മറ്റു വാർത്തകൾ

  • Published on August 08, 1908
  • By Staff Reporter
  • 765 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

ജീവപര്യന്തം നാടു കടത്തുവാന്‍ വിധിക്കപ്പെട്ട മിസ്തര്‍ വി. ഒ. ചിതംബരംപിള്ളയുടെ അപ്പീല്‍ തീര്‍ച്ചപ്പെടുന്നതുവരെ, ഇപ്പോള്‍ മിസ്തര്‍ പിള്ള ജേലില്‍ വച്ചു അനുഭവിക്കുന്ന കഠിനതടവിനെ നിറുത്തിവയ്ക്കുന്നതിനു മദ്രാസ് ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നത് കഴിഞ്ഞ ചൊവ്വാഴ്ച തീര്‍ച്ചചെയു്വാന്‍ വച്ചിരുന്നതായി ഞങ്ങള്‍ പറഞ്ഞുവല്ലൊ. അപേക്ഷയെപ്പറ്റി ജസ്തീസ് മിസ്തര്‍ ശങ്കരന്‍നായരുടെ മുമ്പാകെ വാദങ്ങള്‍ കേള്‍ക്കയും അതിന്മണ്ണം അനുവദിക്കയും ചെയ്തിരിക്കുന്നു. ഇതേവിധം ഒരു അപേക്ഷ മിസ്തര്‍ സുബ്രഹ്മണ്യശിവനുവേണ്ടിയും ബോധിപ്പിക്കപ്പെട്ടിരുന്നത്, ജസ്തീസ് മിസ്തര്‍ മണ്‍റോ അനുവദിച്ചു തീര്‍ച്ചചെയ്തു. അപ്പീല്‍ ഈയിട കേട്ടു തീരുമാനിക്കുന്നതാണ്.

 മിസ്റ്റര്‍ ടിലക്കിന്‍റെ മേല്‍ വിധിച്ച ശിക്ഷയെപ്പറ്റി അപ്പീല്‍ ചെയ്യാന്‍ ഹര്‍ജി തയ്യാറാക്കി ബംബാ അഡ്വക്കേറ്റ് ജെനറലിന്‍റെ സര്‍ട്ടിഫിക്കെറ്റിനായി സമര്‍പ്പിച്ചതില്‍, അദ്ദേഹം അതിനെ നിരാകരിച്ചിരിക്കുന്നു. ഇനി, പ്രിവികൌണ്‍സിലില്‍ അപ്പീല്‍ ബോധിപ്പിക്കുവാനേ നിവൃത്തിയുള്ളു.

  മിസ്റ്റര്‍ ടിലക്കിന്‍റെപേരില്‍ പത്തുകൊല്ലംമുമ്പ് നടന്ന കേസ്സിലെ ശിക്ഷാവിധി മുഴുവന്‍ അനുഭവിക്കുന്നതിനുമുമ്പു അദ്ദേഹത്തിനു മാപ്പുകൊടുത്ത് ആറുമാസത്തെ തടവ് ഇളച്ചിരുന്നുവല്ലൊ. ഈ ആറുമാസത്തെ തടവ് ഇപ്പോള്‍ നാടുകടത്തലിനോടു കൂടി, മുമ്പോ പിമ്പോ, അനുഭവിക്കേണ്ടി വന്നേക്കാമെന്ന് ഒരു പ്രസ്താവമുണ്ട്.

"ഹിന്ദ് സ്വരാജ്" പത്രാധിപര്‍ ത്രിഭുവനദാസ് മങ്ഗ്രോള്‍വാലാവിന് രാജദ്രോഹക്കുറ്റത്തിനായി 5- വര്‍ഷം കഠിനതടവ് വിധിച്ചതിന്മേലുള്ള അപ്പീല്‍, ആഗസ്റ്റ് 5-നു ബംബാ ഹൈക്കോടതിയില്‍ സ്വീകരിച്ചിരിക്കുന്നു. ജാമ്യം അനുവദിച്ചില്ലാ.

  മിസ്റ്റര്‍ ടിലക്കിനു ജയില്‍നിയമം അനുസരിച്ചുള്ള ഭക്ഷണം കഴിപ്പാന്‍ കഴിയായ്കയാല്‍ രോഗികള്‍ക്കു പതിവുള്ള ഭക്ഷണം അനുവദിച്ചിരിക്കുന്നു.

 കുദിരാംബോസിന്‍റെ അപ്പീല്‍ ഇന്ത്യാ ഗവര്‍ന്മേണ്ട് തള്ളിയിരിക്കുന്നു. അയാളെ ആഗസ്റ്റ് 11നു- തൂക്കിലിടുന്നതാണ്.

 മൂന്നുനാലുനാള്‍മുമ്പ് ഇസ്തംബൂലില്‍ ഒരു ഭുകമ്പം ഉണ്ടായി, ഏറെനാശം സംഭവിച്ചിരിക്കുന്നു.

