മരുമക്കത്തായം കമ്മീഷൻ വിചാരണ

  • Published on May 13, 1908
  • By Staff Reporter
  • 362 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

                                            (സ്വദേശാഭിമാനി പ്രതിനിധി) 

                                                                                             കായങ്കുളം, മീനം 2

 രാമന്‍കേശവന്‍, വയസ്സ്, 41-  457ാംസാക്ഷിയുടെ അനുജന്‍. 18 എ സാധ്യം; കാണിക്കണം. കാണിക്കാതിരുന്നാല്‍ അതെപ്പററി വ്യവഹാരംചെയ്യണം. അററഭാഗം തായ് വഴിയെണ്ണവും ആളെണ്ണവും നോക്കി കൊടുക്കണം. സന്താനമില്ലാത്തശാഖയ്ക്കും അററഭാഗംകൊടുക്കണം. ആളെണ്ണം നോക്കുന്നതില്‍ ഒരു സ്ത്രീക്കു പുരുഷനില്‍ ഇരട്ടികൊടുക്കണം. ശേഷം 444 ാംക്ഷിയോടു യോജിക്കുന്നു. എന്‍റെ തറവാട്ടിലെ നാലുതാവഴിക്കാര്‍ വെവ്വേറെപാര്‍ക്കുന്നു.

                                                             465 ാം സാക്ഷി.

 അയ്യപ്പന്‍ കേശവന്‍. 49 വയസ്സ്, കാരണവന്‍, ആലമ്പള്ളില്‍, ആയിക്കാട്, കാര്‍ത്തികപ്പള്ളി. 140 രൂപാകരം. 32 വര്‍ഷംസര്‍ക്കാര്‍ജോലി (പാര്‍വത്യം) 14  ബി  ചെലവിനായി വസ്തുവീതിച്ചു ശാഖകള്‍ക്കുകൊടുക്കാം. അന്യാധീനം പാടില്ലാ. വേണമെങ്കില്‍ എല്ലാശാഖക്കാരും ചേരണം. ചേരാത്തശാഖയ്ക്കു നോട്ടീസ് അയച്ചുംവച്ച് ആവശ്യമുള്ളവ എഴുതികൊള്ളാം. ശേഷം 445 ാംസാക്ഷിയോടു യോജിക്കുന്നു.

                                                             466 ാംസാക്ഷി.

 അയ്യപ്പന്‍ രാമന്‍, 42 വയസ്സ്, കടയ്ക്കല്‍, കീരിക്കാട്, 500 രൂപാകരം. 14 ബി സഹോദരികള്‍ക്കു മക്കളുണ്ടാകുമ്പോള്‍ അനുഭവത്തിനു മാത്രമായവീതം കൊടുക്കാം. ശേഷം 444 ാം സാക്ഷി മൊഴിശരിവയ്ക്കുന്നു. എന്‍റെ അമ്മൂമ്മയ്ക്കപ്പുറമുള്ളവര്‍ എന്‍റെ ഓര്‍മ്മയ്ക്കുമുമ്പു പിരിഞ്ഞുപോയി.

                                                               467 ാം സാക്ഷി.

 കൃഷ്ണന്‍ കൃഷ്ണന്‍, 40 വയസ്സ്, 457-ം 464-ം സാക്ഷികളുടെ അനന്തരവന്‍. തായ് വഴിക്രമത്തിന് ആളെണ്ണം നോക്കി അററഭാഗം കൊടുത്തെങ്കിലെ വസ്തു നന്നാകു. ശേഷം 445 ാം സാക്ഷിയോടു യോജിക്കുന്നു.

                                                                 468 ാം സാക്ഷി

 നാരായണന്‍ രാമന്‍. കല്ലത്തുവീട്, മുതുകുളം, കരം 800 രൂപാ. 445 ാം സാക്ഷി മൊഴിശരിവയ്ക്കുന്നു. രണ്ടുശാഖകളുണ്ട്, വെവ്വേറെ പാര്‍ത്തുവസ്തുവനുഭവിച്ചുവരുന്നു. വസ്തുവനുഭവം 71 മുതല്‍. അതിനുമുമ്പേ വെവ്വേറെ പാര്‍പ്പുണ്ട്.

