മീനച്ചൽ
- Published on May 15, 1907
- By Staff Reporter
- 818 Views
(ഒരു ലേഖകന്‍)
82-9-22
കാലാവസ്ഥ ആകപ്പാടെ വളരെ നന്നായിരിക്കുന്നു എന്നു തന്നെ പറയാം. കൂടക്കൂടെ മഴയുണ്ടാകുന്നതു നിമിത്തം കൃഷികള്‍ക്കും വലിയ തരക്കേടൊന്നും പറ്റാനില്ലാ. സാംക്രമികരോഗങ്ങള്‍ ഒന്നും തന്നെയില്ലാ.
സ്ഥലം അപ്പാത്തിക്കരി മിസ്റ്റര്‍ ഉമ്മനെ അരൂറ്റിക്കു മാറ്റിയതനുസരിച്ച് അദ്ദേഹം സ്ഥലം വിട്ടുപോവുകയും, പകരം നിയമിക്കപ്പെട്ട മിസ്റ്റര്‍ മാത്യു ഇവിടെ എത്തി ചാര്‍ജ്ജേല്‍ക്കയും ചെയ്തിരിക്കുന്നു. മാറിപ്പോയ അപ്പോത്തിക്കരി മിസ്റ്റര്‍ ഉമ്മന്‍ സമര്‍ത്ഥനും ജനരഞ്ജനയുള്ളവനുമായിരുന്നു. ഇദ്വിഗ്വാസികള്‍ ഇദ്ദേഹത്തിന്ന് ഒരഡ്റസ്സ് കൊടുക്കുകയും, യാത്രയയപ്പ് കേമമായി കൊണ്ടാടുകയും ചെയ്യുകയുണ്ടായി.
ഞങ്ങളുടെ പോലീസ് ഇന്‍സ്പെക്റ്റര്‍ മിസ്റ്റര്‍ പി. റ്റി ചാക്കോ ബി.ഏ.യെ കുന്നത്തുനാട്ടേക്കു മാറ്റിയിരിക്കുന്നതിനാല്‍ അദ്ദേഹം ഒരാഴ്ചയ്ക്കകം സ്ഥലം വിട്ടുപോകുന്നതാണ്.
കിഴതടിയൂര്‍ യുവജനസമാജത്തിന്‍റെ ഒന്നാമത്തെ വാര്‍ഷികയോഗം ഈ മാസം 15 നു ഭരണങ്ങാനം ഇംഗ്ലീഷ് മിഡില്‍സ്ക്കൂളില്‍ വച്ചു മജിസ്ട്രേട്ടു കൃഷ്ണപിള്ള അവര്‍കളുടെ അദ്ധ്യക്ഷതയിന്‍കീഴില്‍ വളരെ ഭംഗിയായി കഴിഞ്ഞിരിക്കുന്നു.
പാലാ വലിയപള്ളി വകയായി പണി നടത്തിവരുന്ന ഹൈസ്കൂള്‍ കെട്ടിടത്തിന്‍റെ പണി കാലവിളംബംവിനാ പൂര്‍ത്തിയാക്കുന്നതിന് തല്‍പ്രവര്‍ത്തകന്മാര്‍ ബദ്ധശ്രദ്ധമായി വേണ്ടതു പ്രവര്‍ത്തിച്ചു കാണുന്നതിനാല്‍, സന്തോഷിക്കുകയും ഭാരവാഹികളെ അനുമോദിക്കുകയും ചെയ്തുകൊള്ളുന്നു.