 ഒരു മാന്യന്‍ എഴുതുന്നത് :- ഇന്നലെ മിസ്സ് വില്യംസ് ടൌണ്‍ജൂബിലിഹാളില്‍ വെച്ചു നടത്തിയ പ്രസംഗം കേള്‍പ്പാന്‍ പോയി കസേരകളില്‍ ഇരുന്ന ചില നാട്ടുസ്ത്രീകളോടു, "നിങ്ങള്‍ ഇവിടെ ഇരുന്നുകൂടാ, എണീറ്റു ബാല്‍ക്കണിയില്‍ പോകണം" എന്നു കമ്മിറ്റി സിക്രിട്ടരി മിസ്തര്‍ ലെപ്പര്‍ കഠിനമായി ആജ്ഞാപിക്കയും, അവരെ ഇളക്കി പുറത്തയയ്ക്കുകയും ചെയ്തു. ഈ സ്ത്രീകള്‍ ബി-ഏക്കാരും ട്രെയിനിങ് എഫ് ഏ കളുമായിരുന്നു. എങ്കിലും, നാട്ടുകാര്‍ എന്നുള്ള ഒരു കുറ്റമുണ്ടായിരുന്നു. നാട്ടു സ്ത്രീകള്‍ പ്രസംഗങ്ങള്‍ കേള്‍പ്പാന്‍ വന്നുകൂടാ എന്നോ, ബാല്‍ക്കണിയിലേ ഇരിക്കാവൂ എന്നോ എന്താണു മിസ്തര്‍ ലെപ്പറിന്‍റെ ഉദ്ദേശ്യമെന്നു മനസ്സിലാകുന്നില്ല. ഈവിധം നാട്ടു സ്ത്രീകളെ ലൿച്ചര്‍ഹാളില്‍വെച്ച് അവമാനിക്കുന്നതിന് യൂറോപ്യനായ മിസ്തര്‍ ലെപ്പര്‍ ഏതു പള്ളിക്കൂടത്തില്‍ പഠിച്ചു എന്നറിയുന്നില്ല. ഈ സ്ത്രീകളെ ഇളക്കിഅയച്ചപ്പോള്‍, സമീപത്തു ഇരുന്നിരുന്ന ചില നാട്ടുകാരായ കേമന്മാര്‍ മിണ്ടാതിരുന്നു പുഞ്ചിരിതൂകി; ഇത് ഇവരുടെ തന്‍റേടമില്ലായ്മയുടേയും മര്യാദക്കേടിന്‍റെയും ലക്ഷണമല്ലേ? ഏതായാലും മര്യാദയുള്ള സ്ത്രീകള്‍ പഠിച്ചാലും, പബ്ലിക്ക് യോഗങ്ങളില്‍ പോകരുതെന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?“

 "ഇന്നലെ രാത്രിയില്‍ മിസ്സ് വില്യംസ്   എം. ഏ ചെയ്ത രസകരമായ പ്രസംഗത്തെ കേള്‍പ്പാന്‍ താല്പര്യപ്പെട്ടു ചെന്നിരുന്ന ബഹുജനങ്ങളെയും മിസ്സ് വില്യംസിനെയും വളരെ വ്യസനിപ്പി ക്കയും, ഉപദ്രവം നിമിത്തം പ്രസംഗം മദ്ധ്യത്തില്‍വെച്ചു അവസാനിപ്പിക്കാന്‍ ഇടവരുത്തുകയും ചെയ്തത് ഗാലറിയില്‍ പിറകിലത്തെ ബഞ്ചുകളില്‍ ഇരുന്നിരുന്ന ചില ചെറുപ്പക്കാരുടെ അക്രമമായിരുന്നു. അവരുടെ നിലവിളിയും ചവിട്ടും ചൂളമടിയും ബെഞ്ചൊടിപ്പും വളരെ കടുപ്പമായിരുന്നു. ബ്രിട്ടീഷ് റസിഡണ്ടുസായ്പ് ഇവകേട്ടു സഹിക്ക വയ്യാഞ്ഞു, തൃപ്തികേടായി ചിലതു സംസാരിക്കേണ്ടിവന്നു. അഗ്രാസനം വഹിച്ചിരുന്ന മിസ്തര്‍ ഹഡ്ജ്സന്‍ രണ്ടു മൂന്നുപ്രാവശ്യം എഴുന്നേറ്റു ശബ്ദമുയര്‍ത്തി പറഞ്ഞുനോക്കീട്ടും, അയോഗ്യത കാണിച്ച വിദ്വാന്‍മാര്‍ തീരെ വകവെച്ചില്ല. വെറും കുട്ടികളാണ് ഈ അക്രമം പ്രവര്‍ത്തിച്ചതെന്നു ചിലരുടെ അഭിപ്രായം. എന്നാല്‍, ഈ അക്രമികള്‍ എല്ലാം കുട്ടികള്‍ അല്ലെന്നും, ബി.ഏ ക്ലാസില്‍ പഠിച്ചുവരുന്ന ഒരു ആളാണ് ചൂളമാരംഭിച്ചതെന്നും അറിയുന്നത് ശോചനീയമത്രേ. മേലാല്‍ ഈവിധമുള്ള യോഗങ്ങള്‍ യോഗമായി നടക്കുന്നതിലേക്കു വേണ്ടുന്ന ഏര്‍പ്പാടു ചെയ്യുമെന്നു വിശ്വസിക്കുന്നു"

- എന്നു ഒരു ദൃക് സാക്ഷി എഴുതുന്നു.


You May Also Like