പത്രാധിപരുടെ ചവറ്റുകൊട്ട

  • Published on July 25, 1906
  • By Staff Reporter
  • 441 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

സംസ്കൃത പദപ്രയോഗ വിശേഷത്തിനും, മനോധര്‍മ്മത്തിനും പ്രസിദ്ധി നേടിയിരിക്കുന്ന നമ്മുടെ അഞ്ചല്‍ "അഗസ്ത്യന്‍" ഇക്കുറിയും ചവറ്റുകുട്ടയെ തേടിയിരിക്കുന്നു. അഗസ്ത്യക്കോട്ട് ഒരു ക്ഷേത്രത്തിലെകാര്യങ്ങളെ സംബന്ധിച്ച് മഹാരാജാവുതിരുമനസ്സിലേയ്ക്ക് ഒരു സങ്കട ലേഖനം  എഴുതിയിരിക്കുന്നതില്‍ ചില ഭാഗങ്ങള്‍ കാണിക്കാം.

 " അടിയങ്ങളിടെ പൊതുപയോഗത്തിനായി ഇവിടെ അഗസ്ത്യക്കോട്ടെന്ന സ്ഥലത്തു പഞ്ചദേവന്‍മാരിടെ പ്രതിഷ്ഠയായി ഒരു മഹാക്ഷേത്രം ഗവര്‍ന്മേണ്ടില്‍ നിന്നും സ്താപിച്ചുതന്നിട്ടുള്ളതും ഇതിലേക്കു കെട്ടിമേച്ചിലിനു ആണ്ടൊന്നുക്കു 150 പണവും നിത്യദാനം മാസത്തില്‍ 3 ഇടങ്ങഴി നെല്ലും 7ല്‍പണവും ... അനുവദിച്ചിട്ടുള്ളതും .. തന്നിമിത്തം ഇത്രൈത്യരായ അടിയങ്ങള്‍ക്കുള്ള അഘശാന്തിക്കു അടിസ്താനമായിട്ടുള്ളതും ആകുന്നു. എന്നാല്‍, മേല്പറഞ്ഞ നിത്യദാനം വകക്കുള്ള ചിലവു മുതല്‍ കൊണ്ട് ഒരുനേരത്തെ പൂജമാത്രം നടത്തിവരുന്നതും അതായതു പകല്‍ സമയം കഴിച്ചുവരുന്നതുമാകകൊണ്ട് ഇദ്ദേശവാസികളായ തപോവൃത്തികള്‍ക്കും ഏകാദശിപ്രദോഷമാദിയായ വൃതാനുഷ്ഠക്കാര്‍ക്കും സ്വാതന്ത്യമായി നിദാന്തം ദീപാരാധന കണ്ടു ഭജിക്കുന്നതിനും ശംഖുവിളി കേള്‍ക്കുന്നതിനും നിര്‍വിഘ്നമായ് ഭവിച്ചിരിക്കുന്നു" ഈ ലേഖകന്‍റെ "നിര്‍വിഘ്നത്തെ" "കോപവികാരത്താല്‍ നിശ്ചേഷ്ടനായ"  നമ്മുടെ എതിരാളിയുടെ നിശ്ചേഷ്ട"നെപ്പോലെ വേണം അര്‍ത്ഥമാക്കാന്‍.

കഴിഞ്ഞ കുറി, തന്നത്താന്‍ ചന്ദ്രനെന്ന് എഴുതിയ ഒരു കവിയുടെ കത്ത് ചവറ്റുകുട്ടയില്‍നിന്ന് എടുത്തുകാണിച്ചതുകണ്ട്, ഒരു ലേഖകന്‍ അതേ രീതിയിലുള്ള മറ്റൊരു കത്തു ഇവിടെ അയച്ചുതന്നിരിക്കുന്നു. ഇത് ഒരു കവി ഒരു പത്രാധിപര്‍ക്കയച്ചതാണുപോല്‍:- "..., വിരൂപണം ചിലതുകണ്ടു. ഇത്ര നിസ്സാരവും ആഭാസവും ആയ ഒരു വിരൂപണം....ഇതുപോലെയുള്ള സഹസ്രം വിരൂപണങ്ങള്‍കൊണ്ടു എന്‍റെ യശസ്സിനു ലേശംപോലും ന്യൂനത വരുന്നതല്ലാ. എഴുതുന്നവരുടെ അസൂയ, ആഭാസത്വം, ദുഷ്ടത, മൂഢത ഈവകകളാണ്  അതില്‍നിന്നും വെള്ളിപ്പെടുന്നത്....ഇതിനെ അക്ഷരംപ്രതി വേണമെങ്കില്‍ ഖണ്ഡിക്കാം. എന്നാല്‍,..മറുവടി പറയാന്‍പോകുന്നതു മടത്തരമാകയാല്‍ ഞാന്‍ അതിലേയ്ക്കു തുനിയുന്നില്ലാ. " ഈ കവി, തനിക്കു യശസ്സുണ്ടെന്നും മറ്റും തന്നത്താന്‍ വിജ്ഞാപനം ചെയ്യുന്നത്, കഴിഞ്ഞതവണത്തെ "ചന്ദ്രനായ എനിക്ക്" എന്നു പറഞ്ഞതുപോലെ തന്നെയല്ലോ.

