മരുമക്കത്തായ കമ്മിഷൻ

  • Published on January 15, 1908
  • Svadesabhimani
  • By Staff Reporter
  • 560 Views


മരുമക്കത്തായ ചട്ടങ്ങളെ ആചരിച്ചു വരുന്ന മലയാളികളുടെ ഇടയിൽ, വളരെക്കാലമായിട്ട് പല ദൂഷ്യങ്ങളും ആചാരം നിമിത്തം ഉണ്ടായി കണ്ടിരിക്കുന്നു എന്നും അതിന്റെ പരിഹാരത്തിനായി, മരുമക്കത്തായികളുടെ അവകാശം, വിവാഹം മുതലായ ഏർപ്പാടുകളിൽ, കാലാനുസാരമായ പരിഷ്ക്കാരം ചെയ്യുന്നതിൽ ഗവൺമെന്റ് മുഖ്യമായി സഹായിക്കണമെന്നും, തിരുവിതാംകൂർ മരുമക്കത്തായികൾ, ഗവൺമെന്റിനെ അറിയിക്കുകയും അതിലേക്ക് ഒരു കമ്മീഷൻ നിശ്ചയിക്കാമെന്ന് ഗവൺമെന്റ് സമ്മതിക്കുകയും ചെയ്തു കഴിഞ്ഞുവല്ലോ. ഇപ്രകാരം ഒരു കമ്മീഷൻ ഏർപ്പെടുത്താമെന്ന് അനുവാദം കിട്ടിയത് മരുമക്കത്തായികൾ നേടിയ ഒരു മുഖ്യവിജയം തന്നെയാണെന്ന് ആരും സമ്മതിക്കും. മരുമക്കത്തായ പരിഷ്ക്കാരത്തെപ്പറ്റി ജനങ്ങൾ ഏറിയ നാളായി സങ്കടമറിയിച്ചതിന്റെ ഫലമാണ് ഇങ്ങനെ ഒരു ലാഭം ഉണ്ടായതെന്നുള്ളതിനെപറ്റിയാലോചിച്ചാൽ, പൊതുജനങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച്, മനസ്സ് മന്ദിക്കാതെ, ഗവൺമെന്റിനെ അടിക്കടി അറിയിച്ചു കൊണ്ടിരിക്കുന്ന പക്ഷം, ഗവൺമെന്റ് ഒരു കാലത്ത്  അതിനെ ഗൗനിക്കുമെന്ന സംഗതി നമുക്ക് വിശ്വസിക്കാവുന്നതാകുന്നു.

ഗവൺമെന്റിൽ നിന്ന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന കമ്മീഷനെപ്പറ്റി പൊതുജനങ്ങളുടെ ഇടയിൽ, ഭിന്നഭിന്നങ്ങളായ ധാരണകൾ ഉണ്ടായിരിക്കുന്നു എന്ന്, പലേ പത്രങ്ങളിലും പ്രസിദ്ധീകരിച്ചുകാണുന്ന ലേഖനങ്ങളാൽ ഊഹിക്കേണ്ടി വരുന്നുണ്ട്. മരുമക്കത്തായ കമ്മീഷൻ, നായന്മാരെ മാത്രംഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ചിലർ ഉറപ്പായി ധരിച്ചിരിക്കുന്നതായിട്ടാണ്, അവരുടെ വാദഗതികൾ കൊണ്ട് നിർണ്ണയിക്കേണ്ടിവരുന്നത്. പക്ഷേ മരുമക്കത്തായി മലയാളികളിൽ ഭൂരിപക്ഷം നായന്മാരാകയാൽ, മരമക്കത്തായത്തിന്റെ ദൂഷ്യങ്ങൾ അനുഭവിച്ചിട്ടുള്ളവരും അനുഭവിക്കുന്നവരുമായ ജനങ്ങൾ, എണ്ണം കൊണ്ട് ഏറിയ കൂറുംനായന്മാരാണെന്ന് കണ്ടിട്ടായിരിക്കാം, അപ്രകാരമുള്ള ദൂഷ്യങ്ങളെ പരിഹരിക്കാനായി ചെയ്യുന്ന ഒരു വ്യവസ്ഥ, നായന്മാരെ മാത്രം ഉദ്ദേശിച്ചുള്ളതാണെന്നു അവർ തെറ്റിദ്ധരിക്കുന്നത്. വസ്തുത അങ്ങനെയല്ലല്ലോ. മരുമക്കത്തായത്തിന്റെ ദൂഷ്യങ്ങൾ അനുഭവിക്കത്തവരായ നായന്മാരും അനുഭവിക്കുന്ന നായന്മാരല്ലാത്ത മലയാളികളും, ഈ നാട്ടിൽ പലരുമുണ്ട്. ആ സ്ഥിതിക്ക് ‘മരുമക്കത്തായ കമ്മീഷൻ‘ എന്നത്, ‘നായർ കമ്മീഷൻ‘ എന്നതിനു പകരം പറയപ്പെടുന്ന സംജ്ഞയാണെന്നു ധരിപ്പാനോ , ആ ധാരണയോടുകൂടി മാത്രം വാദപ്രതിവാദങ്ങൾ നടത്തുവാനോ അവകാശമുണ്ടെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ.