                                                                 469 ാംക്ഷി.

 കുമാരന്‍നാരായണന്‍, പാരൂര്‍, മൂന്നാമ്മുറ, മുതുകുളം കരം 100 രൂപാ.  അററഭാഗംവേണം. താവഴിയെണ്ണംമാത്രംനോക്കിവീതിക്കണം. ശേഷം 445 ാം സാക്ഷിയോടു യോജിക്കുന്നു. രണ്ടുതാവഴികളുണ്ട്. രജിസ്തര്‍ചെയ്ത നിശ്ചയപ്രകാരം ചെലവിനു വസ്തുവീതിച്ചിട്ട് 8  വര്‍ഷമായി. ഛിദ്രം നിമിത്തമായിരുന്നു വീതിച്ചത്. ഇപ്പോള്‍ ക്ഷേമംതന്നെ. കടംതീര്‍ന്നു. അമ്മൂമ്മവഴിക്കാര്‍ തമ്മിലായിരുന്നു ഭാഗിച്ചത്.

                                                                470 ാം സാക്ഷി

 നീലകണ്ഠന്‍ ഗോവിന്ദന്‍, കോടമ്പള്ളിവീട്, 24 വയസ്സ്, കരം 300 രൂപാ കാരണവന്‍, കാര്‍ത്തികപ്പള്ളി. അനുഭവഭാഗമേ ആകാവു. 63-ല്‍ അമ്മുമ്മയുടെ സഹോദരിവഴിക്കാര്‍ അററഭാഗംപിരിഞ്ഞു. ഛിദ്രം നിമിത്തം ആയിരുന്നു ഭാഗംചെയ്തത്. 73 - ല്‍ അമ്മയും അവരുടെ സഹോദരിമാരും തമ്മിലും ഭാഗിച്ചു. അതും ഛിദ്രം നിമിത്തമായിരുന്നു. ഇപ്പോള്‍ സമാധാനമായിരിക്കുന്നു. ഓരോ താവഴിയിലെയും കാരണവര്‍ ഒററിയെഴുതിക്കൊള്ളാം. ശേഷം 445 ാം സാക്ഷി മൊഴിയില്‍ ചേരുന്നു.

                                                               471 ാം സാക്ഷി.

 രാമന്‍വേലായുധന്‍, കരം 500രൂപാ കാരണവന്‍, 56 വയസ്സ്, ഇടശ്ശേരിവീട്, മുതുകുളം. 465 ാം സാക്ഷിയോടുയോജിക്കുന്നു.

                                                                472 ാം സാക്ഷി.

 കൃഷ്ണന്‍ ശങ്കരന്‍, ചെറിയാങ്കാലില്‍വീട്, 41 വയസ്സ്, കണച്ചനല്ലൂര്‍, ചേപ്പാടു കരം 200 രൂപാ. അനുഭവഭാഗമാവാം. ശാഖകളുടെയും ആളുകളുടെയും എണ്ണം നോക്കി വസ്തു മുഴുവന്‍ വീതിക്കാം. മററു ഏതെങ്കിലും ഒരു ശാഖക്കാരന്‍ കൂടിചേര്‍ന്നാല്‍ ഒരു ശാഖക്കാരനു വസ്തുവന്യാധീനം ചെയ്യാം. ശേഷകാര്‍ക്കു നോട്ടീസ് കൊടുത്തും വച്ച് വസ്തുവന്യാധീനം ചെയ്യാം. കഴിഞ്ഞയാണ്ടില്‍ എന്‍റെ തറവാട്ടിലെ 6 ശാഖക്കാരും ചേര്‍ന്നു ഒരു നിശ്ചയപത്രംഎഴുതി. അതിന്‍പ്രകാരം ചെലവിനായി വസ്തുവീതിച്ചു. ഛിദ്രം നിമിത്തമായിരുന്നു നിശ്ചയപത്രംചെയ്തത്. വ്യവഹാരം വകയ്ക്കു 5000 രൂപായോളം നഷ്ടമായിപ്പോയി. ഇപ്പോള്‍ ക്ഷേമമായിരിക്കുന്നു. വീതിക്കകൊണ്ട് അന്തസ്സിനു ഒരു കുറവുമില്ല. ഇപ്പോള്‍ വസ്തുക്കളൊഴിപ്പിച്ചുതുടങ്ങി. ശേഷം 445 ാം സാക്ഷിയോടു യോജിക്കുന്നു.

