അഫ്‌ഗാനിസ്ഥാനിലെ വിദ്യാഭ്യാസം - അമീർ അവർകളുടെ പ്രസംഗം

  • Published on July 25, 1906
  • By Staff Reporter
  • 783 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                                             

                                                         അമീര്‍ അവര്‍കളുടെ പ്രസംഗം

                     ഇക്കഴിഞ്ഞ (ജൂലൈ) 4-നു അഫ്ഘാനിസ്ഥാനിലെ അമീര്‍ ചക്രവര്‍ത്തി അവര്‍കള്‍, അവിടത്തെ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞതായ പ്രസംഗം പലസംഗതികളാല്‍ വിശെഷപ്പെട്ടതായിരുന്നു. അഫ്ഘാനിസ്ഥാന്‍, വിദ്യാഭ്യാസ വിഷയത്തില്‍ വളരെ പിന്നോക്കം കിടക്കുന്ന ഒരു നാടാണ്. അവിടത്തെ ജനങ്ങള്‍ വിദ്യാഭ്യാസമില്ലായ്കയാല്‍, ശണ്ഠയ്ക്കും യുദ്ധത്തിനും താല്പര്യമുള്ളവരായിട്ടാണു  പ്രവൃത്തിച്ചു വരുന്നത്. അങ്ങനെയുള്ളവരെ വളരെ ശ്രമപ്പെട്ട് സമാധാനപ്പെടുത്തി ഭരിച്ചുവരുന്ന ചക്രവര്‍ത്തിയുടെ ഭാരം സാമാന്യമല്ലാതാനും. അവരുടെ വിദ്യാഭ്യാസത്തെ വര്‍ദ്ധിപ്പിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള ഹബീബിയാ പാഠശാല ഇപ്പോള്‍ അല്പം മന്ദഗതിയെ പ്രാപിച്ചിരിക്കുന്നതിനെപ്പറ്റി ചക്രവര്‍ത്തി അനുശോചിച്ചിരിക്കുന്നു. ചക്രവര്‍ത്തിയുടെ പ്രസംഗത്തിന്‍റെ ചുരുക്കം ഇപ്രകാരമാകുന്നു:- "ഈശ്വരോരക്ഷതു. അറിവിനെ തേടുക. ഈ ലോകത്തില്‍ അറിവുള്ളവന്‍ മാത്രമേ യോഗ്യനാവൂ. വിദ്യാഭ്യാസത്തിന് മതസംബന്ധമായും അന്യമായും പല ഉപയോഗങ്ങളും ഉണ്ട്. ഒരുവന്‍ ആയിരം വര്‍ഷം ജീവിച്ചിരിക്കയും, ആ കാലമത്രയും വിദ്യാഭ്യാസത്തിന്‍റെ ഗുണത്തെ മാത്രം പ്രശംസിച്ചുകൊണ്ടിരിക്കയും ചെയ്താലും, അതിന്‍റെ ഗുണങ്ങളില്‍ ആയിരത്തിലൊരംശം പോലും പറവാന്‍ കഴികയില്ലാ. അറിവില്ലെങ്കില്‍,  ഈശ്വരനെ അറിവാനും നമുക്കു കഴികയില്ലാ എന്ന് ഒരു മഹാഗുരു പറഞ്ഞിരിക്കുന്നു. ഈ ഹബീബിയാ സ്കൂള്‍ മൂന്നുകൊല്ലം മുമ്പ് പ്രാരംഭിക്കപ്പെട്ടതാണ്. എന്നാല്‍, അതിന്‍റെ പ്രവൃത്തി പിന്നോക്കം പോയിക്കൊണ്ടിരിക്കുന്നു. പിഴ           വാദ്ധ്യാന്മാരുടെതല്ലാ.    