ശ്രീമൂലം പ്രജാസഭ

  • Published on September 11, 1908
  • Svadesabhimani
  • By Staff Reporter
  • 170 Views

ശ്രീമൂലം പ്രജാസഭയുടെ അഞ്ചാം വാർഷിക യോഗം ഇക്കൊല്ലം തുലാം 24 നു തുടങ്ങി തിരുവനന്തപുരം വിക്ടോറിയ ജൂബിലി ടൗൺ ഹാളിൽ വച്ച് നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്നതിനെ സംബന്ധിച്ച്, കഴിഞ്ഞ ചൊവ്വാഴ്ചയിലെ സർക്കാർ ഗസറ്റിൽ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നു. സഭയിലേക്ക് അയയ്ക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടുന്നതിനുള്ള താലൂക്ക് യോഗങ്ങൾ ഈ വരുന്ന കന്നി 11 നും 20 നും ഇടയിൽ നടത്തപ്പെടേണ്ടതാണെന്നുള്ള നിഷ്കർഷയോടു കൂടി, പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് സമ്മതിദാനം (വോട്ട്) ചെയ്യുവാൻ യോഗ്യതയുള്ളവരുടെ ലക്ഷണങ്ങളെയും, പ്രതിനിധികൾ സമർപ്പിക്കേണ്ട വിഷയ വിവരങ്ങളെയും, ഓരോ സംഘങ്ങളിൽ നിന്ന് പ്രതിനിധികളെ തിരഞ്ഞയക്കേണ്ടതിനെയും, മറ്റു അവശ്യ കാര്യങ്ങളെയും പരസ്യത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. 

തിരുവിതാംകൂർ സംസ്ഥാനത്തിലെ പ്രജകളുടെ രാജ്യകാര്യത്തിൽ ഒരു നിത്യ സംഗതിയായി തീർന്നിട്ടുള്ള ഈ പ്രജാസഭയെ,  ആദ്യകാലങ്ങളിൽ, നിഷ്പ്രയോജനമെന്ന് ഹസിച്ചിരിക്കുന്നവർ ചിലരുണ്ടെങ്കിലും, നിന്ദിക്കാനായി വന്നു ചേർന്ന ഇവർ ഇത്രയും കാലം കൊണ്ട് നിന്ദിക്കാനായി പാത്തിരിക്കാൻ സംഗതിയുണ്ടെന്നുള്ളതിന്, സഭ നിമിത്തം ജനങ്ങൾക്കുണ്ടായിട്ടുള്ള ഗുണങ്ങൾ തന്നെ സാക്ഷ്യമാകുന്നു. സഭയുടെ യോഗങ്ങളിൽ പ്രതിനിധികൾ ആവശ്യപ്പെട്ട കാര്യങ്ങൾക്കെല്ലാം ഉടനടി അനുകൂലമായ തീർച്ചയുണ്ടാക്കിയിരുന്നില്ലെങ്കിലും, പല കാര്യങ്ങളും ഇതിനിടെ പര്യാലോചിക്കുകയും, തീർച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നു, ഇക്കഴിഞ്ഞ ഒരു കൊല്ലത്തെ ഗവൺമെന്‍റ്  പ്രൊസീഡിംഗ്സിനാൽ വെളിപ്പെടുന്നുണ്ടല്ലോ. ക്ഷിപ്രം വാഗ്‌ദാനം ചെയ്കയും, മന്ദം അതിനെ ആചരിക്കുകയും ചെയ്യുന്നതിനേക്കാൾ, മന്ദം വാഗ്‌ദാനം ചെയ്കയും, ക്ഷിപ്രം ആചരിക്കുകയും ചെയ്യുന്നത് രാജ്യതന്ത്രത്തിൽ ആദരണീയമായ നയമാകയാൽ സഭായോഗ ദിവസങ്ങളിൽ, ജനങ്ങൾക്ക് ഏറെക്കുറെ ഇച്ഛാഭംഗത്തെ നൽകുന്ന വിധം മറുപടികൾ ദിവാൻജിയുടെ  പക്കൽ നിന്ന് കിട്ടിയതിനെപ്പറ്റി കുണ്ഠിതപ്പെട്ടിട്ടുള്ളവർക്ക്, അവരുടെ മറ്റു പല കാര്യങ്ങളും ഗുണമായി തീരുമാനിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക്, ഇനിയും ആശ വച്ചു കൊണ്ടിരിപ്പാൻ അവകാശമുള്ളതാകുന്നു. ആകയാൽ, കഴിഞ്ഞ യോഗങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളിൽ ഗുണമായി തീരുമാനിക്കപ്പെടാതെ വല്ലതും കിടക്കുന്നുണ്ടെങ്കിൽ, അതിനെ ഇനിയും സഭയിൽ പ്രസ്താവിക്കുന്നത് കൊണ്ട് ദോഷം ഒന്നും ഇല്ലാ എന്നും, അതിലേക്ക് അനുകൂലമായ സന്ദർഭം വന്നിട്ടുണ്ടെന്ന് കാണുന്ന പക്ഷം ഗവൺമെന്‍റ്  അതിന്മണ്ണമേ ചെയ്യൂ എന്നും നമുക്ക് കരുതാവുന്നതാണ്. 

