വാരവൃത്തം

  • Published on June 19, 1907
  • By Staff Reporter
  • 376 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                 (രണ്ടാംപുറത്തുനിന്നു തുടര്‍ച്ച)

രുടെ  ദുര്‍മ്മാര്‍ഗ്ഗദൂതനായിട്ടല്ലാതെ, പൊതുജനങ്ങള്‍ അന്യഥാ ഗണിക്കയില്ലാ. അനന്തരാമയ്യരുടെ പൌത്രിയുടെ കല്യാണത്തിന് അരികോപ്പുകളുടെ വിലയായി മൂവായിരത്തോളം രൂപ ഗവര്‍ന്മെണ്ടു ചെലവ് അനുവദിച്ചിരിക്കുന്നത്, പൊന്‍പണ്ടങ്ങള്‍ പണിവാനും മറ്റും വലിയകൊട്ടാരം നിത്യച്ചെലവില്‍ നിന്ന് നല്‍കീട്ടുള്ള പന്തീരായിരമോ മറ്റോ രൂപയ്ക്കു പുറമേ ആണെന്ന് വായനക്കാര്‍ അറിയുമല്ലൊ, കാറ്റുള്ളപ്പോള്‍ തൂറ്റിക്കൊള്‍വാന്‍ പരിചയിച്ചിട്ടുള്ള രാജസേവക ഗണത്തിന്, “മൊരിയന്‍കൂട"യായിത്തീര്‍ന്നിരിക്കുന്ന ഈ ദിവാന്‍ജിയുടെ ഭരണകാലത്ത്, ഏത് സ്വാര്‍ത്ഥവും നേടാന്‍ സാധിക്കുമെന്നു കണ്ടിരിക്കുന്നു. ഇക്കൂട്ടത്തില്‍ തന്നെയാണ് ഇപ്പോള്‍ വടശ്ശേരിഅമ്മ വീട്ടിലെ അംഗങ്ങള്‍ക്ക് ചില പ്രസാദങ്ങള്‍ ചെയ്യുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ആ അമ്മച്ചിവീട്ടില്‍ ചിലര്‍ക്ക് സാധാരണ നെല്ലരി ഉണ്ടിട്ട് സുഖമില്ലെന്നും, അതിനാല്‍ ഗവര്‍ന്മേണ്ട് ചെലവിന്മേല്‍ ഞവര അരി കൊടുക്കുവാന്‍ ആലോചിച്ചിരിക്കുന്നു.***************സുഖജീവിതം ഗവര്‍ന്മേണ്ടിന്‍റെ പ്രത്യേക ചുമതലയില്‍ പെട്ടതാണെന്ന് മിസ്റ്റര്‍ ഗോപാലാചാര്യരുടെ ഗവര്‍ന്മേണ്ടല്ലാതെ, മറ്റാരും സമ്മതിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ലാ. എത്രയോ ആയിരം ദരിദ്രന്മാര്‍ ഒരു നേരത്തെ ചോറുപോലും കിട്ടാതെ പട്ടിണി കിടക്കുന്നു; അവരെ രക്ഷിക്കുവാന്‍ ഗവര്‍ന്മേണ്ടിന് തോന്നുന്നുണ്ടോ?

                                     പാവപ്പെട്ടവരുടെ ഗുണത്തെ

 ഉദ്ദേശിച്ച്,  തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ട്  ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചിട്ടുള്ള "സേവിങ്സ് ബാങ്ക്" വ്യവസ്ഥയെപ്പറ്റി ചില നിബന്ധനകള്‍ കുറേ മുമ്പു ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നുവല്ലൊ. അവയെ സംബന്ധിച്ച് പിന്നീടൊന്നും തീരുമാനപ്പെടുത്തിയിരുന്നില്ലാ. സേവിങ്സ് ബാങ്ക് ഏര്‍പ്പാടു സംബന്ധിച്ചു കണക്കുകള്‍ വയ്ക്കുന്നതിന് രണ്ടു മൂന്നു പുതിയ ക്ലാര്‍ക്കുകളെ ആഡിറ്ററാഫീസ്സില്‍ നിയമിക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയതായി അറിഞ്ഞിരുന്നു. ഈ വ്യവസ്ഥയെ 1083 ചിങ്ങം ആരംഭം മുതല്‍ നടപ്പില്‍ കൊണ്ടു വരുന്നതിനു ഇപ്പോള്‍ തീര്‍ച്ചപ്പെടുത്തിയിരിക്കുന്നതായി അറിയുന്നു. ഇതു സംബന്ധിച്ച ചില നിബന്ധനകളോ പരസ്യങ്ങളോ നാളത്തെ സര്‍ക്കാര്‍ ഗസറ്റില്‍ കാണ്മാനിടയുണ്ട്. സേവിങ്സ് ബാങ്ക് അതാതു സര്‍ക്കാര്‍ ഖജനകളിലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവിടെ സേവിങ്സ് കൊണ്ടുപോയി നിക്ഷേപിക്കുന്നതിന് ആഗ്രഹമുള്ളവര്‍, അവര്‍ പാര്‍ക്കുന്നതിനടുത്ത ഖജനാആഫീസര്‍ക്കു അപേക്ഷ അയയ്ക്കണമെന്നു ഗവര്‍ന്മേണ്ട് അറിയിച്ചിരിക്കുന്നു. ഗവര്‍ന്മേണ്ടിന്‍റെ ഉദ്ദേശം ശ്ലാഘനീയം തന്നെ എങ്കിലും, ഇപ്പൊഴത്തെ വ്യവസ്ഥ എത്രമേല്‍ ശരിയായും ഊര്‍ജ്ജിതമായും നടക്കുന്നു എന്നു കണ്ടു തന്നെ നിശ്ചയിക്കണം, താലൂക്കു ഖജനകളിലെ മുതല്‍പിടിക്കാരന്മാര്‍ക്കു ഇപ്പോള്‍ തന്നെ വേണ്ട വേലയും, ജനങ്ങളെ വലയ്ക്കുവാന്‍ സൌകര്യവും ഉണ്ട്. പണമൊടുക്കാനും വാങ്ങാനും ആളുകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ അല്പമല്ലാ. സേവിങ്സ് ബാങ്കേര്‍പ്പാടു കൂടെയായാല്‍, പിന്നത്തെ കഥ, "മര്‍ക്കടസ്യസുരാപാനം" തന്നെയായിരിക്കും. ഈ ഖജനാ ആഫീസര്‍മാര്‍ക്ക് ഇതു സംബന്ധിച്ചു സഹായത്തിനു പ്രത്യേകം ജീവനക്കാരെ നിയമിക്കുന്നില്ലാ. ഇങ്ങനെയിരിക്കെ, മുതല്‍പിടിക്കാരന്മാരുടെ കോപാധിക്ഷേപവാക്കുകള്‍ അനുഭവിക്കുന്നതിന് തയ്യാറാകുന്ന പാവപ്പെട്ടവരുടെ എണ്ണം പെരുകുമെന്നു തോന്നുന്നില്ലാ. ഈ ബാങ്ക് വ്യവസ്ഥ അഞ്ചലാഫീസുകളില്‍ തന്നെ ഏര്‍പ്പെടുത്തുകയാണ് എല്ലാം കൊണ്ടും ഉത്തമം

                                                                                                                      ചേരന്‍

You May Also Like