വാർത്തകൾ

  • Published on October 24, 1908
  • By Staff Reporter
  • 353 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 ഇന്ത്യാരാജ്യഭരണത്തെ, ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിന്‍റെ കൈക്കല്‍ ഏറ്റെടുത്ത്, വിക് ടോറിയാ മഹാരാജ്ഞി തിരുവെഴുത്തു വിളംബരം പ്രസിദ്ധപ്പെടുത്തീട്ടു ഇപ്പോള്‍ 50 കൊല്ലം തികയുന്നതിനാല്‍, അതിന്‍റെ സ്മാരകാഘോഷമായി, മദ്രാസില്‍ ഒരു രാജഭക്തയോഗം കൂടേണ്ടത് ആവശ്യമെന്ന് ചിലര്‍ നിശ്ചയിക്കയും, അതിലെക്ക് വരിപ്പണം ശേഖരിക്കയും ചെയ്തിരിക്കയാണല്ലൊ. ഈ ആഘോഷസന്ദര്‍ഭത്തില്‍, ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിന്‍റെ പക്കല്‍നിന്ന് ഇക്കാലമത്രയുംകൊണ്ട്, ഇന്ത്യക്കാര്‍ക്കു ലഭിച്ചിട്ടുള്ള ഗുണങ്ങള്‍ക്കായി നന്ദിപറയുന്ന ഒരു മംഗളപത്രം ഗവര്‍ന്മേണ്ടിലെക്ക് സമര്‍പ്പിക്കണമെന്നും ആലോചനയുണ്ട്. ഇന്ത്യാഭരണം ബ്രിട്ടീഷ് ഗവര്‍ന്മേണ്ടിന്‍റെ അധീനതയില്‍ പെട്ടതിനുശേഷം ഇന്ത്യക്കാര്‍ക്കു പലേ ഗുണങ്ങളും സിദ്ധിച്ചിട്ടുണ്ടെന്നു ഏവരും സംവദിക്കുന്നതാണ്. എന്നാല്‍ ഇങ്ങനെ ഒരു കൃതജ്ഞതാപ്രകാശനപത്രം സമര്‍പ്പിക്കുമ്പോള്‍, ജയങ്ങളേയും അപജയങ്ങളേയും ഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇക്കഴിഞ്ഞ ലക്കം "മറാട്ടാ" പത്രിക അഭിപ്രായപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 50 കൊല്ലങ്ങള്‍ക്കുള്ളില്‍ ഗവര്‍മ്മേണ്ടുചെയ്തിട്ടുള്ള ഗുണകരമായ ഏര്‍പ്പാടുകളെ മാത്രം പറയുന്നത് ഔചിത്യരഹിതമാണെന്നും, ബ്രിട്ടീഷ് ഗവര്‍മ്മേണ്ടു ഇന്ത്യക്കാര്‍ക്ക് ചെയ്തുകൊടുക്കാമെന്നു പ്രതിജ്ഞചെയ്തിട്ടുള്ള കാര്യങ്ങളെയും ഇവയില്‍ ചെയ്തുകൊടുത്തകാര്യങ്ങളെയും, രണ്ടുപംക്തിയിലായി കുറിച്ചുകാണിച്ചിരിക്കയാണു അധികം ഉചിതമെന്നുമാകുന്നു മറാട്ടാപറയുന്നതു. ഇപ്രകാരം ആയാല്‍ തിരുവെഴുത്തു വിളംബരത്തിലെ പ്രതിജ്ഞകള്‍ എല്ലാം സാധിക്കപ്പെട്ടിട്ടില്ലെന്നു കാണാം, വിദ്യാഭ്യാസത്തിലും പബ്ലിക്‍ കാര്യപ്രവൃത്തിയിലും ഇക്കാലത്തിനകം വിരുതു നേടിയ ഇന്ത്യക്കാര്‍ക്കു ഇപ്പോള്‍ കിട്ടീട്ടുള്ളതിലധികം ഗുണങ്ങള്‍ നല്‍കപ്പെടേണ്ടതായിരുന്നു എന്നു ഈ സഹജീവി സൂചിപ്പിക്കുന്നു,

 മാനിക്‍തോലാ ബാംബ് കേസ്സ്, സെഷന്‍സ് കോടതിയില്‍ വിചാരണ ചെയ്തുവരുകയാണ്. പ്രതികള്‍ വളരെ ഉത്സാഹചിത്തന്മാരായി കാണപ്പെടുന്നു. മിസ്റ്റര്‍ അരവിന്ദഘോഷന്‍റെ വക്കീലായ മിസ്റ്റര്‍ ചക്രവര്‍ത്തി, ആദ്യമേ, കമ്മിററുമെന്‍‍റ് കല്പനയെപ്പറ്റി രണ്ടു ലാപ്പായിന്‍‍റുകള്‍ പിടിച്ചു പ്രതിപാദിച്ചു. കമിററ് ചെയ്ത മജിസ്ട്രേട്ടിന് അങ്ങനെചെയ്യാന്‍ അധികാരമില്ലായിരുന്നു എന്നും, പ്രസിഡന്‍സി മജിസ്ട്രേട്ടിന്‍മുമ്പാകെ ചാര്‍ജ് ചെയ്യപ്പെട്ട കേസ്സിനെ ആലിപ്പുര്‍ മജിസ്ട്രേററു കോര്‍ട്ടിലെക്ക് മാറ്റിയതു തെററാണെന്നും മിസ്റ്റര്‍ ചക്രവര്‍ത്തി വാദിച്ചതിനെ, ജഡ്ജി സ്വീകരിച്ചില്ലാ. പിന്നെ 121-ാം വകുപ്പ്പ്രകാരം, പ്രതിയെ ചാര്‍ജ് ചെയ്തിരിക്കുന്നത് നിലനില്‍ക്കത്തക്കതല്ലെന്നും, ആയത്, അനുവാദംകൂടാതെ ചെയ്തിട്ടുള്ള പ്രവൃത്തിയാണെന്നും പ്രതിവാദിച്ചു. ഈ വാദവും സ്വീകരിക്കപ്പെട്ടിട്ടില്ലാ. ഇദ്ദേഹവും മിസ്റ്റര്‍ നാര്‍ട്ടനുമായി വളരെ രസകരമായ വാഗ്വാദങ്ങള്‍ നടന്നുവരുന്നു.

