തമ്പുരാൻ തമ്പി

  • Published on June 12, 1907
  • Svadesabhimani
  • By Staff Reporter
  • 236 Views

Mr. Sankaran Thampi, the Palace Manager, went to Kanyakumari on a pilgrimage.  He was given a formal welcome at Neyyatinkara.  Government officials taking part in a welcome ceremony that is usually reserved for kings is incomprehensible to us.

ഒരു നൂറ്റാണ്ടിൽപരം കാലം കഴിഞ്ഞിരിക്കുന്നു, തിരുവിതാംകൂർ സംസ്ഥാനത്തിന്മേൽ പതിച്ചിട്ടുള്ള ശാപങ്ങളിൽ പ്രധാനമായ രാജസേവകപ്രഭാവത്തിന് ലക്ഷ്യമായി, അനക്ഷരനും അഹങ്കാരിയുമായ ഉതിയാരി ജയന്തൻ ശങ്കരൻ നമ്പൂരി എന്ന രാജസേവകപ്രമാണി നിമിത്തം, ഈ രാജ്യം അനല്പമായ ആപത്തുകൾ അനുഭവിച്ചിട്ടുണ്ട്. സൽസ്വഭാവിയെങ്കിലും, മേധാശക്തിയിലും മാനസികഗുണത്തിലും ന്യൂനനായിരുന്ന ബാലരാമവർമ്മ മഹാരാജാവിൻ മേൽ, അതിരുകവിഞ്ഞ അധികാരത്തെ പ്രയോഗിച്ച് മഹാരാജാവിനെ, തൻ്റെ കൈക്കലുള്ള  സൂത്രത്തിൽപെട്ടു കളിക്കുന്ന പാവയാക്കിയിട്ടിരുന്ന ശങ്കരൻ നമ്പൂരിയുടെ അതിക്രമങ്ങളും, അവയുടെ ഫലമായി രാജ്യത്തിനു സംഭവിച്ച ദോഷങ്ങളും വായനക്കാർ ഏറെക്കുറെ അറിഞ്ഞിരിക്കും. തൻ്റെ ദുർമോഹങ്ങൾ സാധിക്കുന്നതിന് മാർഗ്ഗവിരോധം ചെയ്ത മന്ത്രി രാജാകേശവദാസനെ കൊലപ്പെടുത്തുവാൻ കൂടി ധൃഷ്ടനായിരുന്ന ഈ രാജസേവകൻ കൊള്ളയായും കോഴയായും നാട്ടുകാരോടു പണം അപഹരിച്ച്, തിരുവിതാംകൂർ മുഴുവനും, പ്രജാകുക്കുടങ്ങളുടെ കർക്കശ രോദം  കൊണ്ട് മുഴക്കിയിരുന്ന കഥ വായനക്കാർ ഓർക്കുന്നുണ്ടല്ലോ. അക്കാലം തിരുവിതാംകൂർ ബ്രിട്ടീഷ് ഗവണ്മെന്‍റിന്‍റെ കീഴ്‌വരുതിയിൽ പെടാത്തതും അന്തഃഛിദ്രങ്ങളാൽ വ്യാകുലീഭൂതവും അയൽരാജ്യങ്ങളുടെയും, മതപ്രചാരണ തല്പരതയാൽ അതിക്രമങ്ങൾ, തുടരുവാൻ മടിക്കാത്ത ശത്രുക്കളുടെയും ആക്രമണ ഭയത്താൽ ഭീഷിതവും ആയിരുന്നത് നിമിത്തം മഹാരാജാക്കന്മാർ വഴിയായി ഉണ്ടാകുന്ന കഷ്ടതകളെ ജനങ്ങൾ ദുഃഖത്തോടെ സഹിക്കുന്നുണ്ടായിരുന്നു. എന്നിട്ട് തന്നെയും രാജസേവക പ്രഭാവം പ്രജകൾക്ക് അസഹ്യമായ വേദനയെ ജനിപ്പിച്ചത്, അതിൻ്റെ കർത്താക്കന്മാരെ ഉചിതമായ ഫലം അനുഭവിപ്പിക്കാതെ ഇരുന്നില്ലെന്ന് ചരിത്രം നമ്മെ അറിയിക്കുന്നു. നൂറിൽപരം സംവത്സരം കഴിഞ്ഞിട്ടും തിരുവിതാംകൂർ ദൈവഗത്യാ ബ്രിട്ടീഷ് ഗവണ്മെന്‍റിന്‍റെ രക്ഷയിൽ ആയിത്തീർന്നിട്ടും ജനങ്ങൾ രാജാധികാരത്തെക്കുറിച്ച് നവീനമതങ്ങൾ കൈക്കൊണ്ടിട്ടും നാട്ടിൽ സമാധാനവും ജീവിതരക്ഷയും ഏർപ്പെടുത്തിയിട്ടും തിരുവിതാംകൂർ ചരിത്രം ഒരു നൂറ്റാണ്ടിനു മുമ്പത്തെ കഥയെ ആവർത്തിക്കുന്നത് ആശ്ചര്യജനകമായിരിക്കുന്നു. സാധുചിത്തനും പ്രജാക്ഷേമതല്പരനും ശാന്തഹൃദയനുമായ ഇപ്പോഴത്തെ മഹാരാജാവ് തിരുമനസ്സിലെ രാജ്യഭരണത്തെ കളങ്കപ്പെടുത്തുന്ന രാജസേവകന്മാരുടെ ദുഷ്‌കൃത്യങ്ങൾ, നാട്ടുകാരെ ഇത്രയേറെ വ്യധിപ്പിക്കുന്നുവെന്ന് ഞങ്ങളും മറ്റു സഹജീവികളും എത്രയോ തവണ മുറവിളി കൂട്ടിയിരിക്കുന്നു. അക്ഷരാഭ്യാസമില്ലാത്തവനും സൽക്കർമ തത്വങ്ങളെ  അംഗീകരിച്ചിട്ടില്ലാത്തവനും അത്യാഗ്രഹവും ദുരാഗ്രഹവും നിറഞ്ഞവനുമാണെന്ന്, മിസ്റ്റർ ശങ്കുണ്ണിമേനവനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന, ശങ്കര നമ്പൂതിരിയുടെ ഇക്കാലത്തെ പ്രതിബിംബങ്ങൾ, കൈക്കൂലി മുതലായ ജനദ്രോഹങ്ങൾ കൊണ്ടും രാജധികാരങ്ങൾകൊണ്ടും തിരുവിതാംകൂറിനെ ക്ലേശിപ്പിച്ച് വരുന്ന നടപ്പിന് ഇനിയും ശമനം ഉണ്ടായികാണുന്നില്ലെന്ന് ഞങ്ങൾ അത്യന്തം വ്യസനിക്കുന്നു. ഈ രാജസേവകന്മാർ, മഹാരാജാവ് തിരുമനസ്സിലെ ശാന്തശീലത്തെ പ്രസാദമായി ഗണിക്കുന്നതിന് പകരം അവകാശമായി വരുത്തി, പ്രവർത്തിച്ചു വരുന്ന അക്രമങ്ങളെ മഹാരാജാവ് തിരുമനസ്സ് കൊണ്ട് ഗൗനിക്കാത്തത് ഏറ്റവും വ്യസനജനകം തന്നെ. വേലിത്തമ്പിമാരുടെ കാലം തിരുവിതാംകൂറിന് കഴിഞ്ഞുപോയിരിക്കുന്ന സ്ഥിതിക്ക് ഇങ്ങനെയുള്ള സേവകദസ്യക്കൾക്ക് പ്രജകളെ നിർബാധം പീഡിപ്പിക്കാമെന്ന് ധൈര്യം ഉണ്ടായിരിക്കുമെങ്കിലും പ്രജകളുടെ ഈ സങ്കടം ബ്രിട്ടീഷ് ഗവണ്മെന്‍റിന്‍റെ ചെവിയിൽ എപ്പോഴെങ്കിലും പതിയുകയും ഫലിക്കുകയും ചെയ്യുമെന്നാണ് ഞങ്ങളുടെ ദൃഢമായ വിശ്വാസം.

