കേരളവാർത്ത - തിരുവിതാംകൂർ

  • Published on June 03, 1908
  • By Staff Reporter
  • 688 Views
This article / write-up appeared in Svadesabhimani. Svadesabhimani.com has not made any changes.

 എക്സൈസ് അസിസ്റ്റണ്ട് കമിഷണര്‍ മിസ്തര്‍ പത്മനാഭരായര്‍ക്കു 12 ദിവസത്തെ അവധി അനുവദിച്ചിരിക്കുന്നു.

 വാക്സൈന്‍ഡിപ്പോ സൂപ്രേണ്ട് മിസ്തര്‍ എസ്. രാമകൃഷ്ണപിള്ളയ്ക്ക് ആറുമാസത്തെ ദീനചികിത്സ ഒഴിവു അനുവദിച്ചിരിക്കുന്നു.

 ദിവാന്‍ മിസ്തര്‍ രാജഗോപാലാചാരി ഈ വരുന്ന വെള്ളിയാഴ്ചയ്ക്കു ദക്ഷിണ തിരുവിതാങ്കൂറിലേയ്ക്ക് സര്‍ക്കീട്ട് തിരിക്കുന്നതാണ്.

 സാനിട്ടെരികമിഷണര്‍ മിസ്തര്‍ എസ്സ്. കൃഷ്ണമൂര്‍ത്തിഅയ്യര്‍ കഴിഞ്ഞ വെള്ളിയാഴ്ച  തെക്കന്‍ തിരുവിതാങ്കൂറിലേക്കു സര്‍ക്കീട്ട് പോയിരിക്കുന്നു.

 ഇവിടത്തെ രാജകീയ പെണ്‍പള്ളിക്കൂടവും ആണ്‍പള്ളിക്കൂടവും മറ്റുപള്ളിക്കൂടങ്ങളും മധ്യവേനല്‍ ഒഴിവുകഴിഞ്ഞു തിങ്കളാഴ്ച തുറന്നിരിക്കുന്നു.

 ദിവാന്‍ജി ഇന്നലെ ദിവസം വൈകുന്നേരം ജുഡീഷ്യല്‍, സെപ്പെറേററ് റവന്യൂ ഈ വകുപ്പുകള്‍, റിക്കാര്‍ട്ട് ആഫീസ് മുതലായവ ചെന്നുസന്ദര്‍ശിച്ചിരിക്കുന്നു.

 ഇന്നലെദിവസം തയ്ക്കാട്ടു റസിഡന്‍സിയില്‍ എല്ലാഉദ്യോഗസ്ഥന്മാരും ഹാജരായി പുതിയ ബ്രിട്ടീഷ് റസിഡന്‍‍റിനെ കണ്ടു മുഖപരിചയം വരുത്തിയിരിക്കുന്നു.

 അവധിയില്‍പോയിരുന്ന ഫിനാന്‍ഷ്യല്‍സിക്രട്ടരി മിസ്തര്‍ പി. വി. കൃഷ്ണസ്വാമിച്ചെട്ടിയാര്‍ തിങ്കളാഴ്ച  മടങ്ങിയെത്തി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നു.

 കോട്ടാര്‍ 2-ാംക്ലാസു മജിസ്ട്രേട്ടു മിസ്തര്‍ ഇട്ടിയറാ ബി. ഏ-യെ കൊല്ലത്തു പുതുതായി സ്ഥാപിക്കപ്പെട്ട 1-ാംക്ലാസു മജിസ്ട്രേട്ടായി നിയമിച്ചിരിക്കുന്നു.

 കോട്ടയം ദിവാന്‍പേഷ്കാര്‍ മിസ്തര്‍ എന്‍. സുബ്രഹ്മണ്യയ്യര്‍ 45 ദിവസത്തെ അവധിക്കപേക്ഷിച്ചിരിക്കുന്നു. മിസ്തര്‍ സുബ്രഹ്മണ്യയ്യര്‍ കഴിഞ്ഞ ശനിയാഴ്ച ഇവിടെ എത്തീട്ടുണ്ട്.

