വാർത്ത
- Published on November 26, 1909
- By Staff Reporter
- 786 Views
ബാംബയിലെ 'ഹിൻഡുപഞ്ചു്, എന്ന പത്രത്തിൻ്റെ പേരിൽ മിസ്തർ ഗോക്കലി കൊടുത്തിട്ടുള്ള മാനനഷ്ടകേസ് വിധിച്ചിരിക്കുന്നതായി പറഞ്ഞുവല്ലൊ. ലാജ് പത് റായി ഇംഗ്ലീഷ് മാൻ എന്ന പത്രത്തിൻ്റെ പേരിൽ കൊടുത്ത കേസ്സിൽ അവിടുത്തെ ജഡ്ജി മിസ്തർ ഫ്ലെച്ചർ പറഞ്ഞ റിമാർക്കുകൾ എല്ലാം ഈ കേസിലും ചേരും എന്നും അതിനാൽ വാദിക്കു 5000 -രൂപാ നഷ്ടവും കോടതിചെലവും പ്രതി കൊടുക്കേണ്ടതാണെന്നും ആകുന്നു ബാംബെ ഹൈക്കോടതി ജഡ്ജി മിസ്തർ മെക്ളിയാഡ് വിധിയിൽ പ്രസ്താവിച്ചിരിക്കുന്നത്.
------------------------------------------------------------------------------
നവംബർ 16 നു- വയ്യിട്ട് മൺടഗൊമരി സെൻറ് റൽ ജയിലിലെ പുള്ളിക്കാരിൽ ഒരാളായ ഒരു പട്ടാണി ജെയിൽ സൂപ്രണ്ടു ക്യാപ് ടൺ ക്ലിമെൻസിനെയും ജെയിലറെയും ഒരു കത്തി കൊണ്ടു മുറിവേൽപിച്ചിരിക്കുന്നു. അവർ ധരിച്ചിരുന്ന ഉടുപ്പുകൾ മുതലായതു വളരെ കട്ടിയുള്ളതായിരുന്നതിനാൽ അവർ മരിച്ചില്ലാ. മുറിവേറ്റതുമാത്രമേയുള്ളൂ. ഈ ലഹളയ്ക്കു കാരണം ഒന്നുമറിയുന്നില്ലാ. കേസ് വിചാരണ നടക്കുന്നു. സർക്കീട്ടിൽ ആയിരുന്ന ഡിപ് ടികമ്മിഷണർ മിസ്റ്റർ ഇർവിങ്ങ് ഉടൻ സ്ഥലത്തെത്തി അന്വേഷണങ്ങൾ നടത്തിവരുന്നു.
------------------------------------
ജെർമനിയിൽ ഇതിനിടെ മഞ്ഞുമാരിയുടെ ആധിക്യത്താൽ 24- മണിക്കൂർ നേരത്തെയ്ക്കു വളരെ കുഴപ്പങ്ങൾ ഉണ്ടായിരിക്കുന്നു. മുകളിൽ നിന്നു വീണ മഞ്ഞിൻ്റെ അധികഭാരങ്കൊണ്ട് ബർലിനിലെ കമ്പിത്തപാൽ ആപ്പീസിൻ്റെ മേൽകൂര ഇടിഞ്ഞു വീണിരിക്കുന്നു. കമ്പികൾക്കു അനേകം ദോഷങ്ങൾ പറ്റീട്ടുണ്ട്.
-------------------------------------
അഹമഡാബാഡിൽ വച്ചു വൈസ്രായിയുടെ വണ്ടിക്കു നേരെ ബാമ്പ് എറിഞ്ഞ സംഗതി വായനക്കാർ അറിഞ്ഞിരിക്കുമല്ല. ഇതിനെ സംബന്ധിച്ചു ഏകദേശം 20- വയസ്സുള്ള ഒരു ബംഗാളിയെ ബാംബെ പൊലീസുകാർ ബന്ധിച്ചിരിക്കുന്നു. അയാളുടെ പേർ സുരേന്ദ്രനാഥഗണെശപ്രസാദബാനർജി എന്നാണ്.