ശ്രീമൂലം പ്രജാസഭ

  • Published on September 21, 1910
  • By Staff Reporter
  • 858 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

പ്രജാസഭാനിയമങ്ങളെ  ഭേദപ്പെടുത്തി  ജനങ്ങളുടെ സ്വാതന്ത്ര്യാവകാശത്തെ  ഛേദിച്ചിരിക്കുന്നതിനെ  സംബന്ധിച്ച്  പൊതുജനങ്ങൾ  പ്രതിഷേധയോഗങ്ങൾ കൂടിക്കൊണ്ടിരിക്കയും, ഈ പുതിയ ചട്ടങ്ങളെ ജനങ്ങൾ അനുകൂലമായ വിധത്തിൽ മാറ്റുന്നതു വരെ  സഭായോഗത്തിനു ജനപ്രതിനിധികളായി പോവാൻ യാതൊരാളും ഒരുങ്ങുന്നതല്ലെന്നു നിർബന്ധമായി പ്രതിജ്ഞ ചെയ്ത് അതിന്മണ്ണം ആചരിക്കയും ചെയ്യണമെന്നു  ഞങ്ങൾ കഴിഞ്ഞ ലക്കത്തിൽ പറഞ്ഞിട്ടുണ്ടല്ലൊ. "മദ്രാസ് സ്റ്റാൻഡാർഡ് "  പത്രവും ഇതിനിടെ ഈ വിഷയത്തെക്കുറിച്ച് എഴുതി വരുന്ന മുഖപ്രസംഗ പരമ്പരയിൽ ഈ ചട്ടങ്ങളെ ഭേദപ്പെടുത്തുന്നതിന് ജനങ്ങൾ യോജിച്ചു പ്രവർത്തിക്കേണ്ടതു ആവശ്യകമാണെന്നു ഉപദേശിച്ചിരിക്കുന്നു. സ്റ്റാൻഡാർഡ് ഇതിനെപ്പറ്റി രണ്ടു മുഖപ്രസംഗങ്ങൾ ചെയ്തിട്ടുണ്ട്: ഇനിയും തുടരുമെന്നും  പറഞ്ഞിട്ടുണ്ട് .  ഇപ്പൊഴത്തെ നിയമങ്ങൾ പ്രതീപഗതിയെ സൂചിപ്പിക്കുന്നവയും ജനസ്വാതന്ത്ര്യത്തെ ഛേദിക്കുന്നവയും ആകുന്നു എന്നാണ് സ്റ്റാൻഡാർഡ് അഭിപ്രായപ്പെടുന്നത്. പ്രജാസഭയ്ക്കു്, രാജ്യഭരണകാര്യത്തിൽ അധികാരം യാതൊന്നുമില്ലെന്നുള്ളതിനാൽ അത്, ഇപ്പൊഴത്തെ സ്ഥിതിയിൽ സങ്കടക്കാരുടെ  സംഘം എന്നല്ലാതെ മറ്റൊന്നും പറവാനില്ല. ഈ നിലതന്നെയാണ് മൈസൂർ പ്രതിനിധി സഭയ്ക്കുമുള്ളതെങ്കിലും, അവിടെ ജനങ്ങൾക്ക് ഇവിടത്തേതിലും  അധികം സ്വാതന്ത്ര്യം    അനുവദിച്ചിട്ടുണ്ട്.  