രാജ്യഭരണ കാര്യത്തിൽ, പ്രജകളുടെ ഒത്താശ ഉണ്ടാകുന്നതായാലല്ലാതെ, ഏതൊരു ഗവൺമെന്‍റും പ്രജാക്ഷേമത്തിനായി വർത്തിക്കുന്നു എന്ന നിലയിൽ വരുന്നതല്ല. രാജാക്കന്മാർ ഈശ്വരാംശമാണെന്നും, അവരുടെ ഇച്ഛ തന്നെ രാജ്യനീതിയെന്നും, അവരുടെ ചട്ടങ്ങളെ ഗുണാഗുണ നിരൂപണം ചെയ്യാതെ അനുസരിച്ചു കൊള്ളുകയാണ് പ്രജകളുടെ കർത്തവ്യമെന്നും ഉള്ള അഭിപ്രായങ്ങൾ കേവലം പഴങ്കഥകളായിത്തീർന്നു പോന്നിരിക്കയാണ്. ജനസമുദായത്തിന്‍റെ പ്രഭാവം, അതിനുപകരം, പ്രബലപ്പെട്ടു വരുന്നു. ഇതിനെ തടുക്കുവാൻ പഴയ രാജ്യതന്ത്രങ്ങൾക്ക് തീരെ ശക്തിയില്ലെന്ന്, ഈശ്വരപ്രഭുത്വത്തിലും സ്വേച്ഛാപ്രഭുത്വത്തിലും സ്ഥാപിക്കപ്പെട്ടിരിക്കുന്ന പല പൗരസ്ത്യ രാജ്യങ്ങളും ഇപ്പോൾ ലോകരെ പഠിപ്പിക്കുന്നുണ്ട്. ജപ്പാൻ, പേർഷ്യ, തുർക്കി, ചൈന മുതലായ മഹാരാജ്യങ്ങൾ ഒരു രാജ്യതന്ത്ര മാന്ത്രികന്‍റെ മായാദണ്ഡത്താൽ ബാധിക്കപ്പെട്ടതു പോലെ വിവർത്തിക്കപ്പെട്ടിരിക്കുന്നു. ഈ നവീന ഭേദഗതി ഇപ്പോൾ ഇന്ത്യാരാജ്യത്തെ ആസകലം ഉച്ചലിപ്പിക്കയും ചെയ്തു വരുന്നു. പ്രജകൾക്ക് രാജ്യഭരണ കർമ്മത്തിൽ ഒരു ഭാഗം അനുഭവിക്കുന്നതിനുള്ള അവകാശം ഇപ്പോഴല്ലെങ്കിൽ ഇനിയൊരു കാലത്ത് അനുവദിക്കേണ്ടി വരുമെന്ന് ദീർഘദർശനം ചെയ്തറിഞ്ഞിരിക്കാവുന്ന മഹാരാജാവ് തിരുമനസ്സുകൊണ്ട്‌,  അങ്ങനെയൊരു അനുഗ്രഹത്തെ പ്രജകൾ ആവശ്യപ്പെടുംമുമ്പ് തന്നെ നൽകിയിരിക്കുമ്പോൾ, പ്രജകളുടെ ന്യായമായ ആകാംക്ഷകളെ അവിടന്ന് കേട്ട് തീരുമാനിക്കുമെന്നുള്ളത് നിശ്ചയം തന്നെയാകുന്നു. ഈ അവസ്ഥയ്ക്ക്, ഇനിയും അനുകൂലമായി തീരുമാനിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളെ വീണ്ടും വീണ്ടും ഗവൺമെന്‍റിനെ ഉണർത്തി കൊണ്ടിരിക്കാൻ നാം മന്ദിക്കേണ്ട സംഗതിയില്ല.  

