കേരളവാർത്തകൾ
- Published on March 14, 1906
- By Staff Reporter
- 172 Views
ആലപ്പുഴെ മസൂരിരോഗം കലശലായി ബാധിച്ചിരിക്കുന്നു എന്നറിയുന്നു.
കോതയാര്‍ റിസര്‍വായറില്‍ നിന്ന് ഇടതുഭാഗം ചാനലില്‍ ഒരടിവെള്ളം തുറന്നുവിട്ടിരിക്കുന്നു.
ഡെക്കാനില്‍ വെള്ളത്തിനുള്ള ക്ഷാമം വര്‍ദ്ധിച്ചുവരുന്നു. കന്നുകാലികള്‍ക്ക് രക്ഷയില്ലാതെ കഷ്ടപ്പാടും അധികരിക്കുന്നു.
കഴിഞ്ഞലക്കത്തില്‍ കേരളപുരം ക്ഷേത്രം എന്ന് കണ്ടത് പിശകാണ്. ആവണിപുരം ക്ഷേത്രത്തിലാണ് ചൂട്ടുകെട്ടി ഉത്സവം നടത്തിയത്. (സ്വലേ.)
കൊല്ലം ഡിവിഷന്‍ പോലീസ് അസിസ്റ്റന്‍റ് സൂപ്രണ്ട് മിസ്റ്റര്‍ അനന്തനാരായണ അയ്യര്‍ 15 ദിവസത്തെ ഒഴിവു വാങ്ങിപോയിരിക്കുന്നു.
പോലീസ് സൂപ്രണ്ട് മിസ്റ്റര്‍ ബെന്‍സിലി നാളെ വടക്കന്‍ തിരുവിതാംകൂറിലേക്ക് സര്‍ക്കീട്ടുപോകുന്നതാണ്. അവിടം വിടുമ്പോള്‍, 40 ദിവസത്തെ ഒഴിവുവാങ്ങിപ്പോകും.
പത്മനാഭപുരം ഡിവിഷനെ തിരുവനന്തപുരത്തോടു ചേര്‍ത്ത് ഒന്നാക്കുന്നതിന് മഹാരാജാവു തിരുമനസ്സു കൊണ്ട് അനുവദിച്ചിരിക്കുന്നതായി "സ്റ്റാര്‍" കേള്‍ക്കുന്നു.
കൊല്ലത്തുനിന്നു ഒരു സര്‍ക്കസ്സുകളി സംഘക്കാര്‍ ഈയിട അഞ്ചുതെങ്ങില്‍ കളിച്ച ശേഷം ഇന്നലെ ആറ്റിങ്ങല്‍ എത്തി കളി തുടങ്ങിയിരിക്കുന്നു. രണ്ടുമൂന്നുനാളത്തെ താമസം ഉണ്ടായിരിക്കും.
ഈയിട 30,000 - ചാക്കു നെല്ല് കുളച്ചലില്‍ ഇറക്കിയിരിക്കുന്നു. 11340-ചാക്കു നെല്ലുകൂടെ ഉടന്‍ എത്തുന്നതാണ്. കോട്ട ഒന്നിന് നാലേകാല്‍ രൂപ വിലയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്.
നെല്‍കരത്തെ സംബന്ധിച്ച് ഒരു പുതിയ കല്പന പുറപ്പെട്ടിരിക്കുന്നതായി അറിയുന്നു. നെല്ലായിട്ടൊ പണമായിട്ടൊ കുടിയാനവന്മാരുടെ മനസ്സുപോലെ കരം കൊടുക്കുന്നതിന് വിരോധമില്ലെന്നാണ് പുതിയ കല്പന എന്നറിയുന്നു.
കൊല്ലമ്പുഴെക്കടവിലുള്ള കടത്തുകാരന്‍ ആളുകളെ കടത്തിവിടുന്നതില്‍ വളരെ ***********ആരുംതന്നെ വന്നാലും അവര്‍ തന്നത്താന്‍ കയറിപൊയ്ക്കൊള്ളണം. അധികൃതന്മാര്‍ ഇതിനെപ്പറ്റി ഗൌരവമായി ആലോചിയ്ക്കേണ്ടതാണ്.
തിരുവാറാട്ടുകാവു ക്ഷേത്രത്തില്‍ ചില പണികള്‍ നടത്തിവന്നത് ഇതുവരെ സുമാറാകായ്കയാല്‍ വഴിപോകുന്നതിനു വളരെ ബുദ്ധിമുട്ടായിരിക്കുന്നു. മകരമാസത്തില്‍ എഴുന്നള്ളത്ത് ഇത്തവണയില്ലാതെ പോയത് നിമിത്തമാണ് ഈ വിധം പണി ദീര്‍ഘിച്ചു പോയത്.
പള്ളിപ്പുറത്തുകാരന്‍ ഒരു മുഹമ്മദനും ചില തട്ടാന്മാരും കൂടി കള്ളനാണയം അടിച്ചതായി കേസ്സുണ്ടായിരിക്കുന്നു. മുഹമ്മദന്‍ ഏതാനും വ്യാജനാണയവുംകൊണ്ട് കഴക്കൂട്ടത്തു രജിസ്തര്‍ കച്ചേരിയില്‍ ചെന്ന സമയം പോലീസ്സുകാര്‍ അയാളെയും കൂട്ടരെയും പിടിച്ചിരിക്കുന്നു.