                                                           473ാം സാക്ഷി

 ചെമ്പകരാമന്‍ കുമാരന്‍, വരിക്കോലില്‍, 52 വയസ്സ്, കരം 100-രൂപാ കാര്‍ത്തികപ്പള്ളി. വസ്തുക്കള്‍ ചെലവിനു തിരിച്ചുകൊടുത്താല്‍മതി. മുഴുവന്‍വസ്തുവും തായ് വഴികള്‍ക്കു വീതിച്ചുകൊടുക്കാം. കടവുംകൂടി വീതിച്ചിട്ടുണ്ടെങ്കില്‍ കടത്തിനായി നിയമിച്ച വസ്തുവിനെ ഒററിയായി അന്യാധീനം ചെയ്യാം. 18 എ. സാധ്യം. ശേഷം 445ാം സാക്ഷിയോടു യോജിക്കുന്നു.

                                                             474ാം സാക്ഷി

 ചെമ്പകരാമന്‍ വേലായുധന്‍, വയസ്സ് 62, പുത്തന്‍പുരയ്ക്കല്‍വക ആലുകുന്നത്തുവീട്ടില്‍, ശാഖാകാരണവന്‍, കരം 50 രൂപാ, കാര്‍ത്തികപ്പള്ളി. അററഭാഗം വേണം. 445ാം സാക്ഷിമൊഴി ശരിവയ്ക്കുന്നു. എന്‍റെ തറവാട്ടില്‍ മൂന്നുപ്രാവശ്യം ഭാഗംനടന്നിട്ടുണ്ട്. മൂന്നാമത്തേത് 63ല്‍ ആയിരുന്നു. അതു അമ്മുമ്മയുടെ നാലുമക്കള്‍ തമ്മിലായിരുന്നു. ഇപ്പോള്‍ എല്ലാ ശാഖകള്‍ക്കുംക്ഷേമംതന്നെ. ഭാഗംചെയ്യാഴികകൊണ്ടു നശിച്ചവയും കാരണവര്‍ വിററുനശിച്ചവയും ആയി നാലഞ്ചു തറവാടുകള്‍ എന്‍റെ അറിവിലുണ്ട്. എന്‍റെ തറവാട്ടിലെ എല്ലാ ശാഖകളിലും മുമ്പത്തെക്കാള്‍ അധികംവസ്തു പരിപാലിക്കുന്നുണ്ട്. എന്‍റെ ശാഖയില്‍ പത്തിരുപതുപറ നിലംകൂടീട്ടുണ്ട്.

                                                                475ാം സാക്ഷി

 കൃഷ്ണന്‍ ഗോവിന്ദന്‍, വടക്കെമങ്ങാട്ട്, മുതുകുളം, 24 വയസ്സ്, വിദ്യാര്‍ത്ഥി. 8-സി. കാല്‍ഭാഗം. 14  ബി.  അററഭാഗംകൊടുക്കണം. 19 എ. കാരണവന്‍ അനന്തരവര്‍ക്കു കഴിയുന്ന തുക മൂലധനമായികൊടുത്ത് അവരെ ഓരോ തൊഴിലുകളില്‍ പ്രവേശിപ്പിക്കണം. മൂപ്പേല്‍ക്കുന്ന കാരണവന്‍ തറവാട്ടുവസ്തു മുതലുകള്‍ക്കും ആള്‍വിവരത്തിനും ലീസ്തുകള്‍ എഴുതിവയ്ക്കണം.  10  ഏ.  ആയിരിക്കും.  6 ബി.  പാടില്ലാ.  ശേഷം 444-ാം സാക്ഷിയോടു യോജിക്കുന്നു. അററഭാഗമുണ്ടായാല്‍, എല്ലാവരും പ്രയത്നംചെയ്തു വസ്തുക്കളെ നന്നാക്കും. എഴുതിക്കൊടുക്കാന്‍ അധികാരമില്ലെങ്കില്‍ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാതെ ഛിദ്രത്തിനിടയാകും. എന്‍റെ കുഡുംബത്തിലെ പലശാഖക്കാര്‍ പലെടത്തുപാര്‍ക്കുന്നു.

                                                            476ാം സാക്ഷി

 നാരായണന്‍കേശവന്‍, 24 വയസ്സ് വിദ്യാര്‍ത്ഥി. എടശ്ശേരി, മുതുകുളം, കരം 500 രൂപാ- 471ാംസാക്ഷിയുടെ അനന്തരവന്‍. പുരുഷനില്‍ ഇരട്ടി സ്ത്രീക്കു ഭാഗംകൊടുക്കണം. ചെലവിനായി വസ്തുക്കളെ താവഴികള്‍ക്കു ആളെണ്ണി വീതിച്ചുകൊടുക്കണം. അന്യാധീനം ചെയ്തു കൂട. കുറെവസ്തു പൊതുവില്‍ വയ്ക്കണം. 16 ഭൂരിപക്ഷംചോദിച്ചാല്‍ കൊടുക്കണം. 18 എ. സാധ്യം. ഏതെങ്കിലുമൊരു ശാഖയ്ക്കു ഒരു ആപത്തു വന്നാല്‍ അപ്പോള്‍ ആ ശാഖയെ സഹായിക്കാന്‍ വേണ്ടിയും മററുമാണ് കുറെവസ്തുവച്ചേയ്ക്കണമെന്നു പറഞ്ഞത്. ആ വസ്തുവച്ചുകൊണ്ടിരിക്കുന്ന കാരണവര്‍ ശാഖാവശ്യങ്ങള്‍ക്കു പണം കൊടുത്തില്ലെങ്കില്‍, അന്യായപ്പെടാം. വസ്തുകൊണ്ടു ചെലവിന് തികയാത്ത കുഡുംബങ്ങളിലും ഞാന്‍ പറഞ്ഞ ഏര്‍പ്പാടുതന്നെ നടക്കണം. ശേഷം 444ാം സാക്ഷിയോടു യോജിക്കുന്നു.

                                                               477ാംസാക്ഷി

 കൃഷ്ണന്‍നാരായണന്‍. ചാങ്ങയില്‍, കാരണവന്‍, കരം  100 രൂപാ, വയസ്സ് 48, ഏവൂര്‍. ചെലവിനായിട്ടല്ലാതെ ഭാഗമായി വസ്തുവീതിക്കാന്‍ പാടില്ലാ. ആളിന്‍റെ കണക്കുനോക്കി താവഴികള്‍ക്കു വീതിക്കണം. അന്യാധീനം പാടില്ലാ. കാരണവനു നോട്ടീസ് കൊടുത്തുംവച്ച് ശാഖക്കാര്‍ ശാഖവസ്തു അന്യാധീനംചെയ്യാം. (ആവശ്യസമയം കാരണവന്‍ചേരാത്ത പക്ഷം) ശേഷം ഭാഗങ്ങളില്‍ 445ാം സാക്ഷിയോടു യോജിക്കുന്നു. എന്‍റെഅമ്മയുംകൊച്ചമ്മയും തമ്മില്‍ചെലവിനായി വസ്തുഭാഗം ചെയ്തിട്ടുണ്ട്. കടമുണ്ടായിരുന്നു. അതിനെയും വീതിച്ചു. അതിന്‍റെ തുകയ്ക്കുമാത്രം അന്യാധീനം അനുവദിച്ചിട്ടുണ്ട്.

                                                              478 ാം സാക്ഷി.