മിസ്ത ർ  വി. പി മാധവരായർ  തിരുവിതാംകൂറിൽ പ്രജാസഭ സ്ഥാപിച്ചപ്പൊൾ ആശിച്ചിരുന്നതിലധികം കാര്യശേഷിയൊടും ബുദ്ധിസാമർഥ്യത്തൊടും കൂടി ജനങ്ങൾ പൊതുക്കാര്യങ്ങളെ പ്രതിപാദിച്ചതു കണ്ടിട്ട്,  അദ്ദേഹം ജനങ്ങൾക്ക്  തെരഞ്ഞെടുപ്പ സ്വാതന്ത്ര്യം അനുവദിച്ചു. ഇതേവരെ കഴിഞ്ഞിട്ടുള്ള സഭാനടപടികളെ നോക്കിയാൽ, ഇപ്പൊൾ ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യ അവകാശങ്ങൾ നൽകുന്നതിനാണ് ന്യായമുണ്ടായിരുന്നതെന്നും, മിസ്ത ർ രാജഗോപാലാചാരിയുടെ ഭരണത്തിൽ ഈ പ്രജാസഭയുടെ സ്വഭാവം, കേവലം സങ്കടക്കാരുടെ സംഘം എന്ന അവസ്ഥയിൽ കൂടെയും, ഇടിഞ്ഞു പൊയിരിക്കുന്നതിൽ അത്ഭുതപ്പെടുന്നു എന്നും സ്റ്റാൻഡാർഡ് പറയുന്നു. പൊതുജനങ്ങളുടെ സങ്കടങ്ങളെ സഭായോഗത്തിൽ വെച്ചു ഗവര്‍ന്മേണ്ട്  കേൾക്കുന്നുണ്ട് .  അവയിൽ ചിലതിന് ഉടനുടനും, മറ്റുള്ളവയ്ക്കു ഗവര്‍ന്മേണ്ട്   ഗസറ്റു വഴിയായി പ്രൊസീഡിങ്‌സ് രൂപത്തിലും മറുപടി കൊടുക്കുന്നുണ്ട്.  എന്നാൽ,  ഈ മറുപടികൾ , ജനപ്രധിനിധികളുമായി അതാതു വിഷയത്തെപ്പറ്റി വാദപ്രതിവാദങ്ങൾ  നടത്തിയതിനുമേലല്ലാ, ഗവര്‍ന്മേണ്ടിന്നു സ്വമേധയാ തോന്നുന്നതു പോലെയാണ്  പുറപ്പെടുവിക്കാറുള്ളതെന്നുള്ളതിനാൽ, ഇവ എപ്പൊഴും പൊതുജനങ്ങൾക്ക്    തൃപ്തികരമായി വരാറില്ലാ. സഭയുടെ ലക്ഷണം ഇങ്ങനെയാണെന്നിരുന്നാലും,  ഇപ്പൊഴത്തെ നിയമനവീകരണത്തിൽ പൊതുജനങ്ങളെ തീരെ വിസ്മരിച്ചു കളഞ്ഞതാണ് വിശേഷമായിരിക്കുന്നത് . നിയമങ്ങളെ ഭേദപ്പെടുത്തുന്ന കാര്യത്തിൽ ജനങ്ങളോട്  ആലോചിച്ചിട്ടില്ലാ; ഇന്ന വിധം ഭേദഗതി വരുത്തുന്നുവെന്ന് അവരെ അറിയിച്ചിരുന്നതുമില്ലാ. 

