പബ്ലിക് സ്ഥലങ്ങളിൽ പ്രസംഗം മുടക്കൽ
- Published on April 01, 1908
- By Staff Reporter
- 929 Views
ഇന്നലത്തെ "സർക്കാർ ഗസറ്റിൽ" 2-ആം ഭാഗം 298-ആം പുറത്ത്, തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് എസ്. ശങ്കരപ്പിള്ളയുടെ പേരിനെ ചുവടെ ചേർത്ത്, തിരുവിതാംകൂർ ക്രിമിനൽ പ്രൊസിഡ്യുവർ കോഡ് 127-ആം വകുപ്പിൻ പ്രകാരമുള്ള ഒരു ആജ്ഞ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള ഈ ആജ്ഞയുടെ താല്പര്യം, തിരുവനന്തപുരം നഗരത്തിലുള്ള തെരുവീഥികളിലോ ചത്വരങ്ങളിലോ മറ്റു പബ്ലിക് സ്ഥലങ്ങളിലോ, രണ്ടു മാസക്കാലത്തേക്ക് യാതൊരു വക ആളുകളും മതോപദേശമാകട്ടെ ഇതരവിഷയ പ്രസംഗമാകട്ടെ നടത്തിക്കൂടുന്നതല്ലാ എന്നാകുന്നു. ഇപ്രകാരമൊരു നിരോധം ചെയ്യുന്നതിനുള്ള കാരണം, മേല്പടി ആജ്ഞാ വാചകത്തിൽ നിന്നും ഗ്രഹിക്കാവുന്നത്, ബഹുജനങ്ങളുടെ ഇടയിലുള്ള ഇപ്പോഴത്തെ മനോവികാരത്താൽ, പൊതുജന സമാധാനത്തിന് ലംഘനം നേരിട്ടേക്കുമെന്നും, വല്ല ലഹളകളും കലശലുകളും ഉണ്ടായേക്കുമെന്നും ഉള്ള ശങ്കയാണെന്ന് കാണുന്നു. ഈ നിരോധ കല്പന, അങ്ങനെ പ്രസംഗം ചെയ്യുന്ന സംഘക്കാർക്കായി മാത്രമല്ല, ബഹുജനങ്ങൾക്കും പൊതുവായും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു എന്നും, അതിൽ നിന്ന് തന്നെ അറിയുന്നു. മേൽ കണ്ട പ്രകാരം ഒരു ശങ്ക ജനിക്കുന്നതിനോ, ഉണ്ടായാൽ തന്നെ, കാര്യമാക്കി വയ്ക്കുന്നതിനോ എന്തു സംഗതികൾ സംഭവിച്ചു എന്ന് നിശ്ചയമാക്കി പറവാൻ കുറെ പ്രയാസം തന്നെ. തിരുവന ന്തപുരത്തെ പൊതുജനങ്ങളുടെ ഇടയിൽ, ഗവൺമെന്‍റിന് ശങ്ക ഉദിപ്പിക്കത്തക്കതായ ഒരു മനോവികാര വിശേഷം ഉണ്ടായിട്ടുണ്ടെന്ന് സംവദിപ്പാൻ ഞങ്ങൾ തയ്യാറല്ല. അപ്രകാരം, ഉണ്ടായിട്ടുണ്ടെന്നും ഞങ്ങൾ വിശ്വസിക്കുന്നില്ല. ബംഗാളിൽ നിന്ന്, ഇന്ത്യയുടെ ഈ അറ്റത്തെത്തിയിരിക്കുന്ന വിദേശിവൈരാഗ്യ തരംഗങ്ങളുടെ അലയടി, തിരുവനന്തപുരം നഗരത്തിൽ ഈയിടെ ചില പരദേശി ബ്രാഹ്മണരാൽ ആനയിക്കപ്പെട്ടിരിക്കുന്നുണ്ടെങ്കിലും, തിരുവിതാംകൂറിനെ തൊട്ടു കിടക്കുന്ന തിരുനെൽവേലി ജില്ലയിൽ ഈയിടെ വളരെ ഭയങ്കരമായ രൂപത്തെ പ്രാപിച്ചു എന്നിരിക്കിലും, ഗവൺമെന്‍റിന്‍റെ മനസ്ഥൈര്യത്തെ പിടിച്ചുലച്ച് നിലയിൽ നിന്ന് ഇളക്കി മറിക്കുവാൻ തക്കവണ്ണം, തിരുവനന്തപുരത്തെ പ്രജകളായ പൊതുജനങ്ങളുടെ ഇടയിൽ, ഈ സംഗതികൾ കൊണ്ട് ഗണ്യമായ ചിത്തവൃത്തി ഭേദം ഉണ്ടായിട്ടില്ല തന്നെ. ബ്രിട്ടീഷ് കോയ്മയുടെ പേരിൽ അത്യന്തം ഭക്തിയോടു കൂടി രാജ്യഭരണം ചെയ്യുന്ന മഹാരാജാവ് തിരുമനസ്സിലെ പ്രജകൾ രാജഭക്തിക്ക് പ്രസിദ്ധന്മാരാണെന്നും, അവരുടെ ഇടയിൽ എന്തെങ്കിലും ഭയങ്കരമായ മനോവികാരം ഉണ്ടാക്കത്തക്ക വിധത്തിൽ അവരുടെ സ്വാതന്ത്ര്യങ്ങളെ തടഞ്ഞിട്ടല്ല ഇപ്പോഴത്തെ മഹാരാജാവ് തിരുമനസ്സ് കൊണ്ട് രാജ്യഭരണം ചെയ്യുന്നതെന്നും ഞങ്ങൾക്ക് നിശ്ചയമാണ്. ആ അവസ്ഥയ്ക്ക് ഇങ്ങനെ ഒരു പരസ്യമായ കല്പന, തിരുവിതാംകൂർ മഹാരാജാവ് തിരുമനസ്സിലെ തിരുവനന്തപുരം നഗര നിവാസികളായ പ്രജകളുടെ രാജഭക്തിയെയും സമാധാന സ്വഭാവത്തെയും മറച്ചു വയ്ക്കുകയും അനുചിതമായി ദോഷം ആരോപിക്കുകയും ചെയ്യുന്ന ഒരു അയുക്തമായ ഉദ്ദേശ്യം ആയിപ്പോയി എന്ന് വ്യസനിക്കാതിരിക്കാൻ കഴിയുകയില്ല.
ബംഗാളിലെ വിദേശി വൈരാഗ്യവികാരം തിരുവിതാംകൂറിൽ വേരൂന്നീട്ടില്ല; വേരൂന്നുവാൻ കാരണവുമിപ്പോൾ ഇല്ല. ബ്രിട്ടീഷ് കോയ്മയുടെ ഭരണത്തിൽ ദോഷങ്ങൾ എന്തു തന്നെ ഉണ്ടായിരുന്നാലും, തിരുവിതാംകൂറിൽ ഇപ്പോൾ അനുഭവിക്കുന്ന ക്ഷേമവും സമാധാനവും ആ കോയ്മയുടെ ഭരണഫലമാണെന്ന് കൃതജ്ഞതയോടു കൂടി സമ്മതിക്കാത്ത തിരുവിതാംകൂറുകാർ ഉണ്ടെന്ന് ഞങ്ങൾ സംശയിക്കപോലും ചെയ്യുന്നില്ല. തിരുവിതാംകൂറുകാർക്ക് ഇപ്പോഴത്തെ കണക്ക് ബ്രിട്ടീഷ് കോയ്മയുടെ പേരിൽ വിശ്വാസവും കൃതജ്ഞതയും എന്നെന്നും ഉണ്ടായിരിക്കാൻ അവകാശം ഉണ്ടായിരിക്കെ, അവരുടെയിടയിൽ ബെംഗാളത്തെ വിദേശിവൈരാഗ്യവികാരത്തിന്‍റെ പ്രവേശത്തിന് മാർഗ്ഗമുണ്ടാവുന്നത് ഇക്കാലത്തെ നിലയിൽ ദുർല്ലഭം തന്നെയാണ്. തിരുവിതാംകൂറുകാരുടെ ഇടയിൽ ഏതെങ്കിലുമൊരു വിദേശി വൈരാഗ്യമുണ്ടായിരിക്കേണമെന്നുള്ള പക്ഷം, അത് കുറെ കൊല്ലം മുമ്പ് ഇളകിയിരുന്ന സ്വദേശി പരദേശി വഴക്കിന്‍റെ പുനർ ജനനം ഉണ്ടായാൽ മാത്രമേ ആവശ്യപ്പെടൂ എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. എന്നാൽ, മറ്റൊരു വിധം വിദേശിവൈരാഗ്യം, വേണമെങ്കിൽ, തിരുവിതാംകൂറുകാർക്ക് പ്രയോഗിക്കാൻ അവകാശവും ആവശ്യമുണ്ട്. അത് മറ്റൊന്നുമല്ല. തിരുവനന്തപുരം നഗരത്തിലും തിരുവിതാംകൂറിൽ ചില ഇടങ്ങളിലും "സ്വദേശീയം" പ്രബലപ്പെടുത്തണമെന്ന ഉദ്ദേശത്തോടു കൂടി വന്ന്, സ്വദേശ തൊഴിലാളികളുടെ അഭിവൃദ്ധിയെ സഹായിക്കുന്നതിനു മാത്രം ഉപദേശിക്കുന്നതിനു പകരം, ബംഗാളിലെ വിദേശിവൈരത്തിന്‍റെ ലേശങ്ങളെ വിതറിയും, ബ്രിട്ടീഷ് ജനങ്ങളുടെ മതവിധികളെയും മതതത്വങ്ങളെയും അധിക്ഷേപിച്ചും പ്രസംഗം നടത്തുന്ന ഏതാനും ചില വിദേശി (പരദേശി) കളുടെ ചിത്തചാപല്യങ്ങളോടുള്ള ദ്വേഷത്താൽ ജനിക്കേണ്ടത് മാത്രമാകുന്നു. ഇവരുടെ പ്രസംഗങ്ങൾ കേൾക്കാൻ കൂടുന്നവർ തന്നെ എത്രയോ വളരെ ചുരുക്കവും; പ്രസംഗം ചെയ്യുന്ന ഇവർ തന്നെ എത്രയോ അപ്രധാനന്മാരും ആകയാലായിരുന്നു, ഞങ്ങൾ, ഇവരുടെ വിക്രിയകളെപ്പറ്റി ഈ പത്രപംക്തികളിൽ വിസ്തരിച്ചു പ്രസ്താവിക്കാത്തത്. ബാബു വിപിനചന്ദ്രപാലനെ തടവിൽ നിന്ന് മോചിപ്പിച്ച ദിവസം, ഈ നഗരത്തിൽ ഫോർട്ട് ഹൈസ്കൂൾ മൈതാനത്തു കൂടിയ ഒരു സഭയുടെ ഉത്സാഹക്കാരെപ്പറ്റി അന്വേഷിപ്പാനും, ചില ഗവൺമെന്‍റധികൃതന്മാർ ഉദ്യമിച്ചതിനാൽ തന്നെ, അത്തരക്കാർക്ക് അനർഹമായ ഒരു ആദരത്തെ ഗവൺമെന്‍റ് വൃഥാദാനം ചെയ്‌തു. ആ സംഘത്തിന്‍റെ പ്രവർത്തികൾ ഒരു ചേതോവികാര പ്രകടനമെന്ന് വച്ച് അലക്ഷ്യമായി തള്ളിയിരുന്നു എങ്കിൽ, സംഘത്തെപ്പറ്റി പുറമെ, ആരും അന്വേഷിക്ക പോലും ചെയ്യില്ലായിരുന്നു. ഈ സമ്മേളനം കണ്ടിട്ടാണ് ഗവൺമെന്‍റിന് ഇപ്പോഴത്തെ ശങ്കയുദിച്ചതെങ്കിൽ, ഞങ്ങൾ, ഗവൺമെന്‍റിന്‍റെ അധീരതയെ ഓർത്തു വ്യസനിക്കുന്നതേയുള്ളൂ. ഈ സമ്മേളനം തന്നെയും ഒരു സാധാരണ സംഭവമായിട്ടേ ജനങ്ങളാൽ ഗണിക്കപ്പെട്ടിരുന്നുള്ളൂ. മറുനാട്ടിൽ നിന്ന് അടിച്ചു വന്ന മനോവികാര തിരമാലകളുടെ ഇളക്കത്തിൽ, അടിയുറപ്പിച്ചു നിൽക്കാൻ കഴിയാത്ത ഏതാനും പേരല്ലാതെ, തിരുവനന്തപുരത്തെ പ്രമാണികളാരും ഇതിനെ ആദരിച്ചിരുന്നില്ല എന്നുള്ളതു കൊണ്ടുതന്നെ, ഈ മാതിരി സമ്മേളനങ്ങളെ ഒരു വക ചാപല്യങ്ങളായി തള്ളേണ്ടതായിരുന്നു. ഈ സംഘം തിരുവനന്തപുരത്തെ പൊതുജനങ്ങളായ മലയാളികളാൽ നടത്തപെട്ടതാണെന്നും, അവരിൽ പ്രമാണികൾ ഹാജരായി ഉത്സവം ആഘോഷിച്ചു എന്നും ചിലർ മറുനാടുകളിലെ പത്രങ്ങളിൽ അവാസ്തവമെഴുതി പരത്തി വരുന്നതിനെപ്പറ്റി ഞങ്ങൾ ഈ അവസരത്തിൽ പ്രബലമായി പ്രതിഷേധിച്ചു കൊള്ളട്ടെ. തിരുവിതാംകൂറിൽ ബംഗാളിലെ സ്വദേശീയവാദങ്ങളും വിദേശി വൈര വൃതാനുഷ്ടാനങ്ങളും നട്ടു പിടിപ്പിക്കുവാൻ ആദ്യമായി തുനിഞ്ഞവരും, ഇപ്പോഴും തുനിയുന്നവരും പരദേശ ബ്രാഹ്മണരാണെന്നും, അവരുടെ ഇടയിലല്ലാതെ, മലയാളി ജനസമുദായത്തിൽ ഈ മോഹം കടന്ന് പിടിച്ചിട്ടില്ലെന്നും, ബ്രിട്ടീഷ് കോയ്മയുടെ പ്രതിനിധി അറിഞ്ഞിരിക്കേണ്ടത്, ഈ നാട്ടിലെ പ്രജകളുടെ പേരിൽ ബ്രിട്ടീഷ് ഗവൺമെന്‍റിന് ഉണ്ടായിരിക്കേണ്ട വാത്സല്യത്തിനും വിശ്വാസത്തിനും ഏറ്റവും ആവശ്യമാകുന്നു. ഈയിടെ പാളയത്ത് കത്തോലിക്ക പള്ളിയിൽ ഒരു ബ്രാഹ്മണ യുവാവിനെ കൃസ്തുമതത്തിൽ ചേർക്കാൻ തുടങ്ങിയപ്പോൾ, ഉണ്ടായ ബഹളവും മലയാളികൾ നിമിത്തമല്ലെന്നും ഓർത്തിരിക്കേണ്ടതാവശ്യം തന്നെ. ഈ ബഹളമാണ് ഗവൺമെന്‍റിന് ശങ്കയുണ്ടാക്കിയ മറ്റൊരു സംഗതി എന്നിരിക്കിൽ, ഞങ്ങൾ വ്യസനിക്കുന്നു. തിരുവിതാംകൂറിലെ പ്രജകളുടെ പ്രയത്‌ന ഫലമായി ധർമ്മം എന്ന കപട നാമത്തിൽ അധർമ്മമായി അപഹരിച്ച് ഉദരപൂരണം കഴിക്കാൻ ഗവൺമെന്‍റിനാൽ തന്നെ സൗജന്യം അനുവദിക്കപ്പെടുക നിമിത്തം, ഉപജീവന മാർഗ്ഗത്തിനു തൻ്റെ അംഗങ്ങളെ വ്യാപാരിപ്പിക്കേണ്ടതായ ഒരു കൂട്ടം ജനങ്ങൾക്ക് വികൃതികൾ കാട്ടിക്കൂട്ടി ഗവൺമെന്‍റധികൃതന്മാരെ സ്വസ്ഥതയിൽ നിന്നിളക്കുവാൻ തരം വന്നത്, ഗവൺമെന്‍റിന്‍റെ തന്നേ അപനയ ഫലമെന്നാണ് ഞങ്ങൾക്ക് പറയുവാനുള്ളത്. ഇവരുടെ ചപല പ്രവൃത്തികളാലുള്ള കുറ്റം, രാജഭക്തന്മാരും സമാധാനശീലരും ആയ സാക്ഷാൽ പ്രജകളുടെ പേരിൽ കൂടെ ആരോപിക്കുന്ന അർത്ഥം വരത്തക്ക നടപടികൾക്ക് ഗവൺമെന്‍റ് തുനിഞ്ഞത്, തീരെ അനർഹമായിപ്പോയി എന്ന് ഞങ്ങൾ ഗവൺമെന്‍റിനെ അറിയിച്ചു കൊള്ളുന്നു.
Prohibition of Speech in Public places
- Published on April 01, 1908
- 929 Views
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.