തിരുവിതാംകൂറിലെ രാജസേവക പ്രഭാവത്തെക്കുറിച്ച് ഞങ്ങൾ കഴിഞ്ഞകുറി ചില സംഗതികൾ പ്രസ്താവിച്ചപ്പോൾ തെക്ക് നിന്ന് കിട്ടിയിരിക്കുന്ന മാതിരിയിൽ ഒരു സംഭവത്തെ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരത്തിൽ മാനേജർ ശങ്കരൻ തമ്പി എന്ന സേവക പ്രധാനിയും തന്റെ ഭാര്യയും പത്തമ്പത് ഭൃത്യ പരിവാരവും തീർത്ഥ യാത്രയായി കന്യാകുമാരിയിലേക്ക് പോയിരിക്കുന്ന വിവരം കഴിഞ്ഞ ലക്കം പത്രത്തിൽ പറഞ്ഞിരുന്നുവല്ലോ ഈ തീർത്ഥയാത്രക്കാരുടെ തലവനെ നെയ്യാറ്റിൻകരവെച്ച്  രാജഭക്തിയോ, ആത്മാഭിമാനമോ, ലജ്ജയോ ഇല്ലാത്ത ചില സർക്കാർ ഉദ്യോഗസ്ഥന്മാർ ചേർന്ന് തമ്പുരാനാക്കി ഉപചരിച്ചിരിക്കുന്നുവെന്ന് അറിയാൻ ഇടവന്നതിൽ ഞങ്ങൾ, ലജ്ജകൊണ്ടും വ്യസനംകൊണ്ടും സപ്തചിത്തന്മാരായി ഭവിക്കുന്നു. ഇക്കഴിഞ്ഞ (ഇടവം) 22 - ന് നെയ്യാറ്റിൻകര നിന്ന് വിശ്വസ്തനായ ഒരു മാന്യഗൃഹസ്ഥൻ അയച്ചിരിക്കുന്ന ഒരെഴുത്തിൽ ഇപ്രകാരം പറയുന്നു:- " ശങ്കരൻ തമ്പിയും പരിവാരങ്ങളും ഇന്നലെ (ഇടവം 21 -ന് ) വൈകുന്നേരം 4 മണിക്ക് ഇവിടെ വന്നു ചേർന്നു. ഗണപതികോവിൽ നടമുതൽ, വാദ്യഘോഷത്തോടുകൂടി എതിരേറ്റാണ് കൊട്ടാരത്തിലേക്ക് കൊണ്ടുപോയത്.  തഹസീൽദാർ ബാലരാമപുരം വരെ പോയി എതിരേറ്റു കൊണ്ടുവന്നു. ഡെപ്യൂട്ടി തഹസീൽദാർ വണ്ടന്നൂർ രാമൻപിള്ളയുടെ ഉത്സാഹത്താലാണ് ഈ വാദ്യാഘോഷം ഉണ്ടായതെന്നും; അതല്ല തഹസിൽദാരുടെ ഉത്സാഹത്താലാണെന്നും പലവിധം ആളുകൾ സംസാരിക്കുന്നുണ്ട്. ശങ്കരൻ തമ്പിയുടെ ദേഹമാസകലം ഒരു നീറ്റലാണെന്നും, ആയതു ആരോ ക്ഷുദ്രപ്രയോഗം ചെയ്തതിനാലാണ് സംഭവിച്ചിട്ടുള്ളതെന്നും അതിലേക്ക് കന്യാകുമാരിയിൽപോയി ഏഴ് ദിവസം ഭജനം നോക്കുന്നതിനാണ് തിരിച്ചിരിക്കുന്നതെന്നും കേൾക്കുന്നു". - മിസ്റ്റർ ശങ്കരൻ തമ്പി കന്യാകുമാരിക്ക്‌ തീർത്ഥയാത്ര ചെയ്യുന്നതിൻെറ ഉദ്ദേശ്യമെന്തെങ്കിലും ആയിരുന്നു കൊള്ളട്ടെ. മിസ്റ്റർ തമ്പിക്ക് അന്യന്മാർ ക്ഷുദ്രപ്രയോഗം ചെയ്തിട്ടോ തന്നത്താൻ ചെയ്തിട്ടുള്ള ക്ഷുദ്രകർമ്മങ്ങളുടെ ഫലമായിട്ടോ ശരീരസൗഖ്യം