തുർക്കിയിൽ പാർലമെൻ്റ സഭ - ഒളിച്ചോടിയവർ തിരികെ വരുന്നു
- Published on August 22, 1908
- By Staff Reporter
- 1431 Views
തുർക്കിയിൽ ഭരണസമ്പ്രദായം ഈയിടെ പരിഷ്കരിച്ചു പാര്‍ലമെന്‍റ് സഭ ഏർപെടുത്തപ്പെട്ടുവല്ലോ. അവിടെ നിന്ന് അന്തഃഛിദ്രത്തൽ ഓടി ഒളിച്ചു പോയവർ തിരികെ ചെന്നു ചേർന്നുവരുന്നു. പല സർക്കാരുദ്യോഗസ്ഥന്മാരെയും തടവിലിട്ടിരുന്നതിനാൽ അവരെ ഇപ്പോൾ വിമോചിച്ചു വരുന്നു. കാര്യമന്ത്രി ആയിരുന്ന റീസപാഷാ ഉദ്യോഗകാലത്തു അക്രമമായി സമ്പാദിച്ച രണ്ടു ലക്ഷം പവൻ തിരികെ ഖജനാവിൽ കൊടുത്തു മോചനം പ്രാപിച്ചിരിക്കുന്നു. മറ്റു ഉദ്യോഗസ്ഥന്മാരും ഇതിന്മണ്ണം അന്യയാർജ്ജിതങ്ങളെ തിരികെ കൊടുത്തു മോചനം ലഭിക്കുന്നതിന് സംഗതിയുണ്ട്. പുതിയ ഗവണ്‍മെന്‍റിന്‍റെ സ്വരൂപത്തിനു യോജിക്കാത്തതായി ഇപ്പോഴുള്ള നിയമങ്ങളും ചട്ടങ്ങളും ഉടൻ മാറ്റുന്നതാണ് എന്നും, സൈന്യവകുപ്പും നാവിക വകുപ്പും പരിഷ്കരിക്കപ്പെടുമെന്നും; സൈന്യത്തിൽ ജീവനക്കാരായി മുസൽമാനല്ലാത്ത ജനങ്ങളെയും സ്വീകരിക്കുമെന്നും അവിടത്തെ പത്രങ്ങൾ പറയുന്നു. ഇതിനിടെ ഈജിപ്തിലെ ഖേദീവ്, ഇസ്തംബൂളിൽ എത്തി, അവിടത്തെ മന്ത്രിസഭയുടെയും, തുർക്കി പരിഷ്കാര കക്ഷിയുടെയും, സൈന്യത്തിൻ്റെയും, ഈജിപ്ഷ്യൻമാരുടെയും അഭിവാദ്യങ്ങളെ സ്വീകരിക്കയും ചെയ്തിരിക്കുന്നു.