ഗവന്മേന്‍റ് സ്കൂളുകൾക്ക് പിടിപെടുന്ന ജന്മശ്ശനി

  • Published on August 05, 1908
  • Svadesabhimani
  • By Staff Reporter
  • 39 Views

                                      (അയച്ചുതരപ്പെട്ടതു)

 നാട്ടില്‍ ഇപ്പോള്‍ കാണുന്ന സകലപരിഷ്കാരങ്ങള്‍ക്കും ഹേതു ഇംഗ്ലീഷ് വിദ്യാഭ്യാസമാണെന്ന് പറയേണ്ടതില്ലല്ലൊ. എന്നാലിവിടത്തെ പരിഷ്കാരങ്ങള്‍ അവയുടെ പരമകാഷ്ഠയെ പ്രാപിച്ചിട്ടുണ്ടെന്നോ ഉല്‍കൃഷ്ട വിദ്യാഭ്യാസവും പരിഷ്കാരവും സകലരിലും ഒരുപോലെ വ്യാപിച്ചിട്ടുണ്ടെന്നോ പറയത്തക്കനിലയില്‍ എത്തീട്ടില്ല. ജനങ്ങള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലുള്ള അഭിരുചിയും കുറഞ്ഞുപോയിട്ടില്ല. അധികച്ചെലവു മുതലായവ ശങ്കിച്ച് ചിലര്‍ പിന്മാറി നില്‍ക്കുന്നു എന്നേയുള്ളു. ആ ചെലവുകളെ കുറച്ചു സൌകര്യമുണ്ടാക്കിക്കൊടുക്കേണ്ടതായിരിക്കേ, മറ്റുവിധത്തിലുള്ള അസൌകര്യങ്ങളെ കൂടിയുണ്ടാക്കിവച്ചു വിഷമിപ്പിക്കുന്നതു കഷ്ടംതന്നെ. ഉല്‍കൃഷ്ട വിദ്യാഭ്യാസംകൊണ്ടു നാട്ടുകാര്‍ക്കു തങ്ങളുടെ കടമകളും അവകാശങ്ങളും അറിവാനിടയാകുകയും ആ അവകാശ ലബ്ദിക്കായി ഗവര്‍ന്മേണ്ടിനോട് വായ്പട വെട്ടുകയും ചെയ്യുന്നതിനാലുള്ള അസഹ്യതയാലോ അസൂയയാലോ ഇന്ത്യയില്‍ ചില ആംഗ്ലേയന്മാര്‍ ഉല്‍കൃഷ്ടവിദ്യാഭ്യാസത്തെ പ്രദാനംചെയ്യുന്നതിങ്കല്‍ വിമുഖന്മാരെന്നപോലെ കാണപ്പെടുന്നുണ്ട്. എന്നാല്‍, ജനങ്ങള്‍ തന്നെ ഈ വക പ്രയത്നങ്ങളില്‍ പ്രവേശിക്കട്ടെ എന്നു വിചാരിച്ച് നമ്മുടെ ഗവര്‍ന്മേണ്ട്, ആലപ്പുഴ, ചങ്ങനാശ്ശേരി, തിരുവല്ലാ, ചിറയിന്‍കീഴ്, തിരുവട്ടാര്‍ മുതലായസ്ഥലങ്ങളിലെ ഇംഗ്ലീഷ് പള്ളിക്കൂടങ്ങള്‍ നിറുത്തല്‍ ചെയ്തിരിക്കുന്നു. ഇനിയും ചിലവറ്റെകൂടി നിറുത്തല്‍ ചെയ് വാന്‍ ഭാവമുള്ളതായും അറിയുന്നു. ഇക്കൂട്ടത്തില്‍ നാഞ്ചിനാട്ടേക്ക് എന്നല്ലാ, തെക്കന്‍ തിരുവിതാംകൂറിലെക്ക് തന്നെ ഏക ഹൈസ്ക്കൂളായി കോട്ടാറ്റുള്ളതിനെയും നിറുത്തല്‍ ചെയ് വാനിരിക്കുന്നതായി ഇവിടങ്ങളില്‍ പ്രബലമായ ശ്രുതി പുറപ്പെട്ടിരിക്കുന്നു. വാസ്തവംഎങ്ങനെഇരുന്നാലും, "പാഥസാം നിചയം വാര്‍ന്നുപോയളവ് സേതുബന്ധനോദ്യോഗം" പോലെ വരാതിരിപ്പാന്‍ വേണ്ടി അല്പം പറഞ്ഞുകൊള്ളുന്നു.