 തിരുവനന്തപുരം റെയിഞ്ച് പള്ളിക്കൂടം ഇന്‍സ്പെക്ടര്‍ മിസ്തര്‍ രാമസ്വാമി അയ്യന്‍റെ വീട്ടില്‍ (കോട്ടയ്ക്കകത്ത്) കല്യാണവും പള്ളിക്കൂടം വാധ്യാന്മാരുടെ ******************************************************

 ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ,**********വരെയുള്ള ശമ്പളങ്ങള്‍ക്ക് ആള്‍ നിയമിക്കേണ്ടത് അനുവാദത്തിന്മേല്‍ വേണമെന്ന് ദിവാന്‍ജി ആഡിറ്റാഫീസിലേക്ക് എഴുതിയിരിക്കുന്നുവത്രേ.

  ബാംബയില്‍ മാക്ക് മില്ലന്‍ കമ്പനിക്കാര്‍ ഉണ്ടാക്കീട്ടുള്ള ഗണിതസംബന്ധമായ സാമഗ്രികള്‍ ഈ നാട്ടിലുള്ള പള്ളിക്കൂടങ്ങളില്‍ ഉപയോഗപ്പെടുത്തിക്കൊള്ളുന്നതിന് ഗവര്‍ന്മേണ്ട് അനുവദിച്ചിരിക്കുന്നു.

 അബ്‍കാരികിസ്ത് താമസിച്ചു എന്ന കാരണത്തിന്മേല്‍ പറവൂര്‍ തഹശീല്‍ മിസ്തര്‍ നീലകണ്ഠപ്പിള്ളയ്ക്കും, ചേര്‍ത്തല തഹശീല്‍ മിസ്തര്‍ ആറുമുഖംപിള്ളയ്ക്കും 5 രൂപാ വീതം പ്രായശ്ചിത്തം നിശ്ചയിച്ചിരിക്കുന്നു.

 തിരുവനന്തപുരം മുന്‍സിഫ് കോടതിയിലെയും ജില്ലാക്കോടതിയിലെയും സില്‍ബന്തികളെ ഒന്നിച്ചുചേര്‍ത്തു നടത്തി വരുന്ന ഏര്‍പ്പാട് വളരെ ബുദ്ധിമുട്ടുകള്‍ക്കിടയാകുന്നു എന്നൊരു മുറവിളി മേലധികാരത്തിലേയ്ക്കു പോയിരിക്കുന്നതായി ഒരു ലേഖകന്‍ അറിയിക്കുന്നു.

 നെടുമങ്ങാട്ടുതാലൂക്കില്‍ ആര്യനാട്ട് ഒരു പാണ്ടിസ്ത്രീയെ പകല്‍സമയം കൊന്നുകളഞ്ഞിരിക്കുന്നു. ഒരാള്‍ ആ സ്ത്രീയുടെ വക മരച്ചീനി പറിക്കയും, അവള്‍ ആ സംഗതിവശാല്‍ അയാളെ ശകാരിച്ചതില്‍ വച്ചുണ്ടായ വഴക്കില്‍ ആ മനുഷ്യന്‍ ആ സ്ത്രീയെ കുത്തുകയും, കുത്തുകൊണ്ട് സ്ത്രീ മരിക്കയും ചെയ്തിരിക്കുന്നു എന്നാണ് അറിയുന്നത്. (ഒ. ലേ.)

 മെഡിക്കല്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കയറ്റം നല്‍കുന്നതിനായുള്ള പരീക്ഷ ജനറല്‍ ആശുപത്രിയില്‍വച്ച് തിങ്കളാഴ്ചമുതല്‍ ആരംഭിച്ചിരിക്കുന്നു. ഈ പരീക്ഷയില്‍ മെസ്സേഴ് സ്സ് കേ. സി. ചാണ്ടി, പി. തിരവിയം, ടി തോമസ്സ്, എച്ച്. നാരായണയ്യര്‍, കേ.ഐ. ചെറിയാന്‍മാപ്പിള ഇവര്‍ ചേര്‍ന്നിട്ടുണ്ട്. ഇവര്‍ എല്ലാപേരും എല്‍. എം. എസ്സ്. പരീക്ഷ ജയിച്ചിട്ടുള്ളവരാണ്. പരീക്ഷാസൂപ്രേണ്ട് സബ് അസിസ്റ്റണ്ട് സര്‍ജന്‍ മിസ്തര്‍ മാധവന്‍പിള്ളയുമാണ്.