തൈയ്ക്കാട്ടു ആശുപത്രിയിലെ മിഡ് വൈഫായ മിസ് മേരിപീറ്റര്‍ എന്ന യുവതി പാളയത്തിലുള്ള മുഹമ്മദീയരുടെ ഇടയില്‍ അനേകം കേസുകള്‍ക്കു പോകുന്നതായും പ്രതിഫലത്തെ ഉദ്ദേശിക്കാതെ പ്രവര്‍ത്തിക്കുന്നതായും അറിയുന്നു. ഇവരുടെ ഉന്നതിയില്‍ ഗവര്‍മ്മെണ്ടു ശ്രദ്ധവയ്ക്കുമെന്നു വിശ്വസിക്കുന്നു.
ഈ കുംഭം 27-ാംനു-യായിരുന്നു കിളിമാനൂര്‍ ക്ഷേത്രത്തില്‍ വേട്ട. എഴുന്നള്ളിപ്പു വളരെ കേമമായിരുന്നു. ജനബാഹുല്യവും അങ്ങിനെതന്നെ. കമ്പംമാത്രം അത്ര പന്തിയായില്ലാ. വേട്ടക്കളത്തില്‍വച്ച് ഹിന്ദുമതപ്രാസംഗികനായ നെയ്യാറ്റിങ്കര മിസ്റ്റര്‍ ഏ. പീ. നായര്‍ ഹിന്ദുമത തത്വങ്ങളെക്കുറിച്ചു ഒരു പ്രസംഗം നടത്തി. (സ്വലേ.)
ചിറയിങ്കീഴ് ശാര്‍ക്കരക്ഷേത്രത്തില്‍ ഒരു കുളമില്ലാത്തതു നിമിത്തം ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടു ചില്ലറയല്ലാ. ഭരണിപ്രമാണിച്ച് ഇവിടെ അന്യദിക്കുകളില്‍നിന്നും വരുന്ന അനവധി ആളുകള്‍ വെള്ളം ഇല്ലാതെ കഷ്ടപ്പെട്ടു വരുന്നതിനെക്കുറിച്ചു പലതവണ പരാതികള്‍ പറഞ്ഞിട്ടും ഇതുവരെ ഒരുനിവൃത്തിയുമുണ്ടായിട്ടില്ല. മജിസ്ട്രേട്ടു മിസ്റ്റര്‍ ഗോവിന്ദപ്പിള്ള ഈ സംഗതിയെക്കുറിച്ചു ശ്രദ്ധിച്ചാല്‍ വളരെ ഉപകാരം. (സ്വ ലേ)
നെല്‍ക്കരം നിറുത്തലിലാക്കുന്നതിനെ സംബന്ധിച്ച് നന്ദിപറവാനായി ഇന്നലെ വൈകുന്നേരം ആറ്റിങ്ങല്‍ റീഡിങ് റൂമില്‍ വച്ച് ഒരു സഭ കൂടിയിരുന്നു. നന്ദിയെ സൂചിപ്പിച്ച് ദിവാന്‍ജിക്കും, മഹാരാജാവു തിരുമനസ്സിലേക്കും കമ്പി അയക്കാന്‍ നിശ്ചയിച്ചു സഭ പിരിഞ്ഞു. ഹൈക്കോടതി വക്കീല്‍ എം. ആര്‍. നാരായണപിള്ള അവര്‍കളും, എം ഗോവിന്ദന്‍ അവര്‍കളും ആണ് സഭയ്ക്ക് ഉത്സാഹികളായിരുന്നത്.
ആറ്റിങ്ങല്‍ മുന്‍സീപ്പ് കോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മുന്‍സീഫ് കോര്‍ട്ടിലേയ്ക്ക് അയക്കേണ്ടതായ പല കേസ്സുകള്‍ അപേക്ഷിച്ച് വളരെക്കാലമായിട്ടും അയക്കാതിരുന്നതില്‍ ഗുമസ്തന്മാര്‍ക്കുള്ള ഉദ്ദേശം എന്താണെന്ന് നീതിമാനായ മുന്‍സീപ്പ് ആരാഞ്ഞറിഞ്ഞു ജനങ്ങളുടെ സങ്കടനിവൃത്തി വരുത്തുമെന്നു വിശ്വസിക്കുന്നു. പകര്‍പ്പുകള്‍ കൊടുക്കുന്നതിലും കക്ഷികള്‍ക്കു വളരെ ബുദ്ധിമുട്ടിന് ഇടയുള്ളതായി അറിയുന്നു.
പള്ളിപ്പുറത്തു പള്ളിയാപറമ്പ് എന്ന ക്ഷേത്രത്തില്‍ ഈ കുംഭം 28 നു- തൂക്കമായിരുന്നു. ആ സമയം ഒരുവന്‍ മറിഞ്ഞു തൂക്കവില്ലിന്‍റെ മുന്‍വശത്തു വീണു, കുറേനേരം ഉരുണ്ട് പോയതു നിമിത്തം വളരെ പരുക്കുകള്‍ ഏറ്റിരിക്കുന്നു. വണ്ടി അയാളുടെ മേല്‍ കയറായ്കയാല്‍ മരണത്തിനുമാത്രം ഇടയായില്ല. തൂക്കമെന്ന ഈ അനാചാരം ഇനിയെങ്കിലും നിറുത്തല്‍ചെയ്യാത്തത് അത്ഭുതം തന്നെ. ഈ വിധം മേലും അപകടം വരാതിരിപ്പാന്‍ ഗവര്‍മ്മെണ്ടെങ്കിലും ഗൌനിച്ച് പോലീസ് ബന്തോവസ്തു മുതലായതു ചെയ്താല്‍ ആളുകള്‍ക്ക് അകാല മരണം നേരിടാതെ കഴിക്കാം. (ഒരു ലേഖകന്‍)