ദേവസ്വം ഊട്ടുപരിഷ്കാരം

  • Published on February 01, 1908
  • By Staff Reporter
  • 674 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ഈ നാട്ടിലുള്ള ദേവാലയങ്ങളേയും ഊട്ടുപുരകളേയും പരിഷ്‌കരിച്ച്, അവയ്ക്കു വേണ്ടി സർക്കാരിൽ നിന്ന് വ്യയം ചെയ്യുന്ന ദ്രവ്യത്തെ ക്രമപ്പെടുത്തുന്നതിനായി, ഉദ്ദേശിച്ചും കൊണ്ടു, നമ്മുടെ ഗവൺമെന്‍റെ് ചിലതൊക്കെ പ്രവർത്തിച്ചു വരുന്നതായി അറിഞ്ഞിട്ടുണ്ടല്ലോ. ഗവൺമെന്‍റിന്‍റെ ആ യത്‌നങ്ങൾ ഒക്കെ ഗവൺമെന്‍റിനു ഊട്ടുപുരകളോടും അമ്പലങ്ങളോടും ഉള്ള ദ്രവ്യസമ്പന്ധത്തെ അല്ലാതെ, മറ്റു വിധത്തിൽ ജനങ്ങളേയും നാടിനെയും ബാധിക്കുമെന്ന് വിചാരിക്കുന്നില്ല. ഗവൺമെന്‍റെ് പ്രജകൾക്കു വേണ്ടി വർത്തിക്കുന്നു എന്നല്ലാതെ, പ്രജകൾ ഗവൺമെന്‍റിനു വേണ്ടി ജീവിക്കുന്നു എന്ന് നമ്മുടെ രാജ്യഭരണധുരന്ധരന്മാർ ഗണിക്കുന്നതിൽ ഉള്ള അനർഥങ്ങളാണ് ഈ നാടിനെ ഇക്കാലത്തു പീഡിപ്പിക്കുന്ന സംഗതികളിൽ പ്രധാനമായിട്ടുള്ള രാജസേവകോന്മാദത്തിനും ജാതിസ്പർദ്ധക്കും ആസ്പദമായി നിൽക്കുന്നത്. ബ്രിട്ടീഷ് സർവീസിൽ ഖ്യാതിയെ സമ്പാദിച്ചു, തിരുവിതാംകൂർ ദിവാൻപദത്തിൽ ആവിർഭവിച്ചിരിക്കുന്ന മിസ്റ്റർ രാജഗോപാലാചാര്യർ, മേല്പറയപ്പെട്ട പ്രമാദത്തിൽ ഭ്രമിച്ച് തെറ്റിപ്പോകുമെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. രാജ്യഭരണ കാര്യങ്ങളിൽ ഏർപ്പെടുത്തപ്പെടുന്ന എന്തു നിയമങ്ങളും, പ്രജകളുടെ ക്ഷേമാഭിവൃദ്ധിയെ പോഷിപ്പിക്കുന്നവയായിരുന്നില്ലെങ്കിൽ, ആ നിയമങ്ങളൂടെ പ്രവർത്തനത്തിന്, പ്രജകളിൽ നിന്ന്‌ ഗവൺമെന്റ് പിരിച്ചെടുക്കുന്ന ദ്രവ്യത്തെ വ്യയം ചെയ്യുന്നതിൽ എന്ത് ന്യായമാണുള്ളത്? പ്രജാഭ്യദയ പോഷണം എന്ന തോതു കൊണ്ടല്ലാതെ, ഒരു ഗവൺമെന്‍റിനേയും, അതിൻ്റെ പ്രതിഷ്ഠാപകനായ മഹാരാജാവിനേയും, പ്രവർത്തകന്മാരായ ദിവാൻജി ആദിയായ ശമ്പളക്കാരെയും, അവരുടെ നാനാപ്രകാരങ്ങളിലുള്ള യോഗ്യതായോഗ്യതകളെയും അളക്കുവാൻ പാടില്ല. ഈ തോതുകൊണ്ട്, നമ്മൾ സർക്കാർ അനുദിനം വ്യയം ചെയ്യുന്ന ധനധാന്യങ്ങളെ അളക്കുമ്പോൾ, നമ്മുടെ ചുറ്റും നമ്മുടെ നാട്ടിൽ കാട്ടിക്കൂട്ടുന്ന ചപലതകൾക്കു  എന്ത് അർഥമാണ് പ്രജകളും അയൽരാജ്യവാസികളും സങ്കൽപ്പിക്കേണ്ടത്‌? മഹാരാജാവു മുതൽ ശേവുകക്കാരൻവരെയുള്ള ഗവൺമെന്‍റ് ധികൃതന്മാർ,  സ്വാർത്ഥപരന്മാരായി ഗവൺമെന്‍റിന്‍റെ ദ്രവ്യത്തെ വാരിക്കോരി എറിയുന്നതിന് നുവദിക്കുകയും, അതിനെ കണ്ട് അനുമോദിക്കുകയും ചെയ്യുന്നവരായിരിക്കുമ്പോൾ, ഒരു നാടിന്‍റെയും അതിൽ അധിവസിക്കുന്ന പ്രജാവലിയുടെയും ക്ഷേമാഭിവൃദ്ധിക്കുള്ള പരിശ്രമങ്ങൾ അനുശോചനീയമായി പരിണമിക്കുന്നതിൽ വിസ്മയിക്കുവാനില്ല.

