പാളയം കോട്ടയിലെ വ്യവസായപ്രദർശനം

  • Published on August 29, 1906
  • By Staff Reporter
  • 715 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

(തുടർച്ച)   

ഇതിന്റെ  തെക്കുവശം മദ്രാസുകാരൻ ഒരു ചെട്ടിയുടെ വക പലതരം വിത്തുവകകളും മദ്രാസിലെ ഗവൺമെൻ്റ് വക കൃഷി തോട്ടത്തിലെ പരുത്തിവകകളും വിത്തു വകകളും, നാരുവകകളും ഉണ്ടായിരുന്നു. അതിൻ്റെ  തെക്കുവശം പാളയംകോട്ടെ ഡഫ് ആൻഡ്-ഡംബ് സ്കൂളിലെ കുരുടന്മാരുടെ സമാജമാണ്. ഇവർ ചെയ്യുന്ന തൊഴിലുകളെയും പുസ്തകവായനയെയും ഫിഡിൽ വായനയെയും സംഗീതത്തെയും കാണുന്നതിനും കേൾക്കുന്നതിനുമായി വന്നു കൂടുന്ന ജനങ്ങൾ അനേകം. ഈ സംഘത്തിൽ 10 വയസ്സ് വരെ പ്രായമുള്ള വളരെ കുരുടന്മാരുണ്ട്. ഇവരും പുല്പാ നെയ്യുക, കുട്ടയിടുക, കസേര വരിയുക, വട്ടിവരിയുക, കയറു പിരിക്കുക, ചരടുമുറുക്കുക മുതലായ ഓരോ വിധം പണികൾ ഉത്സാഹമായി ചെയ്യുന്നു. ഏത് പാഠം വായിക്കണമെന്ന് ആവശ്യപ്പെട്ടാലും ഇംഗ്ലീഷിലോ തമിഴിലോ വായിക്കുന്നു. അക്ഷരങ്ങൾ  പുസ്തകങ്ങളിൽ ഉന്തി നിൽക്കുന്നു. ഈ കുരുടന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്ന സമ്പ്രദായം കണ്ടു പിടിച്ചത്  20 വർഷത്തിനു മുമ്പെ തിരുവിതാംകൂറിൽ ഇരുന്നിട്ടുള്ള ഒരു പാതിരി ആണെങ്കിലും ഇങ്ങനെ നടപ്പാക്കിയത്  മറ്റു രാജ്യങ്ങളിലാണ്. എന്നാൽ ഈ തെന്നിൻന്ത്യയിലും ഇപ്രകാരമുള്ള ഒരു സ്കൂൾ സ്ഥാപിപ്പാൻ ഇടയായത് വളരെ പ്രയോജനകരം തന്നെ. ഈ സ്കൂൾ സ്ഥാപിച്ചിട്ടുള്ളത് ഒരു മദാമ്മയാണ്. ഇന്ത്യയുടെ നാനാഭാഗങ്ങളിലുള്ള കുരുടന്മാരും ചെകിടന്മാരും അനാഥരായിട്ടുള്ള പുരുഷന്മാരും ഈ മൂന്നു വിധത്തിലുമുള്ള സ്ത്രീകളുൾപ്പടെ 1000 ത്തിനധികം ജനം ടി. സ്കൂളിൽ താമസിച്ചു പഠിക്കുന്നു. ഇവരുടെ അഭ്യദയത്തിന് വേണ്ടി മദാമ്മ ചെയ്യുന്ന ഓരോ അന്വേഷണങ്ങളുംമ മാതാപിതാക്കന്മാർ ചെയ്യുന്ന പോലെ തന്നെ. കുരുടന്മാരിൽ അധികം പേരും നല്ല വിധം ജ്ഞാനമുള്ളവരാണെന്ന് അവരോടുള്ള സംഭാഷണങ്ങളാൽ വ്യക്തമാകുന്നു. ഇവരുടെ വകയ്ക്കുള്ള ചെലവ് ധർമ്മമായി ഓരോരുത്തരാലും കൊടുക്കപ്പെടുന്നത് കൊണ്ടാണ്. പ്രദർശനശാലയിൽ പ്രവേശിക്കുന്ന ആളുകളിൽ അധികം പേരും ധനം കൊണ്ട് ഇവരെ സഹായിക്കുന്നതും അതിനെ അംഗീകരിക്കുമ്പോൾ ഇവർ പുറപ്പെടുവിക്കുന്ന നർമ്മവാക്കുകളും ഈശ്വരാനുഗ്രഹം തന്നെ. ഇതിൻ്റെ മറ്റൊരു ഭാഗത്ത് ചെകിടരായ സ്ത്രീകളുടെ ഒരു സംഘമാണ്. നാം എന്തെങ്കിലും അറിയണമെന്ന് ഇവരുടെ അദ്ധ്യാപകന്മാരോട് ആവശ്യപ്പെട്ടാൽ അവർ ഉടനെ തന്നെ ഇവരുടെ അടുക്കൽ ആംഗ്യം കാണിക്കുന്നു. ഉടൻ തന്നെ അവർ അതിൻ്റെ മറുപടി സ്ലോട്ടിൽ എഴുതുന്നു. ഇങ്ങനെ എഴുതുന്നതു ഇംഗ്ലീഷിലും തമിഴിലും ആകുന്നു. പ്രദർശനശാലയിലുള്ള സാമാനങ്ങളെ നോക്കി ഈ ചെകിടജനം തങ്ങളിൽ കാണിക്കുന്ന .................).