വാർത്ത

  • Published on August 03, 1910
  • By Staff Reporter
  • 1239 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

         ശ്രീമൂലം പ്രജാസഭയുടെ നടത്തിപ്പിനെ സംബന്ധിച്ച് പുതുക്കിയ ചട്ടങ്ങൾ ഇന്നലത്തെ സർക്കാർഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവയുടെ സവിസ്തരമായ വിവരണം ഇന്നത്തെ പത്രത്തിൽചേർക്കുവാൻ സാധിക്കുന്നില്ലെന്നു ഞങ്ങൾ വ്യസനിക്കുന്നുവെങ്കിലും, സാരഭാഗങ്ങൾ ചുവടേ ചേർത്തുകൊള്ളുന്നു. താലൂക്കുകളിൽനിന്ന് ആകെ 42- പേരെയും, കൃഷിത്തോട്ടക്കാരിൽ നിന്ന് 4- പേരെയും, കച്ചവടക്കരിൽനിന്ന് 6 -പേരെയും; പട്ടണപരിഷ്കരണസഭകളിൽനിന്നു 5 -പേരെയും;  ജന്മികളിൽ നിന്ന് 3 -പേരെയും തിരഞ്ഞെടുക്കുകയും; ഗവർന്മേണ്ടിൻ്റെ സ്വമേധയാ 10 - പേരെ നിശ്ചയിക്കുകയും ചെയ്ത് ആകെ 70 -പേരെ സഭാംഗങ്ങളായി സ്വീകരിക്കുന്നതാകുന്നു. പ്രതിനിധിയായി തെരഞ്ഞടുക്കുവാനോ, സമ്മതിദാനം ചെയ്യാനോ, ഗവർന്മേണ്ടിനാൽ അംഗമായി നിശ്ചയിക്കപ്പെടുവാനോ, ഒരു സർക്കാർ ഉദ്യോഗസ്ഥന്നാകട്ടെ, സ്ത്രീക്കാകട്ടെ, ബുദ്ധിക്കു സ്ഥിരതയില്ലാത്തവന്നാകട്ടെ, 25 വയസ്സിന്നു കീഴിൽ പ്രായമുള്ളവന്നാകട്ടെ, സർക്കാർ വേലയിൽ നിന്നു നീക്കപ്പെട്ടവന്നാകട്ടെ,  കഠിനമായ ക്രിമിനൽ കുറ്റത്തിൽ ശിക്ഷിക്കപ്പെട്ടവന്നാകട്ടെ,  വക്കീലായി വ്യവഹരിച്ചു കൂടെന്നു നിരോധിക്കപ്പെട്ടവന്നാകട്ടെ  യോഗ്യതയില്ലെന്നാണു വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ , ഗവർന്മേണ്ടിൻ്റെ യുക്തം പോലെ യാതൊരുവനെയും സഭാംഗമായി തെരഞ്ഞെടുത്തുകൂടാ എന്നോ അതിലെക്കു സമ്മതിദായകനാക്കിക്കൂടാ എന്നോ, കല്പിക്കാമെന്നും, യോഗ്യതയ്ക്കു ന്യൂനതയുള്ളവൻ്റെ മേലുള്ള ആക്ഷേപത്തെ നീക്കിക്കളയാമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.  