തിരുവിതാംകൂറിലെ വിദ്യാഭ്യാസ വികൃതികൾ

  • Published on February 27, 1907
  • Svadesabhimani
  • By Staff Reporter
  • 261 Views

മലയാള ഭാഷയിൽ പറയത്തക്ക പാണ്ഡിത്യമില്ലാത്ത എഡ്യൂക്കേഷണൽ സെക്രട്ടറി മിസ്റ്റർ അയ്യപ്പൻ പിള്ള, തൻ്റെ കീഴിലുള്ള പള്ളിക്കൂടങ്ങളിലെ ഉപയോഗത്തിന് വേണ്ടുന്ന മലയാള പാഠ്യപുസ്തകങ്ങളെ തെരഞ്ഞെടുത്ത് നിശ്ചയിക്കുന്ന വിഷയത്തിൽ സ്വേച്ഛാപ്രഭുത്വത്തെ പ്രാപിച്ച നാൾ തുടങ്ങി, തിരുവിതാംകൂറിലെ സ്കൂളുകളിൽ ആഭാസഘട്ടങ്ങൾ അടങ്ങിയവയായും, ക്ഷുദ്രങ്ങളായും, ഭാഷാദോഷ സമ്പൂർണ്ണങ്ങളായുമുള്ള പുസ്തകങ്ങളെ പഠിപ്പിക്കുന്നതിന് സ്വീകരിച്ച് കുട്ടികളുടെ സന്മാർഗ്ഗത്തെയും ഭാഷയെയും ദുഷിപ്പിച്ച് വരുന്നുണ്ടെന്ന് മുൻലേഖനത്തിൽ സൂചിപ്പിച്ചുവല്ലോ. കുടിലനായ ഒരു രത്നവ്യാപാരി, രത്നമെന്ന ഭാവനയോട് കൂടി പളുങ്ക് തുണ്ടുകളെ കൊണ്ടുകൊടുത്താൽ, അവയെ രത്നമെന്ന് വിശ്വസിച്ച് സ്വീകരിക്കുന്ന ഒരന്ധനെപ്പോലെ, പാഠശാലകളിലേക്ക് വേണ്ടുന്ന ഗ്രന്ഥങ്ങളെ സ്പർശഗുണം മാത്രം നോക്കി തെരഞ്ഞെടുക്കുന്ന ഒരു വിദ്യാഭ്യാസ പ്രവർത്തകൻെറ പ്രവൃത്തി അതിഗർഹണീയമായിട്ടല്ലാതെ  ഗണിക്കപ്പെടുന്നതല്ല. മിസ്റ്റർ അയ്യപ്പൻപിള്ള മാതൃഭാഷാനഭിജ്ഞത നിമിത്തം ആണ്ടുതോറും ഈ നാട്ടിലെ കുട്ടികളുടെ മനസ്സിന് ദൂഷ്യവും, അവരുടെ രക്ഷാകർത്താക്കന്മാർക്ക് ധനനഷ്ടവും ഉണ്ടാക്കിവരുന്നതിനെപറ്റി പല പത്രങ്ങളും വളരെക്കാലമായി മുറവിളികൂട്ടുന്നുണ്ട്. ആശ്രിതന്മാരുടെയോ, തൻ്റെ അനുജന് പണം കൊടുത്തിട്ടുള്ളവരുടെയോ, തന്നെ സ്തുതിക്കുന്നവരുടെയോ സരസ്വതിപ്രസാദം പോലെ എഴുതിക്കൂട്ടുന്ന ചപ്പുചവറുകളെ ഉത്തമഗ്രന്ഥങ്ങളായി സ്വീകരിക്കാൻ തയ്യാറായിരിക്കുന്ന ഈ സർവ്വതന്ത്രസ്വതന്ത്രന്‍റെ ചാപല്യങ്ങളിൽ ഇക്കാലത്ത് തെളിഞ്ഞുനിൽക്കുവയെപ്പറ്റി അദ്ദേഹത്തിന് തന്നെ ലജ്ജ തോന്നാത്തതിൽ ഞങ്ങൾക്ക് അത്ഭുതമില്ലെങ്കിലും അനല്പമായ വ്യസനമുണ്ട്. ഇക്കൊല്ലത്തിലെ ഗദ്യപാഠ്യപുസ്തകങ്ങളിൽ വെച്ച്, ഇദ്ദേഹത്തിൻെറ അധീനതയിൽ വന്ന മൂന്നെണ്ണം അടുത്തടുത്ത ക്ലാസ്സുകളിലേക്കുള്ളവ ഇംഗ്ലീഷിൽ നിന്ന് ചിലർ കടിച്ച് പറിച്ച് ചവച്ച് തുപ്പിയിട്ടുള്ള തർജ്ജമ കഷണങ്ങളാണെന്ന് പറയാതിരിക്കാൻ നിർവ്വാഹമില്ല. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം ഉപഭാഷയായി അംഗീകരിക്കപ്പെട്ട ശേഷം, "അലാവുദ്ദീന്‍റെ അത്ഭുത ദീപിക " "സിമ്പാദിൻെറ കപ്പലോട്ടം ", "അജ്ഞാത കഠാരം" മുതലായ ഗദ്യപദ്യഖണ്ഡങ്ങൾ  പാഠ്യഭാഗങ്ങളായി സ്വീകരിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള ഭാഷയിൽ പാണ്ഡിത്യമില്ലാത്ത  ഇതരന്മാരാൽ തെരഞ്ഞെടുക്കപ്പെട്ട ആ വക പുസ്തകങ്ങളുടെ തിരക്ക് അല്പം ശമിച്ചപ്പോഴാണ്, ആ ശാപം മിസ്റ്റർ അയ്യപ്പൻപിള്ളയുടെ ഭരണകാലത്ത് തിരുവിതാംകൂറിന്മേൽ പതിച്ചിരിക്കുന്നത്. തിരുവിതാംകൂറിൽ നവീന ഗദ്യ സാഹിത്യത്തെ ജനിപ്പിച്ച കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സ് കൊണ്ട് ആധ്യക്ഷം വഹിച്ചുപോന്ന മുമ്പത്തെ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ നിന്ന് സർക്കാർ വകയായി "വിജ്ഞാന മഞ്ജരി", സന്മാർഗ്ഗപ്രദീപം", "ലോകത്തിൻെറ ശൈശവാവസ്ഥ" മുതലായ നല്ല ഗദ്യ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കയും പലകുറി പാഠ്യപുസ്തകങ്ങളാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ മാതൃകാ ഗദ്യഗ്രന്ഥങ്ങളെ  മറന്ന്, മിസ്റ്റർ അയ്യപ്പൻപിള്ളയുടെ കാലത്ത് മലയാളികൾ, യൂറേഷ്യനോടും, മലയാള ഭാഷാ പാണ്ഡിത്യമില്ലാത്ത കൂട്ടരോടും മലയാളം ഗ്രഹിക്കണമെന്ന് വന്നത് ഒരു അത്ഭുതം തന്നെ. ഇക്കൊല്ലത്തെ ഒന്ന്, രണ്ട്, മൂന്ന് എന്നീ ഫാറങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള "ദേവദത്തൻ", "കളഞ്ഞുകിട്ടിയ തങ്കം", "നേതാജി പാൽക്കർ", എന്നീ പുസ്തകങ്ങളെക്കുറിച്ച് മിസ്റ്റർ അയ്യപ്പൻപിള്ള തന്നെ വല്ലതും ഗ്രഹിച്ചിട്ടുണ്ടോ എന്ന്  ഞങ്ങൾക്ക്  സന്ദേഹമാണ്. "ദേവദത്തൻ" എഴുതിയിരിക്കുന്ന മിസ്റ്റർ ഹെസ്സിംഗ് ഒരു ബി. എ. എൽ. റ്റി. ആണെന്ന് അഭിമാനിക്കാമെങ്കിലും  ...................