 ജനങ്ങള്‍ തങ്ങളുടെ കടമകളും അവകാശങ്ങളും അറിഞ്ഞു വശാവുന്നതു ഒരിക്കലും ദോഷത്തിനായി ഭവിക്കുന്നതല്ല. ഒരു മുറട്ടുക്കുതിരയില്‍ കയറിസവാരിചെയ്യുന്നതിനെക്കാള്‍, പഴകിയ കുതിരയിന്മേല്‍കയറി സവാരിചെയ്യുന്നതല്ലേ നിര്‍ഭയ ഹേതുകം? അറിവില്ലാത്ത ജനങ്ങളെ ഭരിക്കുന്നതിനെക്കാള്‍ അറിവുള്ള ജനങ്ങളെ ഭരിക്കുന്നതാകുന്നുവല്ലൊ നിഷ്പ്രയാസവും നിര്‍ഭയവുമായുള്ള അവസ്ഥ. രാജ്യഭരണ നയത്താല്‍ ജനങ്ങളെ സന്മാര്‍ഗ്ഗികളും അറിവുള്ളവരുമാക്കി ചെയ്തില്ലെങ്കില്‍, ആ നയത്തിനുള്ള മാഹാത്മ്യമെന്തു? ജനങ്ങള്‍ തങ്ങളുടെ അവകാശാദികള്‍ അറിഞ്ഞ് ആവശ്യപ്പെടുമ്പോള്‍ കൊടുക്കാതെയിരിക്കുന്നതു ഒരു ഉത്തമ ഗവര്‍ന്മേണ്ടിന്‍റെ ലക്ഷണമല്ല. ഇതിനാല്‍, ഗവര്‍ന്മേണ്ടിനു ഭാരം കുറകയും ഗവര്‍ന്മേണ്ടും പ്രജകളും തള്ളയും പിള്ളയുംപോലെ പെരുമാറുകയുംചെയ്യുന്നതിനും ഇടയാകുന്നു. വിശേഷിച്ചുംരാജഭക്തിയില്‍ മുന്നിട്ടു നില്‍ക്കുന്ന സ്വാഭാവികഗുണത്തെ വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കുകയല്ലാതെ കുറയ്ക്കുന്നതല്ലല്ലൊ. പക്ഷേ, ഈശ്വരഭക്തിയിലെന്നപോലെ, രാജഭക്തിയിലുമുള്ള അന്ധവിശ്വാസങ്ങള്‍ വേരറ്റുപോയി എന്നു വന്നേക്കാം. നിഷ്കളങ്കയും പാരമാര്‍ത്ഥികയുമായുള്ള ഭക്തിക്കല്ലാതെ, മറ്റുവിധത്തിലുള്ള കുരുട്ടു ഭക്തിക്കു എന്താണൊരു ബലവും മാഹാത്മ്യവുമുള്ളത്? രണ്ടാമതായി പറയാവുന്നത് ലാഭ വിഷയമാണ്. ഗവര്‍ന്മേന്‍റു ഖജനാ എപ്പൊഴും വീര്‍ത്തുകാണുന്നത് പ്രജകള്‍ക്ക് സന്തോഷാവഹമല്ലാതില്ല. എങ്കിലും, അവരുടെ നന്മകളെ ഇല്ലായ്മ ചെയ്തിട്ട് വേണമെന്നില്ല. സകല അഭ്യുദയങ്ങള്‍ക്കും (ഗവര്‍ന്മേണ്ടിന്‍റെയാകട്ടേ ജനങ്ങളുടെയാകട്ടേ) നാരായവേരായിരിക്കുന്ന വിദ്യാഭ്യാസ വിഷയത്തില്‍ കുറെ ഗവര്‍ന്മേണ്ടിന് നഷ്ടം വന്നുപോയാലും ആയത് ഒരു നഷ്ടമായി ഗണിക്കാവുന്നതല്ല. ഫീസ് കൂടുതലും മറ്റുംകൊണ്ട് ഗവര്‍ന്മേണ്ടിനിപ്പോള്‍ ഈ വിഷയത്തില്‍ അധിക നഷ്ടമുള്ളതായും തോന്നുന്നില്ല. മിക്ക ഹൈസ്ക്കൂളുകളിലെയും ചെലവ് ഇപ്പോള്‍ അവിടങ്ങളിലെ ആദായം കൊണ്ടുതന്നെ നിര്‍വഹിക്കാമെന്ന സ്ഥിതിയിലാണിരിക്കുന്നത്. ദൃഷ്ടാന്തമായി, കോട്ടാര്‍ഹൈസ്ക്കൂളിനെ തന്നെ എടുത്തു പറയാവുന്നതാണ്. ബി ഏ പരീക്ഷാവിജയികളുടെ സംഖ്യ വര്‍ദ്ധിച്ചിട്ടുള്ളതിനാല്‍, വാദ്ധ്യാന്മാര്‍ക്കുവേണ്ടിയുള്ള ചെലവും കുറച്ചുകൊള്‍വാന്‍ പ്രയാസമില്ല.

