മറ്റു വാർത്തകൾ
- Published on June 17, 1908
- By Staff Reporter
- 754 Views
ബര്‍മാരാജ്യക്കാര്‍ക്ക്, പന്തയക്കാളകള്‍ വളര്‍ത്തുന്നതില്‍ വളരെ താല്പര്യമുണ്ട്. ഒരുവന്‍, അഞ്ചാറുകൊല്ലം മുമ്പ്, ഇന്ത്യയില്‍ നിന്ന് 12 രൂപാ വിലയ്ക്ക് വാങ്ങിയ ഒരു കാളയെ പന്തയമോട്ടത്തിന് ശീലിപ്പിക്കയും, ഒരിക്കല്‍ അതിന് പതിനായിരം ഉറുപ്പിക വില കൊടുക്കാമെന്ന് മറ്റൊരാള്‍ പറഞ്ഞതിനെ നിരസിക്കയും ചെയ്തിരുന്നു. അത് വളരെ പന്തയങ്ങള്‍ ജയിച്ച് സമ്മാനങ്ങള്‍ നേടി, ഒടുവില്‍, ഉടമസ്ഥന്‍, 250 രൂപായ്ക്ക് അതിനെ വിറ്റു. ഇപ്പോള്‍ അതിന് 25,000 രൂപാ വില കാണുന്നുണ്ടു. ഇപ്പോഴത്തെ ഉടമസ്ഥന്, ആണ്ടില്‍ പന്തീരായിരത്തിനുമേല്‍ പതിനയ്യായിരം രൂപാവരെ ആദായം ലഭിക്കുന്നുണ്ട്.
അക്രമങ്ങള്‍ നടത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതായ വര്‍ത്തമാനപത്രങ്ങളുടെ പ്രചാരത്തെ തടയുകയും പ്രവര്‍ത്തകന്മാരെ ശിക്ഷിക്കയും ചെയ്യാന്‍, ഇന്ത്യാ ഗവര്‍ന്മേണ്ട് ഒരുപുതിയ നിയമം ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ നിയമപ്രകാരം, ആ മാതിരിപത്രം അച്ചടിക്കുന്ന അച്ചുക്കൂടത്തെ ജപ്തിചെയ്യാനും മറ്റും മജിസ്ട്രേറ്റന്മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമം, നിയമനിര്‍മ്മാണസഭയില്‍ ബില്ലായി ഹാജരാക്കപ്പെട്ട് ഏതാനും മണിക്കൂറു നേരത്തിനകം സ്ഥിരീകരിക്കപ്പെട്ട്, ജൂണ്‍ 7നു- ഞായര്‍ രാത്രി 12 മണി തുടങ്ങി നടപ്പില്‍ വന്നിരിക്കുന്നു.
തൂത്തുക്കുടിയില്‍ കുറെക്കാലം മുമ്പ് നടന്ന ലഹളക്കേസ്സിലെ പ്രതികള്‍ 26 പേരില്‍, 20 പേര്‍ക്ക് ഒരു കൊല്ലം വീതം കഠിനതടവ് വിധിക്കയും, തടവുകഴിഞ്ഞാല്‍ മൂന്നുകൊല്ലത്തേയ്ക്ക് സമാധാനലംഘനം ചെയ്യാതെയിരുന്നുകൊള്ളാമെന്ന് ജാമ്മ്യമെഴുതിവയ്ക്കണമെന്ന് ആജ്ഞാപിക്കയും ചെയ്തിരിക്കുന്നു. മറ്റു 5 പ്രതികള്‍ക്ക് കുറഞ്ഞ തടവും, ഒരു ബാലന് 8 അടിയും ശിക്ഷവിധിച്ചിട്ടുണ്ട്.
മദ്രാസ് സംസ്ഥാനത്തെ ഗ്രാന്‍റ് - ഇന്‍എയ്‍ഡ് പാഠശാലകളിലുള്ള വാധ്യാന്മാരുടെ മേല്‍ഗുണത്തിനായി, അവരുടെ പില്‍ക്കാലങ്ങളില്‍ അവര്‍ക്കു സഹായം ലഭിക്കുന്നതിന്, ഒരു "പ്രാവിഡന്‍റ് ഫണ്‍ഡ്,, (രക്ഷാനിധി) ഏര്‍പ്പെടുത്തുന്നതിലേക്ക് വേണ്ട വ്യവസ്ഥകള്‍ ആലോചിച്ചറിയിപ്പാന്‍ മിസ്റ്റര്‍ ജേ എച്ച് സ്റ്റോണ്‍ സായിപ്പിനെ ഗവര്‍ന്മേണ്ട് നിയോഗിച്ചിരിക്കുന്നു.
