ദേശവാർത്ത - തിരുവിതാംകൂർ
- Published on November 13, 1907
- By Staff Reporter
- 685 Views
ഹൈറേഞ്ചില്‍ കഞ്ചാവുകൃഷി ഏര്‍പ്പെടുത്തുവാന്‍ ഗവണ്‍മെന്‍റ് തീരുമാനിച്ചിരിക്കുന്നു എന്നറിയുന്നു.
സ്ഥലത്തെ പത്മനാഭസ്വാമിക്ഷേത്രത്തില്‍ പതിവുള്ള അല്പശി ഉത്സവം, ഇന്നലെ ആറാട്ടോടുകൂടി കഴിഞ്ഞിരിക്കുന്നു.
പാങ്ങോട്ടു പട്ടാളക്കാരുടെ നവരാത്രി ആഘോഷച്ചെലവില്‍ മുപ്പതു രൂപാ ഗവണ്മെന്‍റില്‍ നിന്നു കൊടുത്തിരിക്കുന്നു.
തോവാള പോലീസ് ഇന്‍സ്പെക്റ്റര്‍ മിസ്റ്റര്‍ വേലുപ്പിള്ള ബി. ഏ. യ്ക് 65 ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നു.
****************കഴിഞ്ഞ അക്ടോബര്‍ പതിമൂന്നാം തീയതി മുതല്‍ 50 രൂപാ ശമ്പളക്കൂടുതല്‍ അനുവദിച്ചിരിക്കുന്നു
ജില്ലാ ജഡ്ജി മിസ്റ്റര്‍ കുഞ്ഞുണ്ണിമേനോനെ ഈ വരുന്ന മീനം 10-ാംനു - മുതല്‍ പെന്‍ഷന്‍കൊടുത്തു വേലയില്‍ നിന്നും വിടുര്‍ത്തുന്നതാണെന്ന് ഒരു കേള്‍വിയുണ്ട്.
തിരുവനന്തപുരം റസിഡന്‍സി പട്ടാളം സ്ക്കൂള്‍ ഹെഡ് മാസ്റ്റര്‍ ശമ്പളംവകയില്‍ ഒന്‍പതു രൂപാ കൂടുതലായി വാങ്ങിയതിനു ദിവാന്‍ജി അയാള്‍ക്കു ഒരു രൂപാ പിഴ നിശ്ചയിച്ചിരിക്കുന്നു.
കൊല്ലം ആശുപത്രിയില്‍ അസിസ്റ്റന്‍റ് സര്‍ജ്ജനായി നിയമിച്ചിരിക്കുന്ന ഡാക്ടര്‍ രാമന്‍തമ്പിക്കു ഇപ്പോള്‍ 150 രൂപാ ശമ്പളവും മൂന്നാണ്ടിലൊരിക്കല്‍ 50 രൂപാവീതം 450 രൂപാവരെ സ്കെയിലും അനുവദിച്ചിരിക്കുന്നു.
പറവൂര്‍ താലൂക്കില്‍ചേര്‍ന്ന പെരുമന ദേവസ്വംവക വസ്തുക്കളെ പൊളിച്ചെഴുതുന്നതിനും മിച്ചവാരം പിരിക്കുന്നതിനും ആയി പറവൂര്‍ തഹശീല്‍ദാരെ, സ്പെഷ്യല്‍ ആഫീസരായി ആറുമാസത്തേയ്ക്ക് നിയമിച്ചിരിക്കുന്നു.
"കരപ്പുറം വ്യവസായക്കമ്പനി"യുടെ പ്രാരംഭോദ്ദേശ്യമായ എണ്ണച്ചക്ക് സ്ഥാപനംപൂര്‍ത്തിയായതായും, ഇക്കഴിഞ്ഞ തുലാം 22നു കമ്പനി അംഗങ്ങളുടെയും, മറ്റുപല മാന്യന്മാരുടെയും സമ്മേളനത്തൊടുകൂടി യന്ത്രം നടത്തി തൊഴില്‍ ആരംഭിച്ചിരിക്കുന്നതായും സിക്രിട്ടരി ഞങ്ങളെ അറിയിച്ചിരിക്കുന്നു.
രജിസ്ട്രേഷന്‍ഡയറക്ടര്‍ ആഫീസര്‍ സമ്പ്രതി മിസ്റ്റര്‍ കേ. ആര്‍. കൃഷ്ണപിള്ളയെ, മേല്പടി ആഫീസ് മാനേജരായി 80 രൂപാ മുതല്‍ 100- രൂപാവരെ സ്കെയിലോടു കൂടി നിയമിക്കണമെന്ന് ഡയറക്ടര്‍ ഗവര്‍ന്മേണ്ടിനോട് അപേക്ഷിച്ചിരിക്കുന്നു. ചീഫ് സിക്രിട്ടറി, മേല്പടി അപേക്ഷയെ താങ്ങി ശിപാര്‍ശി ചെയ്തിരുന്നു. ഗവര്‍ന്മേണ്ട് അതിനെ അനുവദിച്ചില്ല.
തിരുവനന്തപുരം മുന്‍സീഫ് മിസ്തര്‍ കല്യാണരാമയ്യര്‍ വളരെ വൈകുന്നതുവരെ കച്ചേരിചെയ്യുന്നുഎന്നും, വളരെ ദൂരമുള്ള പല പ്രദേശങ്ങളില്‍ എത്തേണ്ടവരും ആറുംതോടും നിലവും കാടും മറ്റും കടന്നുപോകേണ്ടവരും, ഇടവഴി, വരമ്പ്, ഊടുവഴി മുതലായ മാര്‍ഗ്ഗങ്ങളില്‍കൂടി സ്വഗ്രഹം പ്രാപിയ്ക്കേണ്ടവരും ആയ അനേകം പേര്‍ക്ക് സങ്കടം നേരിട്ടിരിക്കുന്നു എന്നു കാണിച്ച് ഒരു ദീര്‍ഘലേഖനം തയാറാക്കിവരുന്നു. ക്വാര്‍ട്ടര്‍ അവസാനം, മാസാന്ത്യം, എന്നുള്ള സമാധാനം ബഹുജനസങ്കടത്തിന്‍റെ ഗൌരവത്തിനെ കുറയ്ക്കുന്നില്ല. പാമ്പുകടികൊണ്ട് പലരും മരിക്കുന്ന ദിക്കുകളില്‍ രാത്രിയില്‍ സഞ്ചരിക്കാനിടകൊടുക്കാതിരിക്കാനാണ് എല്ലാവരും കഴിയുന്നിടത്തോളം ശ്രമിക്കേണ്ടത്, (ഒരു കക്ഷി)
ഒരുപ്രതിയെ എത്രകാലത്തേയ്ക്കു തടവില്‍ പാര്‍പ്പിക്കണമെന്നും, അത് എതുതീയതികളില്‍ ഏതുതീയതി വരെ വേണ്ടതാണെന്നും മറ്റുംഉള്ള സകലവിവരങ്ങളും പൂര്‍ത്തിയായും വ്യക്തമായും, ജെയില്‍ ഡിപ്പാര്‍ട്ടുമെന്‍റുകാര്‍ക്ക് കിട്ടുന്നില്ലെന്ന് ഒരു പരാതി ചില സ്ഥലങ്ങളില്‍ കേള്‍ക്കുന്നുണ്ട്. മജിസ്ട്രേട്ടുമാരുടെയോ അവരുടെ ഗുമസ്താക്കളുടെയോ, രണ്ടുകൂട്ടക്കാരുടെയുമോ ആയ ഉദാസീനത നിമിത്തം, ജെയിലില്‍ ഒരിക്കല്‍ കേറിപ്പോയാല്‍ പിന്നെ വിധിക്കപ്പെട്ടകാലം കഴിഞ്ഞാലും, എത്രയോ കാലം കാരാഗൃഹത്തില്‍തന്നെ കിടക്കണമെന്നുള്ള സങ്കടം ജനങ്ങള്‍ സഹിക്കേണ്ടിവരുന്നത് അത്യാശ്ചര്യം തന്നെ. ഈ വിഷയത്തെപ്പറ്റി അന്വേഷണം കഴിക്കുന്നതായാല്‍ പല കൂട്ടങ്ങളും വെളിപ്പെടുന്നതാണ്. (ഒ. ലേ.)