  ഇനി ജനങ്ങള്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത അറിഞ്ഞുവശായിട്ടുണ്ട്. അതിനാല്‍, അവര്‍ സ്വയമേവ ഇക്കാര്യം നിര്‍വഹിച്ചുകൊള്ളും. ഓരോ സ്ക്കൂളുകള്‍ സ്ഥാപിച്ചും ഭരിച്ചും സ്വയംഭരണപൊതുഗുണകാംക്ഷാദിവിഷയങ്ങളിലേക്കുള്ള ജനങ്ങളുടെ പ്രവേശത്തിന്ന് സൌകര്യം ഉണ്ടാക്കിക്കൊടുക്കയല്ലാതെ, വിഘാതത്തെ ചെയ്യുന്നത് ന്യായമല്ലാ എന്നുള്ള പക്ഷമാണെങ്കില്‍ ആയതും വിചിന്തനീയം തന്നെ. എന്നാല്‍, പൊതുകാര്യങ്ങളിലുള്ള ശ്രദ്ധ നാട്ടുകാരില്‍ ഉണ്ടായിവരുന്നു എന്നല്ലാതെ, അത്രപൂര്‍ത്തിയായിട്ടുണ്ടെന്ന് പറയാറായിട്ടില്ലാ. അഥവാ ശ്രദ്ധയുണ്ടായാലും ഓരോ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തി നടത്തത്തക്ക ഐശ്വര്യവും  ഐകമത്യവും മറ്റുനാട്ടുകാര്‍ക്കുള്ളതുപോലെ ഇവിടത്തുകാര്‍ക്കില്ലെന്നത് നിരാക്ഷേപമായ വാസ്തവമാകുന്നു. ഇനി, സര്‍ക്കാര്‍ സ്ക്കൂളുകളെ നിറുത്തല്‍ ചെയ്യുന്നതിനാലുള്ള ദോഷങ്ങളെപ്പറ്റിയും അല്പം ആലോചിക്കാം.