എന്നാൽ, ഇങ്ങനെയുള്ള പൊതുജനാവശ്യങ്ങളെ പറ്റി ഗവൺമെന്‍റിനെ അറിയിക്കാൻ അയയ്ക്കപ്പെടുന്ന പ്രതിനിധികൾ, കഴിവുള്ളിടത്തോളം യോഗ്യത കൂടുതലുള്ളവരായിരിക്കണം. കഴിഞ്ഞ കൊല്ലങ്ങളിലെ തിരഞ്ഞെടുപ്പ് പലയിടങ്ങളിലും നിർദ്ദോഷമായിരുന്നില്ലെന്നു ആക്ഷേപം ഉണ്ടായിട്ടുണ്ട്. പ്രതിനിധികൾ പൊതുജനങ്ങളുടെ ഭൂരിപക്ഷ ഭൂരിഗുണത്തെ അറിഞ്ഞു പ്രവർത്തിക്കേണ്ടവരായിരിക്കെ, അവരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ജാതി വഴക്കും കക്ഷിപ്പിണക്കവും ഉൾപ്പെടുത്തുന്നത് അനുചിതമാണ്. ഗവൺമെന്‍റ്, സഭമുമ്പാകെ സമർപ്പിക്കപ്പെടുന്ന വിഷയങ്ങളെ തീർച്ചപ്പെടുത്തുന്നത്, ആളുടെ എണ്ണം നോക്കീട്ടായിരിക്കുമെന്ന്, വിചാരിക്കുന്നതേ അബദ്ധമാണ്. അതാത് സംഗതികളിൽ, പ്രസ്താവിക്കപ്പെടുന്ന അനുകൂല വിപരീത വാദങ്ങളുടെ ബലാബലങ്ങളെയേ  ഗവൺമെന്‍റ് ഗൗനിക്കാൻ പാടുള്ളൂ. അതിനാൽ, പ്രതിനിധി ഏതു ജാതിക്കാരനായിരുന്നാലും, പൊതുജന ഗുണത്തിൽ താല്പര്യവും, കാര്യാകാര്യബോധവും ഉള്ള ആളായിരിക്കണമെന്നു ശ്രദ്ധ വച്ചാൽ മതിയാകുന്നതാണ് . പ്രതിനിധികൾ പ്രസ്താവിക്കേണ്ട സംഗതികൾ സ്വന്തം ആവശ്യങ്ങളോ, സ്വകീയന്മാരുടെ ആഗ്രഹങ്ങളോ അല്ലാ എന്നും, പൊതുജനങ്ങൾക്ക് പരക്കെ പറ്റുന്ന കാര്യമായിരിക്കണമെന്നും അവരെ നല്ലവണ്ണം ധരിപ്പിക്കുവാൻ ജനങ്ങൾക്ക് അവകാശവും, അതിനെ അനുസരിപ്പാൻ പ്രതിനിധികൾക്ക് കടമയും ഉണ്ട്.