തെരഞ്ഞെടുപ്പുകാര്യത്തിൽ, മുൻപറഞ്ഞ വ്യവസ്ഥയ്ക്കു പുറമേ, അനുചിതമായ പ്രഭാവം പ്രയോഗിക്കയോ, നടപടിത്തകരാറുകൾ കാണിക്കയോ ചെയ്തതായി ഗവർന്മേണ്ടിനു ബോധ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിനെ റദ്ദാക്കുന്നതും, വേറെ ആളെ തെരഞ്ഞെടുപ്പാൻ ജനങ്ങളോടു ആവശ്യപ്പെടുന്നതും ഇതു സൌകര്യമായിരിക്കാത്ത പക്ഷം, ഗവർന്മേണ്ട് തന്നെ, ആൾ നിശ്ചയിക്കുന്നതുമാണ്. തെരഞ്ഞെടുപ്പ് തുലാം മൂന്നാമാഴ്ചവട്ടത്തിൽ നടത്തപ്പെടും. ഗവർന്മേണ്ട് സമ്മതിക്കുന്ന പ്രകാരത്തിലുള്ള സാമാജികന്മാരുടെ പേരുവിവരം വൃശ്ചികം 20നു- മുമ്പ് പ്രസിദ്ധീകരിക്കും. ഒരു സാമാജികന്ന് രണ്ടു വിഷയങ്ങളെയേ പ്രതിപാദിപ്പാൻ പാടുള്ളൂ. താഴെപ്പറയുന്ന വിഷയങ്ങളെ സഭയിൽ പ്രതിപാദിപ്പാൻ അനുവദിക്കുന്നതല്ലാ :- തിരുവിതാംകൂറും മേൽകോയ്മയുമായോ, മറ്റു സംസ്ഥാനങ്ങളുമായോ ഉള്ള ബന്ധത്തെപ്പറ്റിയ വിഷയങ്ങൾ ;  മഹാരാജാവു തിരുമനസ്സിലെയോ അവിടുത്തെ കുടുംബത്തിലെ അംഗങ്ങളെയോ, അവരുടെ കുടുംബകാര്യങ്ങളെയോ പറ്റിയ വിഷയങ്ങൾ;  നായർപട്ടാളത്തെയും ബാഡിഗാർഡിനെയും സംബന്ധിച്ച വിഷയങ്ങൾ ;  മതകാര്യത്തെ നേരേ സംബന്ധിച്ച വിഷയങ്ങൾ;  ജാതിസ്പർദ്ധയെയോ വർഗ്ഗസ്പർദ്ധയെയോ ഉണ്ടാക്കുവാൻ ഉദ്ദേശിക്കപ്പെട്ടവയോ, ഉണ്ടാക്കുവാനിടയുള്ളവയോ ആയ വിഷയങ്ങൾ - ഇവയാണ്. താലൂക്കു പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ ചെയ്തിട്ടുണ്ട്. തനിപ്പേരിലോ, തറവാട്ടുപേരിലോ 50- രൂപയിൽ കുറയാത്ത കരം കൊടുക്കുന്നവരാകട്ടെ, കൊല്ലത്തിൽ രണ്ടായിരത്തിൽ കുറയാത്ത ആദായമുള്ളവരാകട്ടെ, ഗ്രാഡ്വേററു ചെയ്തിട്ടും പത്തു കൊല്ലത്തിൽ കുറയാത്ത ഗ്രാഡ്വേറ്റുകളാകട്ടെ സമ്മതിദാനം ചെയ്യാനും പ്രതിനിധിയായിരിപ്പാനും യോഗ്യരായിരിക്കുന്നതാണ്. യാതൊരാളും താൻ പാർക്കുന്ന താലൂക്കിലല്ലാതെ, മറു താലൂക്കുകളിൽ സമ്മതിദാനം ചെയ്യാൻ അവകാശമില്ലാത്തതാകുന്നു. കരം കൊടുക്കുന്നത് സ്ത്രീയാണെങ്കിൽ അവർക്കു പകരം കുടുംബത്തിലെ മൂത്ത പുരുഷനെ പ്രതി പുരുഷനായി സ്വീകരിക്കാവുന്നതാണ്. അതിന്മണ്ണം, ഒരു വസ്തുവിൻ്റെ ധാരകന്മാർ പലരുണ്ടായിരിക്കുമ്പൊൾ അവരുടെ പ്രതിപുരുഷനായി അവരിലൊരാളെ സ്വീകരിക്കാവുന്നതാണ്.