പഞ്ചാബില്‍ ഇപ്പോള്‍ 228 "കോ ആപ്പെറെററിവ് ക്രെഡിററ് " (പരസ്പരധനസഹായ) സംഘങ്ങള്‍ നടന്നുവരുന്നുണ്ട്. ഈ സംഘങ്ങളുടെ ഉദ്ദേശ്യങ്ങളില്‍ മുഖ്യമായവ, സാമാജികന്മാര്‍ക്ക്, കരം കൊടുപ്പാനും, കൃഷിവകയ്ക്ക് വിത്തുകളോ കാളകളോ മേടിപ്പാനും, പഴയകടങ്ങള്‍ വീട്ടാനും, ഒററി വീണ്ടെടുക്കാനും സഹായധനം നല്‍കുകയാകുന്നു.
പുനയിലെ "കല്,, എന്ന നാട്ടുഭാഷാ പത്രത്തിന്‍റെ അധിപരായ മഹാദേവപരഞ്ജുപ്പെ എന്ന ആളെ, ബംബായിലെ ചീഫ് പ്രെസിഡെന്‍സി മജിസ്ട്രേട്ടിന്‍റെ വാറണ്ടിന്‍പ്രകാരം, ജൂണ്‍ 11 നു- പുനയില്‍വച്ച് പൊലീസ് അധികൃതന്മാര്‍ ബന്ധിക്കയും, ബംബായിലെക്കയയ്ക്കുകയും ചെയ്തിരിക്കുന്നു.
മദിരാശി നിയമനിര്‍മ്മാണസഭയിലെ അംഗമായ രാജാവാസുദേവരാജാ അവര്‍കളുടെ സാമാജിക സ്ഥാനകാലാവധി തീരുകയാല്‍, അദ്ദേഹത്തെ വീണ്ടും അതേസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്നു.
സന്മാര്‍ഗ്ഗസംബന്ധമായ വിദ്യാഭ്യാസത്തെക്കുറിച്ച് ആലോചന നടത്തുവാന്‍ പലേ രാജ്യക്കാരേയും വിളിച്ചുകൂട്ടി, ലണ്ടനില്‍വച്ച്, അടുത്ത സപ്തംബര്‍ 23 നു- മുതല്‍ 26 നു-വരെ ഒരു മഹാസഭ നടത്തപ്പെടുന്നതാണ്.
കൊറിയാരാജ്യത്തുള്ള ജനങ്ങള്‍ ജപ്പാന്‍കാരുടെ നേര്‍ക്കു കലഹിച്ചിളകിയിരിക്കുന്നതിനെ അമര്‍ത്തുന്നതിനായി, ജപ്പാന്‍ ഗവര്‍ന്മേണ്ട് കൂടുതല്‍ സൈന്യത്തെ അയച്ചുവരുന്നു.
ഇന്ത്യയുടെ പടിഞ്ഞാറെ തീരത്ത് ഇടവപ്പാതി മുറയ്ക്ക് ആരംഭിച്ചിരിക്കുന്നുവെന്നും, ഏതാനും നാളിനുള്ളില്‍ മഴ വേണ്ടുവോളം ഉണ്ടാകുമെന്നും ഗണിക്കപ്പെട്ടിരിക്കുന്നു.
മീന്‍പിടിത്തക്കാരുടെ ഉപയോഗത്തിനായി, വെള്ളത്തിന്മീതെ പൊന്തിക്കിടക്കുന്ന ചില പള്ളികള്‍ പണിവാന്‍ ആസ്റ്റ്റക്കാനിലെ ബിഷപ്പ് ആലോചിച്ചു വരുന്നു.
കച്ച് ബിഹാര്‍ മഹാരാജാവിന്‍റെ രാജ്യത്തിനുള്ളില്‍ കിടക്കുന്ന തറകളൊക്കെ ബ്രിട്ടീഷ് ഗവര്‍ന്മേണ്ട് സ്വന്തം വകയായി എടുത്തിരിക്കുന്നു.
ഷേക്‍സ്പിയറുടെ സ്മാരകമായി ലണ്ടനില്‍ പണിവാന്‍ പോകുന്ന സ്ഥാപനത്തിന് രണ്ടുലക്ഷം പവന്‍ ചെലവുണ്ടത്രേ.
ഇന്ത്യന്‍ തപാലാപ്പീസുകളില്‍, ആണ്ടൊന്നില്‍, 400 കോടി ഉരുപ്പടികള്‍ പോക്കുവരത്ത് ചെയ്യുന്നുണ്ട്.
ലോകത്തില്‍ ആകെ 11059987 യഹൂദന്മാര്‍ ഇപ്പോള്‍ ഉണ്ട്.