കമ്മീഷന്റെ മുഖ്യമായ ഉദ്ദേശ്യം മേൽപ്പറഞ്ഞതാണെങ്കിൽ, കമ്മീഷനിൽ ഉൾപ്പെട്ടിരിക്കേണ്ട ആളുകളെക്കുറിച്ച് പരിചിന്തനം ചെയ്യേണ്ടത് വളരെ മുഖ്യമായ കാര്യം ആകുന്നു. കമ്മീഷൻ മെമ്പർമാരായി മൂന്നാളുകളെ ഇതിനിടെ തിരഞ്ഞെടുത്തു കഴിഞ്ഞിരിക്കുന്നു എന്ന് വായനക്കാർ അറിഞ്ഞിട്ടുണ്ടല്ലോ. ഈ മൂന്നാളുകളേയും തെരഞ്ഞെടുക്കുന്ന വിഷയത്തിൽ, എന്തു പ്രമാണത്തേയാണ് അവലംബിച്ചിട്ടുള്ളതെന്ന്  സ്പഷ്ടമാക്കീട്ടില്ലെങ്കിലും, ഒരാൾ തെക്കൻ തിരുവിതാകൂറിന്റെയും, ഒരാൾ മദ്ധ്യ തിരുവിതാംകൂറിന്റെയും, ഒരാൾ വടക്കൻ തിരുവിതാംകൂറിന്റെയും പ്രാതിനിധ്യത്തെ വഹിക്കുവാൻ ഉദ്ദേശിക്കപ്പെട്ടിരിക്കുകയാണെന്നു വിചാരിക്കുന്നതിന് വഴി കാണുന്നുണ്ട്. ഈ സംഗതിയാണ്, ഈ മൂന്നാളുകളുടെയും സ്വീകരണത്തിൽ ഗണിക്കപ്പെട്ടിട്ടുള്ളത് എന്ന് ഞങ്ങൾ നിശ്ചയമാക്കി പറയുന്നില്ലെങ്കിലും, ഇങ്ങനെ ഒരു ഊഹത്തിനു വഴിയുണ്ടെന്നു സമ്മതിച്ചേ തീരൂ. ദേശ പ്രാതിനിധ്യം, ജാതി പ്രാതിനിധ്യം മുതലായവ, ഇപ്രകാരം സാമുദായികങ്ങളായ പരിഷ്ക്കാര വിഷയങ്ങളിൽ യുക്തമായിരിക്കുമെങ്കിലും അങ്ങനെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിൽ, നല്ലവണ്ണം പര്യാലോചനം ചെയ്തേ കഴിയൂ എന്ന്  ഓർക്കേണ്ടതാകുന്നു. ഇപ്പോൾ തിരഞ്ഞടുക്കപ്പെട്ടിട്ടുള്ള മൂന്നാളുകളും ഒരു പോലെ സമർത്ഥന്മാരെന്നോ, മൂന്നാളും മരുമക്കത്തായികളുടെ ആചാരാദികളെ ആശയ പഠന വിഷയമായും അന്വേഷണ വിഷയമായും പര്യാലോചനാവിഷയമായും സ്വീകരിച്ചിട്ടുള്ളവരെന്നോ മൂന്നാളും മറ്റ് ജനസമുദായങ്ങളുടെ ചരിത്രങ്ങളെ വായിച്ചറിഞ്ഞ് സമുദായശാസ്ത്രത്തിലും നിയമശാസ്ത്രത്തിലും ഉണ്ടായിരുന്ന നവീനാഭിപ്രായങ്ങളെ​ ഗ്രഹിച്ച്, ലോകത്തിന്റെ “നാളതു“, ഗതിയെ അറിയുന്നവരെന്നോ പറയാൻ മാർഗ്ഗമുണ്ടെന്ന് ഞങ്ങളറിയുന്നില്ല. എന്നാൽ കമ്മീഷനിൽ യോഗ്യതയോടെ വേല ചെയ്യുന്നതിനുവേണ്ട സാമർത്ഥ്യം ഇവരിൽ യാതൊരാൾക്കും ഇല്ലെന്നും ഞങ്ങൾ പറയുന്നില്ല. ഒരു കമ്മീഷ്ണറുടെ നിഷ്പക്ഷപാതവും