 നാരായണന്‍ ശങ്കരന്‍, 56വയസ്സ്, പാര്‍വത്യം, കോയിക്കലേത്തു കൊച്ചുപുരയ്ക്കല്‍, പള്ളിപ്പാട്, തെക്കുംമുറി, കരം 300രൂപായ്ക്കുമേല്‍. 37വര്‍ഷം സര്‍ക്കാര്‍സര്‍വ്വീസ്. 445 ാംസാക്ഷിയോടു യോജിക്കുന്നു. 8 സി  പാതി. സ്ത്രീക്കുംപുരുഷനും ഒരുപോലെ വീതം കണക്കാക്കണം. ആവശ്യപ്പെട്ടാല്‍ ഭാഗംകൊടുക്കണം. 49-ല്‍ നാലു താവഴിക്കാര്‍ക്കായി (എന്‍റെ അമ്മയും മൂന്നു സഹോദരിമാരും) ഭാഗം ചെയ്തു. അററഭാഗമല്ലായിരുന്നു എങ്കിലും രണ്ടുശാഖക്കാര്‍ എഴുതിവില്‍ക്കയാല്‍, ക്ഷയിച്ചു. മററവര്‍ വര്‍ദ്ധിച്ചു. ഇപ്പോള്‍ വ്യവഹാരം നടക്കുന്നു.

                                                                 479 ാം സാക്ഷി.

 കുമാരന്‍ കൃഷ്ണന്‍, 64 വയസ്സ്, സമുദായത്തില്‍, കരുവാററാ, കുമാരപുരം, കരം 1000 രൂപാ.  3  എ  അത്തരം സംബന്ധം നടപ്പില്ല  14  ബി  സഹോദരികള്‍ക്കു മക്കളുണ്ടാകുമ്പോള്‍ അനുഭവഭാഗംകൊടുക്കാം.  16  താവഴിയിലെ എല്ലാവരും കൂടിചോദിക്കണം. ചെലവിനു വേണ്ടതുമാത്രം വീതിച്ചുകൊടുക്കാം. ചെലവിനുകൊടുക്കുന്നവസ്തു അന്യാധീനം ചെയ്തുകൂടാ. ഒരു ഭാഗം തറവാട്ടാവശ്യത്തിനായി കാരണവരുടെ കൈവശമിരിക്കണം. ഇളമുറക്കാരന്‍റെ ഓഹരിയില്‍ ഇരട്ടി കാരണവര്‍ക്കു കൊടുക്കണം. ശേഷം 445 ാംസാക്ഷിയോടു യോജിക്കുന്നു. ബ്രാഹ്മണരും മാടമ്പിമാരും അല്ലാതെ എന്‍റെതറവാട്ടില്‍ സംബന്ധം ചെയ്തുകൂടാ. അതുകൊണ്ട് ഇപ്പോഴത്തെ ഏര്‍പ്പാടിനെ ഭേദപ്പെടുത്താന്‍ എനിക്കു മനസ്സില്ല.

                                                                 480 ാം സാക്ഷി.

 കുമാരന്‍ കേശവന്‍, 31 വയസ്സ്, കുന്നേത്ത് പുതിയവിള, കീരിക്കാട്, ഭാഗം പാടില്ല, വസ്തു ചെലവിനായി ഭാഗിക്കാം ചെലവിനു വേണ്ടിടത്തോളം മാത്രം വീതിച്ച് ശേഷം മൂപ്പന്‍വച്ചുകൊള്ളണം. ഒരു ശാഖയെപ്പോലെ കാരണവനെ വിചാരിക്കണം.  8  ബി പാതി. കാരണവസ്ഥാനത്തേക്കു വയ്ക്കുന്ന വസ്തുവിനെ കാരണവരും ശാഖാ മൂപ്പന്മാരും കൂടിഅന്യാധീനംചെയ്യാം. അന്തസ്സുകുറയാതിരിക്കുന്നതിനും പൊതുആവശ്യങ്ങള്‍ നടത്തുന്നതിനുമാണ് കാരണവരുടെ കൈവശം പൊതുസ്വത്ത് വയ്ക്കുന്നത്. പൊതുസ്വത്തില്‍ നിന്ന് പണമെടുത്ത് ശാഖകളിലെ ആവശ്യങ്ങള്‍ കാരണവര്‍ നിറവേററണം, ശേഷം 445 ാം സാക്ഷിമൊഴി ശരിവയ്ക്കുന്നു.    

                                                                                                                      (തുടരും)


You May Also Like