ഈ പുസ്തകത്തിലെ കഥ ഇംഗ്ലീഷിലെ ഒരു പദ്യപാഠത്തിന്‍റെ സംഗ്രഹമാണ്. സ്കൂൾ കുട്ടികൾ അനധ്യായ  ദിവസങ്ങളിൽ എഴുതാറുള്ള അഭ്യാസങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താൻ മാത്രം കൊള്ളാവുന്ന ഇത്തരം സംഗ്രഹങ്ങളെ ഒരു പാഠപുസ്തകമായി സ്വീകരിക്കുന്ന ഒരു വിദ്യാഭ്യാസാധികൃതന്‍റെ ബുദ്ധിക്ക് എന്തോ വൈകല്യം ഉണ്ടായിരിക്കുമെന്നേ ഞങ്ങൾ ശങ്കിക്കുന്നുള്ളൂ. ജോർജ്ജ് എലിയട്ട് എന്ന പ്രസിദ്ധമായ നോവലെഴുത്തുകാരിയുടെ തത്വജ്ഞാന സങ്കലിതങ്ങളായ നവ്യഗദ്യകാവ്യങ്ങളിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതും, ഇംഗ്ലീഷിലെ നോവലുകളിൽ അനശ്വരകീർത്തിയെ പ്രാപിച്ചിട്ടുള്ളതുമായ "സൈലാസ് മാർനർ" എന്ന കൃതിയുടെ ഒരു മലയാള വികൃതിയാണ് "കളഞ്ഞുകിട്ടിയ തങ്കം" എന്ന് കാണുന്നു. ജോർജ്ജ് എലിയട്ടിന്‍റെ നോവലിൻെറ സ്വാരസ്യത്തിന്‍റെയും, മഹത്വത്തെയും, ഭംഗിയേയും, ചമൽക്കാരത്തെയും ഭംഗപ്പെടുത്താതെ അതിനെ മലയാളത്തിൽ തർജ്ജമ ചെയ്യാൻ അസാധ്യമായിരിക്കെ, ഈ മാതിരി വികൃതികളെ ഉണ്ടാക്കി ആളുകളെ ക്ലേശിപ്പിക്കുന്നത് ആ ഗ്രന്ഥകർത്രിയുടെ യശസ്സിനെ ഹനിക്കുന്നതിന് തുല്യമെന്നേ പറയുവാനുള്ളു. മിസ്റ്റർ സി. ആർ. കൃഷ്ണപിള്ളയുടെ "കളഞ്ഞുകിട്ടിയ തങ്കം" സൈലാസ് മാർനർ നോവലിനു ഒരു പങ്കം ആയിട്ടാണ് പരിണമിച്ചിരിക്കുന്നത്. സൈലാസ് മാർനർ എന്നവന്  മനുഷ്യസാമാന്യമായുള്ള ധനലോഭത്തെയും, ദൈവഗതികളെയും പുരസ്‌കരിച്ച് പല പല ജീവിതത്വജ്ഞാനങ്ങളെ അടക്കി എഴുതിയിട്ടുള്ള മൂലഗ്രന്ഥത്തെ വായിച്ചിട്ടുള്ളവർക്ക് ഈ "തങ്കം" മാറ്റ് തീരെ പോയിപ്പോയ വെറും ലോഹക്കഷണമെന്നോ, നെന്മണിയിൽ നിന്ന് അരിമണി എടുത്തുകളഞ്ഞിട്ട് ശേഷിച്ച ഉമിയെന്നോ ആത്മാവില്ലാത്ത ജഡശരീരമെന്നോ തോന്നുമെന്നുള്ളതിൽ രണ്ടു  പക്ഷമില്ല. മൂലഗ്രന്ഥത്തിന് ചൈതന്യം നൽകിയിരിക്കുന്ന ജീവിതതത്ത്വജ്ഞാനം ഈ തർജ്ജമയിൽ അസ്തമിച്ചുപോയി. ഈശ്വരസൃഷ്ടങ്ങളായ ജീവികളുടെ മാതൃകകളായി കാണിക്കുന്നതിന് ഈശ്വരദത്തങ്ങളായ അന്തരിന്ദ്രിയങ്ങളെയും മാംസരക്താദി സാധനങ്ങളെയും എടുത്ത് കളഞ്ഞ്, പകരം അവയുടെ അന്തരാളങ്ങളിൽ പഞ്ഞി നിറച്ച്, പുറം തൊലികൊണ്ട് പൊതിഞ്ഞ് കാഴ്ചബംഗ്ളാവുകളിൽ സൂക്ഷിച്ചിട്ടുള്ള ജന്തുപ്രതിമകൾക്കും സാക്ഷാൽ ജന്തുക്കൾക്കും തമ്മിലുള്ള അന്തരം ഈ തർജ്ജിമക്കും  മൂലത്തിനും തമ്മിലുണ്ടെന്ന് പറയാതെ കഴിയുകയില്ല. ഇതിലെ ഗദ്യത്തിനുള്ള ന്യൂനതയും, പ്രദോഷങ്ങളും വിശേഷപ്പെട്ടവതന്നെയാണ്. ഇതെഴുതിയത് മിസ്റ്റർ സി. ആർ. കൃഷ്ണപിള്ളയാണെന്ന് വിശ്വസിക്കാൻ വളരെ ക്ലേശിക്കേണ്ടിയിരിക്കുന്നു. രോഗം മൂർച്ഛിച്ചെന്നോ, ചരമദശ അടുത്തുവെന്നോ അർത്ഥത്തിൽ, "ദീനം അത്യാസന്നമായി", വേഗത്തിൽ എന്ന അർത്ഥത്തിൽ "ധൃതിയായിട്ട്"; അസ്തമയം എന്നതിന് പകരം "അസ്തമനം"; വഴിയമ്പലത്തിൻ്റെ തറ കല്ല് പാകിയതാണെന്ന അർത്ഥത്തിൽ "വഴിയമ്പലത്തിൽ കൽത്തളം ചെയ്തിട്ടുണ്ട്"; "കുട്ടി വെള്ളം പോലെ  സംസാരിച്ചു "; "അഹർവൃത്തിക്ക്" "അഹോവൃത്തി"; അതിയായ ഭയം എന്ന അർത്ഥത്തിൽ "അതീതമായ ഭയം "; ഭയപ്പെട്ടു എന്നതിന് പകരം "ഭയന്ന്"; വിഷണ്ണൻ എന്നതിന് പകരം "വിഷണ്ഡൻ"; പാകം എന്നതിന് "പാചകം"; രണ്ട് നക്ഷത്രം എന്ന അർത്ഥത്തിൽ നക്ഷത്രദ്വയുങ്ങൾ എന്നിങ്ങനെയുള്ള വിശേഷപ്രയോഗങ്ങൾ ഇടയ്ക്കിടെ നോക്കിയതിൽ, ഞങ്ങൾക്ക് കാണുവാൻ ഇടയായി. "ഉം" സജാതീയങ്ങളെയെ   സമുച്ഛയിക്കു എന്നുള്ള വ്യാകരണ വിധിയെ മറന്ന്, "ആയതു കൈയ്യിലും, കോപ്പ് തലയിലും, പണക്കിഴി മടിയിലും, മറ്റേകൈയ്യിൽ ചൂട്ടും, പുല്പായ കക്ഷത്തിലും ആയിട്ട് ശങ്കരദാസൻ പുറപ്പെട്ടു" --- എന്ന ഒരു വാക്യം    ഇതിൽ എഴുതിക്കാണുന്നു. "ശങ്കരദാസനെ ഓർമ്മ വന്നു" എന്നീ വിധത്തിൽ അന്വയമില്ലാത്ത പ്രയോഗങ്ങളും കാണുന്നുണ്ട്. ഈ മാതിരി ന്യൂനതകൾ, മലയാളമെഴുതി പരിചയിച്ചിട്ടുള്ള മിസ്റ്റർ കെ. ആർ. കൃഷ്ണപിള്ളയുടെ “നേതാജി പാൽക്കറിലും“ കാണുന്നതിലാണു  ഞങ്ങൾ അത്ഭുതപ്പെടുന്നത്. “നേതാജി പാൽക്കറിൽ“ നിന്ന് കിട്ടുന്ന ചില ഉദാഹരണങ്ങൾ കാണേണ്ടവ തന്നെയാണ്. "അവൻ്റെ കൂട്ടുകാരായ രണ്ടുപെൺകുട്ടികൾ ഒരുത്തി അവനെക്കാൾ മൂന്ന് വയസ്സിനിളയതും, മറ്റവൾക്ക് ഏകദേശം ഏഴ് വയസ്സ് പ്രായവുമുണ്ടായിരുന്നു". "രസികനായ നിൻെറ പുത്തൻ തൊപ്പി " (നിൻെറ രസികനായ പുത്തൻ തൊപ്പി എന്നർത്ഥം); "മഹാർഹമായ കഞ്ചുകം"; "രക്തപ്രവാഹത്തോടും ബോധം കെട്ടും ഭൂമിയിൽ പതിച്ചു"; "പ്രാകൃതികമായ സോപനം"; "മുളകൊണ്ടുള്ള ഒരു കുന്തം ഭിത്തിയിൽ ചാരിയും അദ്ദേഹത്തിൻെറ വാൾ ഒരു ഇരുട്ടടഞ്ഞ മൂലയിലും വയ്ക്കപ്പെട്ടിരിക്കുന്നു "; "മണിബന്ധത്തിൽ ധരിക്കപ്പെട്ടിരുന്ന വെളുത്ത ശംഖം" - (ധരിച്ചിരുന്നുവെന്ന് മതി); "ചിലപ്പോൾ വിചാരിക്കാതിരുന്നില്ല"; ഭാവിയെയും ഗ്രഹിക്കാതിരുന്നില്ല"; ആനന്ദം