                                  ---------------------------------

             തിരുവിതാംകൂറിൽ അഞ്ചു കൊല്ലകാലം ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്ന മിസ്തർ സദാശിവ അയ്യർ ഇന്നലെ പ്യൂണിജഡ് ജി മിസ്തർ ഹണ്ടിനെ ചാർജേല്പിച്ചിട്ട് തൻ്റെ സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. മിസ്തർ സദാശിവ അയ്യരുടെ വിയോഗത്തെക്കുറിച്ച് തിരുവിതാംകൂറിലെ ജനസാമാന്യത്തിന്ന് അപരിമിതമായ വ്യസനമുണ്ടെന്നു ഈ അവസരത്തിൽ പറയാതെയിരിപ്പാൻ പാടില്ല. നീതിപാലകന്മാരുടെ കാര്യത്തിൽ ജനങ്ങളുടെ ഇടയിൽ എന്തഭിപ്രായമാണുള്ളത് എന്നു നോക്കേണ്ടത്, ജനങ്ങളിൽ ഓരോ വർഗ്ഗക്കാരുടെ നേതാക്കന്മാരെന്നു സ്വയം ഭാവിച്ചു നടക്കുന്ന സ്വാർത്ഥതൽപരന്മാരായ ധൂർത്തന്മാരുടെ ദൃഷ്ടികളിലൂടെയല്ലാ എന്നും;  പാവപ്പെട്ട സാധുജനങ്ങളുടെ ദൃഷ്ടികളിലൂടെയാണെന്നും ആകുന്നു എന്നാണ് ഞങ്ങളുടെ വിചാരം. ഇങ്ങനെ നോക്കുന്നതായാൽ മിസ്തർ സദാശിവ അയ്യരുടെ കൈക്കൽ നിന്ന് ഹൈക്കോടതി രജിസ്ട്രാർ വേലയോ മറ്റു വല്ല ചുമതലപ്പെട്ട ഉദ്യോഗമോ കിട്ടുവാൻ കഴിയാതെ അദ്ദേഹത്തെ ദ്വേഷിക്കുന്നവരൊഴികെ, ശേഷമുള്ള പൊതുജനങ്ങൾക്കു അദ്ദേഹത്തിൻ്റെ വേറുപാടിൽ വ്യസനമാണുള്ളതെന്നു നാട്ടിലെവിടെ ചെന്നാലും അറിയാവുന്നതാണ്. മിസ്റ്റർ സദാശിവ അയ്യർ ഈ നാട്ടിൽ ചീഫ് ജഡ് ജിയായി വന്നുചേർന്നപ്പൊൾ അദ്ദേഹത്തെപ്പറ്റി ജനങ്ങൾ ആശിച്ചിരുന്നതിലധികം നീതിബോധ സ്ഥാപനത്തിന്ന് അദ്ദേഹത്തിൻ്റെ നടത്ത സഹായിച്ചിട്ടുണ്ട്. സമുദായത്തിനുള്ളിൽ അദ്ദേഹത്തിൻ്റെ സദാചാര വൃത്തി മുഖേന ആചാരശുദ്ധി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് :  എന്നല്ലാ,  ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥന്മാർ ചില വിടാചാര്യന്മാരെപ്പോലെ, സ്വാർത്ഥം സാധിപ്പാൻ വേണ്ടി വേശ്യകളെയും പണത്തെയും മറ്റു പ്രലോഭന സാധനങ്ങളെയും സംഭരിച്ചു ചുറ്റിക്കൂടുന്ന കുടിലമാനസന്മാർക്കു വശപ്പെട്ട് നാട്ടിൽ അസദ്വൃത്തിയെ വർദ്ധിപ്പിക്കുന്നതിനു പകരം, അവരുടെ വലകളിൽ പെടാതെ ഒരു ശ്രേഷ്ഠമായ ജീവിതത്തെ നയിക്കുവാൻ കടമപ്പെട്ടവരാണെന്നു കാണിപ്പാൻ മിസ്തർ അയ്യരുടെ ജീവിതം മാതൃകയായിട്ടുണ്ടെന്നും  ചാരിതാർത്ഥ്യപ്പെടേണ്ടതാണ്. അദ്ദേഹത്തിൻ്റെ മതപ്രമാണങ്ങൾ " ആത്മവൽ സർവഭൂതാനി,, കാണുവാൻ അദ്ദേഹത്തെ ഉപദേശിച്ചിരുന്നതിന്മണ്ണം പ്രവർത്തിക്കുക നിമിത്തം, അദ്ദേഹം സകലമതക്കാർക്കും ആദരണീയനായി തന്നെയിരുന്നു. അദ്ദേഹത്തിൻ്റെ പത്നിയായ ശ്രീമതി മംഗളാമ്മാളും, ഈ നഗരത്തിലെ സ്ത്രീജനങ്ങൾക്കു ഉന്നതവിചാരങ്ങളെ ഉപദേശിക്കുന്നതിനും, തൻ്റെ വർഗ്ഗത്തിലുള്ളവരെയും ഇതരവർഗ്ഗക്കാരെയും പരസ്പരം സ്നേഹിച്ചു വിശ്വസിപ്പിക്കുന്നതിനും  ഉത്സാഹിച്ചിരുന്നു. ഈ സുജനങ്ങളുടെ വിയോഗത്തിൽ ജനങ്ങൾ വ്യസനിക്കുന്നതു അവർക്കു തങ്ങളുടെ ജീവിതത്തെപ്പറ്റി ചാരിതാർത്ഥ്യപ്പെടുവാൻ അവകാശമുണ്ടാക്കുന്നു എന്നു നിസ്സംശയമാകുന്നു. ഇവർക്കു സകല മംഗളത്തെയും ഞങ്ങൾ ആശംസിക്കുന്നു.