ഗവര്‍ന്മേണ്ടുദ്യോഗസ്ഥന്മാരെ      വേണം വിശേഷിച്ചും കുറ്റം പറവാന്‍. ലോകത്തില്‍ മറ്റെല്ലാടങ്ങളിലുമുള്ളതിന്മണ്ണം, വിദ്യാഭ്യാസം കൊണ്ടേ ഗവര്‍ന്മേണ്ടുദ്യോഗത്തിനു യോഗ്യത സിദ്ധിക്കു എന്നു വരികില്‍, ഇപ്പോഴത്തെ സ്ഥിതിക്ക്, അഫ്ഘാന്‍ ഉദ്യോഗസ്ഥന്മാരില്‍ പത്തിന് രണ്ടുപേര്‍ വീതം പോലും യാതൊരു ഉദ്യോഗത്തിനും യോഗ്യതയുള്ളവരല്ലാ. നമുക്ക് അങ്ങേ അറ്റത്തെ ബഹുമതി ലഭിച്ചിരിക്കുന്നു എന്നും, നാം നമ്മുടെ ജീവിതത്തിന്‍റെ ഉദ്ദേശ്യത്തെ പ്രാപിച്ചിരിക്കുന്നു എന്നും അവര്‍ വിചാരിക്കുന്നുണ്ട്. രാജ്യത്തില്‍ ഉദ്യോഗം കിട്ടുവാനുള്ള ഒരേ മാര്‍ഗ്ഗം വിദ്യാഭ്യാസമാകയാല്‍, കൃഷിക്കാരുടെ മക്കള്‍ വിദ്യ അഭ്യസിച്ചിട്ട് കീര്‍ത്തി സമ്പാദിക്കയും, നമ്മുടെ കുട്ടികള്‍ അജ്ഞാതന്മാരായി തീരുകയും ചെയ്യും. അങ്ങനെയുള്ളവരാണ് നമ്മുടെ ഉദ്യോഗസ്ഥന്മാര്‍. അവര്‍ വിദ്യാഭ്യാസത്തെ വകവയ്ക്കാതെയും, മക്കള്‍ക്ക് തങ്ങളുടെ ബഹുമതികള്‍ മാത്രം കൊടുത്താല്‍മതി എന്നു കരുതിയും അവര്‍ പാഠശാലയുടെ പ്രവൃത്തിയെ നാമാവശേഷമാക്കാന്‍ നോക്കുന്നു. അവരുടെ നിലയെ കണ്ടിട്ട്, മന്ത്രിയുടെ അജ്ഞന്മാരായ മക്കള്‍ ഗ്രാമവാസികളുടെ മുമ്പില്‍ പിച്ചതെണ്ടാന്‍ പോയി എന്നുതന്നെ നാം പറയും. ഗ്രാമവാസികളുടെ വിജ്ഞന്മാരായ മക്കള്‍ രാജാവിന്‍റെ മന്ത്രിമാരുമായി. അവരുടെ മക്കളെപ്പറ്റി പറകയാണെങ്കിലോ പൂര്‍വികന്മാരുടെ പ്രതാപത്തെക്കുറിച്ച് അഭിമാനിക്കുന്നവര്‍, എല്ലുകളെക്കൊണ്ട് തൃപ്തിപ്പെടുന്ന പട്ടികള്‍ക്കൊപ്പമാകുന്നു. ഒരുവന് മറ്റൊരുവനെക്കാള്‍ ശ്രേഷ്ടത ഉണ്ടാകുന്നത്, ജ്ഞാനംകൊണ്ടും, മര്യാദയിലുള്ള വളര്‍ച്ച കൊണ്ടും ആകുന്നു. അല്ലാതെ, ധനംകൊണ്ടോ കുലോന്നതികൊണ്ടോ അല്ലാ. എങ്ങനെയായാലും, സത്യം വെളിപ്പെടുത്തുമ്പോള്‍, കള്ളം തെളിയുന്നു......,, ഇപ്രകാരമായിരുന്നു അമീര്‍ പ്രസംഗിച്ചത്. വലിയ പദവിയിലിരിക്കുന്നവരുടെ സന്തതികള്‍ അറിവില്ലാത്തവരായിരുന്നാല്‍, ലോകം അവരെ ബഹുമാനിക്കയില്ലാ എന്ന് ഒരു ചക്രവര്‍ത്തി തന്‍റെ പ്രജകളെ ധരിപ്പിക്കുവാന്‍ തുനിഞ്ഞത് സഫലമാവുമെന്ന് നമുക്ക് ആശിക്കാം. അമീര്‍ അവര്‍കളുടെ പ്രസംഗത്തിന്‍റെ താല്‍പര്യം നമ്മുടെ മുഹമ്മദീയര്‍ പ്രത്യേകിച്ചും ഗ്രഹിക്കേണ്ടതാകുന്നു.

You May Also Like