സമ്മതദായകന്മാരായിരിപ്പാനുള്ള യോഗ്യത ഇപ്പോഴുള്ള ചട്ടങ്ങൾ കൊണ്ട് നിർണ്ണയിക്കുമ്പോൾ, അന്യഥായോഗ്യത അധികമുണ്ടായിരിക്കാവുന്ന പലരെയും വിടേണ്ടി വരുന്നതാണ്. കൊല്ലത്തിൽ സ്വന്തം പേരിൽ 50 രൂപ കരം തീരുവയോ, മൂവായിരം രൂപ ആദായമോ, ഗ്രാജുവേറ്റ് പദവിയോ ഉള്ളവരെ വേണം താലൂക്ക് സമാജങ്ങളിൽ സമ്മതിദായകന്മാരായി സ്വീകരിപ്പാൻ എന്നുള്ള നിബന്ധനയെ അല്പം ഭേദപ്പെടുത്തേണ്ടത് ആവശ്യമാകുന്നു. ബാരിസ്റ്റർ പദവി മാത്രം ഉള്ള ഒരാൾക്ക് സമ്മതിദായകനായിരിപ്പാൻ പാടില്ല എന്ന് ഒരു ആക്ഷേപം കഴിഞ്ഞ കൊല്ലത്തിൽ പ്രബലമായി പുറപ്പെടുവിക്കപ്പെട്ടിരുന്നുവല്ലോ. ഈ ന്യൂനത പരിഹരിക്കപ്പെടേണ്ടത് തന്നെയാണ്. ഇതിനു പുറമെ കരത്തിന്‍റെ തുകയും ചുരുക്കേണ്ടതാകുന്നു. അനേകം ആളുകൾ, സ്വപ്രയത്‌നത്താൽ മാത്രം തങ്ങളുടെ ഭാഗധേയത്തെ സ്ഥാപിച്ചു വരുന്നവരായും, കൂട്ടുകുടുംബത്തെ വിട്ടു പ്രത്യേകം കുടുംബം ഏർപ്പെടുത്തുന്നവരായുമുണ്ട്. ഈ നാട്ടിലെ ഇപ്പോഴത്തെ സ്ഥിതി, ഇങ്ങനെയുള്ള പിരിഞ്ഞു പാർപ്പിനെ അനുകൂലിച്ചായിരിക്കയാൽ, പൗര കർമ്മത്തിൽ സാമർഥ്യമുള്ള ഇത്തരക്കാരായ പലരും, കരത്തുകയുടെ കുറവ് കൊണ്ട് മാത്രം രാജ്യകാര്യത്തിൽ ഗൗരവപ്പെട്ട ഒരു സംഗതിക്ക് ഭാഗഭാക്കുകളാവാൻ സാധിക്കാതെ വരുന്നു. 50 രൂപ കരമൊടുക്കുന്ന തറവാടുകളിൽ മിക്കവാറും കാരണവന്മാർ രാജ്യകാര്യത്തിൽ ഈ പരിഷ്‌കൃത തന്ത്രത്തെപ്പറ്റി അറിവുള്ളവരുമല്ല; അവർക്കു പകരം ഇളമുറക്കാരെ നിയമിക്കാനും മുറയ്ക്ക് പാടുള്ളതല്ല. 25 രൂപയിൽ കുറയാതെ കരം തീരുവയുള്ളവരെ സമ്മതിദായന്മാരായി ചേർക്കുവാൻ അനുവദിക്കുന്നത് ജനങ്ങൾക്ക് ഗുണമായിരിക്കും. പിന്നെ, പ്രാതിനിധ്യം, തറവാട്ടു സ്വത്തിനെ ആധാരപ്പെടുത്തീട്ടാണെങ്കിൽ, ആ സ്വത്തിന്‍റെ മാനേജരായ കാരണവർക്ക് പകരം, ഇളമുറക്കാരനെ  പ്രതിനിധിയായി നിശ്ചയിക്കാമെന്നും അനുവദിക്കുന്നത് യുക്തം ആയിരിക്കും.  

You May Also Like