ദേവസ്വങ്ങളും ഊട്ടുപുരകളും ഈ നാട്ടിൽ സ്ഥാപിച്ചിരിക്കുന്നത് മതധർമ്മാനുഷ്ഠാന പ്രതിപത്തി കൊണ്ടാകുന്നു. പ്രജകളുടെ ഭരണത്തിന് ഈ സ്ഥാപനങ്ങൾ ആവശ്യമില്ലെന്ന് മാത്രമല്ലാ, അവ പ്രജകളെ നാനാപ്രകാരത്തിൽ ഛിദ്രിപ്പിക്കുന്നവയായും ആഭാസപ്പെടുത്തുന്നവയായും കാണപ്പെടുന്നു. ഈ സ്‌ഥാപനങ്ങൾ പ്രജകളുടെ സന്മാർഗ്ഗനിഷ്ഠയെ നിയന്ത്രിച്ചു, പോലീസുകാരുടെയും മജിസ്‌ട്രേറ്റുമാരുടെയും ജോലിയെ ലഘുപ്പെടുത്തുമെങ്കിൽ, ഏറ്റവും ശ്ലാഘനീയമായ ഏർപ്പാടായി ഗണിക്കപ്പെടാവുന്നതു തന്നെ. ഇവയുടെ അഭാവത്തെ സംസ്കരിക്കുന്നതിന്, ഗവൺമെന്‍റ് ഉദ്ദേശിച്ചിട്ടുണ്ടെന്ന് അവരുടെ ഇക്കാലംവരെയുളള യത്നങ്ങൾക്കൊണ്ട് നമുക്ക്‌ നിർണയിക്കുവാൻ കഴിവില്ലാ. ഇവ ഇപ്പോൾ, കവർച്ചയ്ക്കും, കൊള്ളയ്ക്കും, വ്യഭിചാരത്തിനും, അലസതയ്ക്കും, ദുഷ്‌ടതയ്ക്കും അഭയസ്ഥാനങ്ങളായി അനുഭവപ്പെട്ടിരിക്കുന്നു. ഇവയെ ചുറ്റി, ഇവയുടെ സംസർഗ്ഗത്തിൽ ഉപജീവിയ്കുന്ന ജനങ്ങളും,  സാധാരണ അലസന്മാരായും സന്മാർഗ്ഗഭ്രഷ്ടന്മാരായും കാണപ്പെടുന്നു. ഏതെങ്കിലും പ്രധാനപ്പെട്ട ക്ഷേത്രമുണ്ടെങ്കിൽ, മഹാരാജാവിൻ്റെ ദിവസംപ്രതിയുള്ള സന്ദർശനം കൊണ്ട് വിശേഷയോഗ്യതയെയും പ്രാധാന്യത്തെയും അർഹിക്കുന്ന ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രം തന്നെയും ഈ ദോഷത്തിൽ നിന്ന് അകന്നതായിരിക്കുന്നില്ലാ. അതിനെ ഉപജീവനത്തിനായി ചുറ്റിയിരിക്കുന്ന ആളുകൾ, സന്മാർഗ്ഗഹീനന്മാരായിട്ടേ കാണപ്പെടുന്നുള്ളൂ. ഈ ക്ഷേത്രങ്ങൾക്കും ഊട്ടുകൾക്കും എന്തെങ്കിലും അർത്ഥമുണ്ടെങ്കിൽ, അത് ജനങ്ങളുടെ സന്മാർഗ്ഗനിയമത്തെ സംബന്ധിച്ചിട്ടുള്ളതാണ്. ആ ഭാവത്തെ, നമ്മുടെ ക്ഷേത്രങ്ങളുടെ ഭരണത്തിൽ ആവിർഭവിപ്പിച്ചിരിക്കുമെങ്കിൽ, മഹാനുഭാവനായ ദേവസ്വം കമ്മീഷ്ണർ മിസ്റ്റർ രാമചന്ദ്രറാവു, നാട്ടുകാരുടെ അഭിനന്ദിക്കു എന്നെന്നേക്കും പാത്രമായി ഭവിക്കും. നമ്മുടെ പൂർവികന്മാർ ഏർപ്പെടുത്തിയതാകകൊണ്ട് അവയെ നിറുത്തൽ ചെയ്‍വാൻ പാടില്ലെന്ന് ശഠിക്കുന്ന വിഷയത്തിൽ,  ഇവയുടെ എന്തു ഫലവും ഗണനീയമായി വരുമോ? ഈ ക്ഷേത്രങ്ങളെ, പ്രജകളിൽ സന്മാർഗ്ഗനിഷ്ഠയെ പോഷിപ്പിക്കുന്നതിനായി ഉദ്ദേശിക്കുമ്പോൾ അവ അർത്ഥവത്തുക്കളായും, രാജ്യഭരണവിഷയമായും ഭവിക്കുമെന്നുള്ളതിന് സംശയമില്ല. ആ ഉദ്ദേശത്തെ ശരിയായി നിർവഹിക്കുന്നതിന്  വിചാരിക്കുന്ന ഗവൺമെന്‍റെ്, അവയെ ഏതു പ്രജാവർഗ്ഗത്തിൻ്റെ ഉപയോഗത്തിനായി സങ്കല്പിച്ചിരിക്കുന്നുവോ, ആ പ്രജാവർഗ്ഗത്തിൻ്റെ അന്വേഷണത്തിലും ചുമതലയിലും വിട്ടുകൊടുക്കേണ്ടതാകുന്നു. അവയെ സംബന്ധിച്ച്, ഗവൺമെന്‍റെ് ഒരു മേൽകോയ്‌മയുടെ ശാസകൻ എന്ന നിലയിൽ മാത്രം, ആ ധർമ്മകർത്താക്കന്മാരോട് പെരുമാറിയാൽ മതിയാകും എന്ന് ഞങ്ങൾക്ക്‌ അഭിപ്രായമുണ്ട്‌. ഇപ്പോൾ ക്ഷേത്രങ്ങളെ ശാന്തിക്കാർക്കും, മറ്റ് ആളുകൾക്കും, ഗവൺമെന്‍റെിനും ഒരു ആദായമാർഗ്ഗമായിട്ടാണ് നടത്തി വരുന്നത്. അങ്ങനെയുള്ള നടത്തിപ്പിൽ ദേവീപൂജ ചെയ്യുന്നവർ ദുരാശക്കാരും ദുർമാർഗ്ഗികളും ആയി, പ്രജകളെ നഷ്ടപ്പെടുത്തുന്നതിൽ അവരെ എന്ത് കുറ്റപ്പെടുത്തുവാനിരിക്കുന്നു? ദേവപൂജക്കാർ ഉത്തമന്മാരായും, അവരുടെ സദ് വൃത്തി കൊണ്ടും, മന്ത്രോപാസന കൊണ്ടും, വേദവേദാന്താധ്യയനം കൊണ്ടും, ലൗകികവിരക്തി കൊണ്ടും, പൂജാവിധി പരിജ്ഞാനം കൊണ്ടും, ബ്രാഹ്മണ പ്രമുഖന്മാരായും ഇരിക്കുന്നവരായാൽ, ക്ഷേത്ര പരിപാലന ഫലങ്ങളെ നമുക്ക് സ്വല്പം ആശ്വാസത്തോടു കൂടി വീക്ഷിച്ചിരിക്കാം. ക്ഷേത്രങ്ങളെ പരിഷ്കരിക്കുന്നതിന്‍റെ പ്രധാനാംശം, മന്ത്രാർത്ഥജ്ഞാനത്തേയും, പൂജാ വിധികളേയും, വേദവേദാന്താർത്ഥങ്ങളെയും പഠിപ്പിക്കുന്ന പരിശുദ്ധമായുള്ള ഒരു വൈദികശാലയെ  ഏർപ്പെടുത്തുന്നതായിരിക്കണം. ആ പാഠശാലയിലോ മറ്റു വിധത്തിലോ ദേവപൂജയ്ക്കും സദ് വൃത്തി പരിശീലനത്തിനും ആവശ്യമുള്ള ജ്ഞാനവിജ്ഞാനത്തെ അഭ്യസിച്ചു, അവരുടെ നടത്തകളാൽ ദൃഷ്ടാന്തപ്പെടുത്തുന്ന ബ്രാഹ്മണോത്തമന്മാരെ പൂജാ കാര്യങ്ങൾക്കു  ഏർപെടുത്തുവാൻ, മതധർമപരിപാലനത്തിൽ പാരമ്പര്യവിശ്വാസസ്മരണ കൊണ്ടും, സ്വന്തവിശ്വാസാനുഭവം കൊണ്ടും പ്രതിപത്തിയോടു കൂടിയിരിക്കുന്ന മഹാരാജാവ് അരുളിച്ചെയ്യുന്നതായാൽ, അതിലധികം മഹത്തായ കാര്യം ഒരു മഹാരാജാവ്, ധർമ്മവിഷയകമായി ചെയ്‌വാനില്ലെന്നും ഞങ്ങൾ മഹാരാജാവിനെ അറിയിക്കുന്നതിന് ധൈര്യപ്പെടുന്നു. 

ഗവൺമെന്‍റ് നകാര്യങ്ങൾക്കൊണ്ട്, ക്ഷേത്രങ്ങളുടേയും ഊട്ടുപുരകളുടെയും ഭരണത്തെ നന്നാക്കുവാൻ വിചാരിക്കുന്നതായാൽ, ആദ്യമേ തന്നെ, അതിലേക്കായി ചെയ്യേണ്ടത്, ധർമ്മബുദ്ധിയും ദൈവവിശ്വാസവും ലോകവിരക്തിയും തങ്ങളുടെ സദ് വൃത്തി കൊണ്ടു സമ്പാദിച്ചിട്ടുള്ള ഉത്തമന്മാരായ കാര്യക്കാരന്മാരെ നിയമിക്കുക ആകുന്നു. സ്വാർത്ഥവിരക്തന്മാരായ ധർമ്മകർത്താക്കന്മാരെ ലഭിച്ചു കഴിഞ്ഞാൽ ദേവസ്വങ്ങൾ ശുഭനിലയെ പ്രാപിക്കുന്നതിൽ സംശയിക്കുവാനില്ല. അങ്ങനെയുള്ളവരെ, കേവലം ഉദരപൂരണാർത്ഥം വേലചെയ്യുന്നതിന്  നിർബന്ധിക്കപ്പെട്ടിരിക്കുന്നവരുടെ ഗണത്തിൽ നിന്ന് ലഭിക്കുന്നതല്ല. അതിലേക്ക്, ഗവൺമെന്‍റ്   പൊതുജനങ്ങളുടെ ഇടയിൽ അന്വേഷിക്കേണ്ടതാണ് .