ഇല്ലാതായതിനെപറ്റിയല്ല ഞങ്ങൾക്ക് പറയാനുള്ളത്. മഹാരാജാവ് തിരുമനസ്സിലെ കൊട്ടാരത്തിലെ ഭൃത്യൻമാരിൽ ഒരുവനെ, രാജപ്രതിനിധിയായ ഒരു താലൂക്കിലെ ഭരണകർത്താവ് നാല് നാഴിക അകലെവച്ച് എതിരേറ്റു കൊണ്ടുവരുവാനും രാജാക്കന്മാരെപോലെ കെട്ടിച്ചെഴുന്നള്ളിക്കുവാനും എന്ത് അവകാശവും ഔചിത്യവുമാണ് ഉള്ളതെന്ന് ചിന്തിക്കേണ്ടതാകുന്നു. മഹാരാജാവ് തിരുമനസ്സിലെ എഴുന്നെള്ളിപാർപ്പിനായി തിരുവിതാംകൂറിൽ പലസ്ഥലങ്ങളിലും കൊട്ടാരങ്ങൾ സ്ഥാപിച്ചിട്ടുള്ളതിന്മണ്ണം, നെയ്യാറ്റിൻകരയും ഒന്നുണ്ട്. ഇങ്ങനെയുള്ള ഒരു കൊട്ടാരത്തിൽ മഹാരാജാക്കന്മാരെയല്ലാതെ മറ്റുള്ളവരെ വാദ്യാഘോഷങ്ങളോടുകൂടി, താലൂക്ക് ഭരണകർത്താക്കന്മാർ എതിരേറ്റു കൊണ്ടുപോകുന്ന ഏർപ്പാടേ ഇല്ല. മഹാരാജാക്കന്മാർക്കായി ഏർപ്പെടുത്തിയിട്ടുള്ള കൊട്ടിച്ചെഴുന്നെള്ളത്തിന് ഒരു രാജ്യഭൃത്യനു  സംഭാവനം ചെയ്യുന്നത് മഹാരാജാവിനെ ധിക്കരിക്കുകയാലാണെന്ന്  ഈ ആഘോഷത്തെപ്പറ്റി ജനങ്ങൾ പലംവിധം സംസാരിക്കാൻ ഇടവന്നത്. ശങ്കരൻ തമ്പി ഇങ്ങനെ ഒരു ബഹുമതിയെ അർഹിക്കാൻ യോഗ്യതയുള്ള ഒരു തമ്പുരാനല്ലെന്ന് ജനങ്ങൾക്ക് അറിവുണ്ട്. എന്നാൽ ഗവണ്മെന്‍റുദ്യോഗപദങ്ങളെ കളങ്കപ്പെടുത്തിയിരിക്കുന്ന മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്മാരുടെ വിചാരം ശങ്കരൻ തമ്പിക്ക് തമ്പുരാൻ പദവി ഉണ്ടെന്നാണ്. ഇങ്ങനെ ഒരു ബഹുമതി തൻ്റെ നേർക്ക് പ്രദർശിപ്പിക്കുന്നതായി കാണുമ്പോൾ തന്നെ രാജഭക്തിയും സ്വാമിഭക്തിയും ഉള്ള ഏതൊരു ഭൃത്യനും അതിനെ നിരാകരിക്കുമെന്നുള്ളതിൽ സന്ദേഹമില്ല. ശങ്കരൻ തമ്പി ഇതിനെ തടുക്കാത്തതിൽ ഞങ്ങൾക്ക് അത്ഭുതമേയില്ല. മിസ്റ്റർ തമ്പി, മഹാരാജാവ് തിരുമനസ്സിലെ ധിക്കരിച്ച് പലരാജ്യകാര്യങ്ങളിലും തലയിട്ട് താനാണ് തിരുവിതാംകൂറിലെ സാക്ഷാൽ ഭരണപതിയെന്ന് ഈ നാട്ടുകാരെയും മറുനാട്ടുകാരെയും ഗ്രഹിപ്പിക്കുവാൻ ഉത്സാഹിക്കുമാറുള്ള സ്ഥിതിക്ക് മഹാരാജാവിനായി വിധിക്കപ്പെട്ടിട്ടുള്ള ആചാരോപചാര വിശേഷങ്ങളെ തനിയ്ക്കായി