വൃത്താന്തകോടി
- Published on September 19, 1910
- By Staff Reporter
- 1910 Views
പ്രൊഫെസ്സര്‍ രാമമൂര്‍ത്തി എന്ന ഇന്ത്യന്‍ സാന്‍ഡോ ഇതിനിടെ കാശിയിലെത്തി കായികാഭ്യാസങ്ങള്‍ കാണിച്ചിരിക്കുന്നു: ഉടന്‍ ഇംഗ്ലണ്ടിലെക്കു പോകുന്നതാണ്.
കൃഷിദോഷം ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിന്നു മദ്രാസ് ഗവര്‍ന്മെണ്ട് ഒരു പന്നിക്ക് 3-ക വീതം സമ്മാനം നിശ്ചയിച്ചിട്ടുള്ളത് മലബാര്‍ തെക്കേ കന്നടജില്ലകളിലെങ്ങും വ്യാപിപ്പിക്കുന്നതിന് കല്പിച്ചിരിക്കുന്നു.
തിരുവിതാംകൂര്‍ - കൊച്ചി ബ്രിട്ടീഷ് റെസിഡണ്ട് മിസ്തര്‍ ആര്‍. സി. സി. കാറിന് മെഡിക്കല്‍ സര്‍ട്ടിഫിക്കററു പ്രകാരം 1910- അക്‍ടോബര്‍ 8 നു- തുടങ്ങിയോ അതിനു മേലോ ആറു മാസത്തെ പ്രിവിലേജ് ഒഴിവും ഫര്‍ലോവും അനുവദിക്കപ്പെട്ടിരിക്കുന്നു.
"കവനോദയം,, എന്ന മാസികപുസ്തകം പ്രസിദ്ധീകരിക്കുന്നതിനു കോട്ടയ്ക്കല്‍ ലക്ഷ്മീസഹായപ്രെസ്സ് മാനേജര്‍ മിസ്തര്‍ പി. വി. കൃഷ്ണവാര്യരോട് 500- രൂപ ജാമ്യം കെട്ടിവയ്ക്കണമെന്നു മലബാര്‍ ഡിസ്ട്രിക്ട് മജിസ്ട്രേററ് പുതിയ പ്രെസ്സാക്ട് പ്രകാരം ആവശ്യപ്പെട്ടിരിക്കുന്നതായി അറിയുന്നു.
തൃശ്ശിനാപ്പള്ളിയില്‍ അനഡാര്‍ തെരുവില്‍ ഒരു വീടെടുത്തു റൈസ് ആന്‍ഡ് കമ്പനി എന്ന പേരില്‍ സുദര്‍ശനം അയ്യങ്കാര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ മേല്പടി കമ്പനിയില്‍ സില്‍ബന്തികളെ ആവശ്യപ്പെട്ട് പരസ്യം ചെയ്കയും പലരൊടും മുന്‍കൂറായി പണം പററുകയും ചെയ്ത് വഞ്ചന പ്രവര്‍ത്തിച്ചതായി കേസുണ്ടാകയും, അയാള്‍ക്കു തൃശ്ശിനാപ്പള്ളി മജിസ്ട്രേട്ട് 6-മാസം കഠിനതടവു വിധിക്കയും ചെയ്തിരിക്കുന്നു.
ജെര്‍മന്‍ വകയായ തെക്കു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ സംരക്ഷിതരാജ്യത്തു ഭരണാധികാരിയായിരുന്ന പ്രാസ്പര്‍ രാജകുമാരനെ, നാട്ടുകാരെ കൊല്ലുകയും ഉപദ്രവിക്കയും ചെയ്ത കുററത്തിന് വിസ്തരിച്ച് തൂക്കിലിടുവാന്‍ വിധിച്ചിരുന്നു. ഈ ശിക്ഷയെ ചക്രവര്‍ത്തി 20-കൊല്ലത്തെ കഠിനതടവാക്കി; ശുപാര്‍ശ പ്രകാരം, ഒരു ഭ്രാന്തശാലയിലടച്ചിരുന്നു. ഇപ്പൊള്‍ അതില്‍നിന്നിറക്കി, അര്‍ജന്‍റ്റൈനിലെക്കയച്ചിരിക്കുന്നു.
ഇംഗ്ലണ്ടില്‍ ഇതിനിടെ മിസ്‍ലെനെവെ എന്നു പേരായ ഒരു ബാലിക ആണ്‍കുട്ടിയുടെ വെഷം ചമഞ്ഞ് ഒരു പുരുഷനുമൊരുമിച്ച് ഒളിച്ചോടിപ്പോയതിന്മേല്‍ ബഹളം നടക്കുകയാണ്. ഇപ്പൊള്‍ ഈ ബാലികയെ ഒരു നടനശാലയില്‍ വാരമൊന്നിന് 200-പവന്‍ ശമ്പളത്തില്‍ നടിയായി സ്വീകരിച്ചിരിക്കുന്നു. കുററക്കാരെ ഇപ്രകാരം പ്രോത്സാഹപ്പെടുത്തുന്നത് ആക്ഷേപയോഗ്യമാണെന്നും ഇത്തരം പാപികളെ ആരാധിക്കുന്ന ശീലം ഇംഗ്ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്നു എന്നും ഒരു പത്രം പ്രസ്താവിക്കുന്നു.
News Highlights
- Published on September 19, 1910
- 1910 Views
Translator

Abdul Gaffoor is a freelance translator and copy editor. He has worked as a copy editor, for a Malayalam literary text archiving project by the Sayahna Foundation. He has an M.A. in English and a Post Graduate Diploma in the Teaching of English. Gaffoor lives in Kodungallur, Kerala.
Copy Editor

Lakshmy Das is an author and social innovation strategist from Kumily, Kerala. She is currently pursuing her PhD in English at Amrita University, Coimbatore. She runs Maanushi Foundation, a non-profit organization founded in 2020.