                                           ------------------------------0---------------------------------

             മുദ്രപ്പത്രം വെണ്ടർമാർ കുറഞ്ഞ ഡിസ്കൌണ്ടിനു വില്പന ഏൽക്കുക നിമിത്തം ഉണ്ടാകാറുള്ള ജനസങ്കടത്തെപ്പറ്റി പ്രജാ സഭായോഗത്തിൽ ചില പ്രതിനിധികൾ ബോധിപ്പിച്ചിരുന്ന അപേക്ഷയ്ക്കനുകൂലമായി, മേലാൽ നൂറ്റിനു മൂന്നു വീതം ഡിസ്കൌണ്ട് നിശ്ചയിക്കയും, ഇനി വെണ്ടർവേലയ്ക്കു ആളെ നിയമിപ്പാൻ ദർഘാസ് ആവശ്യപ്പെടാതെ, ഡിവിഷൻ പേഷ്കാർമാർക്കു തന്നെ അധികാരം കൊടുക്കയും ചെയ്തിരിക്കുന്നു. പൊതുജനങ്ങളുടെ സൌകര്യത്തിനുവേണ്ടി, എല്ലാ പ്രവൃത്തികാരന്മാരെയും, സബ് രജിസ്ട്രാരാഫീസ് ഹെഡ് ക്ലാർക്കുകളെയും അവരുടെ ഉദ്യോഗങ്ങൾക്കു പുറമെ ചുമതലപ്പെടുത്തി, അവർക്കു ഡിസ്കൌണ്ട് അനുവദിക്കാവുന്നതാണെന്നും, അഞ്ചൽ മാസ്റ്റർമാരും സ്ക്കൂൾ മാസ്റ്റർമാരും ഉള്ളെടത്തു ഇവർക്കു വേണം പ്രാധാന്യം നൽകുവാനെന്നും കല്പിച്ചിരിക്കുന്നു. ഈ വ്യവസ്ഥ അടുത്ത ചിങ്ങം 1 നു - തുടങ്ങി നടപ്പിൽ വരുന്നതാണ്.

                                                     -------------------------------------------

Round Up: News from the Capital

  • Published on August 03, 1910
  • 1239 Views

In the gazette brought out yesterday, the government has published renewed rules and guidelines for conducting the Sri Mulam Praja Sabha (Sri Mulam Assembly). Although we are not able to publish a comprehensive report on the changes proposed, the substance of the amendments to be put in place is given below:

The total number of the Assembly members will now be 70, the break-up of which is as follows: 42 from all taluks; four members will represent the plantation sector and six will be nominated on behalf of merchants; five from urban reform councils and three from landlords. While these 60 members are to be chosen by election, the government, on its own, will appoint 10 members to the Assembly. Thus, the Sri Mulam Assembly will now have 70 members in all. Government servants, women, mentally challenged persons, men aged below 25, those who have been dismissed from government service, those who have been punished for grave criminal offences and advocates who have been barred from legal practice can neither stand for election nor vote in it; nor will they be eligible to be appointed to the Assembly by the government. However, it has been stipulated that the government cannot elect anyone who it deems to be fit as a member of the Assembly, as also that it cannot make someone of its choice a voter in the election. At the same time, it has also been ordained that the government can, if it so deems fit, remove a handicap which renders one ineligible for contesting elections or casting their vote. In case it comes to the government’s notice that candidates are exerting undue influence or acting in contravention of the accepted procedure, it can cancel their election and ask people to elect somebody else. If it is found to be impractical, the government, on its own, will appoint somebody to fill the vacancy. The election will be conducted in the third week of the Malayalam month of Thulam [during November - December]. If names of the elected members are approved by the government, they will be notified before the 20thof Vrichikam [December]. A member can raise only two issues. No deliberation on subjects mentioned here will be allowed in the Assembly: issues relating to the suzerainty of Travancore or its relations with other states; issues concerning the King himself or the members of his family or their family matters; issues about Nair soldiers and bodyguards; issues directly affecting religious matters; issues which can cause or are likely to cause religious or communal rivalry.

Some changes have been made with respect to the conditions stipulated for electing taluk representatives. Those who pay land tax of Rs 50/- or above on their own or in the name of their family; those whose annual income is not less than Rs 2,000/- and those graduates who have lived for 10 years or more since graduation are eligible to vote and can be elected members. No one will have the right to cast their vote in a taluk other than their own. If the person who pays land tax happens to be a woman, the eldest male member of her family can be considered in her place. Likewise, if a landed property has many owners or caretakers, one of them can be accepted as a representative.

****

Mr Sadasiva Aiyer, who has been Chief Justice of Travancore for five years, stepped down yesterday after handing over charge to Pune judge, Mr Hunt. It cannot be but stated that the people of Travancore are immeasurably distressed at the departure of Mr Sadasiva Aiyer. It is not through the eyes of self-seeking profligates who pose as leaders representing a particular section of people that public opinion regarding judges is to be formulated. Rather, in our opinion, it is through the eyes of the common people that such an evaluation should be made. Viewed from that angle, barring those who are peeved at Mr Sadasiva Aiyer for neglecting them while filling up responsible posts such as that of High Court Registrar and the like, the rest of the populace who are really aggrieved over his departure can be seen everywhere in the state. His performance as judge has certainly helped serve and strengthen the discharge of justice in the land. This was more than what was expected of him. Since his arrival as a judge in this country, his judicial interventions have gone a long way in refining the ritual ridden community. Moreover, one must be grateful to Mr Aiyer for setting an example of model conduct himself. Instead of falling prey to a morally degrading life by gathering around evil men to satiate their hunger for prostitutes, money and other temptations, high-ranking officials are morally bound to lead an exemplar life. Having succeeded in putting to action his religious dictum that ‘one must feel the happiness and distress of others as one’s own’, he had won the respect of people belonging to all faiths. His wife, Mrs Mangalaammal too, was enthusiastic about educating the womenfolk of the city on lofty ideals and the need for fostering mutual love and respect, irrespective of the community they hail from. There is no doubt that the reason why the people are grieved at the departure of these noble human beings is that they owe a debt to them.

****

Difficulties faced by the people on account of vendors agreeing to sell stamp papers at a lower discount had been raised by some members in the Assembly. The government has now favourably responded to their demand and has decided to sell stamp papers at a discount of Rs 3/- for every 100 rupees from now on. Division revenue officers have also been authorised to directly appoint stamp paper vendors without tendering for their appointment on a priority basis. All village officers and head clerks from sub-registrar offices have also been authorised, over and above the normal duties assigned to them, to fix the rate of discount for the convenience of the people. It has also been ordered that wherever there are post masters and school masters, this duty must be assigned to them. This will come into effect from the first of the next Malayalam month of Chingam [August - September].


Translator
Ajir Kutty

K.M. Ajir Kutty is a writer, translator, and poet in Malayalam and English. He has won the M.P. Kumaran Memorial Award for Translation from the Kerala State Institute of Languages and the Jibanananda Das award for translation from the Kolkata based Antonym Magazine. He lives at Edava in Thiruvananthapuram District.

Copy Editor
Priya Iyer

Priya is a partner and co-founder at The Word Salad, a content first company that helps individuals and businesses put their best thoughts forward. She is also an aspiring writer and has dabbled in short stories and poems.

You May Also Like