സ്വീകരിക്കുന്നത് അത്ഭുതമല്ല. എന്നാൽ, ഈ മാതിരി "കോമാളി രാജ"ത്തനങ്ങൾ 20 - ാം നൂറ്റാണ്ടിലെ തിരുവിതാംകൂർ സംസ്ഥാനത്തിൽ സംഭവിക്കുന്നതിലാണ് ഞങ്ങൾ അത്ഭുതപ്പെടുന്നത്. ബാലരാമവർമ്മ മഹാരാജാവിൻെറ സേവകപ്രധാനിയായ ശങ്കരൻ നമ്പൂതിരി, മഹാരാജാവിൻെറ പല്ലിയങ്കത്തിൽ കയറി, മഹാരാജാഢംബരങ്ങളോട് കൂടി സവാരി ചെയ്തത് കണ്ടപ്പോൾ ദിവാൻ രാജാകേശവദാസൻ ദുസ്സഹമായ ഭേദത്തോടും, കോപത്തോടും കൂടി സേവകൻെറ അതിക്രമത്തെ പറ്റി ശാസിച്ചതായി പറയപ്പെട്ടിട്ടുണ്ട്. ഇപ്പോഴത്തെ ദിവാൻ മിസ്റ്റർ ഗോപാലാചാര്യർ, ഇങ്ങനെ ശാസന ചെയ്യാൻ ഒരുങ്ങുമോയെന്നുള്ള ചോദ്യത്തെ തനിയെ വിടേണ്ട ആവശ്യകത ഇല്ല. മിസ്റ്റർ ഗോപാലാചാര്യർ, മിസ്റ്റർ ശങ്കരൻ തമ്പിയെ ബഹുമാനിക്കുന്നതിനായി, അരമന കാക്കുകയോ രമ്യഹർമ്മ്യത്തെ പ്രാപിക്കയോ ചെയ്യുന്നതും മറ്റും ഓർത്താൽ എന്തു തന്നെ ചെയ്യുകയില്ല എന്ന് നിശ്ചയിച്ചുകൂടാ. എന്നുമാത്രമല്ല മിസ്റ്റർ തമ്പിയെയും കൂട്ടരെയും താലൂക്ക് തോറും ഒന്നാം ക്ലാസ് വിഭവങ്ങളോടുകൂടി ഉപചരിക്കണമെന്ന്  ഗവണ്മെന്‍റ് ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ടത്രെ! മഹാരാജാവിൻെറ പല്യങ്കത്തിൽ കയറി രാജകീയആഡംബരങ്ങളോടുകൂടി സവാരി ചെയ്യുന്നതിനെ ശങ്കരൻ നമ്പൂതിരിക്ക് വേലുത്തമ്പിദളവ നൽകിയ ശിക്ഷ നമ്പൂതിരിയുടെ പൃഷ്ടം ചെത്തിക്കളയുകയും മറ്റും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. വേലുത്തമ്പിയുടെ പ്രതി മൂർത്തി ഇപ്പോൾ അവതരിച്ചിട്ടുണ്ടായിരുന്നെങ്കിൽ ശങ്കരൻ നമ്പൂരിയുടെ പ്രതിബിംബത്തിന് സിദ്ധിക്കുമായിരുന്ന അനുഭവം എന്തെന്ന് ഞങ്ങൾ വിവരിക്കേണ്ടതില്ല. തിരുവിതാംകൂർ ഗവണ്മെന്‍റിന് കീർത്തി ദോഷത്തെ ഉണ്ടാക്കിവെക്കുന്ന കുത്സിതനയൻമാരായ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ അനുഭവവും എന്തായിരിക്കുമായിരുന്നു എന്നുള്ളതിനെക്കുറിച്ച് വേലുത്തമ്പി ദളവയുടെ  ഭരണതന്ത്ര ചരിത്രം പത്രവായനക്കാർക്ക് സ്മരണ ഉണ്ടാക്കുമെന്ന് തന്നെ ഞങ്ങൾ വിശ്വസിക്കുന്നു.  

You May Also Like