ഓരോ സന്തോഷ വിധങ്ങളെയും .........നല്ല നേരംപോക്കുണ്ട്. ഇവരെ കാണുന്നവരും മേൽപ്രകാരം സഹായിക്കുന്നുണ്ട്. ഈ രണ്ടു കൂട്ടരുടെയും വിദ്യാഭ്യാസ സ്ഥിതികളെയും അവർ ശീലിച്ചിരിക്കുന്ന വ്യവസായ പ്രവർത്തികളെയും കണ്ടു ശ്ലാഘിക്കാത്തവർ ആരും തന്നെ ഇല്ല. നമ്മുടെ നാട്ടിലുള്ള ഈ വകക്കാരെ സഹായിക്കുന്നതിന് നാം, നമ്മുടെ മഹാരാജാ തിരുമനസ്സിലെ ഗവൺമെൻ്റോ ധനവാന്മാരോ ശ്രദ്ധ വക്കേണ്ടുന്ന കാലം വളരെ സന്നിഹിതമായിരിക്കുന്നു. ഇതിൻ്റെ തെക്കുവശം അമ്പാസമുദ്രത്തിലുള്ള ഒരു ഗണപതി അയ്യരുടെ വക കിണറുകളിൽ നിന്നും വെള്ളമെടുക്കുന്ന ഒരു യന്ത്രവും  വാഴനാരെടുക്കുന്നതിലേക്കുള്ള മറ്റൊരു യന്ത്രവും വച്ചിരിക്കുന്നു. ഇതുകൾ രണ്ടും പ്രയോജനമുള്ളത് തന്നെ. വാഴനാര് യന്ത്രത്തെ നാഗർകോവിൽ സാങ്കേതിക വിദ്യാശാലയ്ക്കായി ഇഞ്ചിനീയർ മിസ്റ്റർ വൈകുണ്ഠമയ്യർ വാങ്ങിയിരിക്കുന്നു. അതിൻ്റെ മറ്റൊരു ഭാഗത്ത് പരവൂർ സാങ്കേതിക വിദ്യാശാലയിലെ നാരുവകകൾ എടുക്കുന്ന യന്ത്രവും കയറു പിരിക്കുന്ന റാട്ടുകളും റേന്ത ചെയ്യുന്ന തലയണപ്പെട്ടിയും ഉപകരണങ്ങളും വച്ചിട്ടുണ്ട്. ഇതു കൊണ്ടുള്ള ഉപയോഗത്തെ കാണികൾക്ക് അതാതു സമയം ചെയ്തു കാണിക്കുന്നതിൽ അവിടെ സന്നദ്ധനായി ടി. ശാലയിലെ വാധ്യാർ മിസ്റ്റർ കെ. പി. നാരായണൻ്റെ ശ്രമം സന്തോഷാവഹം തന്നെ. അതിനോടു ചേർത്ത് ടി. ശാലയിൽ ഉണ്ടാക്കപ്പെട്ട ഒരു റോൾ കയറ്റുപായും ഒരു വടവും തടുക്കുകളും വച്ചിട്ടുള്ളതിനെ പലരും കണ്ടു സന്തോഷിക്കുന്നു: അതിൻ്റെ തെക്കുവശം തിരുന്നൽവേലി ജില്ലയിൽ ഉൾപ്പെട്ട പാളയംകോട്ടു താലൂക്കിൽ നിന്നും മറ്റും വന്നിട്ടുള്ള അനവധി സാമാനങ്ങൾ വച്ചിട്ടുള്ളതിനെ ഓരോന്നും നോക്കി അറിയുന്നതിനും അതുകളുടെ പ്രയോജനത്തെക്കുറിച്ച് ബോദ്ധ്യം വരുന്നതിനും ഈ കാഴ്ച്ചക്കാരൻ്റെ ഒരു ദിവസത്തെ സമയം വേണ്ടിവന്നു. ഈ സാമാനങ്ങൾ വയ്ക്കുന്നതിൽ പാളയം കോട്ടുതാലൂക്കിലെ തഹസീൽദാർ കാണിച്ചിട്ടുള്ള ശ്രമം വളരെ സ്തുത്യർഹമായിട്ടുണ്ട്. മാടു തിന്നുന്നതും ആട് തിന്നുന്നതുമായ ചെടികളും പുല്ലുകളും ഒരു ഭാഗം; പച്ച മരുന്നുകൾ മറ്റൊരു ഭാഗം; ധാന്യവകകൾ വെറോരിടത്ത്; കിഴങ്ങുവകകൾ, ഫലവകകൾ പഴവകകൾ നാരുവർഗ്ഗങ്ങൾ, ലോഹവകകൾ എന്നു വേണ്ടാ ഉപകാരപ്രദമായ എത്രയോ വക സാമാനങ്ങൾ വകഭേദമാക്കി ഓരോന്നും ഉണ്ടാകുന്ന സ്ഥലങ്ങളുടെ വ്യക്തമായ വിവരങ്ങളോടുകൂടി കട്ടിക്കടലാസ്സുകളിൽ എഴുതി വച്ചിട്ടുള്ളത് കൊണ്ട് കാഴ്ച്ചക്കാർക്ക് കണ്ടറിയുന്നതിന് വളരെ സൗകര്യമുണ്ടായിട്ടുണ്ട്. 

                                                                                                                                                                                                                                   (തുടരും)



You May Also Like