നിർദ്ദാക്ഷിണ്യവും ആയ വേലയിൽ, പ്രബലന്മാരായ പ്രഭുക്കന്മാരുടെയോ, മഹാരാജാക്കന്മാരുടെ തന്നെയോ പ്രഭാവത്താൽ ബാധിക്കപ്പെടാതെ, അഥവാ, ആ പ്രഭാവത്തെ കീഴ്വണങ്ങാതെ ആ പ്രഭാവശാലികളുടെ ചപലതകളിൽ പരാങ്മുഖനായിരിക്കുക എന്നത് ആവശ്യം വേണ്ടതാണെന്ന് ഓർത്താൽ ഈ തിരഞ്ഞെടുപ്പിനെപ്പറ്റി, പ്രശംസ മാത്രം പറയുകയും, ആക്ഷേപലേശം പോലും പറയാതിരിക്കുകയും ചെയ്യുവാൻ ഇടയില്ലാ.

കമ്മീഷനിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് സംഗതിയെവിട്ട്, വളരെ ഗൗരവപ്പെട്ട ഒരു കാര്യത്തെപ്പറ്റിയാണ് ഇപ്പോൾ ആലോചിക്കേണ്ടിയിരിക്കുന്നത്. കമ്മീഷനിൽ അധ്യക്ഷനായി ആരെ നിശ്ചയിക്കണമെന്നുള്ള കാര്യം ഏറ്റവും മുഖ്യമായതാണെന്ന് ആരും സംവദിക്കുമല്ലോ. ഗവൺമെന്റിൽ നിന്നും നിയമിക്കേണ്ട രണ്ടാളുകളിൽ ഒരാൾ അധ്യക്ഷസ്ഥാനം വഹിക്കുന്ന ആളായിരിക്കുന്നതാണല്ലോ. ഇതിലേക്ക് ചിലരുടെ പേരുകളും ചില പത്രങ്ങളിൽ പ്രസ്താവിച്ചു കണ്ടു. ഉയർന്ന ഉദ്യോഗത്തിലിരിക്കുന്ന ചില നായന്മാരെയാണ് ആ പത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ യുക്തിയോ യുക്തതയോ വെളിപ്പെടുന്നില്ലാ. മരുമക്കത്തായ കമ്മീഷൻ മരുമക്കത്തായാചാരക്കാരെ സംബന്ധിച്ചിട്ടുള്ളതാണെങ്കിൽ, ഒരു നായർതന്നെയേ കമ്മീഷന്റെ അടിസ്ഥാനത്തിൽ ഇരിക്കാവൂ എന്ന് നിർബന്ധിക്കുവാൻ അവകാശമില്ലാ. ഞങ്ങളുടെഅഭിപ്രായത്തിൽ, മരുമക്കത്തായാചാരക്കാരുടെ മേൽ മനുസ്മൃതിയെയും, മറ്റു പ്രാചീന ഹിന്ദു നിയമങ്ങളെയും സംബന്ധിപ്പിക്കുന്നതിനും, നായന്മാർ ദേവദാസി  സമാനങ്ങളായ മലയാള ശുദ്രരാണെന്നും മറ്റുംപറയുന്നതിനും, പൂർവാചാര പരിപാലനലോലുപന്മാരായവരുടെ അടി പിന്തുടരുന്നതിനും ഒരുക്കമുള്ളവരെയല്ലാ കമ്മീഷന്റെ അധ്യക്ഷസ്ഥാനത്തു നിശ്ചയിക്കേണ്ടത് എന്നാകുന്നു. കാണ്മാൻ മനസ്സു വയ്ക്കാത്തവനെപ്പോലെ കുരുടനായുള്ളവൻ വേറെ ഇല്ല - എന്ന തത്വത്തെ നാം ഓർത്തിരിക്കേണ്ടതാണല്ലോ. കമ്മീഷന്റെ അധ്യക്ഷനായി വരുന്ന ആൾ മേൽപ്പറഞ്ഞ മാതിരിയുള്ള ഒരു നായരാണെങ്കിൽ, ആ അധ്യക്ഷന്റെ സ്വപക്ഷാഭിപ്രായങ്ങൾ കമ്മീഷന്റെ വേലയെ നിഷ്ഫലമാക്കുന്നതാണ്. മരുമക്കത്തായികളുടെ ആചാരദോഷങ്ങളെ അറിയുമ്പോൾ, അവരിൽ അനുകമ്പ തോന്നുന്ന നിഷ്പക്ഷപാതിയായ ഒരു നിയമജ്ഞനെ വേണം അധ്യക്ഷനായി നിശ്ചയിപ്പാൻ, എന്നാകുന്നു ഞങ്ങൾ പറയുന്നത്. ഇതിലേക്ക് ഒരു യൂറോപ്യൻ ഉദ്യോഗസ്ഥനായിരുന്നാൽ ഉത്തമമെന്നും ഞങ്ങൾ വിചാരിക്കുന്നു. യൂറോപ്യനായ ഒരു നിയമജ്ഞനെപ്പോലെ, അത്രമേൽ, പ്രേക്ഷാവിശാലതയെയും, അനുകമ്പാ പ്രഭാവത്തേയും പ്രദർശിപ്പിക്കുന്നതിന്, ഒരു നാട്ടുകാരൻ മിക്കവാറും ഒതുങ്ങിയിരിക്കുകയില്ലാ. നാട്ടുകാരൻ, സ്വമതാവലംബനത്തിൽ ചാഞ്ഞു പോകുന്ന ആളായിട്ടാണ് ശീലം  കൊണ്ടു കണ്ടു വരുന്നത്. എന്നാൽ കേവലം നീതി, ന്യായം എന്നിവയെ കുറിയായി കരുതി ധർമ്മം തന്നെ ദൈവമെന്നുറച്ചു പ്രവർത്തിക്കുന്ന നാട്ടുകാർ ഇല്ലെന്നു ഞങ്ങൾ പറയുന്നില്ലാ. ഞങ്ങൾ തുറന്നു പറഞ്ഞേക്കാം. മരുമക്കത്തായം കമ്മീഷന്റെ അധ്യക്ഷനായി, ഹൈക്കോർട്ട് ജസ്റ്റിസ് മിസ്റ്റർ ഹണ്ട് സായിപ്പിനെ നിശ്ചയിക്കുന്നത് ഏറ്റവും യുക്തമായിരിക്കും. അദ്ദേഹം, ആലപ്പുഴ ശങ്കരവേലി ജീവനാംശ കേസിൽ പ്രകടിപ്പിച്ചിട്ടുള്ള അനുകമ്പ അദ്ദേഹത്തിന് ഇതിലേക്കുള്ള യോഗ്യതയെ സവിശേഷം തെളിയിക്കുന്നു. മിസ്റ്റർ ഹണ്ട്, ഈയിടെ ഏതാനും മാസത്തെ ഒഴിവു വാങ്ങി ശീമയിലേക്കു പോകുവാൻ നിശ്ചയിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ സഹായം ഇതിൽ ലഭിക്കാൻ എളുപ്പമില്ലെന്ന് ഒരു ആക്ഷേപം ഉണ്ടായിരിക്കാം. എന്നാൽ ഒരു മഹാസമുദായത്തെ ആകെപ്പാടെ ബാധിക്കുന്ന ഒരു സംഗതിയിൽ അദ്ദേഹത്തിന്റെ ഒത്താശ ആവശ്യമാണെന്ന് അദ്ദേഹത്തെ ധരിപ്പിച്ച് അപേക്ഷിക്കുന്ന പക്ഷം, ഇതിലേക്ക് അദ്ദേഹം സമ്മതിക്കാതിരിക്കയില്ലാ. മിസ്റ്റർ ഹണ്ടിന്റെ സഹായം തരമില്ലെങ്കിൽ, നാട്ടുകാരുടെ ഇടയിൽനിന്ന് ചീഫ് ജസ്റ്റിസ് മിസ്റ്റർ സദാശിവ അയ്യരെ നിശ്ചയിക്കുന്നതാണ് എറ്റവും ഉചിതവും യുക്തവും എന്നാകുന്നു ഞങ്ങളുടെ അഭിപ്രായം.

You May Also Like