വാർത്ത
- Published on September 15, 1909
- By Staff Reporter
- 656 Views
ഏതാനും മാസങ്ങള്‍ക്കു മുമ്പ്, "ദി നേറ്റീവ് വ്വൈഫ് ,, (നാട്ടുകാരിഭാര്യ) എന്ന പേരില്‍ ഒരു നോവല്‍ ബംബയില്‍നിന്ന് ഹെൻട്രി ബ്രൂസ് എന്ന സായിപ്പ് എഴുതി പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകം, ഇന്ത്യയിലെ ഇപ്പൊഴത്തെ പലേ ഉദ്യോഗസ്ഥന്മാരെയും, രാജ്യകാര്യജ്ഞന്മാരെയും സൂചിപ്പിച്ചു വളരെ അപകീര്‍ത്തികരമായിട്ടാണ് എഴുതപ്പെട്ടിട്ടുള്ളതു എന്നു മദ്രാസ്സിലെ' ഹിന്തു, പത്രത്തില്‍ കുറെമുമ്പ് ആക്ഷേപം പറഞ്ഞിട്ടുമുണ്ടായിരുന്നു. ഇതിനെപ്പറ്റി വലിയ ബഹളങ്ങള്‍ ഉണ്ടാകയാല്‍ മിസ്തര്‍ ബ്രൂസ് ബംബവിട്ടു കൊളംബുവഴി ലണ്ടനിലേക്കു കപ്പല്‍കയറി പോയിരിക്കയാണ്. പുസ്തകത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു എന്നുകാണിച്ച് ഇന്ത്യന്‍ സിവിള്‍ സര്‍വീസില്‍നിന്നു അടുത്തൂണ്‍പററി പിരിഞ്ഞിരിക്കുന്ന മിസ്തര്‍ ആര്‍തര്‍ ക്രാഫര്‍ഡ് സപ്തംബര്‍ 9ാംനു- ബാംബെ ചീഫ് പ്രെസിഡന്‍സി മജിസ്ട്രേററിന്‍മുമ്പാകെ ഒരു കേസ് ഫയിലാക്കിയിരിക്കുന്നു. ലണ്ടനിലെ ഒരു കമ്പനിക്കാരാണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളതു. ഇതിന്‍റെ പ്രതികള്‍ പൊലീസുകാര്‍ കണ്ടുപിടിച്ചു കടല്‍ച്ചുങ്കം കളക്ടരെ ഏല്പിച്ചിരിക്കുന്നു. മിസ്തര്‍ ബ്രൂസിനെ പിടിപ്പാന്‍ വാറണ്ടയയ്ക്കുന്നതിന് മജിസ്ട്രേററു നിശ്ചയിച്ചിരിക്കുന്നു. മിസ്തര്‍ ബ്രൂസ് ഏഡെനില്‍ ഇറങ്ങാതെ പോകുന്നതാകയാല്‍, എവിടെവച്ചാണ് ബന്ധിക്കപ്പെടേണ്ടതു എന്നു ആലോചന നടക്കുന്നു. ഈ നോവലില്‍ ബംബയിലെ ഗവര്‍ണരായിരുന്ന ലാമിങ്ടണ്‍ പ്രഭുവിനേയും ബിഷപ്പിനെയും, പടിഞ്ഞാറെ ഇന്ത്യയില്‍ പാര്‍ക്കുന്ന സ്ത്രീകളെയൊക്കെയും അധിക്ഷേപിച്ചെഴുതീട്ടുണ്ടുപോല്‍; ബഹുമാനപ്പെട്ട മിസ്തര്‍ ഗോഖലയെ സൂചിപ്പിച്ചും എഴുതീട്ടുണ്ടെന്നു തോന്നുന്നു. ഈ ഗ്രന്ഥകര്‍ത്താവിന്‍റെ വകയായി 'മലബാര്‍ സഞ്ചാരവിവരങ്ങള്‍, എന്നൊരു പുസ്തകവും ഉണ്ട്. കുറെക്കാലം മുമ്പ്, തിരുവിതാംകൂറില്‍ സഞ്ചരിച്ച് തിരുവിതാംകൂര്‍ ഗവര്‍ന്മേണ്ടിന്‍റെ അതിഥിയായി സര്‍ക്കാര്‍ ചെലവിന്മേല്‍ താമസിച്ചു മടങ്ങിയ ബംബയിലെ 'ടൈംസ് ആഫ് ഇന്ത്യാ. യുടെ പ്രതിനിധിയായ മിസ്തര്‍ ബ്രൂസ് ആണ് ഈ ഗ്രന്ഥകര്‍ത്താവെന്നു ഞങ്ങള്‍ ശങ്കിക്കുന്നു. ഈ ശങ്ക അസ്ഥാനത്തിലല്ലെങ്കില്‍. തിരുവിതാംകൂറിലെ അവസ്ഥകളെപ്പററി അസംബന്ധങ്ങളെഴുതിയതിന്ന് "മലബാര്‍ഹിറാള്‍ഡ്,, പത്രത്തിന്‍റെ ആക്ഷേപംകണ്ട് വഴക്കുകൂടുവാന്‍ പുറപ്പെട്ടതും ഈ ബ്രൂസ് സായിപ്പ് ആയിരിക്കണമല്ലൊ. മിസ്റ്റര്‍ ബ്രൂസിന്‍റെ അഭിപ്രായത്തില്‍ ഇംഗ്ലീഷ് സ്ത്രീകളില്‍, വിവാഹം കഴിച്ചവരായിരുന്നാലും അല്ലായ്കിലും, ചാരിത്രശുദ്ധിയുള്ളവരായി ആരും ഇല്ലെന്നു പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെന്നുകൂടെ മിസ്തര്‍ ക്രാഫര്‍ഡ് മജിസ്ട്രേററിനോടു ബോധിപ്പിച്ചിരിക്കുന്നു. ഈ അപകീര്‍ത്തിക്കേസ് വളരെ പ്രക്ഷോഭകരമായി തീര്‍ന്നിട്ടുണ്ട് എന്നറിയുന്നു.
ബംബയിലെ "ജസ്റ്റീസ് ആഫ് ദി പീസ്,, ആയ മിസ്തര്‍ ജോസെഫ് ബാപ്റ്റിസ്റ്റാ എന്ന ബാരിസ്റ്റരെ ആ സ്ഥാനത്തു നിന്നു നീക്കിയിരിക്കുന്നു. കാരണം പറയുന്നില്ല. ഇദ്ദേഹം, സാധാരണയായി, രാജദ്രോഹക്കേസുകളില്‍ പ്രതിഭാഗം വക്കാലത്തു പിടിക്കയും; മിസ്തര്‍ ടിലക്കിന്‍റെ ജന്മനക്ഷത്രാഘോഷത്തിനു ആധ്യക്ഷ്യം വഹിക്കയും ചെയ്തിട്ടുള്ള ആളാണ്.