ഈ കാര്യത്തിൽ, ജനങ്ങളുടെ അഭിപ്രായമനുസരിച്ചു വേണം മാറ്റം ചെയ്യാൻ എന്നു നിർബന്ധമില്ലെങ്കിലും, ജനങ്ങളുടെ അഭിപ്രായപ്രകാരം നിയമനവീകരണം ഇന്നവിധമായിരുന്നാൽ കൊള്ളാമെന്ന് പൊതുജനസമ്മതമറിയുന്നത്  യുക്തമായിരുന്നു. തിരുവിതാംകൂർ ഗവര്‍ന്മേണ്ട്  മഹാരാജാവു തിരുമനസ്സിലെ സ്വമനസ്സുപോലെ ഭരിക്കപ്പെടുന്നതാണെന്നു സമ്മതിച്ചാലും, ജനങ്ങൾക്കു പൊതുവെ ബാധിക്കുന്ന കാര്യങ്ങളിൽ അവരുടെ ആകാംക്ഷകളെ അറിയേണ്ട ആവശ്യമില്ലാ എന്നു അതുകൊണ്ടു അര്‍ത്ഥമാകുന്നില്ലാ.  ഭരണകർത്താക്കന്മാർ എത്ര തന്നെ കേമന്മാരായിരിക്കട്ടെ:  അവർക്കു ജനങ്ങളെ വിസ്മരിക്കാൻ പാടുള്ളതല്ലാ. എന്നാൽ,  ഈ സഭാനിയമ നവീകരണകാര്യത്തിൽ   ഗവര്‍ന്മേണ്ട് പൊതുജനാഭിപ്രായത്തെ അറിവാൻ ആഗ്രഹിച്ചിട്ടേ ഇല്ലാത്തതാണ് ആശ്ചര്യം. ചട്ടങ്ങളെ പുതുക്കുന്നതിന് ചുമതലപ്പെട്ടവരാരായിരുന്നു? അതിലേയ്ക്കു ആവശ്യകത എവിടെനിന്നു ഉണ്ടായി? അതിന്നായി ആദ്യം അപേക്ഷിച്ചതാര്? പ്രജാസഭച്ചട്ടങ്ങളെയും സഭാഘടനയെയും പറ്റി പൊതുജനങ്ങൾ മുറവിളി കൂട്ടിയോ? ജനങ്ങളുടെ  അപേക്ഷയുണ്ടായിരുന്നു എങ്കിൽ,  അതിന്മണ്ണമാണോ  ഈ  ഭേദഗതികൾ  ചെയ്തത് ?  ഈ ചോദ്യങ്ങളാണ് സ്റ്റാൻഡാർഡ്  ചോദിക്കുന്നത്.  പുതിയ ചട്ടങ്ങൾ പ്രകാരം, സാമാജികന്മാരുടെ എണ്ണം 70 ആക്കിയിരിക്കുന്നു. ഇവരിൽ 42 പേരെ 32 താലൂക്കൂകളിൽ നിന്ന് തെരഞ്ഞെടുക്കുന്നു. ഇവയിൽ തന്നെയും 10 താലൂക്കുകൾക്ക് ഓരോ സാമാജികനെ അയയ്ക്കാനേ അവകാശമുള്ളൂ. സാമാജികന്മാരുടെ എണ്ണത്തെ ചുരുക്കിയത് ഏതു  പ്രമാണമനുസരിച്ചാണെന്ന്   ഗവര്‍ന്മേണ്ട്  വെളിപ്പെടുത്തുന്നില്ലാ .  മൈസൂരിലാകട്ടെ,  ഓരോ താലൂക്കിൽ നിന്ന് മൂന്ന് സാമാജികന്മാരെ അയയ്ക്കുന്നു.  ഈ തോതിൻ പ്രകാരം, തിരുവിതാംകൂറിലെ 32 താലൂക്കുകളിൽ നിന്നും   42 പേരെയല്ലാ, 96 പേരെ തെരഞ്ഞെടുത്തയയ്ക്കേണ്ട ന്യായമുണ്ട് . പിന്നെയും, ജനസംഖ്യ നോക്കിയാലും  സാമാജികന്മാരുടെ എണ്ണം ചുരുക്കാൻ ന്യായമില്ലാ. മൈസൂരിൽ ഉദ്ദേശം 50 ലക്ഷം ജനങ്ങളുണ്ട്: തിരുവിതാംകൂറിൽ 30 ലക്ഷവുമുണ്ട്.  മൈസൂരിൽ 1908 -ാ മാണ്ട് 68 താലൂക്കുകളിൽ   നിന്നും 201 സാമാജികന്മാരുമുണ്ടായിരുന്നു.    ഈ തോതിൻപ്രകാരം, തിരുവിതാംകൂറിൽ ജനസംഖ്യയുടെ താരതമ്യം അനുസരിച്ച് 42   പേരല്ലാ, 120 - ലധികം താലൂക്ക് സാമാജികന്മാർ വേണ്ടിയിരുന്നു. പിന്നെയും, കഴിഞ്ഞ  കൊല്ലത്തിൽ മൈസൂർ സഭയ്ക്ക് ആകെ 275 സാമാജികന്മാരുണ്ടായിരുന്നു: ജനസംഖ്യപ്രകാരം, തിരുവിതാംകൂറിൽ   70 അല്ലാ, 165 -ല്‍ കുറയാതെ സാമാജികന്മാർ വേണ്ടതായിരുന്നു.

 

           

   

Sri Moolam Popular Assembly

  • Published on September 21, 1910
  • 858 Views

The general public is holding protest meetings in connection with the amendment of the Popular Assembly Acts and the curtailment of the people's right to freedom. We have stated in our last issue that all should solemnly pledge that no one would be prepared to go as representatives of the people to the assembly until these new rules were changed in a manner favourable to the people. Meanwhile, the "Madras Standard" newspaper, in a series of editorials on the subject, has advised that people need to work together to amend these rules as well. They have published two editorials on this already, and said that it will continue to do so. The “Standard” says that the current laws are reactionary and curtail people's liberties. As the Popular Assembly has no power in the affairs of the country, it can only be said to be nothing but a group of mourners in the current situation. Though the Mysore House of Representatives also has a similar situation, the people there are allowed more freedom than here. When Mr. V. P. Madhavarayar established the Popular Assembly in Travancore, he saw that the people dealt with public affairs with more efficiency and intelligence than he had hoped for. This has prompted him to allow the freedom of election to the people. If we look at the assembly proceedings so far, the assembly has justly given more freedom and rights to the people. But the nature of this Popular Assembly under Mr. Rajagopalachari's regime has collapsed even further than being a mere group of mourners, and the “Standard” mentioned that it is surprised by this status of the assembly. The government is listening to the grievances of the public in the assembly. Some of them are answered immediately, while others are answered in the form of proceedings through the government gazette.

However, these answers are not given after debates on each subject with the representatives of the people. These are never satisfactory to the public as they are issued at the convenience of the government.

Even though this is the trend seen in the assembly, what is notable is that the public opinion has been completely forgotten in the current reform. The people were not consulted about amending the laws; they were not informed of the manner in which these amendments were being made.

In this case, though it is not necessary to make the changes according to the opinion of the people, it would have been better and reasonable to know the public opinion before such reforms. Even if it is admitted that the Government of Travancore is governed according to the will of His Majesty the King, it does not mean that there is no need to gauge the interests of the people in matters of general concern. No matter how smart the rulers are, they should not forget the people. However, it is surprising that the government did not even want to know the public opinion on this reformation of law.

Who was responsible for revising the rules? Where did the need for it come from? Who applied for it first? Did the public demand for the rules and the structure of the Popular Assembly to be amended?

If there was a request from the people, were these amendments made on those lines? These are the questions the “Standard” raises.

As per the new rules, the number of members has been fixed at 70. Among them, 42 are to be selected from the 32 taluks. Of these, 10 taluks have the right to send only one member each. The government does not disclose according to which document the number of members has been reduced.

In Mysore, three members are sent from each taluk. According to these statistics, it is reasonable to select 96 people from the 32 taluks of Travancore instead of the 42 at present. Then again, even if we look at the population, there is no justification for reducing the number of representatives. Mysore has a population of about 50 lakhs and Travancore has 30 lakhs. In 1908, there were 201 members from the 68 taluks in Mysore. According to this scale, Travancore would have required more than 120 taluk members instead of 42 as per population comparison. Again, in the last year, the Mysore assembly had a total of 275 members. According to population, Travancore would have required not less than 165 members and not 70 members.


Translator
Abdul Gaffoor

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.

Copy Editor
Lakshmy Das

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.

You May Also Like