സ്വദേശാഭിമാനി പ്രസ്സ് മടക്കി കൊടുക്കാൻ നിവേദനം
- Published on November 03, 1957
- By Staff Reporter
- 1053 Views
വര്‍ക്കല നവംബര്‍,3, - കുറ്റിപ്പുഴ പരമേശ്വരന്‍ എം.എ.എല്‍.റ്റി (വര്‍ക്കല) പ്രസിഡന്‍റായും, കെ.ആര്‍ കേശവന്‍ (കേരള കൗമുദി പ്രതിനിധി, വര്‍ക്കല) കണ്‍വീനറായും, പരവൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍ ഭാസ്കരപിള്ള, പൂതക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.കുഞ്ഞുണിപിള്ള ബി.എ.ബി.റ്റി., വര്‍ക്കല പഞ്ചായത്ത് പ്രസിഡന്‍റ് വി.രാധാകൃഷ്ണന്‍ ബി.എ.ബി.എല്‍., പി.വാമദേവന്‍ ബി.എ.ബി.എല്‍. (ബാര്‍ അസോസ്സിയേഷന്‍ പ്രസിഡന്‍റ്, വര്‍ക്കല) ഡോക്ടര്‍.പി.എന്‍.നാരായണന്‍ (ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ സെക്രട്ടറി, വര്‍ക്കല) അഡ്വക്കേറ്റ് എം, എച്ച് മൂസാക്കുഞ്ഞ് (വര്‍ക്കല) പ്രൊഫസര്‍ യു.ജമാല്‍ മുഹമ്മദ് എം.എസ്സ്.സി (ഇടവാ) സദാശിവന്‍ (പഞ്ചായത്ത് മെമ്പര്‍, കാപ്പില്‍) എന്നിവര്‍ അംഗങ്ങളായും രൂപവല്‍ക്കരിക്കപ്പെട്ട പ്രതിനിധിക്കമ്മിറ്റി, സ്വദേശാഭിമാനി പ്രസ്സും, സാമഗ്രികളും കോമ്പന്‍സേഷനോടു കൂടി അവയുടെ ഉടമസ്ഥനായിരുന്ന ശ്രീ.വക്കം മൗലവിയുടെ അനന്തരാവകാശികള്‍ക്ക് വിട്ടു കൊടുക്കണമെന്നു ഗവണ്‍മെന്‍റിനോടഭ്യര്‍ത്ഥിക്കുന്ന നാട്ടുകാരുടെ ഒരു മെമ്മോറാണ്ടം കേരള മുഖ്യമന്ത്രി ശ്രീ.ഇ.എം.എസ്സിന് അയച്ചു കൊടുത്തിരിക്കുന്നു.
പ്രസ്തുത മെമ്മോറാണ്ടത്തിൽ വർക്കല, ചിറയിൻകീഴ്, കടക്കാവൂർ, അഞ്ചുതെങ്ങ്, നെടുങ്ങണ്ട, വെട്ടൂർ, വക്കം, കവലയൂർ, കുളമുട്ടം, വടശ്ശേരിക്കേണം, ഇടവാ, കാപ്പിൽ, പരവൂർ, കൊല്ലം, കൊട്ടാരക്കര, പുനലൂർ, പന്തളം നങ്ങ്യാർ കുളങ്ങര മുതലായ സ്ഥലങ്ങളിലെ പ്രാതിനിദ്ധ്യ സ്വഭാവമുള്ള വളരെ അധികം ആളുകൾ ഒപ്പിട്ടിട്ടുണ്ട്. സ്വദേശാഭിമാനി പ്രസ്സ് ഉടനെ മടക്കിക്കൊടുക്കണമെന്നുള്ള കാര്യത്തിൽ നാട്ടുകാർ ഏകാഭിപ്രായക്കാരാണ്.