മലബാർകാര്യം
- Published on December 12, 1908
- By Staff Reporter
- 1044 Views
(ഒരു ലേഖകന്‍)
കോഴിക്കോട്ടു ഡിപ്യൂട്ടി കലക്ടരായി നിയമിക്കപ്പെട്ടിരിക്കുന്ന മിസ്തേര്‍ ഈപ്പന്‍ താമസിയാതെ സ്ഥലത്തെത്തി ചാര്‍ജെടുക്കുന്നതാണ്.
ഡിസംബര്‍ 3-നു-യോടു കൂടി കണ്ണൂരിലെ പ്ളെഗു പാസ്സ്പൊട്ട് എടുത്തു കഴിഞ്ഞിരിക്കുന്നതു വളരെ ആശ്വാസമായിരിക്കുന്നു.
മലബാര്‍ കലക്ടരായ മിസ്തര്‍ ഫ്രാന്‍സിസ്സ് ഭാര്യാസമേതം ഏറനാടു താലൂക്കിലേക്കു സര്‍ക്കീട്ടു തിരിച്ചിരിക്കുന്നു. അവിടെനിന്നു കൂനൂരിലേക്കും പോകുമെന്നാണ് അറിയുന്നത്.
മലബാറിലെ സ്വദേശി ഷാപ്പുകളുടെ ഊര്‍ജിതത്തിന്ന് ക്രമേണ ക്ഷയം തട്ടിത്തുടങ്ങീട്ടുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടു. കേരളീയര്‍ ആരംഭശൂരന്മാരായിരിക്കുന്ന സ്ഥിതിക്കു ഇ വിഷയത്തില്‍ പ്രത്യേകം ചിലരെ കുറ്റംപറവാനില്ല. ആയതായി അത്രതന്നെ.
തലശ്ശേരി മുന്‍സിപ്പാലട്ടി വൈസ് ചെര്‍മാന്‍ സ്ഥാനത്തിന്നു ശ്രമിച്ചിരുന്ന മിസ്റ്റര്‍ കൊറ്റിയത്തു രാമുണ്ണിക്കു 9 വോട്ടുകളും കേളപ്പക്കുറുപ്പു ബി. എ. ബി. എല്‍. അവര്‍കള്‍ക്കു 3 വോട്ടുകളും കിട്ടിയിരിക്കുന്നു. രണ്ടു പേരും കൂട്ടക്കാരും വളരെ വാശിയോടു കൂടി ഉത്സാഹിച്ചിരുന്നു. മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് കാലത്ത് മലബാറില്‍ നടക്കുന്ന നേരംപോക്കുകളും രസങ്ങളും കൃത്രിമങ്ങളും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. പാലക്കാട്ട് കുറെ മുമ്പ് ഡാക്ടര്‍ മേനോനും മറ്റുമായി ഒരു ക്രിമിനല്‍ കേസ്സുതന്നെ നടത്തിയിട്ടുള്ളത് പ്രസിദ്ധമാണല്ലൊ.
പാര്‍ല്ലിമെന്‍റിന്‍റെ ശ്രദ്ധക്കുകൂടി വിഷയമായിത്തീര്‍ന്നിരിക്കുന്ന സാമൂതിരി കോളേജിലെ വൈസ് പ്രിന്‍സിപ്പാലായ ജി. സുബ്ബറാവു അവര്‍കള്‍ ഉദ്യോഗം രാജികൊടുത്തിരിക്കുന്നു. പ്രിന്‍സിപ്പാല്‍ മിസ്തര്‍ ഹില്‍സാപ്പും ഉടനേ ഉദ്യോഗത്തില്‍നിന്നു ഒഴിയുമെന്നാണ് കേള്‍ക്കുന്നത്. ഈ കാളേജിലെ ഭരണകര്‍ത്താക്കന്മാരായ കമ്മിറ്റിക്കാര്‍ ഇനി ആരെയാണ് പ്രിന്‍സിപ്പാലായും വൈസ് പ്രിന്‍സിപ്പാലായും വരുത്തുന്നതെന്നു നിശ്ചയമില്ല. ഏതായാലും മിസ്റ്റര്‍ സുബ്ബറാവു കാളേജില്‍നിന്നു പോകുന്ന കാര്യം ഏറ്റവും വ്യസനിക്കത്തക്ക ഒന്നാണെന്നതിനു സംശയമില്ല.