സർക്കാർ ധനവ്യയത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു സ്ഥാപനം ഊട്ടുപുരകളാണ്. ബ്രാഹ്മണരെ ഒഴിച്ചിട്ടുള്ള ജനങ്ങൾ ഒക്കെ, അവയെ നിറുത്തേണ്ടതാണെന്ന് അഭിപ്രായപ്പെടുകയും, ആ അഭിപ്രായത്തെ ഒരു പൊതുജന നിശ്ചയമാക്കി  മഹാരാജാവിനേയും ഗവൺമെന്‍റിനേയും ധരിപ്പിക്കുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു. ഈ കാര്യത്തിൽ ബ്രാഹ്മണരുടെ അഭിപ്രായം പരിഗണിക്കപ്പെടത്തക്കതല്ല. ഉത്തമന്മാരായ വൈദികബ്രാഹ്മണർ ഈ ഊട്ടുപുരകളെ തീണ്ടുകയോ അനുകൂലിക്കയോ ചെയ്യുന്നതല്ല. പിന്നെ, ധനസമ്പാദനത്തിനായി ദേശയാത്ര ചെയ്യുന്നവരായും, അലസതയിൽ സുഖമായി ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായും, ദുർവൃത്തന്മാരുമായുള്ള ഒരുകൂട്ടം ആളുകൾ, അവരുടെ ഉദരപൂരണഭംഗത്തെ ശങ്കിച്ച്, ഊട്ടുപുരകളെ ധർമ്മസ്ഥാപനങ്ങളാക്കി ഉൽഘോഷിച്ചു, മഹാരാജാവിന്‍റെയും പ്രജകളുടെയും മതനിഷ്ഠയെ വ്യാകുലപ്പെടുത്തുന്നതിന് ശ്രമിക്കുന്നുണ്ട്. അവരുടെ നിരർത്ഥകങ്ങളായ വാക്കുകളെ ഒരു ഗവൺമെന്‍റുo ഗൗനിക്കുമെന്ന് വിശ്വസിക്കുന്നില്ല. പൂർവികന്മാരുടെ ഹിതങ്ങളെ അനാദരിക്കുവാൻ, ഈ കാര്യത്തിൽ മാത്രം മടിയുള്ളവരുടെ ആശ്വാസത്തിനു വേണ്ടി ഈ ഊട്ടുപുരകളെ അവയുടെ സമീപത്തുള്ള ക്ഷേത്രങ്ങളോട് കൂട്ടിച്ചേർത്ത്, ക്ഷേത്രങ്ങളിൽ നിന്ന് ഇപ്പോൾ കാലത്തെ കുളിച്ചു ജപിച്ചു ഹാജരാകുന്ന ബ്രാഹ്മണന്മാർക്കായി സങ്കല്പിച്ചിട്ടുള്ള "നമസ്ക്കാരം" എന്ന ഭക്ഷണദാന സ്ഥാപനത്തിൽ ചേർത്താൽ, ഇപ്പോൾ ഊട്ടുപുരകളിൽ നിന്ന് ഉണ്ടാകുന്ന ദോഷങ്ങളെ അകറ്റാമെന്നുള്ളതാണ്; ഊട്ടുപുരകളുടെ ഭരണത്തിന് പ്രത്യേകം ജീവനക്കാരും ആവശ്യപ്പെടുകയില്ല. ഒരുവിധം ബ്രാഹ്മണവൃത്തിയോടു കൂടിയ ആളുകൾക്കേ, അത് ലഭിക്കുന്നതിന് അർഹതയുള്ളതായി വരുകയുള്ളൂ. ഊട്ടുപുരകളെ അപ്രകാരം നിറുത്തി, ക്ഷേത്രങ്ങളിൽ ഇപ്പോൾ നടത്തി വരുന്ന നമസ്ക്കാരത്തെ, ഒന്ന് വലിപ്പപ്പെടുത്തി, ബ്രാഹ്മണഭോജനം നൽകി, അതിൽ ജന്മസാഫല്യത്തെ അന്വേഷിക്കുന്നവർക്ക് ആത്മശാന്തി ലഭിക്കുമെന്നുള്ളതു കൊണ്ടു, അങ്ങനെയുള്ളവർക്കു വേണ്ടി, ഊട്ടുപുരകളെ ക്ഷേത്രങ്ങളോടു ചേർത്തു, ദേശസഞ്ചാരം ചെയ്യുന്ന ബ്രാഹ്മണർക്ക് അന്നദാനം ചെയ്യുന്നത് ഉത്തമപക്ഷമായിരിക്കും എന്നുള്ള ഞങ്ങളുടെ അഭിപ്രായത്തെ ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു 



 


 


You May Also Like