴിഞ്ഞിരിക്കുന്നതായും, അതിനാല്‍, മിസ്റ്റര്‍ ആര്‍ മഹാദേവയ്യര്‍ അണ്ടര്‍ സിക്രട്ടറിയെ ദേവസ്വം കമീഷണരാക്കുവാന്‍ ഇടയുള്ളതായും ഇപ്പോള്‍ ഒരു കേള്‍വി പുറപ്പെട്ടിട്ടുണ്ട്. ഇത് എത്രമേല്‍ വാസ്തവമാണെന്ന് ഞാന്‍ അറിയുന്നില്ലാ. എന്നാല്‍,
വാസ്തവമായുള്ള ഒരു സംഗതി
ഇതിനിടയില്‍ നടന്നിരിക്കുന്നതു ഞാന്‍ അറിഞ്ഞു. തീപ്പെട്ട അശ്വതിതിരുനാള്‍ കൊച്ചുതമ്പുരാന്‍ തിരുമനസ്സിലെ അമ്മച്ചിയും അവരുടെ തറവാട്ടുകാരണവനായ കിഴക്കേതില്‍ നാണുപിള്ള അവര്‍കളും തമ്മില്‍ ചില വസ്തുതര്‍ക്കത്തിന്മേല്‍ സിവില്‍ കേസ്സ് നടന്നു വരുന്നതിനിടയില്‍, മിസ്റ്റര്‍ ടി. ശങ്കരന്‍ തമ്പി, മറ്റൊരു വലിയ സിവിള്‍ക്കേസ്സിന് ഹേതുവുണ്ടാക്കുന്ന ഒരു സംഗതി നടത്തിരിക്കുന്നതയി അറിയുന്നു. ശങ്കരന്‍ തമ്പിയുടെ രമ്യമായ ഹര്‍മ്മ്യത്തിനു സമീപത്ത് മേല്പറഞ്ഞ തറവാട്ടുകാര്‍ക്ക് ഏതാനും വസ്തുക്കള്‍ ഉള്ളതിനെ, മേല്പറഞ്ഞ സ്ത്രീയുടെയും സഹോദരിയുടെയും പക്കല്‍ നിന്ന് മുപ്പതുവത്സരത്തെ കാലാവധിവച്ച് മൂവായിരം രൂപയ്ക്ക് ഒറ്റി വാങ്ങിയിരിക്കുന്നു. മേല്പറഞ്ഞ സ്ത്രീകള്‍ ഒരു കക്ഷിയായും, മിസ്റ്റര്‍ നാണുപിള്ള മറു കക്ഷിയായും നടക്കുന്ന സിവില്‍ ക്കേസ്സില്‍, ........ ജില്ലാക്കോടതിയില്‍നിന്ന്, മിസ്റ്റര്‍ നാണുപിള്ളയാണ് തറവാട്ടു കാരണവരെന്ന് സ്ഥാപിച്ചു വിധി നല്‍കിയിരിക്കുന്നതിന്മേല്‍, ഹൈക്കോടതിയില്‍ മറു കക്ഷികള്‍ അപ്പീല്‍ ചെയ്തിട്ടുള്ളതായി കേള്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍, മിസ്റ്റര്‍ ശങ്കരന്‍ തമ്പി മേല്പറഞ്ഞ വസ്തുവിനെ എഴുതി മേടിക്കയും, പഴയ കെട്ടിടങ്ങള്‍ പൊളിപ്പിച്ചു പുതിയ ഹര്‍മ്മ്യം പണിയിച്ചു തുടങ്ങുകയും ചെയ്തത്, തീരെ അനുചിതമെന്നു തന്നെ പറയേണ്ടതാണല്ലൊ. മിസ്റ്റര്‍ നാണുപിള്ള ഈ ഒറ്റി ആധാരത്തെ അസ്ഥിരപ്പെടുത്തുന്നതിന് സിവില്‍കേസ്സ് കൊടുക്കണമെങ്കില്‍, എത്രയോ രൂപ ചെലവാക്കേണ്ടിവരും. രാജ്യത്തിലുള്ള ജനങ്ങളോടു ഉദ്യോഗം കൊടുക്കുന്ന വിഷയത്തിലും മറ്റും മറ്റും കൈക്കൂലിയായി പണമപഹരിച്ച്, അവരെ മുടിക്കുന്ന ഒരു രാജ്യസേവകന്‍, മാന്യതറവാടുകളില്‍, ഛിദ്രം വര്‍ദ്ധിപ്പിച്ചും, പാഴ്വ്യവഹാരങ്ങള്‍ പെരുക്കിയും, അംഗങ്ങളെ തമ്മില്‍ പിണക്കി, തറവാട്ടു സ്വത്ത് കൂടെ നശിപ്പിക്കുന്നതിന് ഹേതുവുണ്ടാക്കുന്ന പ്രവൃത്തികള്‍ക്ക് തുനിഞ്ഞിരിക്കുന്നത്, മഹാരാജാവുതിരുമനസ്സിലെക്കുറിച്ചും, അവിടുത്തെ ഗവര്‍ന്മേണ്ടിനെക്കുറിച്ചും, തെല്ലും ആദരമില്ലായ്മയുടെയും ധിക്കാരത്തിന്‍റെയും ലക്ഷ്യമാണെന്നല്ലാതെ മറ്റെന്താണ് പറവാനുള്ളത്? മിസ്റ്റര്‍ ശങ്കരന്‍തമ്പിക്ക് എതു തര്‍ക്കപ്പെട്ട വസ്തുവും എഴുതിക്കൊടുത്തു കളഞ്ഞാല്‍, കേസ്സു ജയിച്ചുകൊള്ളുമെന്ന് ചില ജനങ്ങള്‍ തെറ്റായിട്ടോ, അടിസ്ഥാനത്തോടുകൂടിയോ ധരിച്ചുവച്ചിട്ടുണ്ടെന്നു തോന്നുന്നു. മിസ്തര്‍ തമ്പി നാട്ടിനെ ആകപ്പാടെ പീഡിപ്പിച്ചുവരുന്നതു പോരാഞ്ഞിട്ടെന്നവണ്ണം, വീടുകളെ ഓരോന്നായി നശിപ്പിക്കുന്നതിന് തുടങ്ങിയിരിക്കുന്നത് വിചാരിക്കുമ്പോള്‍, "ലോകരാവണരാവണഭീതികൊണ്ടാകുലരായി ദേവകളൊക്കെയും" എന്നുള്ള പദ്യഖണ്ഡം ഓര്‍മ്മയില്‍പെടുന്നു.
ഈ നഗരത്തിലെ പത്രങ്ങളില്‍
ചിലത് ഊര്‍ദ്ധ്വശ്വാസം വലിച്ചു തുടങ്ങി. "മലബാര്‍ മെയില്‍" എന്ന ഇംഗ്ലീഷ് പത്രം മൂന്നുനാലുമാസത്തെക്ക് മുടക്കിയിരിക്കുന്നതായി അറിയുന്നു. വരിക്കാരില്‍ പലരും ഒട്ടേറെ തുക കൊടുക്കാനുള്ളതു കൊടുക്കാഞ്ഞിട്ടാണ് പത്രം മുടക്കേണ്ടിവന്നതെന്ന് കേള്‍ക്കുന്നുണ്ട്. അതിന്‍റെ ഉടമസ്ഥരായ മിസ്റ്റര്‍ ലക്ഷ്മണയ്യര്‍ക്കു ഈ പത്രം നടത്തുക നിമിത്തം കുറെഏറെ പണം നഷ്ടമായിട്ടുണ്ട്. ഈയിട ഈ പത്രം പ്രസിദ്ധീകരിച്ച കടക്കാരുടെ ലീസ്റ്റ് നോക്കിയാല്‍, ഇതിന്‍റെ വാസ്തവം ഗ്രഹിക്കാവുന്നതാണ്. ബ്രാഹ്മണരുടെപ്രതിനിധിയായ ഈ ഇംഗ്ലീഷ് പത്രം ഇങ്ങനെ മുടങ്ങിയത് കഷ്ടംതന്നെ. "ദ്വിജരാജ"നും