ഇന്നലെദിവസം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആറാട്ടായിരുന്നതുകൊണ്ട് സര്‍ക്കാര്‍ ആപ്പീസുകള്‍ക്കെല്ലാം പതിവുപോലെ, ഗസറ്റിലെ പരസ്യപ്രകാരം, ഒഴിവായിരുന്നു, എന്നാല്‍, സര്‍ക്കാര്‍ അച്ചുകൂടത്തില്‍ മാത്രം ജോലിയുണ്ടായിരുന്നു. ഗസറ്റുകളെ കുത്തിക്കെട്ടി അയയ്ക്കുന്നതിനായിരുന്നു ആപ്പീസ് വച്ചത് എന്ന് പറവാന്‍ ന്യായമില്ല. എന്തെന്നാല്‍, ആ ജോലിക്ക് ബൈന്‍ഡുകാര്‍മാത്രം മതിയാകുമായിരുന്നു. അടിയന്തരത്തില്‍ തീര്‍ക്കപ്പെടേണ്ടതരം യാതൊരു വേലയും ഇല്ലായിരുന്നുവെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. എന്നു മാത്രവുമല്ല, ഇന്നലത്തെ പ്രത്യേകവേലയ്ക്ക് വിശേഷാല്‍ ശമ്പളമോ, പടിയോ, പകരം അവധിയൊഒന്നുംതന്നെ ഇല്ല എന്ന് അറിയുന്നു. അങ്ങനെയാണെങ്കില്‍, അതു സങ്കടമാണ്. ആറാട്ട്.
ഈയാണ്ടത്തെ (1083) ശ്രീമൂലം കളികളെ സംബന്ധിച്ചുള്ള ഇംഗ്ലീഷ് പരസ്യങ്ങൾ മേല്പടി സ്ഥാപനനിര്‍വാഹകസംഘം ജോയിന്‍റ് സിക്രിട്ടറിയുടെ പക്കല്‍നിന്ന് കിട്ടി............. സ്വീകരിക്കുന്നതോടുകൂടി അതിലെ ചില പ്രധാനവിവരങ്ങളെ വായനക്കാരെ അറിയിച്ചുകൊള്ളൂന്നു. കായികാഭ്യാസങ്ങള്‍ അടുത്ത നവംബര്‍ മാസത്തിലും ഫുട്ട്ബാള്‍, ടെനിസ് എന്നീ രണ്ടു പന്തുകളികളും ജനുവരി ആരംഭം സമീപിച്ചും ആയിരിക്കുന്നതാണ്. തിരുവിതാംകൂര്‍ നിവാസിയായ ഏവനും ഇവയില്‍ ചേരാം. കളിസ്ഥലമായ തിരുനന്തപുരത്തേയ്ക്കുള്ള യാത്ര മുതലായ, ഇതുസംബന്ധിച്ച സകല ചിലവുകളും അവരവര്‍തന്നെ സഹിച്ചുകൊള്ളേണ്ടതാണ്. ഫുട്ട്ബാള്‍ കളിയില്‍ ചേരുന്നതിനുള്ള അപേക്ഷകള്‍ മൂന്നുരൂപാ പ്രവേശനപ്പീസോടുകൂടി ഡിസംബര്‍ 12-ാംനു-ക്കകമായി സിക്രിട്ടറിമാരുടെ കയ്യില്‍ എത്തേണ്ടതാണ്. ഓരോ സംഘത്തിലെയും കളിക്കാര്‍ പ്രത്യേകനിറമുള്ള ഉടുപ്പുകളൊ മുദ്രകളൊ ധരിയ്ക്കേണ്ടതാണ്. ഈ കളിയ്ക്ക് സമ്മാനം ഒരു വെള്ളിക്കിണ്ണമാകുന്നു. ടെനിസ് കളിയില്‍ ചേരാനുള്ള അപേക്ഷകള്‍ ഡിസംബര്‍ 12-ാംനു-യ്ക്കകം സിക്രിട്ടറിമാര്‍ക്ക് കിട്ടേണ്ടതും ഓരോ അപേക്ഷയും മൂന്നുരൂപാ പ്രവേശനപ്പീസ് സഹിതമായിരിക്കേണ്ടതുമാണ്. ഈ കളിയ്ക്ക് സമ്മാനം ഒരു വെള്ളിപ്പരിശയാകുന്നു. കായികാഭ്യാസങ്ങളില്‍ ചേരുന്നതിനുള്ള അപേക്ഷകള്‍ നല്‍കേണ്ടവര്‍ 10-ാംനു-യ്ക്കകം സിക്രിട്ടിരിമാര്‍ക്ക് അപേക്ഷ കൊടുക്കേണ്ടതാകുന്നു. ഈ കളികളില്‍ ചേരുവാന്‍ പ്രവേശനപ്പീസുകള്‍ രണ്ടുചക്രം മുതല്‍ ഒരുരൂപാവരെ യഥാക്രമം ഒടുക്കേണ്ടതാണ്.
