ബംഗാളിലെ ബഹളം
- Published on June 17, 1908
- By Staff Reporter
- 583 Views
അഗ്ന്യസ്ത്രക്കേസ്സ്
മുസാഫൂരില്‍വച്ച് മിസ്സസ്സ് കെന്നടിയെയും മകളെയും, അഗ്ന്യസ്ത്രമെറിഞ്ഞു കൊന്നു എന്ന സംഗതിക്ക്, പ്രതിയായ് പിടിക്കപ്പെട്ട കുദിരാംബോസ്സിന്‍റെ മേലുള്ളകേസ് ജൂണ്‍ 13നു- തീരുമാനിച്ചിരിക്കുന്നു. പ്രതിയുടെമേല്‍ കൊലക്കുറ്റം സ്ഥാപിക്കയും, അവനെ തൂക്കിലിട്ടു കൊല്ലുവാന്‍ വിധിക്കയും ചെയ്തു. തലേനാള്‍, കേസ്സ് നടന്നു കൊണ്ടിരിക്കെ, ജഡ്ജിക്ക് ഒരുവാറോലകിട്ടി. അതില്‍, ജഡ്ജിയെയും മറ്റും ഭയപ്പെടുത്തുന്നതായ പലേവാചകങ്ങളും അടങ്ങിയിരിക്കുന്നു. ആ കത്തിനെ, അന്വേഷണത്തിനായി, പൊലീസുകാരെ ഏല്പിച്ചിരിക്കുന്നു. കത്തിന്‍റെ കര്‍ത്താവ്, ജഡ്ജിയെ കൊലചെയ്യാന്‍ അഗ്ന്യസ്ത്രം തയ്യാറാക്കി വച്ചിരിക്കയാണെന്നും, അയാളെ കണ്ടുപിടിപ്പാന്‍ ആര്‍ക്കും കഴികയില്ലെന്നും മറ്റും ആയിരുന്നു കത്തിലെ സാരം,
അഗ്ന്യസ്ത്രക്കേസ്സു സംബന്ധിച്ച് മറ്റു പ്രതികളുടെ പേരിലുള്ള കുറ്റങ്ങള്‍ മുറയ്ക്കു വിസ്തരിച്ചുവരുന്നു.