അല്പം കലുഷമാകാതിരുന്നില്ല" - (വിചാരിച്ചു, ഗ്രഹിച്ചു, കലുഷമായി); എന്നീ അർത്ഥങ്ങളിൽ "വിവേകപൂർവ്വം ചെയ്യപ്പെട്ട അദ്ദേഹത്തിൻെറ പ്രവൃത്തികളുടെ ഫലങ്ങൾ ശാശ്വതമായി സ്ഥിതി ചെയ്യുന്നു". (ശാശ്വതമായിരിക്കുന്നുവെന്ന്  അർത്ഥം); മന്ദസ്‌മിതവും......... ബാഷ്പം തൂവുക എന്നതിൽ സാധാരണമായിട്ടുമാണ് "തൂവുക"യ്ക്ക്  പ്രയോഗം. ഇങ്ങനെ ഒന്നായി ചേർത്ത് പ്രയോഗിക്കുന്നത് യുക്തമല്ലാ-; "സാധുവായ ഭടനെ ശകാരങ്ങൾക്കൊണ്ട് വർഷിച്ചു"- (ഭടന്‍റെമേൽ ശകാരങ്ങൾ വർഷിച്ചുവെന്നർത്ഥം) - ഇത്തരം പ്രയോഗങ്ങൾ ഇതിൽ പലയിടത്തും ഉണ്ട്. ഇവയെ ചിന്തിച്ചതിൽ, ഈ പുസ്തകങ്ങൾ ധ്രുതഗതിയിൽ എന്തോ നിർബന്ധം കൊണ്ട് തർജ്ജിമ ചെയ്തതായിരിക്കാം എന്നാണ് ഞങ്ങൾ ഊഹിക്കുന്നത്. എന്നാൽ, അസമർത്ഥങ്ങളും വികലങ്ങളുമായ ഇത്തരം തർജ്ജമകളെ പാഠശാലകളിൽ പാഠപുസ്തകങ്ങളായി സ്വീകരിക്കണമെന്ന് ഏതെങ്കിലും ഒരു നിയമം ഉള്ളതായി ഞങ്ങളറിയുന്നില്ല. അദ്ധ്യാപകവൃത്തിയിലിരിക്കുന്ന ഈ പുസ്തകമെഴുത്തുകാർ ഇങ്ങനെ തർജ്ജിമകോലങ്ങളെ പാഠപുസ്തകങ്ങളായി സ്വീകരിപ്പിച്ച് വിദ്യാർത്ഥികളുടെ ബുദ്ധിക്ക് വിപ്ലവം ഉണ്ടാക്കുന്നതിന് സമ്മതിച്ചത് ഉപാധ്യായവൃത്തിയുടെ പരിശുദ്ധമായ ഉദ്ദേശ്യത്തിന് തീരെ ചേർച്ചയില്ലെന്നാണ്  ഞങ്ങൾക്ക് പറയുവാനുള്ളത്. പുസ്തകം വായിച്ച് നോക്കുന്നതിനോ, നോക്കിയാൽ തന്നെ തെറ്റുകൾ കാണുന്നതിനോ കഴിവാകാത്തവിധം രോഗപരിപീഡയെ അനുഭവിക്കുന്ന സെക്രട്ടറി, താൻ സേവിക്കുന്ന ഗവർന്മേണ്ടിനോടും, തൻ്റെ ശമ്പളത്തിന് കടപ്പെട്ടിരിക്കുന്ന രാജ്യനിവാസികളോടും വ്യാജവേല ചെയ്ത് കൃതജ്ഞതയെ സമ്പാദിച്ചിരിക്കുന്നു  എന്നാണ് ഈ വികൃതികൾ കണ്ടിട്ട് ഞങ്ങൾ വിചാരിക്കുന്നത്. ഇങ്ങനെ, വികൃതങ്ങളായ പുസ്തകങ്ങൾക്ക് ഒന്നോ രണ്ടോ അണ സാക്ഷാൽ ചെലവ് മുതലായിരിക്കെ, അഞ്ചണ, ആറണ , പന്ത്രണ എന്നിങ്ങനെ അക്ഷരത്തിൽ വില അച്ചടിച്ച്, ആവശ്യക്കാരായ കുട്ടികളെക്കൊണ്ട് എട്ടണ, പത്തണ, ഒരു രൂപ എന്നീ വിലക്ക് മേടിപ്പിക്കുവാൻ ഇടയാക്കുന്നതും എത്രയോ കഷ്ടതരമാകുന്നു. ഈ നാട്ടിലെ വിദ്യാഭ്യാസ വകുപ്പിൻെറ മേൽ പതിച്ചിട്ടുള്ള ഈ ശാപം ഇനിയും നീങ്ങുകയില്ലെന്നുണ്ടോ?          

You May Also Like