കേരളവാർത്തകൾ - തിരുവിതാംകൂർ
- Published on August 29, 1906
- By Staff Reporter
- 317 Views
കൊട്ടാരക്കരെ നടപ്പു ദീനം കലശലായി ബാധിച്ചിരിക്കുന്നുവത്രെ.
മെഡിക്കൽ ആഫീസർമാരുടെ മാറ്റം അനുവദിക്കപ്പെട്ടിട്ടില്ലപോൽ.
മിസ്റ്റർ എസ്. പത്മനാഭയ്യർ കണ്ടെഴുത്ത് പേഷ്കാർ സ്ഥാനം ഏറ്റിരിക്കുന്നു.
ആലപ്പുഴയ്ക്ക് പോയിരുന്ന ചീഫ് ഇഞ്ചിനീയർ തലസ്ഥാനത്തേക്ക് മടങ്ങി എത്തി.
കൊല്ലം തഹശീൽ മിസ്റ്റർ രാമസ്വാമി അയ്യർ 3 മാസത്തെ ഒഴിവിന് അപേക്ഷിച്ചിരിക്കുന്നു.
പോലീസ് സൂപ്രണ്ട് മിസ്റ്റർ ബെൻസ്ലി വടക്കൻ താലൂക്കുകളിലേക്കുള്ള സർക്കീട്ട് പോയിരിക്കുന്നു.
ബ്രിട്ടീഷ് അസിസ്റ്റൻ്റ് റസിഡൻ്റ് ക്യാപ്റ്റൻ ഫെന്നിങ് കൊച്ചിയിലേക്ക് പോയിരിക്കുന്നു.
ഒഴിവുള്ള വലിയ കൊട്ടാരം നിത്യച്ചെലവ് കാര്യക്കാർ സ്ഥാനത്ത്, ഉടൻ ഒരാളെ നിയമിക്കുമെന്നറിയുന്നു.
ആറ്റിങ്ങൽ ഇംഗ്ലീഷ് സ്കൂൾ ഹെഡ്മാസ്റ്റർ മിസ്റ്റർ വെങ്കിട്ടരാജുവിനെ തക്കലയിലേക്ക് മാറ്റിയിരിക്കുന്നു.
നെയ്യാറ്റിങ്കര തഹശീൽ മജിസ്ട്രേറ്റ് മിസ്റ്റർ ആർ. കൃഷ്ണപിള്ള തിരികെ എത്തി ജോലിയിൽ പ്രവേശിച്ചിരിക്കുന്നു.
കിളിമാനൂർ ചിത്രമെഴുത്ത് രവിവർമ്മ കോയിത്തമ്പുരാൻ അവർകൾക്ക് സുഖക്കേടാണെന്നറിയുന്നതിൽ ഞങ്ങൾ വ്യസനിക്കുന്നു.
അസിസ്റ്റൻ്റ് ഇഞ്ചിനീയർ മിസ്റ്റർ എവറാർഡും, മിസ്റ്റർ നടേശയ്യരും തമ്മിലുള്ള മൂപ്പു തർക്കം വീണ്ടും ആലോചിക്കപ്പെടുന്നതാണ്.
മാവേലിക്കരെ കണ്ടെഴുത്തഴിമതികളെപ്പറ്റി പരാതി ബോധിപ്പിക്കാനായി ഏതാനും കുടിയാനവന്മാർ തിരുവനന്തപുരത്തെത്തിയിരിക്കുന്നു.
ബ്രിട്ടീഷ് റസിഡൻ്റിൻ്റെ ഇപ്പോഴത്തെ അകമ്പടിപ്പട്ടാളക്കാരെ ത്രിശിനാപ്പള്ളിക്കു മാറ്റി, പകരം കണ്ണൂരിൽ നിന്നു ഭടന്മാരെ വരുത്തുന്നതാണ്.
പേച്ചിപ്പാറ മെക്കാനിക്കൽ സൂപ്പർവൈസർ മിസ്റ്റർ ജി. കൃഷ്ണപിള്ളയെ ഒരു ഒന്നാം ഗ്രേഡ് ഓവർസീയരായി നിയമിക്കണമെന്ന് ചീഫ് ഇഞ്ചിനീയർ അഭിപ്രായപ്പെട്ടിരിക്കുന്നു.
അമ്പലപ്പുഴ പോലീസ് ഇൻസ്പെക്റ്റർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ തോവാളയ്ക്കും പകരം അവിടെനിന്നും മിസ്റ്റർ നാരായണപിള്ളയെ അമ്പലപ്പുഴക്കും മാറ്റിയിരിക്കുന്നു.
കള്ളനാണയമടിച്ച അപ്പാവു എന്നും കുട്ടി അപ്പാവു എന്നും പേരായ രണ്ടു തട്ടാന്മാർക്ക് 30, 20 വർഷം വീതം കഠിന തടവ്, തിരുവനന്തപുരം സെഷൻ ജഡ്ജി വിധിച്ചിരിക്കുന്നു.
ജഡ്ജിയായി മാറ്റപ്പെട്ട മിസ്റ്റർ വീരരാഘവ അയ്യങ്കാർക്ക് പകരം, ഹജൂർ ജുഡീഷ്യൽ സെക്രട്ടറിയായി സ്പെഷ്യൽ ഫോറസ്റ്റ് ഓഫീസർ മിസ്റ്റർ ശങ്കരപ്പിള്ളയെ നിശ്ചയിച്ചിരിക്കുന്നു.
വർക്കലയ്ക്കടുത്ത് വച്ച് ഈയിടെ ഉണ്ടായ അടികലശൽക്കേസ്സ് അന്വേഷിപ്പാൻ തിരുവനന്തപുരം പാളയം പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ കുമാരപ്പിള്ളയെ നിശ്ചയിച്ചിരിക്കുന്നു.
ഹൈക്കോടതി ജഡ്ജി എസ്. പത്മനാഭയ്യർ അവർകളെ കണ്ടെഴുത്ത് പേഷ്കാരായി മാറ്റിയിരിക്കുന്നു. പകരം ഹൈക്കോടതി ജഡ്ജിയായി സെഷൻസ് ജഡ്ജി മിസ്റ്റർ രാമചന്ദ്രരായരെയും മാറ്റിയിരിക്കുന്നു.
കൊല്ലം ജില്ലാ ജഡ്ജി മിസ്റ്റർ ജോസഫ് ഈപ്പനെ തിരുവനന്തപുരത്തേക്കും, പറവൂർ ജില്ലാ ജഡ്ജി മിസ്റ്റർ നാരായണമേനോനെ കൊല്ലത്തേക്കും, ജുഡീഷ്യൽ സെക്രട്ടറി മിസ്റ്റർ വീരരാഘവ അയ്യങ്കാരെ ജഡ്ജിയായി പറവൂരേക്കും മാറ്റിയിരിക്കുന്നു.
ശ്രീമൂലം പ്രജാസഭ ഇക്കൊല്ലത്തിൽ നടത്തുന്നില്ലയോ എന്നും തെരഞ്ഞെടുപ്പിനെ മുടക്കിയത് എന്താണെന്നും മറ്റും ചോദിക്കുവാൻ ഈയിടെ തിരുവനന്തപുരത്ത് നേറ്റീവ് ഹൈസ്കൂളിൽ വച്ച് ഒരു സഭ കൂടി നിശ്ചയിച്ചിരിക്കുന്നു.
അമ്പലപ്പുഴ തഹശീൽദാരായിരുന്ന് തള്ളപ്പെട്ട കെ. ശങ്കനാരായണയ്യരവർകളെ പാൽപായസക്കേസ്സിൽ സസ്പെൻ്റ് ചെയ്തതിനെ സംബന്ധിച്ച് അദ്ദേഹം പുതിയ ദിവാൻജിയോട് അപ്പീൽ ചെയ്തതിൽ ചില നല്ല റിമാർക്കുകളോടെ അപ്പീൽ തള്ളിയിരിക്കുന്നു.
വൈക്കം തഹശീൽ മജിസ്ട്രേറ്റായി പോയിരുന്ന മിസ്റ്റർ ഉള്ളൂർ എസ്. പരമേശ്വരയ്യർ എം. ഏ. ബി. എൽ തിരികെ ഹജൂരിലേക്ക് പോന്നിരിക്കുന്നു. ഇദ്ദേഹത്തിൻ്റെ ഭരണം വൈക്കത്തുകാർക്ക് പൊതുവിൽ തൃപ്തികരമായിരുന്നു എന്നറിയുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.
സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ള അവർകൾ, ഓണം ഒഴിവുനാളുകളിൽ ചേർത്തല, വൈക്കം, പെരുമ്പാവൂർ എന്നീ സ്ഥലങ്ങളിൽ സഞ്ചരിപ്പാനും, കേരളീയനായർ സമാജയോഗത്തിനായി എറണാകുളത്തെത്തുവാനും നിശ്ചയിച്ചു. നാളെ ഇവിടുന്ന് പുറപ്പെടുന്നതും 14- നു ഇവിടെ മടങ്ങി എത്തുന്നതുമാകുന്നു.
തിരുവനന്തപുരം ജനറൽ മെഡിക്കൽ സ്റ്റോറിൽ നിന്നു ആശുപത്രികളിലേക്ക് മരുന്നുകൾ അയയ്ക്കുന്നതിനെ സംബന്ധിച്ച് ചില പുതിയ ചട്ടങ്ങൾ ഏർപ്പെടുത്തുന്നുവെന്നും, മരുന്നുകൾ ഇപ്പോഴത്തേതിൽ കുറച്ചേ അയയ്ക്കു എന്നും, അത്യാവശ്യപ്പെട്ട ചില മരുന്നുകൾ വാങ്ങാനായി മെഡിക്കൽ ആഫീസർമാരുടെ പക്കൽ പ്രത്യേകം പണം ഏല്പിക്കുമെന്നും അറിയുന്നു.