ക്രിസ്ത്യന്‍ സമാജ പ്രതിനിധികള്‍ അറിയിക്കാൻ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളില്‍ ഒന്ന് ഗൌരവമേറിയതും ഗവണ്മെന്‍റിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക് വിഷയീഭവിക്കേണ്ടതുമാണ്. അതിനെ താഴെപറയുന്നു. ഒരാള്‍ ജനനാലും മാതാപിതാദികളാലും ഒരു മതത്തില്‍ ചേര്‍ക്കപ്പെടുന്നു. അയാളുടെ ശൈശവത്തില്‍, അയാളെ സംബന്ധിച്ച് ആരെല്ലാമൊചെയ്ത ഈ പ്രവൃത്തിക്ക് അയാള്‍ ഉത്തരവാദിയല്ലെന്ന് പറയേണമെന്നില്ലല്ലൊ. പിന്നീട്, പ്രായം, വിദ്യാഭ്യാസം, ലോകപരിചയം, വിവേകം, വിവേചനശക്തി, ഗുണദോഷനിരൂപണധൈര്യം, ആത്മബോധം, എന്നീവകയെ സമ്പാദിച്ച്, അവയെ ലഭിച്ചതിന്‍റെ ഫലമായിട്ട് മതവിശ്വാസം ഉറപ്പിക്കുന്നു. ഇത് ലോകത്തിലെ മനുഷ്യജാതിയിലുള്‍പ്പെട്ട സര്‍വരുംചെയ്തു പോരുന്നതും ചെയ്തെകഴിയു എന്നുള്ളതുമായ ഒരു പ്രധാനകൃത്യമാകുന്നു. ഈ കൃത്യം ചെയ്യുന്നത് ഒരുകുറ്റമാണെന്നും, അങ്ങനെയുള്ള കുറ്റത്തിനു ശിക്ഷയൊ (മറ്റൊന്നുമല്ല) ജന്മസിദ്ധമായ ദ്രവ്യാവകാശനഷ്ടം - പരിപൂര്‍ത്തിയായ നഷ്ടം ആകുന്നും എന്നും ചിലര്‍ ശഠിക്കുന്നുണ്ട്. ഇവരുടെ അക്രമപ്രവൃത്തിക്ക് പരിഹാരംതേടി നാടുവാഴിയാദിയായ രാജ്യനീതി കുശലന്മാരുടെയും സര്‍വഭരണകര്‍ത്താക്കളുടെയും മുമ്പാകെ എത്തിക്കഴിഞ്ഞാല്‍ "ശരി" എന്നല്ലാതെ മറ്റൊന്നും അവര്‍ പറയുന്നില്ലാ. വല്ലതുംകൂടി പറയുന്നുണ്ടെങ്കില്‍ അത് "സങ്കടക്കാരന്‍ ചിലമ്പാതെ പൊയ്ക്കൊള്ളണം" എന്നാകുന്നു. ഹ! ഇതെന്തുകഷ്ടം! പരിഷ്കൃതരാജ്യഭരണചിഹ്നങ്ങളില്‍ ഒന്ന് ഇതുതന്നെയോ? മനുഷ്യര്‍ ചെയ്തുപോയേക്കാവുന്ന കുറ്റങ്ങളില്‍ അഗ്രഗണ്യമായി രാജ്യഭരണതത്വങ്ങളാല്‍ നിയമിക്കപ്പെട്ടിട്ടുള്ളത് കൊലപാതകമാണ്. അങ്ങിനെയുള്ള കുറ്റത്തിനു ശിക്ഷയായി നല്‍കപ്പെടുന്ന "ജീവപര്യന്തം തടവ്" ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവന്‍ പോലും, എങ്ങിനെയെങ്കിലും മോചനം സിദ്ധിക്കുന്നു എങ്കില്‍, ജന്മസ്വത്തിനുള്ള അവകാശനഷ്ടം എന്നൊരു ശിക്ഷ അനുഭവിക്കുന്നില്ലാ! എല്ലാകാര്യങ്ങളിലും നിന്നുല്‍ഭൂതമായ ആത്മബോധത്തിനു കീഴടങ്ങുക എന്നകുറ്റത്തിലധികം കാഠിന്യമുള്ള കുറ്റം ഇല്ലെന്ന് ഇതുകൊണ്ട് തീരുമാനിക്കാം. ഇങ്ങിനെ ഗവണ്മെന്‍റ് ചെയ്യുന്നതെന്തുദ്ദേശ്യത്തിന്മേലാകുന്നു എന്ന് ഒട്ടും മനസ്സിലാകുന്നില്ലാ. ദൈവമെ ! മിസ്റ്റര്‍ രാജഗോപാലാചാരിയുടെ ശ്രദ്ധ ഈ വിഷയത്തില്‍ വേണ്ടുവോളം പതിയണമേ!