 ത്രാന്‍സ്വാളില്‍ പാര്‍ക്കുന്ന ഇന്ത്യക്കാരെ നിര്‍ദ്ദയമായി ഉപദ്രവിക്കുന്നതിനെപ്പറ്റി പാര്‍ളിമെണ്ടു സഭയിലെ ഏതാനും സാമാജികന്മാര്‍ യോഗംകൂടി ആലോചിച്ചിരിക്കുന്നു. പ്രസംഗിച്ചവരെല്ലാം, ശിക്ഷകളെക്കുറിച്ചു ആക്ഷേപംചെയ്തു. ഈ കഷ്ടതയെ ഒതുക്കുന്നതിനുവേണ്ടി ലാര്‍ഡ് മാര്‍ളി മുതലായവരോടു ഏതാനും പ്രതിനിധികള്‍ സങ്കടം പറയുവാനും, ആംപ്‍ടില്‍പ്രഭു, പാര്‍ളിമെണ്ട് സഭയില്‍ ചോദ്യംചെയ്യാനും നിശ്ചയിച്ചിരിക്കുന്നു.

 കാളേജ് വിദ്യാര്‍ത്ഥികളൊ, സ്ക്കൂള്‍ വിദ്യാര്‍ത്ഥികളൊ യാതൊരു പബ്‍ളിക് സംഘങ്ങളിലും കൂടിനടക്കുവാന്‍ പാടില്ലെന്നും മറ്റും തിരുനല്‍വേലി ഹിന്തുകാളേജിലെ അധികൃതന്മാര്‍ ചില ശട്ടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു.

 സൂരത്തില്‍വച്ചു നടത്തി മുടങ്ങിയ ഇന്ത്യന്‍ നാഷണല്‍ കാണ്‍ഗ്രസ്സിനെ ഈ ഡിസംബറില്‍ മുറയ്ക്ക് നടത്തുവാന്‍ ആലോചിച്ചിരിക്കുന്നതായി ഏതാനും പ്രമാണികള്‍ ചേര്‍ന്ന് പരസ്യപ്പെടുത്തിയിരിക്കുന്നു.

 ഇന്‍ഡോര്‍ രാജ്യത്തിലെ മഹാരാജാവായിരുന്ന മാലീഖാനെപ്പററി പാര്‍ത്തിരുന്ന ഹോല്‍ക്കര്‍, ഈയിട മരിച്ചുപോയിരിക്കുന്നു.

 ആലിപ്പൂര്‍ ജേലില്‍ വച്ചു മാപ്പുസാക്ഷിയായ ഗോസ്സായിനെ കൊലചെയ്ത കേസ്സില്‍ പ്രതികളായ കന്യലാല്‍ ഡട്ടിനെയും, സത്യേന്ദ്ര നാഥനെയും തൂക്കിലിട്ടു കൊല്ലുവാന്‍ ഹൈക്കോടതി വിധിച്ചിരിക്കുന്നു.

 വിക്ടോറിയാ മഹാരാജ്ഞിയുടെ മഹാ വിളംബരത്തിന്‍റെ 50-ാംവത്സരാഘോഷം പ്രമാണിച്ച്, ഈ നവംബര്‍ 20നു- മദ്രാസ് നഗരം മുഴുവനും ഗവര്‍ന്മേണ്ടാഫീസുകള്‍ക്ക് ഒഴിവു കൊടുക്കപ്പെടുന്നതാണ്.

 മൈസൂരില്‍ ക്ഷാമം ബാധിപ്പാന്‍ സംഗതിയുള്ളതായി കാണുന്നു. രൂപയ്ക്ക് 30- ശേര്‍ വിററിരുന്നവര്‍ക് ധാന്യം ഇപ്പോള്‍ 10 ശേറേ കിട്ടുന്നുള്ളു.

 തുര്‍ക്കിയുമായി പോരുചെയ്യാതിരിക്കുന്നതിന് കഴിയുന്ന ശ്രദ്ധവച്ചു കൊള്ളാമെന്ന് ബുള്‍ഗേറിയ, ഗ്രേറ്റ് ബ്രിട്ടനോടു പ്രതിജ്ഞ ചെയ്തിരിക്കുന്നു.

 ത്യാഗയ്യര്‍ എന്ന പ്രഖ്യാതനായ ഭാഗവതരുടെ ശിഷ്യന്മാരിലൊരാളായ ഉമയാല്‍പുരം കൃഷ്ണഭാഗവതര്‍ ഇതിനിടെ മരിച്ചുപോയിരിക്കുന്നു.

 ഹൈദരാബാദിലെ വ്യാപത്തു പ്രമാണിച്ച് ബംഗളൂരിലെ സ്ത്രീജനങ്ങള്‍ ഒരു രക്ഷാനിധിശേഖരിച്ചുവരുന്നു.

 

You May Also Like