 കോടതികളിലെ പത്തുരൂപാ ശമ്പളക്കാരായ പകര്‍പ്പുഗുമസ്തക്കാരില്‍ പലരുടെയും ശമ്പളത്തില്‍ നിന്ന് രക്ഷാ*****ഏര്‍പ്പാടുവകയ്ക്കു പണം പിടിക്കാന്‍ ഈയിട തുടങ്ങുകയും, അവര്‍ അതുനിമിത്തം ക്ഷോഭിക്കയും ചെയ്തിരിക്കുന്നു. അവര്‍ 1076-ംമാണ്ടുമുതല്‍ നാളിതുവരെ കൊടുത്തിരിക്കേണ്ട പണം ഒരു വലിയ കുടിശ്ശികത്തുകയായിത്തീര്‍ന്നിരിക്കയാല്‍, ആ തുകയെ ഈടാക്കാന്‍വേണ്ടി മാസന്തോറും പത്തു രൂപാ ശമ്പളത്തില്‍ നിന്ന് മൂന്നു രൂപാ പിടിച്ചുവരുന്നു. ഇതാണ് അവരുടെ പ്രധാനസങ്കടം. ഇവരില്‍ പലരുടെയും ദേഹപരിശോധനപോലും നടന്നിട്ടില്ല. ഇനി അവര്‍ക്കു 'പാളിസി,കൊടുത്ത് അവരുടെ പണം ശമ്പളത്തില്‍ നിന്നുപിടിച്ചുതുടങ്ങുന്നതിന് എത്രകാലം വേണ്ടിവരുമെന്ന് ആര്‍ക്കുമറിഞ്ഞുകൂടാ. പക്ഷേ, ഒന്നോരണ്ടോ വര്‍ഷം കഴിഞ്ഞ് അവരുടെ ശമ്പളത്തില്‍ (പത്തുരൂപായില്‍) അഞ്ചോ ആറോ രൂപാ പിടുത്തത്തില്‍പോകുമാരിക്കും. ഈ വിവരങ്ങളെ കാണിച്ച് ചില പരാതികള്‍ തയാറായി വരുന്നുണ്ടത്രേ - (ഒരു ലേഖകന്‍)

 ഹജൂര്‍ ചീഫ് സിക്രട്ടരി മിസ്റ്റര്‍ വീയറ 1 മാസത്തേക്കുകൂടെ ഒഴിവുവാങ്ങിയിരിക്കുന്നു.

 ഹജൂര്‍ അണ്ടര്‍സിക്രട്ടരി മിസ്റ്റര്‍ മഹാദേവയ്യരുടെ ശമ്പളം 50 ക കൂട്ടി 400 ക യാക്കിയിരിക്കുന്നു.

 കൃഷിവകുപ്പു ഡയറക് ടര്‍ ഡാക്‍ടര്‍ എന്‍. കുഞ്ഞന്‍പിള്ള അവര്‍കള്‍, തെങ്ങുരോഗം അന്വേഷിപ്പാനായി നാളെ മീനച്ചലിലേക്കു പുറപ്പെടുന്നു.

 തിരുവനന്തപുരം സ്ത്രീസമാജത്തിന്‍റെ രണ്ടാം യോഗം, ഈ വരുന്ന ശനിയാഴ്ച, നേറ്റീവ് ഹൈസ്‍കൂള്‍കെട്ടിടത്തില്‍ വച്ച് ചീഫ് ജസ്റ്റീസ് മിസ്റ്റര്‍ സദാശിവ അയ്യരുടെ പത്നിയുടെ അധ്യക്ഷതയില്‍ നടത്തുന്നതാണ് എന്നറിയുന്നു.

 നിയമനിര്‍മ്മാണസഭ മിനിഞ്ഞാന്ന് പകല്‍ 12 മണിക്കു, ദിവാന്‍ജിയുടെ മുറിയില്‍ കൂടുകയുണ്ടായി. സാമാജികന്മാരില്‍ മിസ്തര്‍ കേശവപിള്ളയും മിസ്തര്‍ പത്മനാഭയ്യരും ഒഴികെ, മറ്റെല്ലാവരും ഹാജരുണ്ടായിരുന്നു. സഭയില്‍ വ്യാപാരവേലശാലകളെയും നിധികളെയും സംബന്ധിച്ച ബില്ലുകള്‍ ഹാജരാക്കുന്നതിനു അനുമതിനല്‍കി. സിവില്‍കോര്‍ട്ടുബില്ലിനെപ്പറ്റി പ്രത്ര്യേക കമ്മിറ്റിക്കാരുടെ അഭിപ്രായം കേള്‍ക്കുവാന്‍ മേലാല്‍ സഭ കൂടുന്നതിന് നിശ്ചയിച്ച് സഭ പിരിഞ്ഞു.

You May Also Like