 സര്‍ക്കാരുദ്യോഗസ്ഥന്മാരുടെ  വീട്ടുകാരോട് പകരം വീട്ടാന്‍ ചില ഉദ്യോഗസ്ഥന്മാര്‍ ഓരോ വിശേഷമാര്‍ഗ്ഗങ്ങള്‍ നോക്കാറുണ്ട്. അവയിലൊന്ന്, പത്രാധിപരുടെ ബന്ധുക്കളോ സ്നേഹിതന്മാരോ ആയ കീഴ് ജീവനക്കാരെ ഉപദ്രവിക്കുക ആകുന്നു. വിദ്യാഭ്യാസവകുപ്പിനെപ്പറ്റി ആക്ഷേപിക്കയാണെങ്കില്‍, പത്രാധിപരുടെ ബന്ധുക്കള്‍ ആ വകുപ്പിലുണ്ടോ എന്നു തിരയും. ഉണ്ടെന്നുകണ്ടാല്‍, "തന്‍റെ (ഇന്നാര്‍) പത്രത്തില്‍ ആക്ഷേപിച്ചില്ലയോ? തന്നെ ഞാന്‍ സ്ഥലംമാറ്റിയേക്കാം. ശമ്പളം കുറച്ചേക്കാം. ജോലി തുലച്ചേക്കാം. മഹാപാപി! എന്‍റെ വയസ്സുകാലത്ത് താന്‍ ഇങ്ങനെ ചെയ്യിച്ചില്ലേ?, എന്നും മറ്റും പുലമ്പുകയായി. ഇതൊക്കെ കൂടാതെ കഴിക്കരുതോ? ഫലമില്ലാത്ത ഇളക്കം കണ്ട് മറ്റുള്ളവര്‍ ഉള്ളുകൊണ്ടു ചിരിക്കുകയെ ചെയ്യു.

 താഴെ ചേര്‍ക്കുന്നത് ഇപ്പറഞ്ഞ ചാപല്യത്തിന് ഒരു ദൃഷ്ടാന്തമാണ്. ഇങ്ങനെയാണ് ഒരു ലേഖകന്‍ എഴുതുന്നത്:- "നിങ്ങള്‍ സര്‍വേ വകുപ്പിലെ അഴിമതികളെപ്പറ്റി പറഞ്ഞത് തീരെ യുക്തമായില്ലാ. ഇക്കാലത്ത് അല്പം ചിലത് മുഖംനോക്കണ്ടേ? നിങ്ങളുടെ ജ്യേഷ്ഠന് സര്‍വേ ആഫീസ്സിലല്ലേ ജോലി. അങ്ങേരുടെ പേരില്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലായിരിക്കാം. നിങ്ങള്‍ സര്‍വേ വകുപ്പിനെ ആക്ഷേപിച്ചാല്‍ അഴിമതികള്‍ക്കല്ലാ മാറ്റംവരുന്നത്. നിങ്ങളുടെ ജ്യേഷ്ടന്‍റെ വേലയ്ക്കാണ്. അങ്ങേരെ കഷ്ടപ്പെടുത്തുന്നതുനിങ്ങളറിഞ്ഞിട്ടില്ലയോ? ഇത്ര വിവരക്കേടുകാണിച്ചതെന്തിനാണ് നിങ്ങള്‍? നായന്മാരായ ജീവനക്കാര്‍ക്കൊക്കെ വലിയ കഷ്ടതയായി നിങ്ങള്‍ നായരായതുകൊണ്ട്, പരദേശികള്‍ക്കു എത്രയോ കയറ്റവും ശമ്പളക്കൂടുതലും കിട്ടുന്നു. നായന്മാര്‍ക്കു കൊടുക്കാത്തത് നായന്മാര്‍ നടത്തുന്ന പത്രങ്ങളില്‍ ഇങ്ങനെ പറകകൊണ്ടല്ലയോ? നിങ്ങടെ ജ്യേഷ്ഠനെ കരുതിയെങ്കിലും, അഴിമതികളെ പറയാതെയിരുന്നാല്‍നന്ന്. ഇക്കാലത്തെ സ്ഥിതിഅറിയണം. സേവയ്ക്കുനിന്നാലേ ഗുണമുള്ളു. ദുര്യോധനനെ ശകാരിച്ചുകൊണ്ടിരുന്ന ശിഖണ്ഡിക്ക് ആദ്യം അഞ്ഞൂറും ആണ്ടുതോറും ഇരുനൂറും കിട്ടിയതില്‍പിന്നെ എത്രഭേദമായി. അതുപോലെ ചെയ്യണം...." ഈ കത്തിന് ഞങ്ങള്‍ക്കു പറവാനുള്ള മറുപടി ഇത്ര മാത്രം. പത്രാധിപര്‍, ജ്യേഷ്ഠന്മാര്‍ക്കോ അനുജന്മാര്‍ക്കോ ബന്ധുക്കള്‍ക്കോ ഉദ്യോഗവും കയറ്റവും ശമ്പളക്കൂടുതലും ഉണ്ടാക്കിക്കൊടുക്കാനായിട്ടല്ലാ പത്രാധിപത്യം വഹിക്കുന്നത്. അവനവന് ഉണ്ടാകുന്ന ഉപദ്രവങ്ങളെ അവനവന്‍ തടുത്തുകൊള്ളണം. ബന്ധുത്വം വീട്ടിനുള്ളില്‍ - എന്നേ പറവാനുള്ളു.

You May Also Like