മിസ്റ്റര്‍ ടി എം. അപ്പുനെടുങ്ങാടിയും കോഴിക്കോട്ടു മുന്‍സിപ്പാലിറ്റിക്കാരുമായി വലിയ പിടി വീണിരിക്കുന്നു. മിസ്റ്റര്‍ നെടുങ്ങാടി റൊബിന്‍സന്‍ റോഡില്‍ മുന്‍സിപ്പാലട്ടിവക കുറെസ്ഥലത്തെ ഒരു പുരയിടം പണിയിക്കേണ്ട ആവശ്യത്തിലേക്കു ആക്രമിച്ചുവെന്നാണ് കേസ്സ്. ഈക്കേസ്സ് കഴിഞ്ഞ മുന്‍സിപ്പാല്‍ മീറ്റിങ്ങില്‍ ആലോചനക്കു വരികയും മിസ്റ്റര്‍ നെടുങ്ങാടിക്കു പ്രതികൂലമായി അഞ്ചും അനുകൂലമായി അഞ്ചും വോട്ടുകള്‍ കിട്ടുകയും ചെയ്തുവെങ്കിലും ചെര്‍മാന്‍റെ കാസ്റ്റിങ്ങ് വോട്ടു പ്രതികൂലമായതിനാല്‍ മിസ്റ്റര്‍ നെടുങ്ങാടി കൌണ്‍സിലിന്‍റെ പേര്‍ക്കു കേസ്സുകൊടുത്ത് ഇഞ്ചക്ഷന്‍പ്രകാരം കൌണ്‍സിലിന്‍റെ തീര്‍പ്പിനെ നടത്താതെ കഴിപ്പാന്‍ ശ്രമിക്കുന്നതാണെന്നു പ്രസ്താപിച്ചതായി അറിയുന്നു.
മദിരാശിയിലെ കണ്‍വെന്‍ഷന്‍ കാണ്‍ഗ്രസ്സിന്നു ഇക്കുറി മലബാറില്‍നിന്നു ഏതാനുംപേര്‍ പ്രതിനിധികളുടെ നിലക്കുപോകുവാന്‍ പുറപ്പെടുന്നുണ്ട്. "അമ്മായിയും കുടിച്ചു പാല്‍കഞ്ഞി" എന്നു വരുത്തിയില്ലെങ്കില്‍ വലിയ പോരായ്മയല്ലെ? ബഹുമാനപ്പെട്ട മന്നത്ത് കൃഷ്ണന്‍നായര്‍, പാട്ടത്തില്‍ നാരായണമേനോന്‍ മുതൽപേർ കോഴിക്കോട്ടില്‍നിന്നും, കെ. പി. അച്യുതമേനോന്‍, വി. രാമന്‍നായര്‍ മുതല്‍പേര്‍ പാലക്കാട്ടുനിന്നും കുഞ്ഞികൃഷ്ണന്‍ നയനാരും മറ്റും, വടക്കെ മലയാളത്തില്‍നിന്നും പോകാതെയിരിക്കയില്ലെന്നാണ് തോന്നുന്നത്. നാഗപ്പൂര്‍ നേഷണലിസ്റ്റ് കാണ്‍ഗ്രസ്സിന്നു പ്രതിനിധികളെ അയയ്ക്കേണ്ട കാര്യത്തെപ്പറ്റി ആലോചിക്കുവാന്‍ അടുത്ത ആഴ്ച പാലക്കാട്ടുവെച്ചു ഒരുസഭ കൂടുവാന്‍ ഇടയുണ്ടെന്നു കേള്‍ക്കുന്നു. അതിന്നു ആരൊക്കെയാണ് പോകുവാന്‍ ഭാവമെന്നറിഞ്ഞില്ല. ഏതുവഴിക്കായാലും മലയാളികളൊന്നിളകിയാല്‍ കൊള്ളാമെന്നുണ്ട്.
The Malabar News Highlights
- Published on December 12, 1908
- 1044 Views
Translator
Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor
Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.