 ബ്രിട്ടീഷ് ഇന്ത്യയില്‍ ജനങ്ങളുടെ വകയായിട്ടും മുന്‍സിപ്പാലിറ്റികള്‍ ബോര്‍ഡുകള്‍ എന്നിവയുടെ വകയായിട്ടും അനേകം സ്ക്കൂളുകളുണ്ട്. ഇവിടെ മുന്‍സിപ്പാലിറ്റി, ബോര്‍ഡുകള്‍ എന്നിവ വേണ്ടസ്ഥിതിയില്‍ ബലപ്പെട്ടിട്ടില്ലാ. പിന്നെ മാന്നാര്‍ നായര്‍ സമാജം വകയായും,  ഹരിപ്പാട് ബ്രാഹ്മണരുടെ വകയായും, ആനപ്രാമ്പാ ദേവസ്വം വകയായും, മറ്റും ഒന്നുരണ്ട് ഹൈസ്ക്കൂള്‍കള്‍ഉണ്ട്. തലസ്ഥാനത്തെ കാര്യം ഇരിക്കട്ടേ. ഇത്ര തന്നെ നാട്ടുകാരുടെ വകയായിട്ടുണ്ട്. ആലപ്പുഴയില്‍ സനാതനഹൈസ്ക്കൂള്‍ എന്നൊന്നുണ്ട്. അതിനെ പൊതുസ്ഥാപനം എന്നു പറവാന്‍ പാടില്ല. ഇവിടെ ഉള്ളതെല്ലാം മിഷ്യന്‍കാരുടെ വക. കുറച്ച് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഇല്ലെന്നുവരുമ്പോള്‍, ഇപ്പോഴത്തെ സ്ഥിതിക്ക് മിഷ്യന്‍ സ്ക്കൂളുകളേ ഒരാശ്രയമുള്ളു. ഈ സ്ക്കൂളുകള്‍ ശരിയായി നടത്തപ്പെടുന്നവയും നടത്തുന്നതിനുതക്ക സമ്പത്തോടു കൂടിയവയുംതന്നെ. സന്മാര്‍ഗ്ഗനിഷ്ട, ഈശ്വരവിചാരം ഇവയെ വര്‍ദ്ധിപ്പിക്കുന്നതിലും അനുസരണവിഷയത്തിലും വളരെ ജാഗ്രതകാണിക്കയുംചെയ്തുവരുന്നുണ്ട്. ഇവിടെ എന്നല്ല എവിടേയും സ്ക്കൂള്‍ സ്ഥാപനാദിപൊതുവിഷയങ്ങള്‍ക്ക് മുമ്പന്മാരായി ഇറങ്ങീട്ടുള്ളവരും ഇവര്‍തന്നെ. ഇങ്ങനെയുള്ള അനേകം ഗുണങ്ങള്‍ ഉണ്ടെങ്കിലും, ഹിന്തുക്കളിലുള്ള ഉയര്‍ന്ന വകുപ്പിലെ വിദ്യാര്‍ത്ഥികള്‍ക്ക് പലവകനീരസത്തിനും ഈ സ്ഥാപനങ്ങള്‍ വക നല്‍കുന്നുണ്ട്. ഒന്നാമതായി ബൈബിള്‍ പാരായണം ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരേര്‍പ്പാടായി വച്ചിട്ടുണ്ട്. പ്രാര്‍ത്ഥനക്കാര്യവും അതുപോലെ തന്നെ. കൂടെക്കൂടെയുള്ള പ്രസംഗങ്ങളും ഓരോവിഷയങ്ങള്‍ പഠിപ്പിക്കുന്നതിനോടുകൂടി ത്തന്നെ ചെയ്യുന്ന പരമതാക്ഷേപങ്ങളും, ഒരേമതത്തില്‍പരമ്പരയാ വിശ്വസിച്തു വന്നിട്ടുള്ളവരുടെ മനസ്സിന് എങ്ങനേയും അരോചകമായേഭവിക്കൂ. ആക്ഷേപങ്ങള്‍ ഏതുമതത്തെ സംബന്ധിച്ചും പുറപ്പെടുവിക്കാവുന്നതാണ്. എന്നാല്‍, മതഖണ്ഡനം സൌമ്യമായിരിക്കേണ്ടത് ആവശ്യമാകുന്നു. ഒരു ശാസ്ത്രവൈദ്യനും യോദ്ധാവും ഒരു പോലെ ശസ്ത്രപ്രയോഗം ചെയ്യുന്നുണ്ടെങ്കിലും, രണ്ടു പേരുടേയും ഉദ്ദേശവും വിധവും വെവ്വേറെ തന്നെയാണല്ലൊ. സദുദ്ദേശത്തേയും കാര്യസാധ്യത്തേയും അസ്ഥിവാരമാക്കി പരന്‍റെ മനസ്സിന് അധികവേദനതട്ടാത്തവിധംചെയ്യുന്ന ഖണ്ഡനം അത്ര ദോഷാവഹമായി ഭവിക്കുന്നതല്ലാ. മതസ്വീകരണം ഓരോരുത്തന്‍റേയും മനസ്സാക്ഷിക്ക് അനുസരണമായിരിക്കേണ്ടതാകുന്നു. പിന്നേയും ഓരോമതങ്ങളുടെയും ഗുണദോഷവിവേചനാനന്തരം വേണം ഒന്നിനെ സ്വീകരിപ്പാന്‍.  അതിനുതക്ക ബുദ്ധിശക്തിയും പഠിത്തവും വയസ്സും ഉണ്ടായിരുന്നിരിക്കണം. ഇവയൊന്നും ആലോചിക്കാതെനിര്‍ബന്ധമായിചെയ്യുന്ന ഏര്‍പ്പാടുകള്‍ അസ്വസ്ഥതയ്ക്കേ ഹേതുവായിഭവിക്കൂ. ഇത്യാദികാരണങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍ മിഷ്യന്‍ സ്ക്കൂളിലെ വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ രുചിച്ചു എന്ന് വരുന്നതല്ലാ. അതിനാല്‍, പഠിത്തം ഉപേക്ഷിക്കാനേ മിക്കപേര്‍ക്കും സംഗതിയാകയുള്ളു. ഉല്‍കൃഷ്ട വിദ്യാഭ്യാസം കൊണ്ടല്ലാതെ ഉല്‍കൃഷ്ടഗുണങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ടാകുന്നതുമല്ലാ. ഇവയെല്ലാം നല്ലപോലെയാലോചിച്ചുവേണം സര്‍ക്കാര്‍സ്ക്കൂളുകളെ പാടേവിപാടനം ചെയ്യാന്‍.

You May Also Like