കാർമേഘങ്ങളുടെ ഇടയില്‍ പെട്ട് പ്രകാശിക്കാതിരിക്കയാണ്. അതിന്‍റെ ഉടമസ്ഥര്‍ കാര്യവശാല്‍ ചങ്ങനാശേരിക്ക് പോയിരിക്കുന്നു. നിന്ദാവഹങ്ങളായുള്ളവ യാതൊന്നും അച്ചടിച്ചു കൊടുക്കാതെ മാന്യതയെ പരിപാലിച്ചു പോന്നിരുന്ന "വെസ്റ്റേണ്‍സ്റ്റാര്‍" അച്ചുക്കൂടത്തിന്‍റെ സല്‍കീര്‍ത്തിയെ, ദുര്‍ഭാഷണങ്ങളും അസഭ്യലേഖനങ്ങളും ആഭാസപ്രസംഗങ്ങളും അച്ചടിപ്പിച്ചു മലിനപ്പെടുത്തിവരുന്നതും, വിപരീതാര്‍ത്ഥത്തില്‍ നാമകരണം ചെയ്യപ്പെട്ടതായി ജനങ്ങള്‍ ധരിക്കുന്നതിന്‍തക്കവണ്ണം ദുര്‍ഭാഷിണിയായി നടത്തപ്പെട്ടുവരുന്നതുമായ "സുഭാഷിണി"യും ഇടയ്ക്കിടയ്ക്ക് തിരോധാനം ചെയ്യുക പതിവായിരിക്കുന്നു. "സുഭാഷിണി"യുടെ മുമ്പത്തെ പ്രവര്‍ത്തകന്മാര്‍കൂടി, ശങ്കരന്‍തമ്പിയുടെ സഹായത്തില്‍, മിസ്റ്റര്‍ വി. പി. മാധവരായരെ ശകാരിപ്പാനായി നടത്തിയിരുന്നതും, ഇടക്കാലത്ത് ഒരു സിവില്‍കേസ്സില്‍ പ്രെസ്സ് ജപ്തിചെയ്യപ്പെടുക നിമിത്തം മുടങ്ങിപ്പോയതും, "മലബാര്‍ മെയില്‍" പത്രത്തില്‍ "കഞ്ഞിരാജ്" എന്ന് ആക്ഷേപിക്കപ്പെട്ടിരുന്നതും ആയ "വഞ്ചിരാജ്" എന്ന ഇംഗ്ലീഷ് പത്രത്തെ ചിലര്‍ കൂടി പുനര്‍ജീവിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നതായും കേള്‍ക്കുന്നുണ്ട്. ശങ്കരന്‍തമ്പിയുടെ അഴിമതികളെപ്പറ്റി ഒന്നും പറയാതെയും, ശങ്കരന്‍തമ്പിയെ സ്തുതിച്ചും പൊതുജനപ്രാതിനിധ്യം വഹിക്കുന്നതിന്, മുക്കുവഭാഷയെ രാജഭാഷയായ് വരിച്ചിരിക്കുന്ന ഒരു മലയാളം പത്രം ഉണ്ടായിരിക്കെ, ഇനിയും "വഞ്ചിരാജ്" കൂടെ ഉദ്ധരിപ്പിച്ച്, തിരുവിതാംകൂറിലെ നായന്മാരെപ്പറ്റി മറുനാട്ടുകാര്‍ക്കു നിന്ദ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്യമിക്കുന്നവരുടെ യത്നം മറ്റുമാര്‍ഗ്ഗത്തില്‍ നയിക്കുന്നതാണ് ഉത്തമമെന്ന് കക്ഷിപ്പത്രമായ് നടത്തപ്പെട്ട മലബാര്‍ മെയിലിന്‍റെ അനുഭവം കണ്ടിട്ടെങ്കിലും അവര്‍ ഗ്രഹിക്കട്ടെ. ചേരന്‍