ഒരു കൃസ്ത്യാനി.
ശ്രീ. പ്രജാസഭയ്ക്കു 5 ബി വകുപ്പ് അനുസരിച്ചു ജനപ്രാതിനിധ്യം വഹിക്കുന്ന സഭകളാല്‍ നിയോഗിക്കപ്പെട്ട മെംബര്‍മാര്‍.
മെസ്സേഴ്സ് ജേ എസ്. വാളന്‍ടൈന്‍, എഫ്. ഡബ്ളിയു. വിറ്റ്യുവര്‍, എച്ച്. എം. നൈസി, എ. എഫ്. മാര്‍ട്ടിന്‍, ടി. സി. ചെറിയാന്‍, പി. വി. ഡാനിയല്‍ ബി. ഏ. ബി. എല്‍, എം. ഗോവിന്ദന്‍ ബി. എ. ബി. എല്‍, കേ. പരമേശ്വരന്‍പിള്ള ബി. ഏ. ബി. എല്‍, കേ. ജി ശേഷയ്യര്‍ ബി. എ. ബി. എല്‍, പി. എസ്. മരുതനായകംപിള്ള, കെ. വെങ്കിട്ടരാമയ്യര്‍ ബി. ഏ. ബി. എല്‍, ആര്‍. വി. കുളന്തസ്വാമിപ്പിള്ള ബി. ഏ., ആര്‍. വേലുത്തരകന്‍, എച്ച്. മഹാദേവയ്യര്‍. എസ്. രാമസുബ്രഹ്മണ്യയ്യര്‍, വര്‍ക്കി ജാണ്‍, ഡി. ഫ്രാന്‍സിസ്, കേ. കേ. കുരുവിള ബി. സി. ഇ
13-ാംവകുപ്പനുസരിച്ചു ഗവര്‍ണ്മെന്‍റിനാല്‍ നിയമിക്കപ്പെട്ട മെംബര്‍മാര്‍.
മെസ്സേഴ്സ് നാരായണന്‍നമ്പൂതിരിപ്പാട്, പി. ജാണ്‍, ഗുലാമൈതീന്‍പിള്ള, തിരുവോണംനാള്‍ തമ്പുരാന്‍, ശീനിസാമി ചെട്ടി, കൊച്ചസ്സന്‍കുഞ്ഞു, ജെ. എ. ഗോമസ്, പൊന്നയ്യാ നാടാര്‍, കണ്ടന്‍ ഇക്കണ്ണന്‍.
ഫുട്ട്ബാളും ടെന്നീസ്സുംഒഴികെയുള്ള ശ്രീമൂലം കളികള്‍ 1907 നവംബര്‍ 18നു-ക്കു 83 വൃശ്ചികം 10നു-നടത്തപ്പെടുന്നതാകുന്നു. ഇതില്‍ ആര്‍ക്കും ചേരാവുന്നതും അപേക്ഷകള്‍ നവംബര്‍മാസം 15ാംനു-ക്കമുമ്പു കിട്ടത്തക്കവിധം അയക്കേണ്ടതും ആകുന്നു. താഴെ കാണുന്ന കളികള്‍ ഒഴിച്ച് ശേഷമുള്ള ഓരോകളിക്കും ഓരോരുത്തര്‍ രണ്ടുചക്രംവീതം അപേക്ഷയോടുകൂടി അയക്കേണ്ടതാണ്. എല്ലാകളികള്‍ക്കും ചേരുന്നവര്‍ എട്ടു ചക്രം വീതം അയച്ചാല്‍മതിയാകും.
കയര്‍പിടിത്തം (ടഗ്ഗ്ആഫ് വാര്‍), രൂ. ച. കാ.
കുട്ടികള്‍ക്ക്. 14........
ചവുട്ടുവണ്ടി ഓടിക്കല്‍
(വേഗം കൂടിയൊകുറച്ചൊ) 14.......
എം. ലബൌഷര്‍ ഡിയര്‍.
ഈ. ജേ. ജാണ്‍
കേ. കൊച്ചുകൃഷ്ണമാരാര്‍
സിക്രിട്ടരിമാര്‍.